ഒടുവിൽ ബാഖ്മുതും വീഴുന്നു. എട്ടുമാസമായി തുടരുന്ന കടുത്ത പോരാട്ടത്തിനൊടുവിൽ ബാഖ്മുതിന്റെ പ്രതിരോധം ഓരോന്നായി തകർത്ത് റഷ്യൻ സേന മുന്നേറ്റം തുടരുന്നു. യുക്രെയ്നിയൻ പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും നെടുങ്കോട്ടയായിരുന്ന ബാഖ്മുതിന്റെ പതനം യുദ്ധഭൂമിയിൽ സൃഷ്ടിക്കുക ദൂരവ്യാപകമായ ഫലങ്ങൾ. യുക്രെയ്ൻ – റഷ്യ യുദ്ധത്തിന്റെ മുന്നോട്ടുള്ള ഗതിനിർണയിക്കുന്നതും വരാൻ പോകുന്ന പോരാട്ടങ്ങളുടെയും സമാധാന ചർച്ചകളുടെയും ഭാവി നിർണയിക്കുന്നതും ബാഖ്മുതിലെ വിജയ പരാജയങ്ങളാകും. ബാഖ്മുത് അപ്രധാനമെന്ന് യുക്രെയ്നും നാറ്റോയും ആദ്യഘട്ടത്തിൽ പറഞ്ഞെങ്കിലും കടുത്ത നാശനഷ്ടം നേരിട്ടിട്ടും വിട്ടുകൊടുക്കാതെ യുക്രെയ്ൻ പ്രതിരോധം തുടരുന്നതെന്തിന്? രണ്ടു മാസത്തിലേറെയായി മൂന്നു വശത്തുകൂടി വളഞ്ഞിട്ടും ബാഖ്മുതിനെ പൂർ‌ണമായി കീഴടക്കാൻ റഷ്യയ്ക്കും വാഗ്നർ സംഘത്തിനും കഴിയാത്തത് എന്തുകൊണ്ടാണ്? സൈനികർക്കു പിൻമാറ്റ ഉത്തരവ് നൽകി കഴിഞ്ഞും യുക്രെയ്ൻ ബാഖ്മുതിൽ സൈനിക വിന്യാസം നടത്തിയത് എന്തുകൊണ്ടാണ്? കടുത്ത നാശം നേരിട്ടിട്ടും ബാഖ്മുതിലെ യുദ്ധഭൂമിയിൽ റഷ്യയ്ക്കായി വാഗ്നർ സംഘം നേടിയ മേൽക്കൈ പാശ്ചാത്യ രാജ്യങ്ങൾ അംഗീകരിക്കാൻ മടിക്കുന്നതെന്തു കൊണ്ടാണ്? യുദ്ധത്തിൽ ഹൈപ്പർ സോണിക് മിസൈലായ കിൻസാൽ പ്രയോഗിച്ചതിലൂടെ റഷ്യ നൽകുന്ന മുന്നറിയിപ്പ് എന്താണ്? അതിലുപരി മഞ്ഞുകാലം വിടപറയുന്നതോടെ പ്രത്യാക്രമണം നടത്താൻ ഒരുങ്ങുന്ന യുക്രെയ്നിന്റെ തയാറെടുപ്പുകൾ എന്തെല്ലാമാണ്? വരും നാളുകളിൽ യുദ്ധത്തിന്റെ ഗതി എങ്ങനെയായിരിക്കും? വിശദമായി പരിശോധിക്കാം..

ഒടുവിൽ ബാഖ്മുതും വീഴുന്നു. എട്ടുമാസമായി തുടരുന്ന കടുത്ത പോരാട്ടത്തിനൊടുവിൽ ബാഖ്മുതിന്റെ പ്രതിരോധം ഓരോന്നായി തകർത്ത് റഷ്യൻ സേന മുന്നേറ്റം തുടരുന്നു. യുക്രെയ്നിയൻ പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും നെടുങ്കോട്ടയായിരുന്ന ബാഖ്മുതിന്റെ പതനം യുദ്ധഭൂമിയിൽ സൃഷ്ടിക്കുക ദൂരവ്യാപകമായ ഫലങ്ങൾ. യുക്രെയ്ൻ – റഷ്യ യുദ്ധത്തിന്റെ മുന്നോട്ടുള്ള ഗതിനിർണയിക്കുന്നതും വരാൻ പോകുന്ന പോരാട്ടങ്ങളുടെയും സമാധാന ചർച്ചകളുടെയും ഭാവി നിർണയിക്കുന്നതും ബാഖ്മുതിലെ വിജയ പരാജയങ്ങളാകും. ബാഖ്മുത് അപ്രധാനമെന്ന് യുക്രെയ്നും നാറ്റോയും ആദ്യഘട്ടത്തിൽ പറഞ്ഞെങ്കിലും കടുത്ത നാശനഷ്ടം നേരിട്ടിട്ടും വിട്ടുകൊടുക്കാതെ യുക്രെയ്ൻ പ്രതിരോധം തുടരുന്നതെന്തിന്? രണ്ടു മാസത്തിലേറെയായി മൂന്നു വശത്തുകൂടി വളഞ്ഞിട്ടും ബാഖ്മുതിനെ പൂർ‌ണമായി കീഴടക്കാൻ റഷ്യയ്ക്കും വാഗ്നർ സംഘത്തിനും കഴിയാത്തത് എന്തുകൊണ്ടാണ്? സൈനികർക്കു പിൻമാറ്റ ഉത്തരവ് നൽകി കഴിഞ്ഞും യുക്രെയ്ൻ ബാഖ്മുതിൽ സൈനിക വിന്യാസം നടത്തിയത് എന്തുകൊണ്ടാണ്? കടുത്ത നാശം നേരിട്ടിട്ടും ബാഖ്മുതിലെ യുദ്ധഭൂമിയിൽ റഷ്യയ്ക്കായി വാഗ്നർ സംഘം നേടിയ മേൽക്കൈ പാശ്ചാത്യ രാജ്യങ്ങൾ അംഗീകരിക്കാൻ മടിക്കുന്നതെന്തു കൊണ്ടാണ്? യുദ്ധത്തിൽ ഹൈപ്പർ സോണിക് മിസൈലായ കിൻസാൽ പ്രയോഗിച്ചതിലൂടെ റഷ്യ നൽകുന്ന മുന്നറിയിപ്പ് എന്താണ്? അതിലുപരി മഞ്ഞുകാലം വിടപറയുന്നതോടെ പ്രത്യാക്രമണം നടത്താൻ ഒരുങ്ങുന്ന യുക്രെയ്നിന്റെ തയാറെടുപ്പുകൾ എന്തെല്ലാമാണ്? വരും നാളുകളിൽ യുദ്ധത്തിന്റെ ഗതി എങ്ങനെയായിരിക്കും? വിശദമായി പരിശോധിക്കാം..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടുവിൽ ബാഖ്മുതും വീഴുന്നു. എട്ടുമാസമായി തുടരുന്ന കടുത്ത പോരാട്ടത്തിനൊടുവിൽ ബാഖ്മുതിന്റെ പ്രതിരോധം ഓരോന്നായി തകർത്ത് റഷ്യൻ സേന മുന്നേറ്റം തുടരുന്നു. യുക്രെയ്നിയൻ പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും നെടുങ്കോട്ടയായിരുന്ന ബാഖ്മുതിന്റെ പതനം യുദ്ധഭൂമിയിൽ സൃഷ്ടിക്കുക ദൂരവ്യാപകമായ ഫലങ്ങൾ. യുക്രെയ്ൻ – റഷ്യ യുദ്ധത്തിന്റെ മുന്നോട്ടുള്ള ഗതിനിർണയിക്കുന്നതും വരാൻ പോകുന്ന പോരാട്ടങ്ങളുടെയും സമാധാന ചർച്ചകളുടെയും ഭാവി നിർണയിക്കുന്നതും ബാഖ്മുതിലെ വിജയ പരാജയങ്ങളാകും. ബാഖ്മുത് അപ്രധാനമെന്ന് യുക്രെയ്നും നാറ്റോയും ആദ്യഘട്ടത്തിൽ പറഞ്ഞെങ്കിലും കടുത്ത നാശനഷ്ടം നേരിട്ടിട്ടും വിട്ടുകൊടുക്കാതെ യുക്രെയ്ൻ പ്രതിരോധം തുടരുന്നതെന്തിന്? രണ്ടു മാസത്തിലേറെയായി മൂന്നു വശത്തുകൂടി വളഞ്ഞിട്ടും ബാഖ്മുതിനെ പൂർ‌ണമായി കീഴടക്കാൻ റഷ്യയ്ക്കും വാഗ്നർ സംഘത്തിനും കഴിയാത്തത് എന്തുകൊണ്ടാണ്? സൈനികർക്കു പിൻമാറ്റ ഉത്തരവ് നൽകി കഴിഞ്ഞും യുക്രെയ്ൻ ബാഖ്മുതിൽ സൈനിക വിന്യാസം നടത്തിയത് എന്തുകൊണ്ടാണ്? കടുത്ത നാശം നേരിട്ടിട്ടും ബാഖ്മുതിലെ യുദ്ധഭൂമിയിൽ റഷ്യയ്ക്കായി വാഗ്നർ സംഘം നേടിയ മേൽക്കൈ പാശ്ചാത്യ രാജ്യങ്ങൾ അംഗീകരിക്കാൻ മടിക്കുന്നതെന്തു കൊണ്ടാണ്? യുദ്ധത്തിൽ ഹൈപ്പർ സോണിക് മിസൈലായ കിൻസാൽ പ്രയോഗിച്ചതിലൂടെ റഷ്യ നൽകുന്ന മുന്നറിയിപ്പ് എന്താണ്? അതിലുപരി മഞ്ഞുകാലം വിടപറയുന്നതോടെ പ്രത്യാക്രമണം നടത്താൻ ഒരുങ്ങുന്ന യുക്രെയ്നിന്റെ തയാറെടുപ്പുകൾ എന്തെല്ലാമാണ്? വരും നാളുകളിൽ യുദ്ധത്തിന്റെ ഗതി എങ്ങനെയായിരിക്കും? വിശദമായി പരിശോധിക്കാം..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടുവിൽ ബാഖ്മുതും വീഴുന്നു. എട്ടുമാസമായി തുടരുന്ന കടുത്ത പോരാട്ടത്തിനൊടുവിൽ ബാഖ്മുതിന്റെ പ്രതിരോധം ഓരോന്നായി തകർത്ത് റഷ്യൻ സേന മുന്നേറ്റം തുടരുന്നു. യുക്രെയ്നിയൻ പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും നെടുങ്കോട്ടയായിരുന്ന ബാഖ്മുതിന്റെ പതനം യുദ്ധഭൂമിയിൽ സൃഷ്ടിക്കുക ദൂരവ്യാപകമായ ഫലങ്ങൾ. യുക്രെയ്ൻ – റഷ്യ യുദ്ധത്തിന്റെ മുന്നോട്ടുള്ള ഗതിനിർണയിക്കുന്നതും വരാൻ പോകുന്ന പോരാട്ടങ്ങളുടെയും സമാധാന ചർച്ചകളുടെയും ഭാവി നിർണയിക്കുന്നതും ബാഖ്മുതിലെ വിജയ പരാജയങ്ങളാകും.

ബാഖ്മുത് അപ്രധാനമെന്ന് യുക്രെയ്നും നാറ്റോയും ആദ്യഘട്ടത്തിൽ പറഞ്ഞെങ്കിലും കടുത്ത നാശനഷ്ടം നേരിട്ടിട്ടും വിട്ടുകൊടുക്കാതെ യുക്രെയ്ൻ പ്രതിരോധം തുടരുന്നതെന്തിന്? രണ്ടു മാസത്തിലേറെയായി മൂന്നു വശത്തുകൂടി വളഞ്ഞിട്ടും ബാഖ്മുതിനെ പൂർ‌ണമായി കീഴടക്കാൻ റഷ്യയ്ക്കും വാഗ്നർ സംഘത്തിനും കഴിയാത്തത് എന്തുകൊണ്ടാണ്? സൈനികർക്കു പിൻമാറ്റ ഉത്തരവ് നൽകി കഴിഞ്ഞും യുക്രെയ്ൻ ബാഖ്മുതിൽ സൈനിക വിന്യാസം നടത്തിയത് എന്തുകൊണ്ടാണ്? കടുത്ത നാശം നേരിട്ടിട്ടും ബാഖ്മുതിലെ യുദ്ധഭൂമിയിൽ റഷ്യയ്ക്കായി വാഗ്നർ സംഘം നേടിയ മേൽക്കൈ പാശ്ചാത്യ രാജ്യങ്ങൾ അംഗീകരിക്കാൻ മടിക്കുന്നതെന്തു കൊണ്ടാണ്? യുദ്ധത്തിൽ ഹൈപ്പർ സോണിക് മിസൈലായ കിൻസാൽ പ്രയോഗിച്ചതിലൂടെ റഷ്യ നൽകുന്ന മുന്നറിയിപ്പ് എന്താണ്? അതിലുപരി മഞ്ഞുകാലം വിടപറയുന്നതോടെ പ്രത്യാക്രമണം നടത്താൻ ഒരുങ്ങുന്ന യുക്രെയ്നിന്റെ തയാറെടുപ്പുകൾ എന്തെല്ലാമാണ്? വരും നാളുകളിൽ യുദ്ധത്തിന്റെ ഗതി എങ്ങനെയായിരിക്കും? വിശദമായി പരിശോധിക്കാം..

ADVERTISEMENT

∙ ചോരപ്പുഴയൊഴുകും ബാഖ്മുത്

റഷ്യൻ ആക്രമണത്തിൽ തകർന്ന ബാഖ്‌മുതിലെ കെട്ടിടങ്ങൾ (Reuters)

റഷ്യൻ സൈന്യത്തിന്റെയും റഷ്യൻ സ്വകാര്യ സൈന്യമായ വാഗ്നർ സംഘത്തിന്റെയും നിശ്ചയദാഢ്യത്തിനും പോരാട്ട മനോഭാവത്തിനും മുന്നിൽ യുക്രെയ്നും നാറ്റോയും ഒടുവിൽ മുട്ടുമടക്കുന്നു. റഷ്യ - യുക്രെയ്ൻ യുദ്ധത്തിലെ ഏറ്റവും കനത്ത പോരാട്ടമെന്നു വിലയിരുത്തപ്പെട്ട ‘ബാറ്റിൽ ഓഫ് ബാഖ്മുത്’ നേട്ടങ്ങളെക്കാൾ നഷ്ടങ്ങളാണ് ഇരുപക്ഷത്തിനും സമ്മാനിക്കുന്നത്. ‘മീറ്റ് ഗ്രൈൻഡർ’ എന്നു വിളിപ്പേരു വീണ ബാഖ്മുതിന്റെ നിയന്ത്രണത്തിനായി ലക്ഷത്തോളം സൈനികർ ഇരുവശത്തുമായി കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. (ബാഖ്മുതിലെ മരണനിരക്കോ, പരുക്കേറ്റവരുടെ എണ്ണമോ ഇരുപക്ഷവും പറത്തുവിടാറില്ല) പരുക്കേറ്റവർ ഇതിന്റെ പലയിരട്ടിയാണ്. ബാഖ്മുതിലെ യുദ്ധമുന്നണിയിൽ മാത്രം പ്രതിദിന മരണ സംഖ്യ മൂന്നക്കം കടന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 1000 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയെന്നാണ് യുക്രെയ്നിന്റെ അവകാശവാദം.

15,000 റഷ്യൻ സൈനികർക്കു ഗുരുതരമായി പരുക്കേറ്റതായും അവർ അവകാശപ്പെട്ടിരുന്നു. 24 മണിക്കൂറിനുള്ളിൽ 200ലേറെ യുക്രെയ്നിയൻ സൈനികരെ വധിച്ചതായാണ് റഷ്യയുടെ അവകാശവാദം. എന്തുതന്നെയായാലും ‘വാർ ഓഫ് അട്രീഷൻ’ (War of attrition) എന്നു പേരെടുത്ത പോരാട്ടം ഇരുപക്ഷത്തിനും വരുത്തുന്ന നഷ്ടം, കണക്കുകൾക്ക് അതീതമാണ്. റഷ്യൻ സൈനിക ശേഷി തകർക്കാൻ ലക്ഷ്യമിട്ട്, യുക്രെയ്ൻ നടത്തുന്ന കടുത്ത പ്രതിരോധം യുക്രെയ്നിനും റഷ്യയ്ക്കും സമ്മാനിക്കുന്നതു സമാനതകളില്ലാത്ത ആൾനാശവും ആയുധനാശവുമാണ്. ഇരുപക്ഷത്തിന്റെയും സൈനിക ശേഷിയിൽ കടുത്ത ആഘാതമേൽപ്പിക്കാൻ ബാഖ്മുതിലെ പോരാട്ടം വഴിയൊരുക്കിയിരിക്കുകയാണ്. ബാഖ്മുതിൽ മാത്രം റഷ്യ ഒറ്റ ദിവസം 20,000 ഷെല്ലുകൾ പ്രയോഗിക്കുന്നുണ്ട്. മറുപടിയായി 6000 ഷെല്ലുകൾ മാത്രമാണ് ആയുധക്ഷാമം മൂലം വലയുന്ന യുക്രെയ്നിനു തൊടുക്കാനാകുന്നത്.

∙ രണ്ടാം ലോകമഹായുദ്ധം നിർമിച്ച ബാഖ്മുത്

ADVERTISEMENT

തന്ത്രപ്രധാനമല്ലെന്നു യുക്രെയ്നും നാറ്റോയും ആദ്യഘട്ടത്തിൽ ആവർത്തിച്ചു പറഞ്ഞെങ്കിലും ബാഖ്മുതിന്റെ പതനം ഡോൺബാസ് മേഖലയിലേക്കുള്ള റഷ്യയുടെ തേരോട്ടത്തിനു വഴിതെളിക്കുമെന്ന് യുക്രെയ്നിയൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി ഒടുവിൽ ഏറ്റുപറഞ്ഞു. കാരണം ഇത്രമേൽ പ്രതിരോധ സംവിധാനങ്ങളുള്ള മറ്റൊരു നഗരവും യുക്രെയ്നിൽ ഇല്ലെന്നതാണു വാസ്തവം.

റഷ്യൻ ആക്രമണത്തിൽ തകർന്ന ബാഖ്‌മുതിലെ കെട്ടിടങ്ങൾ (Reuters)

രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിക്കെതിരെ സോവിയറ്റ് സൈന്യം സ്റ്റാലിൻ‌ഗ്രാഡ് (ഇന്നത്തെ വോൾഗോഗ്രാഡ്) കേന്ദ്രീകരിച്ചു നേടിയ വിജയമാണ് ആധുനിക ബാഖ്മുത് നഗരത്തിന്റെ അടിത്തറ. ജർമനിക്കെതിരെയുള്ള വിജയത്തിനു പിന്നിൽ സ്റ്റാലിൻഗ്രാഡിന്റെ നഗരസ്വഭാവം സോവിയറ്റ് യൂണിയനെ കാര്യമായി സഹായിച്ചിരുന്നു. ഉയർന്ന കെട്ടിടങ്ങളും വോൾഗാ നദിയുടെ സാമീപ്യവും സ്റ്റാലിൻ‌ഗ്രാഡ് നഗരത്തിലെ വ്യാവസായിക കേന്ദ്രങ്ങളുടെ ഭാഗമായി നിർമിച്ച ടണലുകളും തുരങ്കപാതകളും ജർമനിക്കെതിരെ കടുത്ത പ്രതിരോധം ഒരുക്കാനും, മഞ്ഞുകാലത്തിന്റെ ആനുകൂല്യം മുതലെടുത്തു കടുത്ത പ്രത്യാക്രമണം നടത്താനും സോവിയറ്റ് യൂണിയനെ സഹായിച്ചിരുന്നു. സ്റ്റാലിൻ‌ഗ്രാഡിലെ ജർമൻ പരാജയം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചിരുന്നു. ജർമൻ സൈന്യത്തിന്റെ ആയുധശേഷിയെയും ആൾ‌ബലത്തെയും ‘ബാറ്റിൽ ഓഫ് സ്റ്റാലിൻഗ്രാഡ്’ കാര്യമായി ശോഷിപ്പിച്ചിരുന്നു.

കൂടാതെ ജർമനി നേരിട്ട ആദ്യപരാജയം രണ്ടാം ലോക മഹായുദ്ധത്തിന്റെ തലവര തന്നെ മാറ്റിയെഴുതി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചെങ്കിലും ‘ബാറ്റിൽ ഓഫ് സ്റ്റാലിൻഗ്രാഡ്’ സോവിയറ്റ് യൂണിയനെ വലിയൊരു പാഠം പഠിപ്പിച്ചിരുന്നു. മധ്യയൂറോപ്പിനെയും സോവിയറ്റ് യൂണിയനെയും വേർതിരിക്കുന്ന കാർപാത്തിയൻ മലനിരകൾ പിന്നിട്ടാൽ ഏതാണ്ടു സമതല പ്രദേശങ്ങളാണ് സോവിയറ്റ് യൂണിയനിൽ കൂടുതലായുണ്ടായിരുന്നത്. ഡെനിപ്രോ നദി പോലുള്ള പ്രകൃതിനിർമിത തടസ്സങ്ങൾ ഉണ്ടായിരുന്നെങ്കിലും മറ്റൊരു സൈനിക മുന്നേറ്റത്തെ തടയാൻ സ്റ്റാലിൻഗ്രാഡ് പോലുള്ള നഗരങ്ങൾ‌ കൂടുതലായി രാജ്യത്തെമ്പാടും നിർമിക്കാൻ അവർ പദ്ധതിയിട്ടു. അതിന്റെ ഭാഗമായി ഒട്ടേറെ നഗരങ്ങളെ സോവിയറ്റ് യൂണിയൻ ഉടച്ചുവാർത്തു. അക്കൂട്ടത്തിൽ ഏറ്റവും കടുത്ത പ്രതിരോധ സൗകര്യമുള്ള നഗരമാക്കി സോവിയറ്റ് യൂണിയൻ നവീകരിച്ച നഗരമാണ് ബാഖ്മുത്.

ബാഖ്മുത്ക നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന നഗരമായതിനാലാണ് ബാഖ്മുതിന് ആ പേരു ലഭിച്ചത്. നഗരം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി 1953 മുതൽ 1958 വരെയുള്ള പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി സോവിയറ്റ് യൂണിയൻ ബാഖ്മുത്ക നദിയിൽ നിന്നു നഗരത്തെ വലംവച്ചു ഏഴു കിലോമീറ്റർ നീളമുള്ള സിവേർസ്കി ഡോണെറ്റ്സ് – ഡോൺബാസ് കനാലും നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ഒരു ഡാമും നിർമിച്ചു. കൂടാതെ ബാഖ്മുതിലെ ജിപ്സം, ഉപ്പുഖനികളെ ബന്ധിപ്പിച്ചു ബൃഹത്തായ ഒരു തുരങ്കശൃംഖലയും തീർത്തു. നൂറു മൈലോളം നീളവും 320 മീറ്റർ വരെ താഴ്ചയുമുള്ള ഈ ഖനിശൃംഖല ബാഖ്മുതിനു നൽകുന്നത് അഭ്യേദ്യമായ പ്രതിരോധകോട്ടയാണ്. ഫുട്ബോൾ‌ മത്സരങ്ങളും സംഗീത നിശകളും നടത്തിയിട്ടുള്ള ഈ തുരങ്കങ്ങളിൽ വൻ ആയുധങ്ങളും ഭീമൻ യുദ്ധടാങ്കുകളും നിഷ്പ്രയാസം ഒളിപ്പിക്കാനാകും.

ബാഖ്മുതിൽ പ്രതിരോധം തീർക്കുന്ന യുക്രെയ്ൻ സൈനികൻ. (Reuters).
ADVERTISEMENT

കൂടാതെ ഒന്നാം ലോകമഹായുദ്ധ കാലം മുതൽ സോവിയറ്റ് യൂണിയൻ നിർമിച്ചിട്ടുള്ളതും മറ്റു രാജ്യങ്ങളിൽ നിന്നു പിടിച്ചെടുത്തതുമായ ആയുധങ്ങളുടെ വലിയ ശേഖരവും ബാഖ്മുതിലെ തുരങ്കങ്ങളിലുണ്ട്. 1990കളുടെ തുടക്കം വരെ സോവിയറ്റ് യൂണിയൻ ഇവിടെ ആയുധങ്ങൾ സംഭരിച്ചതായി പറയപ്പെടുന്നു. അതിനാൽ തന്നെ ബാഖ്മുതിന്റെ പ്രതിരോധം തകർക്കുക അത്ര എളുപ്പമല്ല. ബാഖ്മുതിലെ ഓരോ വീടും ഓരോ കോട്ടകൾ പോലെയാണു പ്രവർത്തിക്കുന്നതെന്ന് റഷ്യൻ സ്വകാര്യ സൈനിക സംഘമായ വാഗ്നറിന്റെ തലവൻ യെഗുനി പ്യുഗോഷിൻ വിലയിരുത്തിയതും ഇക്കാരണത്താലാണ്. നിലവിൽ യുക്രെയ്നിയൻ സ്പെഷൽ ഫോഴ്സിലെ അഞ്ഞൂറിലധികം സൈനികർ ബാഖ്മുതിലെ ഇത്തരം തുരങ്കങ്ങൾ താവളമാക്കി റഷ്യൻ സൈന്യത്തിനെതിരെ കടുത്ത പ്രതിരോധം തുടരുകയാണ്.

∙ ബാഖ്മുത് ഉപേക്ഷിക്കാനാകാതെ യുക്രെയ്ൻ

ബാഖ്മുതിന്റെ പ്രതിരോധത്തിനായി യുക്രെയ്ൻ കൂടുതൽ സൈനികരെയും ആയുധങ്ങളെയും വ്യന്യസിക്കുന്നതിൽ ജർമനി അടക്കമുള്ള ഒട്ടേറെ നാറ്റോ രാജ്യങ്ങൾ അതൃപ്തി അറിയിച്ചിരുന്നു. ബാഖ്മുതിലെ തോൽവി മറ്റു യുദ്ധമുന്നണികളിലെ യുക്രെയ്നിയൻ പ്രതിരോധത്തെയും ബാധിക്കുമെന്നതിനാലായിരുന്നു ഇത്. ബാഖ്മുത് മൂന്നു വശത്തു നിന്നു വളയപ്പെടുകയും പ്രധാന സപ്ലൈ റൂട്ടുകൾ റഷ്യൻ ആക്രമണ പരിധിയിൽ വരികയും ചെയ്തതോടെ ആദ്യഘട്ടത്തിൽ യുക്രെയ്നിയൻ സൈനികർക്കു പിന്മാറ്റത്തിന് സൈനിക മേധാവികൾ ഉത്തരവ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഒരു വിഭാഗം യുക്രെയ്നിയൻ സൈനികർ പിൻമാറ്റവും തുടങ്ങിയിരുന്നു. എന്നാൽ സൈനിക ജനറൽമാരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബാഖ്മുതിൽ പ്രതിരോധം തുടരാൻ അപ്രതീക്ഷിതമായി സെലൻസ്കി ഉത്തരവിടുകയായിരുന്നു. യുകെയിൽ പരിശീലനം പൂർത്തിയാക്കി വന്ന സ്പെഷൽ ഫോഴ്സ് അംഗങ്ങളെ പ്രതിരോധത്തിനായി ബാഖ്മുതിലേക്കു നിയോഗിക്കുകയും ചെയ്തു. മറ്റു രാജ്യങ്ങൾ വാഗ്ദാനം ചെയ്ത ആധുനിക ടാങ്കുകൾ എത്തുന്നതുവരെ ബാഖ്മുതിൽ പ്രതിരോധം തുടരാൻ അമേരിക്ക നിർദേശിച്ചതിനെ തുടർന്നാണ് യുക്രെയ്ൻ സൈനിക പിന്മാറ്റം ഉപേക്ഷിച്ചതെന്നും നിരീക്ഷണമുണ്ട്. 

ബാഖ്മുതിൽ വച്ചു റഷ്യൻ സൈനികരെ തടയാനായില്ലെങ്കിൽ കുറഞ്ഞ പ്രതിരോധ സൗകര്യങ്ങളുള്ള മറ്റു നഗരങ്ങളും മേഖലകളും റഷ്യൻ മുന്നേറ്റത്തിനു മുന്നിൽ തകർന്നടിയും. കൂടാതെ ബാഖ്മുതിലെ വിജയം റഷ്യൻ സേനയ്ക്കു നൽകുന്ന ആത്മവിശ്വാസവും ആവേശവും യുക്രെയ്നിയൻ സേനയുടെ ആത്മവീര്യത്തെയും പ്രതികൂലമായി ബാധിക്കും.

∙ ബാഖ്മുതിന്റെ സൈനിക പ്രാധാന്യം

റഷ്യൻ ആക്രമണത്തിൽ തകർന്ന ബാഖ്‌മുതിലെ കെട്ടിടങ്ങൾ (Reuters)

ബാഖ്മുത് വീണാൽ‌ ഡോൺ‌ബാസിലെ മറ്റു പ്രധാന നഗരങ്ങളായ സ്ലോവിയാൻസ്കിനെയും ക്രിമറ്റോർ‌സ്ക്സിനെയും ആക്രമണ പരിധിയിൽ കൊണ്ടുവരാൻ റഷ്യയ്ക്കു സാധിക്കും. ബാഖ്മുതിന്റെ പിൻനിരയിലൊരുക്കിയിരിക്കുന്ന യുക്രെയ്നിന്റെ രണ്ടും മൂന്നും പ്രതിരോധ നിരകൾ റഷ്യൻ മുന്നേറ്റത്തിൽ തകർന്നാൽ സ്ലോവിയാൻസ്കും ക്രിമറ്റോർസ്ക്സും റഷ്യ നിസാരമായി കയ്യിലൊതുക്കും. ഇതോടെ ഡോൺബാസിന്റെ സകലമേഖലകളിലും റഷ്യ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. മേഖലയിൽ റഷ്യ സമഗ്രാധിപത്യം നേടിക്കഴിഞ്ഞാൽ കീവിന്റെ സുരക്ഷയ്ക്കും അതു ഭീഷണിയായി മാറും.

യുക്രെയ്നിനെയും റഷ്യയെയും ബന്ധിപ്പിക്കുന്ന ടി0504 ഹൈവേയും മറ്റു റോഡ് ശൃംഖലകളുടെയും റെയിൽവേ ലൈനുകളുടെയും ഒരു സംഗമസ്ഥാനമാണ് ബാഖ്മുത്. അതിനാൽ തന്നെ ഡോൺബാസിന്റെ മറ്റു മേഖലകളിലേക്കുള്ള റഷ്യൻ മുന്നേറ്റത്തിനുള്ള സപ്ലൈലൈനുകൾ ബാഖ്മുത് വഴിയാണ് എത്തേണ്ടത്. അതിനാൽ ബാഖ്മുതിന്റെ നിയന്ത്രണം റഷ്യയ്ക്കും അത്യന്ത്യാപേക്ഷിതമാണ്. കൂടാതെ യുക്രെയ്നിയൻ ആക്രമണങ്ങളെ ഒഴിവാക്കി ബാഖ്മുതിലെ ഖനികളിൽ ആയുധങ്ങളും സൈനിക വാഹനങ്ങളും സംഭരിക്കാൻ സാധിക്കുമെന്നത് മേഖലയിൽ സമഗ്രആധിപത്യം പുലർത്താനും തുടർ ആക്രമണങ്ങൾ നടത്താനും റഷ്യയെ സഹായിക്കും.

∙ ബാഖ്മുത് എന്തുകൊണ്ട് വീഴുന്നില്ല

എട്ടുമാസമായി പോരാട്ടം തുടർന്നിട്ടും ബാഖ്മുത് ഇപ്പോഴും റഷ്യയ്ക്കു കൈപ്പിടിയിൽ ഒതുക്കാനായിട്ടില്ല. നഗരത്തിന്റെ മൂന്നിൽ രണ്ടുഭാഗവും നിയന്ത്രണത്തിലാക്കി മാസങ്ങളായിട്ടും നഗരകേന്ദ്രത്തിലേക്ക് എത്താൻ റഷ്യൻ സൈന്യത്തിനു (വാഗ്നർ സംഘത്തിന്) സാധിച്ചിട്ടില്ല. വെറും ഒന്നര കിലോമീറ്റർ കൂടി റഷ്യ പിടിച്ചെടുത്താൽ ബാഖ്മുത് പൂർണമായും വളയപ്പെടും. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ബാഖ്മുതിനെ പൂർണമായി വളയാൻ റഷ്യയ്ക്കു സാധിക്കാത്തതിനു കാരണം ബാഖ്മുതിന്റെ കടുത്ത പ്രതിരോധ സംവിധാനങ്ങൾ തന്നെയാണ്. തെക്കൻ, വടക്കൻ മേഖലയിലൂടെ മുന്നേറുന്ന റഷ്യൻ സൈനിക പാർശ്വദളങ്ങളെ (Flanks) യുക്രെയ്ൻ പ്രതിരോധിക്കുകയും പ്രത്യാക്രമണം നടത്തുകയും ചെയ്യുന്നത് നഗരത്തെ പൂർണമായി വളയുക എന്ന ലക്ഷ്യം നേടുന്നതിൽ നിന്നു റഷ്യയെ തടയുന്നുണ്ട്. പ്രധാന സപ്ലൈ റൂട്ടായ ടി0504 ഹൈവേ റഷ്യൻ ആക്രമണ പരിധിയിൽ വന്നതോടെ സമീപ നഗരമായ ചാസിവിയാറിനെ ബന്ധിപ്പിച്ചു താൽക്കാലിക റോഡ് സംവിധാനം ബാഖ്മുതിൽ യുക്രെയ്ൻ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെയാണ് സൈന്യത്തിന് ആവശ്യമായ ആയുധങ്ങളും മറ്റു സപ്ലൈകളും ഇപ്പോൾ എത്തിക്കുന്നത്.

ബാഖ്മുതിൽ പ്രതിരോധം തീർക്കുന്ന യുക്രെയ്ൻ സൈനികർ. (Reuters).

റഷ്യൻ മുന്നേറ്റത്തിന്റെ മുനയൊടിക്കാൻ നഗരത്തെ വലം വയ്ക്കുന്ന ബാഖ്മുത്ക നദിയിലെ പാലങ്ങൾ യുക്രെയ്ൻ സൈന്യം തകർത്തിരുന്നു. കൂടാതെ നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ഡാമും യുക്രെയ്ൻ തകർത്തു. ഇതു നഗരത്തിന്റെ പലഭാഗങ്ങളിലും സിവേർസ്കി, ഡോണെറ്റ്സ് – ഡോൺബാസ് കനാലുകൾ കടന്നുപോകുന്ന മേഖലകളിലെല്ലാം വെള്ളക്കെട്ടും ചെളിക്കുളങ്ങളും സൃഷ്ടിച്ചു. ഇതോടെ റഷ്യൻ സൈനിക മുന്നേറ്റം വളരെയധികം ദുഷ്ക്കരമായി. കൂടാതെ വ്യവസായിക നഗരമായ ബാഖ്മുതിലെ അസോം സ്റ്റീൽ പ്ലാന്റ്, വോസ്തോക്മാഷ് പോലുള്ള ഫാക്ടറികളും അവിടെയുള്ള ടണലുകളും കേന്ദ്രീകരിച്ചു പ്രതിരോധിക്കുന്ന യുക്രെയ്നിയൻ സ്പെഷൽ ഫോഴ്സ് അംഗങ്ങളും റഷ്യൻ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്നുണ്ട്.

രണ്ടു ലോകമഹായുദ്ധങ്ങൾക്കു ശേഷം ലോകം കണ്ടിട്ടുള്ള ഏറ്റവും കടുത്ത ട്രഞ്ച് യുദ്ധമുറയാണ് ബാഖ്മുതിൽ നടക്കുന്നത്. കൂട്ടിന് മൂളിപ്പറക്കുന്ന ഡ്രോണുകളും സ്നൈപ്പർമാരും. യുദ്ധഭൂമിയിലെ ഓരോ നീക്കങ്ങളും ഒപ്പിയെടുക്കുന്ന ഡ്രോണുകളുടെ സഹായത്തോടെ ട്രഞ്ചുകൾക്കു നേരെയും സൈനിക നീക്കങ്ങൾക്കു നേരെയും കടുത്ത ആർട്ടിലറി (പീരങ്കി) ആക്രമണമാണ് റഷ്യയും യുക്രെയ്നും നടത്തുന്നത്. അമേരിക്കയടക്കമുള്ള നാറ്റോ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത ആധുനിക ആയുധങ്ങളും ടാങ്കുകളും എത്തുന്നതുവരെ റഷ്യൻ സൈന്യത്തെ ബാഖ്മുതിൽ തളച്ചിടാനാണ് യുക്രെയ്നിന്റെ ശ്രമം.

∙ ചാസിവിയാർ കൂടി വളയാൻ റഷ്യൻ ശ്രമം; അണിയറയിൽ മറ്റൊരു ബാഖ്മുത്?

ബാഖ്മുതിൽ പ്രതിരോധം തീർക്കുന്ന യുക്രെയ്ൻ സൈനികൻ. (Reuters).

വസന്തകാലം തീരും മുൻപേ ബാഖ്മുത് പിടിച്ചെടുക്കാനാണു റഷ്യൻ ശ്രമം. ഇതിന്റെ ഭാഗമായി നഗരമധ്യത്തിലൂടെ കടന്നു പോകുന്ന റെയിൽവേ ലൈനിലൂടെ മുന്നേറി നഗരത്തെ രണ്ടായി വിഭജിക്കാനും യുക്രെയ്നിയൻ പ്രതിരോധത്തെ തകർക്കാനുമാണു റഷ്യ ശ്രമിക്കുന്നത്. ഇതിനു സാധിച്ചില്ലെങ്കിൽ സമീപ നഗരങ്ങളായ ഇവാനിവിസ്കേ, ചാസിവിയാർ തുടങ്ങിയ ചെറുനഗരങ്ങൾ കൂടി വളഞ്ഞു ബാഖ്മുതിനെ പൂർണമായും ഒറ്റപ്പെടുത്താനും റഷ്യ ശ്രമിക്കുമെന്നാണ് സൈനിക വിദഗ്ധരുടെ കണക്കൂകൂട്ടൽ. പക്ഷേ ഇത്ര വലിയ പ്രദേശം വളയാൻ കൂടുതൽ സന്നാഹങ്ങൾ വേണമെന്നുള്ളതിനാൽ ഈ ശ്രമം എത്രകണ്ടു വിജയിക്കുമെന്നും സന്ദേഹമുണ്ട്.

വസന്തകാലം അവസാനിച്ചു യുക്രെയ്നിന്റെ പ്രത്യാക്രമണം തുടങ്ങുമ്പോഴേയ്ക്കും ബാഖ്മുതിന്റെ നിയന്ത്രണം പൂർണമായും കൈവശപ്പെടുത്താനാണ് റഷ്യൻ നീക്കം. എന്നാൽ മേയ് അവസാനം വരെ ബാഖ്മുത് പിടിച്ചു നിന്നാൽ പ്രത്യാക്രമണത്തിനു പദ്ധതി തയാറാക്കുകയാണ് യുക്രെയ്ൻ. ഇതിന്റെ ഭാഗമായി കൂടുതൽ സൈനികരെയും ടാങ്കുകളെയും യുക്രെയ്ൻ വ്യന്യസിച്ചുകൊണ്ടിരിക്കുകയാണ്. 

അതിനിടെ കിഴക്കൻ മേഖലയിലെ ചെറുപട്ടണമായ വുളെദാർ പിടിച്ചെടുക്കാനുള്ള റഷ്യൻ നീക്കം അമ്പേ പരാജയപ്പെട്ടിരുന്നു. എന്നാൽ കനത്ത ആർട്ടിലറികളുടെ പിന്തുണയോടെ വുളെദാറിനു നേർക്കു റഷ്യ വീണ്ടും പോരാട്ടം കടുപ്പിച്ചിട്ടുണ്ട്. കൂടാതെ ഡോണെക്ട് മേഖലയിലെ അവ്ദിവ്കയിൽ റഷ്യൻ സൈന്യം അപ്രതീക്ഷിത മുന്നേറ്റം തുടങ്ങിയിട്ടുണ്ട്. അവ്ദിവ്കയിലെ പോരാട്ടം മറ്റൊരു ‘ബാഖ്മുതിന്’ വഴിയൊരുക്കിയേക്കുമെന്ന്് സൈനിക വിദഗ്ധർ കണക്കുകൂട്ടുന്നത്. അവ്ദിവ്കയുടെ മൂന്നു ഭാഗവും വളഞ്ഞ റഷ്യൻ സൈന്യം യുക്രെയ്നിന്റെ ഈ മേഖലയിലെ പ്രതിരോധത്തെ തീർ‌ത്തും ദുർബലപ്പെടുത്തിയിട്ടുണ്ട്. 

∙ യുദ്ധം ഒറ്റയ്ക്ക് ജയിച്ച് വാഗ്നർ സംഘം

ബാഖ്മുതിൽ പ്രതിരോധം തീർക്കുന്ന യുക്രെയ്ൻ സൈനികർ. (Reuters).

ആധുനിക ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കടുത്ത യുദ്ധമായി വിലയിരുത്തപ്പെടുന്ന ‘ബാറ്റിൽ ഓഫ് ബാഖ്മുത്’ റഷ്യയ്ക്കു വേണ്ടി നയിക്കുന്നത് സ്വകാര്യ സൈനിക സംഘമായ വാഗ്നർ സംഘമാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ‘ഷെഫ്’ എന്ന പേരിൽ അറിയപ്പെടുന്ന യെഗൂനി പ്യൂഗോഷിന്റെ നേതൃത്വത്തിലുള്ള വാഗ്നർ സംഘമാണ് ബാഖ്മുതിലെ കടുത്ത പോരാട്ടം ഒറ്റയ്ക്കു നയിക്കുന്നത്. ബാഖ്മുതിലെ പോരാട്ടത്തിൽ റഷ്യയിലെ ജയിൽപ്പുള്ളികളെ മനുഷ്യത്തിരമാലകളാക്കി യുദ്ധമുന്നണിയിൽ നിയോഗിച്ചതിന്റെ പേരിൽ വാഗ്നർ സംഘം ഒട്ടേറെ പഴി കേൾക്കേണ്ടി വന്നു. ബാഖ്മുതിൽ 6 മാസം പിടിച്ചുനിന്നാൽ ജയിൽ മോചനം എന്ന വാഗ്ദാനം നൽകിയാണ് ദീർഘകാല തടവുപുള്ളികളെയും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെയും വാഗ്നർ സംഘം ബാഖ്മുതിലെ പോരാട്ടത്തിനായി റിക്രൂട്ട് ചെയ്തത്. ഇതിൽ ഒട്ടേറെ പേർ കൊല്ലപ്പെടുകയും ചെയ്തു. എങ്കിലും ബാഖ്മുത് പോലെ കഠിനപ്രതിരോധമുള്ള നഗരം കീഴ്പ്പെടുത്തുന്നതിൽ വാഗ്നർ സംഘം വിജയത്തിലേക്ക് അടുക്കുകയാണ്.

ബാഖ്മുതിൽ മാത്രം 4000 വാഗ്നർ സംഘാംഗങ്ങൾ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ. സൈനികരുടെ കുറവ് പരിഹരിക്കാനായി റഷ്യയിലെ 45 കേന്ദ്രങ്ങളിൽ റിക്രൂട്ട്മെന്റ് റാലികൾ തുടങ്ങിയിരിക്കുകയാണ് പ്യൂഗോഷിൻ. എന്നാൽ ഇനി ജയിൽപ്പുള്ളികളെ റിക്രൂട്ട് ചെയ്യില്ലെന്ന തീരുമാനവും പ്യൂഗോഷിൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതിനിടെ റഷ്യൻ പ്രതിരോധ മന്ത്രി സെർഗെയ് ഷൈഗുവും യെഗൂനി പ്യൂഗോഷിനും തമ്മിൽ അഭിപ്രായ വ്യത്യാസം രൂപപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു. തന്റെ സൈനികർക്ക് മതിയായ ആയുധങ്ങളും വെടിക്കോപ്പുകളും കിട്ടുന്നില്ലെന്ന് യെഗൂനി പ്യൂഗോഷിൻ തുറന്നടിച്ചത് പാശ്ചാത്യമാധ്യമങ്ങൾക്കു വലിയ വാർത്തയായിരുന്നു.

ബാഖ്മുതിൽനിന്നുള്ള കാഴ്ച (Reuters).

എന്തുതന്നെയായാലും യുക്രെയ്നിനെ മുന്നിൽ നിർ‌ത്തി ഒളിയുദ്ധം (Proxy War) നയിക്കുന്ന അമേരിക്കയ്ക്കും നാറ്റോ സൈന്യത്തിനും വാഗ്നർ സംഘത്തിന്റെ പോരാട്ടവീര്യത്തെ മറികടക്കാനായില്ലെന്നത് തീരാകളങ്കമായി അവശേഷിക്കും. ബാക്മുതിലെ വാഗ്നർ മുന്നേറ്റത്തിനു പിന്നാലെ ഒട്ടേറെ ആഫ്രിക്കൻ രാജ്യങ്ങൾ‌ ആഭ്യന്തര കലാപങ്ങളെയും തീവ്രവാദ സംഘങ്ങളെയും നേരിടാൻ വാഗ്നർ സംഘത്തിന്റെ സേവനം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ അരലക്ഷത്തോളം അംഗങ്ങളുള്ള, ലോകത്തെ ഏറ്റവും യുദ്ധസജ്ജരായ സൈനിക സംഘമാണ് വാഗ്നർ.

∙ വസന്തം വഴിമാറും ചോരപ്പുഴയ്ക്ക്

നിലവിൽ യുക്രെയ്നിൽ മഞ്ഞുകാലം ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. എന്നാൽ ഇടവിട്ടുള്ള മഴയും മഞ്ഞുരുകലും യുക്രെയ്നിന്റെ പീഠഭൂമികളെ ഇപ്പോഴും ചെളിക്കുളമാക്കി മാറ്റുന്നുണ്ട്. അതിനാൽ സ്പ്രിങ് ഒഫൻസ് (വസന്തകാല യുദ്ധം) ഇനിയും തുടങ്ങിയിട്ടില്ല. വസന്തകാലത്തിൽ ഇരുകൂട്ടരും സൈനിക മുന്നേറ്റങ്ങൾ നടത്തുമെങ്കിലും കാര്യമായ നേട്ടം ലഭിക്കാൻ സാധ്യതയില്ലെന്നാണു സൈനിക തന്ത്രജ്ഞർ വിലയിരുത്തുന്നത്. യുദ്ധഭൂമിയിലെ ചെളി അതിവേഗ സൈനിക നീക്കങ്ങൾ അസാധ്യമാക്കുമെന്നതിനാലാണ് ഇത്. എന്നാൽ, വസന്തകാലം അവസാനിക്കുന്ന മേയ് അവസാനത്തോടെ യുക്രെയ്നിലെ മണ്ണ് ഉറച്ചുതുടങ്ങും. പിന്നാലെ വേനൽക്കാലത്തിന്റെ തുടക്കം മുതൽ യുക്രെയ്നിലെ പീഠഭൂമികളിൽ യുദ്ധത്തിന്റെ ഇടിമുഴക്കം വിരിയുമെന്നാണു കണക്കുകൂട്ടൽ. യുക്രെയ്ൻ – റഷ്യ യുദ്ധത്തിലെ ഏറ്റവും ഭീകരവും രക്തരൂക്ഷിതവുമായ ഏറ്റുമുട്ടലാകും ഈ ഘട്ടത്തിലുണ്ടാകയെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.

∙ തീ പകർന്ന് ആയുധപ്രവാഹം

ജോ ബൈഡൻ.

യുദ്ധത്തിനു തീ പകർന്ന് ആധുനിക ആയുധങ്ങളുടെ പ്രവാഹമാണ് യുക്രെയ്നിലേക്ക്. പോളണ്ട് വഴിയാണ് നാറ്റോയുടെ ആയുധപ്രവാഹം. അമേരിക്കയിൽ നിന്നു 31 ഏബ്രഹാം എവൺ ടാങ്കുകളും ജർമനിയുടെ 14 ലെപ്പാർഡ് 2 ടാങ്കുകളും യുകെയുടെ 14 ചാലഞ്ചർ 2 ടാങ്കുകളും യുക്രെയ്നിനു വാഗ്ദാനം ചെയിതിട്ടുണ്ട്. ഇതിൽ അമേരിക്കയുടെ ഒഴികെയുള്ള ടാങ്കുകൾ പോളണ്ടിന്റെ അതിർത്തികൾ കടന്നു യുദ്ധമുന്നണികളിലേക്കു നീങ്ങിത്തുടങ്ങിയിട്ടുണ്ട്. കൂടാതെ ഒട്ടേറെ നാറ്റോ രാജ്യങ്ങളും തങ്ങളുടെ ജർമൻ നിർമിത ടാങ്കുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും യുക്രെയ്നിനു കൈമാറിയിട്ടുണ്ട്.

ഇതുപയോഗിക്കാനുള്ള യുക്രെയ്നിയൻ സൈനികരുടെ പരിശീലനവും പൂർത്തിയായിട്ടുണ്ട്. കൂടാതെ പോളണ്ടും സ്ലോവാക്യയും തങ്ങളുടെ കൈവശമുള്ള മിഗ്-29 വിമാനങ്ങൾ കൈമാറാൻ ഒരുക്കമാണെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ യുക്രെയ്നിയൻ പൈലറ്റുമാർ അമേരിക്കയിൽ എഫ്16 പറത്താൻ പരിശീലനം നടത്തുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. യുകെയിലും ഒരു സംഘം യുക്രെയ്നിയൻ പൈലറ്റുമാർ പരിശീലനം നടത്തുന്നുണ്ട്. ടാങ്കുകൾക്കു പിന്നാലെ എഫ്16 അടക്കമുള്ള പാശ്ചാത്യ യുദ്ധവിമാനങ്ങളും യുക്രെയ്നിലേക്ക് എത്തുമെന്ന അഭ്യൂഹം ഇതോടെ ശക്തമായിട്ടുണ്ട്. ടാങ്കുകൾക്കു പുറമേ നൂറുകണക്കിനു ബ്രാഡ്‌ലി ഇൻഫെന്ററി ഫൈറ്റിങ് വാഹനങ്ങളും പ്രേടിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളും യുക്രെയ്നിലേക്ക് എത്തുന്നുണ്ട്.

കടുത്ത യുദ്ധം പ്രതീക്ഷിച്ചു അമേരിക്കയിലും യൂറോപ്പിലുമുള്ള ആയുധ നിർമാണശാലകളും ഉൽപാദനം പൂർണതോതിലാക്കിയിട്ടുണ്ട്. 10 ലക്ഷം റോക്കറ്റ് ഷെല്ലുകൾ വാങ്ങി യുക്രെയ്നിനു നൽകാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. ഇതും യുദ്ധത്തെ കൂടുതൽ രക്തരൂക്ഷിതമാക്കും. റഷ്യയും ആയുധ നിർമാണത്തിന്റെ വേഗം വർധിപ്പിച്ചിട്ടുണ്ട്. യുദ്ധസാഹചര്യത്തിൽ പ്രവർത്തിക്കുന്ന റഷ്യയിലെ ആയുധ നിർമാണ ഫാക്ടറികൾ മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്. മിസൈൽ നിർമാണവും റഷ്യ ഇരട്ടിയാക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ കൂടുതൽ നവീനമായ ആയുധങ്ങളും ഇരുകൂട്ടരും യുദ്ധഭൂമിയിലേക്ക് എത്തിച്ചുതുടങ്ങിയിട്ടുണ്ട്.

∙ പ്രത്യാക്രമണത്തിന് അവസരം കാത്ത് യുക്രെയ്ൻ

ബ്രസൽസിൽ യുറോപ്യൻ യൂണിയൻ നേതാക്കളെ അഭിസംബോധന ചെയ്യുന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി.(Photo by Ludovic MARIN / AFP)

വസന്തകാലത്തിന്റെ അവസാനം മേയ് ഒടുവിലോടെ റഷ്യയ്ക്കെതിരെ പ്രത്യാക്രമണത്തിനുള്ള ഒരുക്കത്തിലാണ് യുക്രെയ്ൻ. യുകെയിലും അമേരിക്കയിലുമായി പരിശീലനം പൂർത്തിയാക്കി വരുന്ന പുതിയ സൈനികരെയും പാശ്ചാത്യരാജ്യങ്ങൾ വാഗ്ദാനം ചെയ്ത ടാങ്കുകളും കവചിത വാഹനങ്ങളും ഉൾപ്പെടുത്തി അവസാന വട്ട യുദ്ധത്തിനുള്ള ഒരുക്കത്തിലാണ് യുക്രെയ്ൻ. പരമ്പരാഗതമായ സോവിയറ്റ് ശൈലിയിൽ നിന്നു മാറി നാറ്റോ ശൈലിയിൽ പ്രത്യാക്രമണം നടത്താനാണ് പദ്ധതി. 

സപൊറീഷ്യ കേന്ദ്രീകരിച്ചു പ്രത്യാക്രമണം തുടങ്ങാനാണ് അവരുടെ പദ്ധതി. ഇതിന്റെ ഭാഗമായി മാർച്ച് 18ന് സപൊറീഷ്യയിൽ റഷ്യൻ നിയന്ത്രിത മേഖലയിലേക്കു യുക്രെയ്നിയൻ സൈനിക നീക്കം നടത്തിയിരുന്നു. ടാങ്കുകളും കവചിത വാഹനങ്ങളുമായി കിലോമീറ്ററുകളോളം കടന്നുകയറിയ യുക്രെയ്ൻ ചെറുസംഘം റഷ്യയുടെ കനത്ത പ്രത്യാക്രമണത്തെ തുടർന്നു പിൻവാങ്ങിയിരുന്നു. സൈനിക മുൻതൂക്കം നേടുന്നതിനേക്കാൾ മേഖലയിലെ റഷ്യയുടെ പ്രതിരോധം വിലയിരുത്താനാണ് യുക്രെയ്ൻ ഈ സൈനിക നീക്കം നടത്തിയതെന്നാണു വിലയിരുത്തൽ. ഈ മേഖലയിൽ ഏതുനിമിഷവും യുക്രെയ്ൻ പ്രത്യാക്രമണം പ്രതീക്ഷിച്ചാണ് മാസങ്ങളായി റഷ്യൻ സൈന്യം നിലകൊള്ളുന്നത്. ലുഹാൻസ് മേഖലയിലോ അതിർത്തിയിലെ റഷ്യൻ പട്ടണമായ ബെൽഗോറോഡിനു നോർക്കോ യുക്രെയ്ൻ ആക്രമണം തുടങ്ങിയേക്കുമെന്ന് നിരീക്ഷണമുണ്ട്. 

∙ ക്രൈമിയ പിടിക്കുമോ യുക്രെയ്ൻ?

സപൊറീഷ്യയിൽ നിന്നു തുടങ്ങി മെലീറ്റോപോൾ, മാരിയൂപോൾ എന്നിവ പിടിച്ചെടുത്ത് ക്രൈമിയയിലേക്കുള്ള റഷ്യൻ കരമാർഗം അടയ്ക്കുകയാണ് യുക്രെയ്ൻ ലക്ഷ്യം. ഇതിനു പിന്നാലെ ക്രൈമിയയ്ക്കു വേണ്ടി പോരാട്ടം തുടങ്ങാനും യുക്രെയ്ൻ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ക്രൈമിയയെയും റഷ്യൻ വൻകരയെയും ബന്ധിപ്പിക്കുന്ന കെർച്ച് ബ്രിജിനു നേർക്കു വീണ്ടും ആക്രമണം നടത്താനും യുക്രെയ്നിനു പദ്ധതിയുണ്ട്. എന്നാൽ ഹേഴ്സണിൽ നിന്നു പിന്മാറ്റം നടത്തിയ റഷ്യൻ സൈന്യം ഡെനിപ്രോ നദിയിലെ പാലങ്ങൾ എല്ലാം തകർത്തത് ക്രൈമിയയ്ക്കു വേണ്ടിയുള്ള യുക്രെയ്നിയൻ സൈനിക നീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. ക്രൈമിയയ്ക്കു വേണ്ടിയുള്ള ഏതൊരു നീക്കവും വിധിദിവസത്തിന്റെ (Judgement Day) തുടക്കമായിരിക്കുമെന്നാണ് റഷ്യയുടെ ഭീഷണി. നിലവിൽ ഡ്രോണുകൾ ഉപയോഗിച്ച് ക്രൈമിയയ്ക്കു നേരെ യുക്രെയ്ൻ ഒട്ടേറെ ആക്രമണങ്ങൾ നടത്തുന്നുണ്ട്. 

ഒറ്റക്കെട്ട്: മോസ്കോയിലെ കൂടിക്കാഴ്ചയ്ക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും. ചിത്രം: എഎഫ്പി

റഷ്യൻ യുദ്ധക്കപ്പലുകൾക്കുള്ള ക്രൂസ് മിസൈലുകളുമായി പോയ ട്രെയിനിനു നേർക്കു മാർച്ച് 21നു നടത്തിയ ഡ്രോൺ ആക്രമണമാണ് ഇതിൽ അവസാനത്തേത്. ക്രൈമിയയിലെ റഷ്യൻ വ്യോമത്താവളങ്ങൾക്കും ആയുധപ്പുരകൾക്കു നേർക്കും യുക്രെയ്ൻ ഒട്ടേറെ അട്ടിമറി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. യുക്രെയ്നിയൻ നഗരങ്ങൾക്കും വൈദ്യുതി വിതരണ ശൃംഖലകൾക്കും നേർക്കുള്ള ശക്തമായ മിസൈൽ ആക്രമണത്തിലൂടെയാണ് റഷ്യ ഇതിനു മറുപടി നൽ‌കുന്നത്.

∙ അമേരിക്കയെ ഞെടുക്കിയ കിൻസാൽ

മാർച്ച് ആദ്യവാരം പടിഞ്ഞാറൻ റഷ്യയിലെ ബ്രയാൻസ്ക് മേഖലയിൽ അതിർത്തി കടന്നെത്തിയ യുക്രെയ്നിയൻ സ്പെഷൽ ഫോഴ്സ് നടത്തിയ ആക്രമണത്തിനു പ്രതികാരമായി മാർച്ച് 10ന് യുക്രെയ്നിലെ വിവിധ നഗരങ്ങൾക്കു നേർക്ക് റഷ്യ കനത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. 81 മിസൈലുകളാണ് റഷ്യ ഒറ്റദിവസം യുക്രെയ്നിനു നേർക്കു തൊടുത്തത്. ഇറാനിയൻ ക്വാമിക്കോസി ഡ്രോണുകളും മിസൈലുകളും ഉൾപ്പെട്ട ഈ ആക്രമണത്തിൽ 6 കിൻസാൽ ഹൈപ്പർ സോണിക് മിസൈലുകളും ഇടം പിടിച്ചിരുന്നു. യുക്രെയ്നിൽ അമേരിക്ക സ്ഥാപിച്ച വ്യോമപ്രതിരോധ സംവിധാനങ്ങളെയെല്ലാം നിഷ്പ്രഭമാക്കി കൊണ്ട് ഈ ആറു ഹൈപ്പർ സോണിക് മിസൈലുകളും ലക്ഷ്യം ഭേദിച്ചിരുന്നു. നിലവിലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇത്തരം മിസൈലുകളെ പ്രതിരോധിക്കാനാകുന്നില്ലെന്ന് യുക്രെയ്ൻ അധികൃതർ തുറന്നു പറഞ്ഞിരുന്നു.

മുൻപ് സിർകോൺ, അവൻഗാർഡ് തുടങ്ങിയ ഹൈപ്പർ സോണിക് മിസൈലുകൾ റഷ്യ ലോകത്തിനു പരിചയപ്പെടുത്തിയിരുന്നെങ്കിലും യുദ്ധഭൂമിയിൽ അവ പ്രയോഗിച്ചിരുന്നില്ല. യുക്രെയ്ൻ യുദ്ധം തുടങ്ങിയ ആദ്യദിനങ്ങളിൽ യുക്രെയ്നിലെ വിദേശ ആയുധ ശേഖരം നശിപ്പിക്കാനായി സിർകോൺ ഹൈപ്പർ സോണിക് മിസൈൽ റഷ്യ പ്രയോഗിച്ചിരുന്നു. എന്നാൽ ആക്രമണത്തെക്കാളുപരി പരീക്ഷണമെന്ന നിലയിലുള്ള ആക്രമണമായിരുന്നു ഇതെന്നു പറയപ്പെടുന്നു. ‘കഠാര’ എന്ന അർ‌ഥമുള്ള കിൻസാൽ ഹൈപ്പർ സോണിക് മിസൈൽ ആണവ പോർമുന വഹിക്കാൻ ശേഷിയുള്ളവയാണ്. ശബ്ദത്തിന്റെ 10 ഇരട്ടി വേഗത്തിൽ ലക്ഷ്യത്തിൽ കൃത്യമായി പതിക്കുന്ന മിസൈൽ പരമ്പരാഗത പോർമുന വഹിച്ചാൽ പോലും കനത്ത നാശം വിതയ്ക്കും. യുക്രെയ്നിലെ വിലപിടിപ്പുള്ള ലക്ഷ്യങ്ങൾ (High value targets) തകർക്കാനാണ് ഈ മിസൈൽ ഉപയോഗിച്ചതെന്നാണ് റഷ്യ പറഞ്ഞത്. എന്നാൽ എന്താണ് ആ ലക്ഷ്യങ്ങളെന്ന് റഷ്യയോ യുക്രെയ്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുക്രെയ്നിലേക്ക് അമേരിക്കയും നാറ്റോയും എത്തിക്കുന്ന വിദേശ ടാങ്കുകളും ആയുധങ്ങളും യുദ്ധമുന്നണിയിലേക്ക് എത്തുന്നതു തടയാൻ റഷ്യ കിൻസാൽ ഹൈപ്പർ സോണിക് മിസൈൽ പ്രയോഗം തുടരുമെന്നാണു മിക്ക സൈനിക വിദഗ്ധരും കണക്കൂകൂട്ടുന്നത്. കൂടാതെ യുദ്ധത്തിൽ ആണവഭീഷണി ശക്തമാക്കി ബെലാറൂസിൽ റഷ്യ ആണവായുധങ്ങൾ‌ വ്യന്യസിക്കാനുള്ള ഒരുക്കത്തിലാണ്. യുദ്ധത്തിലുണ്ടാകുന്ന ശക്തമായ തിരിച്ചടിക്ക് ആണവായുധം ഉപയോഗിച്ചു റഷ്യ മറുപടി പറഞ്ഞേക്കുമെന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്. 

∙ സമാധാനത്തിന് ചൈനയുടെ ഇടപെടൽ

യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ ഇതുവരെ കാഴ്ചക്കാരായിരുന്ന ചൈന മധ്യസ്ഥ ചർച്ചയുമായി മുന്നോട്ടുവന്നതു ലോകരാജ്യങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാൻ 12 ഇന സമാധാന പദ്ധതിയുമായാണ് ചൈനയുടെ രംഗപ്രവേശം. മുതിർന്ന ചൈനീസ് നയതന്ത്രജ്ഞനായ വാങ്‌യിയുടെ യൂറോപ്യൻ സന്ദർശനത്തിനു പിന്നാലെയാണ് ചൈന തങ്ങളുടെ സമാധാന പദ്ധതി പ്രഖ്യാപിച്ചത്. റഷ്യയുടെയും യുക്രെയ്നിന്റെയും ഏറ്റവും വലിയ വാണിജ്യ പങ്കാളിയായ ചൈനയുടെ സമാധാന നിർദേശത്തോട് ഇരുകൂട്ടരും അനുകൂലമായാണു പ്രതികരിച്ചതെന്നത് ലോകത്തിന് ആകെ പ്രതീക്ഷ നൽകിയിരുന്നു.

സമാധാന ചർച്ചകൾക്കായി ചൈനീസ് പ്രസിഡന്റ് ഷിചിൻപിങ്ങിനെ നേരിട്ടു കാണാനും താൻ ഒരുക്കമാണെന്നു യുക്രെയ്നിയൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചൈനയുടെ സമാധാന നീക്കത്തെ അമേരിക്ക തള്ളിക്കളഞ്ഞിട്ടുണ്ട്. ചൈനയുടെ നിലപാടിന് വിശ്വസ്തതയില്ലെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാൽ ഇറാൻ – സൗദി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ മുൻകൈ എടുത്തതിലൂടെ യുക്രെയ്ൻ – റഷ്യ യുദ്ധത്തിലും മധ്യസ്ഥം വഹിക്കാൻ ശേഷിയുണ്ടെന്ന് ചൈന തെളിയിച്ചു കഴിഞ്ഞു. 

റഷ്യയിൽ സന്ദർശനം നടത്തിയ ചൈനീസ് പ്രസിഡന്റ് ഷിചിൻ പിങ് യുക്രെയ്നുമായും ഉടൻ സമാധാന ചർച്ച നടത്താൻ സാധ്യതയുണ്ട്. എന്നാൽ ചൈനീസ് മധ്യസ്ഥതയിലൂടെ യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിക്കുന്നതിനോട് അമേരിക്കയ്ക്ക് ഒട്ടും താൽപര്യമില്ല എന്നതാണു വാസ്തവം. റഷ്യൻ ആക്രമണത്തെ ചൈന ഇതുവരെ തള്ളിപ്പറയാത്തതും പിടിച്ചെടുത്ത സ്ഥലങ്ങളിൽ നിന്നുള്ള റഷ്യൻ പിന്മാറ്റത്തെ കുറിച്ചു കരാറിൽ പറയുന്നില്ലെന്നും ചൈനീസ് പദ്ധതിയുടെ ന്യൂനതയായി അമേരിക്ക എടുത്തുകാട്ടുന്നുണ്ട്. സമാധാന പദ്ധതി പരാജയപ്പെട്ടാൽ യുദ്ധത്തിൽ റഷ്യയ്ക്കു തുറന്ന പിന്തുണ നൽകാൻ ചൈന ഒരുങ്ങിയേക്കുമെന്ന ആശങ്കയും രാജ്യാന്തര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. 

∙ ഇനി ആണവ യുദ്ധം? 

നിലനിൽ‌പ്പിനായി പോരാടുന്ന റഷ്യ, വ്ലാഡിമിർ പുട്ടിന്റെ കീഴിൽ ഈ യുദ്ധകാലത്ത് മറ്റെന്നത്തേക്കാളും ഒരുമിച്ചു നിൽക്കുകയാണ്. പുട്ടിന്റെ സൈനിക നടപടികളെ റഷ്യൻ ജനത കൂടുതൽ കൂടുതൽ പിന്തുണച്ചുകൊണ്ടിരിക്കുകയാണ്. ‌കൂടുതൽ ശേഷിയും കരുത്തുമുള്ള ആയുധങ്ങൾ വരും നാളുകളിൽ യുക്രെയ്നിലെ യുദ്ധഭൂമികളിൽ മരണത്തിന്റെ സംഹാര ദൂതന്മാരായി അവതരിച്ചേക്കും. സൈനികരുടെ മരണത്തെ മറികടന്ന് സാധാരണക്കാരുടെ മരണം ഉയർന്നേക്കാം. യുക്രെയ്ൻ‌ – റഷ്യ യുദ്ധത്തിൽ നിന്നു റഷ്യ – നാറ്റോ യുദ്ധത്തിലേക്ക് മാറിക്കഴിഞ്ഞ പോരാട്ടം ഏതു നിമിഷവും ഒരു ആണവ യുദ്ധത്തിലേക്കും മൂന്നാം ലോകമഹായുദ്ധത്തിലേക്കും വഴിമാറിയേക്കാം. ലോകത്തെമ്പാടും പിടിമുറുക്കുന്ന സാമ്പത്തിക മാന്ദ്യം അതിന്റെ പരകോടിയിലേക്ക് ലോകജനതയെ തള്ളിവിട്ടേക്കാം. അതു പലരാജ്യങ്ങളിലും കലാപങ്ങൾക്കും ഭരണമാറ്റങ്ങൾക്കും വഴിയൊരുക്കിയേക്കാം. എന്തുതന്നെയായാലും തോൽ‌പ്പിക്കപ്പെട്ട, അപമാനിക്കപ്പെട്ട, വിഭജിക്കപ്പെട്ട റഷ്യ, യൂറോപ്പിന്റെ ശാശ്വത സമാധാനത്തിന് ഒരിക്കലും ഭൂഷണമല്ലെന്ന തിരിച്ചറിവ് നാറ്റോയ്ക്കും യൂറോപ്യൻ ഭരണകർ‌ത്താക്കൾക്കു ഇനിയെങ്കിലും ലഭിക്കുമോയെന്നു കാത്തിരുന്നു കാണാം.

 

ലേഖകന്റെ ഇമെയിൽ: nishadkurian@mm.co.in

 

English Summary: Wagner ‘Legally’ Claims Bakhmut; What is the Future of Russia- Ukraine War?