പൈലറ്റിന്റെ മോചനം അകലെ; തിരിച്ചടിക്കാൻ ഇന്തൊനീഷ്യ; പാപ്പുവയിൽ ചോരക്കളി
ഇന്തൊനീഷ്യയുടെ നിയന്ത്രണത്തിലുള്ള പാപ്പുവ, വെസ്റ്റ് പാപ്പുവ പ്രദേശങ്ങൾ ചേർത്ത് തങ്ങൾക്ക് സ്വാതന്ത്ര്യം നൽകണം എന്നാവശ്യപ്പെട്ട് പോരാടുകയാണ് ഫ്രീ പാപ്പുവ മൂവ്മെന്റ് എന്ന വിമത സംഘം. എന്നാൽ ഇവരെ സൈനികമായിത്തന്നെ നേരിടാനാണ് ഇന്തൊനീഷ്യയുടെ തീരുമാനം. ഇതിനിടയിൽപ്പെട്ട് ഒരു പൈലറ്റും! ചോരക്കളിയാണ് വെസ്റ്റ് പാപ്പുവയിൽ കാത്തിരിക്കുന്നത്....
ഇന്തൊനീഷ്യയുടെ നിയന്ത്രണത്തിലുള്ള പാപ്പുവ, വെസ്റ്റ് പാപ്പുവ പ്രദേശങ്ങൾ ചേർത്ത് തങ്ങൾക്ക് സ്വാതന്ത്ര്യം നൽകണം എന്നാവശ്യപ്പെട്ട് പോരാടുകയാണ് ഫ്രീ പാപ്പുവ മൂവ്മെന്റ് എന്ന വിമത സംഘം. എന്നാൽ ഇവരെ സൈനികമായിത്തന്നെ നേരിടാനാണ് ഇന്തൊനീഷ്യയുടെ തീരുമാനം. ഇതിനിടയിൽപ്പെട്ട് ഒരു പൈലറ്റും! ചോരക്കളിയാണ് വെസ്റ്റ് പാപ്പുവയിൽ കാത്തിരിക്കുന്നത്....
ഇന്തൊനീഷ്യയുടെ നിയന്ത്രണത്തിലുള്ള പാപ്പുവ, വെസ്റ്റ് പാപ്പുവ പ്രദേശങ്ങൾ ചേർത്ത് തങ്ങൾക്ക് സ്വാതന്ത്ര്യം നൽകണം എന്നാവശ്യപ്പെട്ട് പോരാടുകയാണ് ഫ്രീ പാപ്പുവ മൂവ്മെന്റ് എന്ന വിമത സംഘം. എന്നാൽ ഇവരെ സൈനികമായിത്തന്നെ നേരിടാനാണ് ഇന്തൊനീഷ്യയുടെ തീരുമാനം. ഇതിനിടയിൽപ്പെട്ട് ഒരു പൈലറ്റും! ചോരക്കളിയാണ് വെസ്റ്റ് പാപ്പുവയിൽ കാത്തിരിക്കുന്നത്....
ലോകത്തെ ഏറ്റവും വലിയ സ്വർണ, ചെമ്പ് ഖനികളിലൊന്നു സ്ഥിതി ചെയ്യുന്ന പ്രദേശം, ഏഴു ദശകങ്ങളിലധികമായി സ്വാതന്ത്യം ആവശ്യപ്പെട്ടുള്ള ആഭ്യന്തര പോരാട്ടം നടക്കുന്ന സ്ഥലം, അങ്ങേയറ്റം ദരിദ്രരായ ജനങ്ങൾ... ഇന്തൊനീഷ്യയുടെ നിയന്ത്രണത്തിലുള്ള പസിഫിക് മേഖലയിലെ സ്വയംഭരണ പ്രദേശമായ വെസ്റ്റ് പാപ്പുവയിൽ സ്ഥിതിഗതികൾ വഷളായി വരികയാണ്. ഫെബ്രുവരിയിൽ പാപ്പുവ വിമതർ തട്ടിക്കൊണ്ടു പോയ ന്യൂസീലൻഡ് പൈലറ്റിനെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് ഇന്തൊനീഷ്യൻ സൈനികര്‍ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടതോടെയാണിത്.
തങ്ങള്‍ ‘ഏതു വിധത്തിലു’ള്ള പോരാട്ടത്തിനും തയാറായിക്കഴിഞ്ഞെന്ന് ഇന്തൊനീഷ്യൻ സൈന്യം വ്യക്തമാക്കിയതോടെ വലിയൊരു സംഘർഷത്തിനുള്ള സാഹചര്യമാണ് നിലവിലുള്ളത്. സമാധാനപരമായ ചർച്ചകളാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സൈനികരുമായുണ്ടാകുന്ന ഏതു നടപടിയും പൈലറ്റിന്റെ ജീവൻ അപകടത്തിലാക്കുമെന്നും പാപ്പുവ വിമതരും വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ, ഇന്തൊനീഷ്യയും പാപ്പുവ വിമതരും തമ്മിലുള്ള പോരാട്ടം എന്നതിലുപരി ഒരു രാജ്യാന്തര പ്രശ്നംതന്നെയായി മാറിയിരിക്കുകയാണ് പടിഞ്ഞാറൻ പാപ്പുവയിലെ സ്ഥിതിഗതികൾ. വിദേശിയായ ഒരു പൈലറ്റിന്റെ ജീവൻ, ദശകങ്ങളായി തുടരുന്ന ഒരു സംഘർഷത്തെ നിർണയിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു.
∙ വിഭവസമൃദ്ധം പക്ഷേ ദരിദ്രം
പസിഫിക് മേഖലയിൽ ഇന്തൊനീഷ്യയ്ക്കടുത്തായി കിടക്കുന്ന ദ്വീപ സമൂഹങ്ങളാണ് പാപ്പുവ എന്നറിയപ്പെടുന്നത്. 1975–ൽ ഓസ്ട്രേലിയയിൽനിന്ന് സ്വതന്ത്രമായ കോമൺവെൽത്ത് രാജ്യമാണ് പാപ്പുവ ന്യൂ ഗിനിയ. ഇത് മറ്റൊരു രാജ്യമാണ് എന്നതുകൊണ്ടുതന്നെ ഇന്തൊനീഷ്യയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. പാപ്പുവ ന്യൂ ഗിനിയയുടെ പടിഞ്ഞാറു ഭാഗത്തുള്ള പ്രദേശം പാപ്പുവ, വെസ്റ്റ് പാപ്പുവ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങൾ ഇന്തൊനീഷ്യയുടെ നിയന്ത്രണത്തിലാണ്. എന്നാൽ ഈ രണ്ടു പാപ്പുവകളും ചേർത്ത് തങ്ങൾക്ക് സ്വാതന്ത്ര്യം നൽകണം എന്നാണ് വിമത പോരാട്ടം നടത്തുന്ന ഫ്രീ പാപ്പുവ മൂവ്മെന്റ് (ഒപിഎം) ആവശ്യപ്പെടുന്നത്. ഇന്തൊനീഷ്യ ഇത് സൈനികമായിത്തന്നെ അടിച്ചമർത്തുകയും ചെയ്യുന്നു. ഇന്തൊനീഷ്യ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിരോധിച്ചിരിക്കുന്ന സംഘടനകൂടിയാണ് ഒപിഎം.
അങ്ങേയറ്റം വിഭവസമൃദ്ധമാണ് പശ്ചിമ പാപ്പുവ. ലോകത്തില്‍ ഏറ്റവും കുടുതൽ സ്വർണ, െചമ്പ് നിക്ഷേപമുള്ള പ്രദേശങ്ങളിലൊന്നുകൂടിയാണിത്. അമേരിക്കൻ കമ്പനികൾ ഉൾപ്പെടെയുള്ളവ ഇവിടെ സ്വർണഖനനം നടത്തുന്നു. വിഭവസമൃദ്ധമെങ്കിലും കടുത്ത ദാരിദ്ര്യവും അടിച്ചമർത്തലും നിലനിൽക്കുന്ന പ്രദേശം കൂടിയാണ്. തങ്ങൾ എല്ലാക്കാലത്തും വഞ്ചിക്കപ്പെടുകയായിരുന്നു എന്നതാണ് വെസ്റ്റ് പാപ്പുവക്കാരുടെ പരാതി. ഐക്യരാഷ്ട്ര സംഘടന പോലും അതിനു കൂട്ടു നിന്നു എന്നും അവർ ആരോപിക്കുന്നു.
ഈ പശ്ചാത്തലത്തിന് ഇന്തൊനീഷ്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തോളം പഴക്കമുണ്ട്. 1949–ലാണ് ഇന്തൊനീഷ്യ ഡച്ചുകാരിൽനിന്ന് സ്വാതന്ത്ര്യം നേടുന്നത്. ഇന്തൊനീഷ്യയിൽ ഭൂരിഭാഗവും ഇസ്‌ലാം മതസ്ഥർ ആണെങ്കിൽ വെസ്റ്റ് പാപ്പുവയിലേത് ക്രൈസ്തവ മതം പിന്തുടരുന്നവരും മെലേനേഷ്യൻ വംശജരുമാണ്. വംശീയ, മതപരമായി യാതൊരു സാമ്യങ്ങളുമില്ലാത്ത തങ്ങളെ ഇന്തൊനീഷ്യ അടിച്ചമർത്തുകയാണെന്ന് പാപ്പുവക്കാർ ആരോപിക്കുന്നു. 6–7 ദശകത്തോളം നീണ്ട പാപ്പുവയുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിൽ ആയുധങ്ങളുടെയും സമാധാനത്തിന്റെയും ചരിത്രവുമുണ്ട്.
∙ ശീതയുദ്ധപ്പേടി, ഹിതപരിശോധനയില്‍ തട്ടിപ്പോ?
ഇന്തൊനീഷ്യ സ്വതന്ത്രമായെങ്കിലും ആ സമയത്ത് പാപ്പുവയ്ക്ക് സ്വാതന്ത്ര്യം നൽകാൻ ഡച്ചുകാർ തയാറായിരുന്നില്ല. മത, വംശീയ വ്യത്യസങ്ങളുള്ള പ്രദേശമാണ് ഇവിടമെന്നും അതിനാൽ ‘സമയമാകുമ്പോൾ’ തങ്ങൾ സ്വാതന്ത്ര്യം നൽകിക്കൊള്ളാം എന്നുമായിരുന്നു അവരുടെ നിലപാട്. എന്നാൽ 1961 വരെ ഡച്ചുകാർ അവിടം കൈവശംവച്ചു. അതിനിടെ പാപ്പുവ മേഖലയിൽ തങ്ങൾക്കുള്ള അവകാശം പലപ്പോഴും ഇന്തൊനീഷ്യ ഉന്നയിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഇതു സാധ്യമാകാതെ വന്നതോടെ സൈനിക മുന്നേറ്റത്തിലൂടെ ഇവിടം പിടിച്ചെടുക്കാൻ ഇന്തൊനീഷ്യൻ പ്രസിഡന്റ് സുകോർണോ തീരുമാനിച്ചു. ഇതിനായി സോവിയറ്റ് യൂണിയന്റെ സഹായം തേടി.
ശീതയുദ്ധം അതിന്റെ മൂർധന്യത്തിൽ നിൽക്കുന്ന സമയമായിരുന്നു ഇത്. സോവിയറ്റ് ഇടപെടൽ ഉണ്ടായാൽ നിർണായകമായ പസിഫിക് മേഖല കൈവിടുമെന്ന് മനസിലാക്കിയ അമേരിക്കൻ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി ഉടൻ വിഷയത്തിൽ ഇടപെട്ടു. ഡച്ചുകാരുമായുണ്ടാക്കിയ ചർച്ചയിൽ പാപ്പുവ പ്രദേശം ഇന്തൊനീഷ്യയ്ക്ക് കൈമാറാമെന്ന ധാരണയിലെത്തിയത് അങ്ങനെയാണ്. അങ്ങനെ 1962–ലെ ‘ന്യൂയോർക്ക് കരാറി’ന്റെ ബലത്തിൽ പാപ്പുവയുടെ നിയന്ത്രണം ഇന്തൊനീഷ്യയ്ക്കായി.
ഏഴു വർഷത്തിനിടയിൽ ഇവിടെയൊരു ഹിതപരിശോധന നടത്താം എന്നും അന്ന് തീരുമാനമായിരുന്നു. അങ്ങനെ 1969–ൽ ഐക്യരാഷ്ട്ര സംഘടനയുടെ മേൽനോട്ടത്തിൽ ഹിതപരിശോധന നടന്നു. പാപ്പുവയിലെ പ്രായപൂർത്തിയായ എല്ലാവരും ചേർന്ന് തങ്ങളുടെ ഭാവി തീരുമാനിക്കുക എന്നതായിരുന്നു നടപടിക്രമം. എന്നാൽ 1022 പാപ്പുവക്കാരെ മാത്രം വോട്ടു ചെയ്യിച്ച് ഇന്തൊനീഷ്യ ജനവിധി അട്ടിമറിക്കുകയായിരുന്നു എന്ന് പാപ്പുവ സ്വാതന്തന്ത്ര്യപ്പോരാട്ടം നടത്തുന്നവർ ആരോപിക്കുന്നു. അങ്ങനെ പാപ്പുവ ഇന്തൊനീഷ്യയ്ക്കൊപ്പം ചേർത്ത നടപടി ഐക്യരാഷ്ട്ര സംഘടനയും അംഗീകരിച്ചു.
∙ വിഭജിച്ച് ഭരിക്കൽ, കുടിയേറ്റം
ഈ സമയമായപ്പോഴേക്കും വെസ്റ്റ് പാപ്പുവയിലെ സ്വാതന്ത്ര്യപ്പോരാട്ടങ്ങൾ ശക്തി പ്രാപിച്ചിരുന്നു. പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് 1965–ൽ ഫ്രീ പാപ്പുവ മൂവ്മെന്റ് ഉണ്ടായി. 1961 ഡിസംബർ ഒന്നിന് പാപ്പുവ പതാകയും ഉയർത്തിയിരുന്നു. ഇപ്പോഴും എല്ലാ വർഷവും ഡിസംബർ ഒന്നിന് പാപ്പുവക്കാർ ഈ പതാക ഉയർത്താറുണ്ട്. എന്നാൽ ഇത് കടുത്ത കുറ്റമായാണ് ഇന്തൊനീഷ്യ കണക്കാക്കുന്നത്. അതിനൊപ്പം, എല്ലാ സ്വാതന്ത്ര്യപ്പോരാട്ടങ്ങളെയും ഇന്തൊനീഷ്യ അടിച്ചമർത്തി. പലപ്പോഴും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ ഇവിടെനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സംഘടന നിയോഗിച്ച സംഘം നൽകിയ റിപ്പോർട്ടിൽ, 2021 ഏപ്രിൽ മുതൽ നവംബർ വരെ, ഇന്തൊനീഷ്യൻ സൈന്യം നടത്തുന്ന ക്രൂരതകളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചതായി പറയുന്നുണ്ട്. കുട്ടികൾ അടക്കമുള്ളവരെ വ്യാജ ഏറ്റുമുട്ടലുകളിൽ കൊലപ്പെടുത്തുക, ‘കാണാതാകൽ’, 5000–ത്തോളം തദ്ദേശീയരെ ബലമായി കുടിയൊഴിപ്പിക്കൽ തുടങ്ങിയവയായിരുന്നു പരാതികൾ. പാപ്പുവയ്ക്ക് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും മറ്റും ആരംഭിച്ച 1960–കൾക്ക് ശേഷം സൈനികർ, റിബലുകൾ, സാധാരണക്കാർ തുടങ്ങിയവരടക്കം നാലര ലക്ഷത്തോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ.
അതുവരെ നടത്തിവന്നിരുന്ന വെസ്റ്റ് പാപ്പുവയിലെ സ്വാതന്ത്ര്യപ്പോരാട്ടം സായുധമാർഗത്തിൽനിന്ന് മാറി ‘അംഹിസാമാർഗ’ത്തിലേക്ക് തിരിയുന്നത് 1990–കളിലാണ്. 1998–ൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് സുഹാർത്തോ രാജിവച്ചു. തുടർന്നുവന്ന ബി.ജെ.ഹബീബിയാണ് വെസ്റ്റ് പാപ്പുവയ്ക്ക് കുറച്ചെങ്കിലും സ്വയംഭരണം ഉൾപ്പെടെയുള്ള ജനാധിപത്യ നടപടികൾ തുടങ്ങിവയ്ക്കുന്നത്. 2001–ൽ വെസ്റ്റ് പാപ്പുവയ്ക്ക് പ്രത്യേക സ്വയംഭരണാധികാര പദവിയുണ്ട്. സ്വാതന്ത്ര്യം നേടുക അത്ര എളുപ്പമല്ല എന്നതുകൊണ്ടുതന്നെ ഇപ്പോഴുള്ള സ്വയംഭരണാധികാരം വർധിപ്പിക്കണമെന്നും ഒപിഎമ്മിന് അഭിപ്രായമുണ്ട്.
എന്നാൽ കൂടുതൽ അടിച്ചമർത്തുകയാണ് ഇന്തൊനീഷ്യ ചെയ്യുന്നത് എന്നാണ് വിമതർ പറയുന്നത്. അതിന്റെ ഭാഗമായിട്ടാണ് 2022–ൽ പാപ്പുവ മേഖലയെ അഞ്ചായി തിരിച്ചതെന്നും അവർ ആരോപിക്കുന്നു. വികസനം കൂടുതലായി എത്തിക്കുന്നതിനാണ് ഈ വിഭജനമെന്ന് സർക്കാർ പറയുമ്പോൾ നിലവിലുള്ള പാപ്പുവ, പടിഞ്ഞാറൻ പാപ്പുവ എന്നിവയ്ക്കു പുറമെ തെക്ക്, മധ്യ, ഹൈലാൻഡ് പാപ്പുവ എന്നിങ്ങനെ കൂടി വിഭജിച്ച് അഞ്ച് പ്രദേശങ്ങളാക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇത് തങ്ങളുടെ പോരാട്ടത്തെ ഇല്ലാതാക്കാനാണെന്നും ഇതിനു പകരം പാപ്പുവയും പടിഞ്ഞാറൻ പാപ്പുവയും ചേർത്ത് തങ്ങൾക്ക് സ്വാതന്ത്രരാജ്യം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ഇതേ വിധത്തിൽ വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യാനും ദാരിദ്ര്യം നിർമാർജനം ചെയ്യാനുമുള്ള പരിപാടി എന്ന നിലയില്‍ ആവിഷ്കരിച്ച ‘കുടിയേറ്റ പദ്ധതി’യോടും വെസ്റ്റ് പാപ്പുവക്കാർക്ക് എതിര്‍പ്പുണ്ട്. ആളുകൾ തിങ്ങിപ്പാർക്കുന്ന പലയിടങ്ങളിൽനിന്നും ആൾത്താമസം കുറവുള്ളിടത്തേക്ക് ഇത്തരത്തിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു. അതിലൊരു സ്ഥലമായിരുന്നു പടിഞ്ഞാറന്‍ പാപ്പുവ. പാപ്പുവൻ വംശജർ എണ്ണത്തിൽ വളരെ കുറവായിരുന്നു. ഇവിടേക്ക് കുടിയേറ്റക്കാർ കൂടി എത്തിയതോടെ ഇവർ തമ്മിലുള്ള വിവാഹങ്ങളും മറ്റും വർധിച്ചു. ഇവരുടെ മക്കളും പാപ്പുവക്കാരായാണ് സ്വയം കണക്കാക്കിയത്.
∙ സമാധാനവഴി മാറുന്നു, വിമതർ ആയുധമെടുക്കുന്നു
ഇടക്കാലത്ത് സമാധാന മാർഗത്തിലായെങ്കിലും പിന്നീട് ഒപിഎം തങ്ങളുടെ സ്വാതന്ത്ര്യപ്പോരാട്ടം സായുധമാർഗത്തിലെത്തിച്ചു. 2018–ൽ 25 ഇന്തൊനീഷ്യൻ നിർമാണ തൊഴിലാളികളെ തട്ടിക്കൊണ്ടു പോവുകയും ഇതിൽ കുറഞ്ഞത് 17 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്ത സംഭവം ലോകത്തെത്തന്നെ ഞെട്ടിച്ചതാണ്. ഇതിനു പിന്നാലെ വലിയ സൈനിക നടപടിയാണ് പാപ്പുവ മേഖലയിൽ ഉണ്ടായത്. അന്ന് ലക്ഷക്കണക്കിനാളുകൾ കിടപ്പാടമുപേക്ഷിച്ച് പലായനം ചെയ്തു. ഈ സംഭവത്തിനു പിന്നാലെ ഇന്തൊനീഷ്യയിൽനിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പോരാട്ടം ഒപിഎം ശക്തമാക്കി. 2021–ൽ പശ്ചിമ പാപ്പുവയിലെ കാര്യങ്ങൾ നോക്കുന്ന മിലിട്ടറി ഇന്റലിജൻസിന്റെ തലവനെ വെടിവച്ചു കൊന്നതോടെ കാര്യങ്ങൾ കൂടുതൽ സംഘർഷഭരിതമായി.
1996–ൽ വേൾഡ് വൈൽഡ്‍ലൈഫ് ഫണ്ടിന്റെ 26 ഗവേഷകരെ ഒപിഎമ്മിന്റെ സായുധ വിഭാഗമായ ടിപിഎൻപിബി തട്ടിക്കൊണ്ടു പോയിരുന്നു. ഇതിൽ ഉൾപ്പെട്ടിരുന്ന രണ്ട് ഇന്തൊനീഷ്യക്കാരെ പിന്നീട് വധിച്ചു. ബാക്കിയുള്ളവരെ അഞ്ചു മാസത്തിനകം വിട്ടയച്ചു. വർഷങ്ങൾക്ക് ശേഷം സ്വർണഖനിയിലേക്കുള്ള തൊഴിലാളികളെ കൊണ്ടുവന്ന വാഹനവും വിമതർ ആക്രമിക്കുകയും രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഏറ്റവുമൊടുവിലുത്തെ സംഭവമായിരുന്നു രണ്ടു മാസത്തിലേറെയായി ന്യൂസീലൻഡുകാരനായ ഒരു പൈലറ്റിനെ ഒപിഎം ബന്ദിയാക്കിയിരിക്കുന്നത്.
ഫിലിപ്പ് മെഹ്രെതൻസ് എന്ന ന്യൂസീലൻഡ് സ്വദേശിയായ പൈലറ്റ് പാപ്പുവയിെല പർവതമേഖലയായ ന്‍ദുഗയിൽ തന്റെ ചെറു വിമാനം ഇറക്കിയതിനു പിന്നാലെയാണ് ബന്ദിയാക്കപ്പെട്ടത്. ഇവിടെ ഒരു ആരോഗ്യ കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. എന്നാൽ പാപ്പുവ വിമതർ ഇതിനെതിരെ ഭീഷണി മുഴക്കി. തുടർന്ന് ഇവിടെയുള്ള തൊഴിലാളികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റ് അഞ്ചു പേർക്കൊപ്പം എത്തിയതായിരുന്നു ഫിലിപ്പ് എന്നാണ് ഔദ്യോഗിക ഭാഷ്യം. ഫിലിപ്പിനൊപ്പമുള്ള അഞ്ചു പേർ തദ്ദേശീയരായതിനാൽ വിട്ടയച്ചു. ഫിലിപ്പിനെ ബന്ദിയാക്കി തോക്കിൻ മുനയിൽ നിർത്തിയിരിക്കുന്നതിന്റെ ചിത്രവും വിഡിയോ ദൃശ്യവും 2023 ഫെബ്രുവരിയിൽ തന്നെ വിമതർ പുറത്തുവിട്ടിരുന്നു.
∙ ഉണ്ടായത് തിരിച്ചടി; ഇനിയെന്താകും?
ന്യൂസീലൻഡുകാരനായ ഒരു പൈലറ്റിനെ വെസ്റ്റ് പാപ്പുവയിലെ വിമതർ തട്ടിക്കൊണ്ടു പോയി വിലപേശുന്നു എന്ന വാർത്തയോട് ലോകം വലിയ തോതിലൊന്നും നേരത്തേ പ്രതികരിച്ചിരുന്നില്ല. എന്നാൽ പൈലറ്റിനെ അന്വേഷിച്ചു പോയ 30–അംഗ ഇന്തൊനീഷ്യൻ സൈന്യത്തെ പാപ്പുവ വിമതർ ആക്രമിക്കുകയും കുറഞ്ഞത് നാലു സൈനികരെങ്കിലും കഴിഞ്ഞ ദിവസം കൊല്ലപ്പെടുകയും ചെയ്ത സംഭവം പുറത്തു വന്നതോടെ സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. ഏറെ ചോര വീണ പാപ്പുവയുടെ മണ്ണിൽ വീണ്ടും രക്തം വീഴുമോ? ഇന്തൊനീഷ്യയുെട അടുത്ത നടപടി എന്തായിരിക്കും? അമേരിക്കയും യുഎന്നും അടക്കമുള്ളവ ഇടപെടുമോ തുടങ്ങി നിരവധി ചോദ്യങ്ങളും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്.
കാരണം, മെഹ്രെതൻസിനെ തട്ടിക്കൊണ്ടു പോയതിനു ശേഷം ടിപിഎൻപിബി വക്താവ് ഒരു കാര്യം കൂടി പറഞ്ഞു; അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യത്തു നിന്നുള്ളവരെയും തട്ടിക്കൊണ്ടു പോകും. ഈ രാജ്യങ്ങളെല്ലാം ഇന്തൊനീഷ്യയ്ക്ക് ആയുധങ്ങളും സൈന്യത്തിന് പരിശീലനവും നൽകുന്നവരാണ്. തങ്ങൾക്കെതിരെ നടത്തുന്ന അടിച്ചമർത്തലിനോട് ഈ രാജ്യങ്ങൾ മൗനം പാലിക്കുന്നുവെന്നും വക്താവ് കുറ്റപ്പെടുത്തി. തങ്ങളുടെ പൈലറ്റ് രണ്ടു മാസത്തിലേറെയായി മറ്റൊരു രാജ്യത്തെ വിമതരുടെ പിടിയിൽ ആയിട്ടും മോചിപ്പിക്കാൻ സാധിക്കാത്തതിൽ ന്യൂസീലൻഡിലും പ്രതിഷേധങ്ങളുണ്ട്. തുടക്കത്തിൽ സൈനിക സഹായം ന്യൂസീലൻഡ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇന്തൊനീഷ്യ ഇത് നിരസിച്ചിരുന്നു.
ഇന്തൊനീഷ്യ എത്ര വലിയ സൈന്യത്തെ അയച്ചാലും തങ്ങൾ ഭയക്കുന്നില്ല എന്നാണ് വിമതര്‍ പറയുന്നത്. ആക്രമണം ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയാറാകാന്‍ ന്യൂസീലൻഡും ഐക്യരാഷ്ട്രസഭയും ഇന്തൊനീഷ്യയെ പ്രേരിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഏതെങ്കിലും തരത്തിലുള്ള സമാധാന നീക്കങ്ങൾക്ക് ഇന്തൊനീഷ്യ തയാറാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. വിമത കേന്ദ്രങ്ങളിൽ ഇന്തൊനീഷ്യ വ്യോമാക്രമണം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പൈലറ്റിന്റെ ജീവൻ വച്ചുള്ള കളിയാണിതെന്ന് വിമതർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
English Summary: Indonesian Military Deployments Increasing in West Papua; What is Next?