യൂറോപ്പിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ കഖോവ്ക അണക്കെട്ടിന്റെ അപ്രതീക്ഷിതമായ തകർച്ച റഷ്യയ്ക്കും യുക്രെയ്നും സമ്മാനിക്കുന്നത് അസമാധാനത്തിന്റെ രാപ്പകലുകളാണ്. ജൂൺ ഏഴിനായിരുന്നു അണക്കെട്ടിന്റെ തകർച്ച. ഇരുകൂട്ടരും പരസ്പരം പഴിചാരുമ്പോഴും യുക്രെയ്ൻ - റഷ്യ യുദ്ധത്തിലെ വഴിത്തിരിവുകളിലൊന്നായി മാറുകയാണ് കഖോവ്ക ഡാമിന്റെ തകർച്ച. വാഗ്നർ‌ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാള സംഘം റഷ്യയിൽ ഉയർത്തിയ അട്ടിമറി ഭീഷണിയേക്കാൾ റഷ്യ–യുക്രെയ്ൻ യുദ്ധത്തെ നിർ‌ണയിച്ചേക്കാവുന്ന പ്രധാന വിഷയങ്ങളിലൊന്നു കൂടിയാണ് കഖോവ്ക ഡാം തകർ‌ച്ച.

യൂറോപ്പിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ കഖോവ്ക അണക്കെട്ടിന്റെ അപ്രതീക്ഷിതമായ തകർച്ച റഷ്യയ്ക്കും യുക്രെയ്നും സമ്മാനിക്കുന്നത് അസമാധാനത്തിന്റെ രാപ്പകലുകളാണ്. ജൂൺ ഏഴിനായിരുന്നു അണക്കെട്ടിന്റെ തകർച്ച. ഇരുകൂട്ടരും പരസ്പരം പഴിചാരുമ്പോഴും യുക്രെയ്ൻ - റഷ്യ യുദ്ധത്തിലെ വഴിത്തിരിവുകളിലൊന്നായി മാറുകയാണ് കഖോവ്ക ഡാമിന്റെ തകർച്ച. വാഗ്നർ‌ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാള സംഘം റഷ്യയിൽ ഉയർത്തിയ അട്ടിമറി ഭീഷണിയേക്കാൾ റഷ്യ–യുക്രെയ്ൻ യുദ്ധത്തെ നിർ‌ണയിച്ചേക്കാവുന്ന പ്രധാന വിഷയങ്ങളിലൊന്നു കൂടിയാണ് കഖോവ്ക ഡാം തകർ‌ച്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂറോപ്പിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ കഖോവ്ക അണക്കെട്ടിന്റെ അപ്രതീക്ഷിതമായ തകർച്ച റഷ്യയ്ക്കും യുക്രെയ്നും സമ്മാനിക്കുന്നത് അസമാധാനത്തിന്റെ രാപ്പകലുകളാണ്. ജൂൺ ഏഴിനായിരുന്നു അണക്കെട്ടിന്റെ തകർച്ച. ഇരുകൂട്ടരും പരസ്പരം പഴിചാരുമ്പോഴും യുക്രെയ്ൻ - റഷ്യ യുദ്ധത്തിലെ വഴിത്തിരിവുകളിലൊന്നായി മാറുകയാണ് കഖോവ്ക ഡാമിന്റെ തകർച്ച. വാഗ്നർ‌ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാള സംഘം റഷ്യയിൽ ഉയർത്തിയ അട്ടിമറി ഭീഷണിയേക്കാൾ റഷ്യ–യുക്രെയ്ൻ യുദ്ധത്തെ നിർ‌ണയിച്ചേക്കാവുന്ന പ്രധാന വിഷയങ്ങളിലൊന്നു കൂടിയാണ് കഖോവ്ക ഡാം തകർ‌ച്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസന്തം വഴിമാറി, യുക്രെയ്നിലെ പീഠഭൂമികളിൽ മണ്ണുറച്ചു തുടങ്ങി. ഡിസംബർ മുതൽ മാർച്ചു വരെ പെയ്ത കനത്ത മഞ്ഞിനും മേയ് അവസാനം വരെ നീണ്ടു നിന്ന കാലം തെറ്റിയ മഴയ്ക്കുമൊടുവിൽ യുക്രെയ്നിന്റെ പ്രത്യാക്രമണത്തിനും തുടക്കമായി. എന്നാൽ ഏറെക്കാലമായി പറഞ്ഞു കേൾക്കുന്ന പ്രത്യാക്രമണ വാർത്തകളെക്കാൾ യുക്രെയ്നെ ലോകത്തിന്റെ ശ്രദ്ധയിൽ വീണ്ടുമെത്തിച്ചത് ഒരു അണക്കെട്ടിന്റെ തകർച്ചയാണ്. യൂറോപ്പിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ കഖോവ്ക അണക്കെട്ടിന്റെ അപ്രതീക്ഷിതമായ തകർച്ച റഷ്യയ്ക്കും യുക്രെയ്നും സമ്മാനിക്കുന്നത് അസമാധാനത്തിന്റെ രാപ്പകലുകളാണ്. ജൂൺ ഏഴിനായിരുന്നു അണക്കെട്ടിന്റെ തകർച്ച. ഇരുകൂട്ടരും പരസ്പരം പഴിചാരുമ്പോഴും യുക്രെയ്ൻ - റഷ്യ യുദ്ധത്തിലെ വഴിത്തിരിവുകളിലൊന്നായി മാറുകയാണ് കഖോവ്ക ഡാമിന്റെ തകർച്ച. വാഗ്നർ‌ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാള സംഘം റഷ്യയിൽ ഉയർത്തിയ അട്ടിമറി ഭീഷണിയേക്കാൾ റഷ്യ–യുക്രെയ്ൻ യുദ്ധത്തെ നിർ‌ണയിച്ചേക്കാവുന്ന പ്രധാന വിഷയങ്ങളിലൊന്നു കൂടിയാണ് കഖോവ്ക ഡാം തകർ‌ച്ച.

ഗുരുതരമായ പ്രകൃതിനാശത്തിനൊപ്പം ലോകഭക്ഷ്യ സുരക്ഷയ്ക്കും അണക്കെട്ടിന്റെ തകർച്ച ഭീഷണിയുയർത്തുന്നുണ്ട്. യുക്രെയ്നിന്റെ പ്രത്യാക്രമണത്തെയും റഷ്യയുടെ പ്രതിരോധ പദ്ധതികളെയും അണക്കെട്ടിന്റെ തകർച്ച തകിടം മറിച്ചിട്ടുണ്ട്. ‘വലിയ വില കൊടുത്ത്’ റഷ്യ 2014ൽ സ്വന്തമാക്കിയ ക്രൈമിയയുടെ നിലനിൽപ്പുപോലും അണക്കെട്ടിന്റെ തകർച്ചയോടെ അപകടത്തിലായിട്ടുണ്ട്. അണക്കെട്ടിന്റെ തകർച്ച യുദ്ധഭൂമിയിൽ വരും നാളുകളിൽ യുക്രെയ്നു നേട്ടമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. കഖോവ്ക ഡാം തകർച്ചയുടെ പിന്നിൽ ആരാണ്? ഡാമിന്റെ തകർ‌ച്ച റഷ്യ – യുക്രെയ്ൻ യുദ്ധത്തെ എങ്ങനെ ബാധിക്കും? അണക്കെട്ടിലെ ജലം വാർന്നു പോകുന്നത് സപൊറീഷ്യ ആണവ നിലയത്തെ പ്രതിസന്ധിയിലാക്കുമോ? വിശദമായി പരിശോധിക്കാം...

ADVERTISEMENT

∙ തകർത്തത് ആര്? റഷ്യൻ ആരോപണത്തിനു പിന്നിൽ

കഖോവ്ക അണക്കെട്ടിന്റെ തകർച്ചയ്ക്കു പിന്നിൽ ആര്? ബാൾട്ടിക് കടലിൽ നോർഡ് സ്ട്രീം ഗ്യാസ് പൈപ്‌ലൈനിലുണ്ടായ അജ്ഞാത സ്ഫോടനം പോലെ ദുരൂഹമാണ് അണക്കെട്ടിന്റെ തകർച്ചയും. യുക്രെയ്നിന്റെ ഷെല്ലിങ്ങിനെ തുടർന്നാണ് അണക്കെട്ട് തകർന്നതെന്നാണ് റഷ്യയുടെ വാദം. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു റഷ്യയാണ് അണക്കെട്ട് തകർത്തതെന്ന് യുക്രെയ്നും ആരോപിക്കുന്നു.

എന്നാൽ അണക്കെട്ടിന്റെ തകർച്ചയ്ക്കു പിന്നിൽ ഇരുകൂട്ടർക്കും തുല്യ പങ്കാളിത്തമുണ്ടെന്നുള്ളതാണു സത്യം. കഴിഞ്ഞ ഒക്ടോബർ മുതൽ അണക്കെട്ടു തകർക്കാൻ ശ്രമങ്ങളുണ്ടായിരുന്നു. ഖേഴ്സണിൽ തമ്പടിച്ചിരുന്ന റഷ്യൻ സൈന്യത്തെ പുറത്താക്കാൻ ഖേഴ്സണിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന ആന്റനോവിസ്കി പാലം യുക്രെയ്ൻ ഹിമാഴ്സ് ആക്രമണത്തിലൂടെ തകർത്തു. ഇതോടെ റഷ്യയുടെ സൈനിക ചരക്കുനീക്കം പ്രതിസന്ധിയിലായി. ഇതു മറികടക്കാൻ റഷ്യ പാലത്തിനോട് ചേർന്നു താൽക്കാലിക പാന്റൂൻ പാലം നിർമിച്ചു. ഇതിനു നേർക്കും യുക്രെയ്ൻ ആക്രമണം നടത്തി. 

കഖോവ്ക ‍ഡാം തകർന്നതിനെ തുടർന്ന് ‍‍ഡെനിപ്രോ നദിയില്‍ വെള്ളം വറ്റിയപ്പോഴുള്ള കാഴ്ച (REUTERS/Stringer)

സപ്ലൈ ലൈനുകൾക്കു നേർക്ക് തുടർച്ചയായുണ്ടായ ആക്രമണങ്ങളെ തുടർന്നു ഖേഴ്സണിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നു പിന്മാറാൻ റഷ്യൻ സൈന്യം നിർബന്ധിതരായി. റഷ്യൻ സൈന്യത്തെ നശിപ്പിക്കാൻ യുക്രെയ്ൻ കഖോവ്ക ഡാം തകർത്തേക്കുമെന്ന് റഷ്യ ഖേഴ്സണിൽ നിന്നു പിന്മാറ്റം തുടങ്ങിയപ്പോൾ ആരോപിക്കുകയും ചെയ്തിരുന്നു. കഖോവ്കയുടെ പേര് റഷ്യ എടുത്തുപറഞ്ഞില്ലെങ്കിലും യുക്രെയ്ൻ ‘ഡേർട്ടി ബോംബ്’ ഉപയോഗിക്കുമെന്നാണ് അന്നു റഷ്യ ആരോപിച്ചത്.

ADVERTISEMENT

ഖേഴ്സൺ നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നു നവംബർ ആദ്യത്തോടെ പിൻമാറിയപ്പോൾ അണക്കെട്ടിന്റെ മുകളിലൂടെയുള്ള റോഡിന്റെ പടിഞ്ഞാറൻ അറ്റം റഷ്യ തകർത്തിരുന്നു. ഇരുകരകളെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാലവും റഷ്യ തകർത്തു. കൂടാതെ യുക്രെയ്നിന്റെ ഹിമാഴ്സ് ആക്രമണത്തിൽ ഭാഗികമായി തകർന്ന ആന്റണോവിസ്കി പാലം റഷ്യ പൂർണമായി തകർക്കുകയും ചെയ്തു. ഇതോടെ റഷ്യയ്ക്കും യുക്രെയ്നുമിടയിൽ – ഖേഴ്സൺ മുതൽ സപൊറീഷ്യ വരെ – പ്രകൃതിദത്ത അതിർത്തിയായി കഖോവ്ക ഡാമും ഡെനിപ്രോ നദിയും മാറി.

കഖോവ്ക അണക്കെട്ടിന്റെ തകർച്ചയെ തുടർന്ന് ഡെനിപ്രോ നദി വറ്റിവരണ്ടിടത്തു കൂടി നടക്കുന്നവർ (REUTERS/Ivan Antypenko)

∙ റഷ്യൻ മൈനോ യുക്രെയ്ൻ ഷെല്ലിങ്ങോ? 

പടിഞ്ഞാറൻ മേഖലയിൽ നിന്നു പിന്മാറിയെങ്കിലും അണക്കെട്ടിന്റെ നിയന്ത്രണം റഷ്യയുടെ കൈവശം തന്നെയായിരുന്നു. റഷ്യൻ സൈന്യത്തെ ഇവിടെ നിന്നു പുറംതള്ളാനായി കിഴക്കൻ കരയിൽ അണക്കെട്ടിന്റെ മുകളിലൂടെയുള്ള റോഡ് തകർക്കാൻ യുക്രെയ്ൻ തുടർച്ചയായി ഷെല്ലിങ് നടത്തിയിരുന്നു. അണക്കെട്ടിലെ പവർഹൗസിനു നേർക്കും യുക്രെയ്ൻ ഒട്ടേറെ തവണ ഷെല്ലിങ് നടത്തി. യുക്രെയ്നിയൻ ഷെല്ലിങ് തടയാനായി അണക്കെട്ടിന്റെ പലയിടത്തും റഷ്യ മൈനുകൾ സ്ഥാപിച്ചെന്നും അവയിലുണ്ടായ സ്ഫോടനമാണ് അണക്കെട്ടിന്റെ തകർച്ചയ്ക്കു പിന്നിലെന്നും യുക്രെയ്ൻ ആരോപിക്കുന്നു. മൈൻ സ്ഫോടനം അല്ലെന്നും യുക്രെയ്നിയൻ ഷെല്ലിങ്ങിനെ തുടർന്നാണ് അണക്കെട്ട് തകർന്നതെന്നുമാണ് റഷ്യയുടെ വാദം. അണക്കെട്ട് തകരുന്നതിനു ദിവസങ്ങൾക്കു മുൻപ് അണക്കെട്ടിൽ വൈദ്യുതനിലയത്തോടു ചേർന്നുള്ള പാലത്തിന്റെ ഭാഗം യുക്രെയ്നിയൻ ഷെല്ലിങ്ങിനെ തുടർന്നു തകർന്നു വീണിരുന്നു.

ഇതിനിടയിൽ അണക്കെട്ട് താനേ തകർന്നതാണെന്ന വാദവും ശക്തിപ്പെടുന്നുണ്ട്. മഞ്ഞുരുകലും തുടർച്ചയായ മഴയും മൂലം അണക്കെട്ട് അതിന്റെ പരമാവധി സംഭരണശേഷിയിലായിരുന്നു. കൂടാതെ മിക്ക ഷട്ടറുകളും അടഞ്ഞുകിടന്നതും അറ്റകുറ്റപ്പണിയില്ലാത്തതും മുൻപുണ്ടായ ഷെല്ലിങ്ങും അണക്കെട്ടിന്റെ ബലത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടാകാമെന്നു പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. സംഭരണി നിറഞ്ഞു ജലം അണക്കെട്ടിന്റെ മുകളിലൂടെ കയറി ഒഴുകിയിട്ടുണ്ടാകാമെന്നും ഇതു അണക്കെട്ടിൽ വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ടാകാമെന്നും അതാകാം പതിയെ പതിയെ അണക്കെട്ട് തകരാൻ ഇടയാക്കിയതെന്നും പറയപ്പെടുന്നു. ഭാരാശ്രിത (ഗ്രാവിറ്റി) അണക്കെട്ടായ കഖോവ്ക ഡാമിന്റെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുന്നത് ഡാമിന്റെ തകർച്ചയ്ക്കു കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കഖോവ്ക അണക്കെട്ടു തകരുന്ന സമയത്ത് റിക്ടർ സ്കെയിൽ 1.2 ശേഷിയുള്ള ഭൂമികുലുക്കം രേഖപ്പെടുത്തിയെന്നാണ് നോർവീജിയൻ അധികൃതരുടെ വാദം. ഇതു അണക്കെട്ടിന്റെ 30 കിലോമീറ്റർ പരിധിയിലായിരുന്നത്രേ. അണക്കെട്ട് തകർത്ത സ്ഫോടനത്തെ തുടർന്നാണു കുലുക്കം അനുഭവപ്പെട്ടതെന്നാണ് നേർവേ അധികൃതരുടെ ഭാഷ്യം.

കഖോവ്ക അണക്കെട്ട് തകർച്ചയെ തുടർന്ന് ഖേർസൺ മേഖലയിൽ ഡെനിപ്രോ നദിയിൽ വെള്ളം താഴ്ന്നപ്പോള്‍ ബക്കറ്റിൽ കോരിക്കൊണ്ടു പോകുന്ന ആൾ (REUTERS/Ivan Antypenko)
ADVERTISEMENT

∙ ഡാം തകർന്നാൽ നേട്ടം ആർക്ക്?

കഖോവ്ക ഡാമിന്റെയും ഡെനിപ്രോ നദിയുടെയും ഇരുകരകളിലുമായി ആധിപത്യം ഉറപ്പിച്ചിരിക്കുന്നതിനാൽ ഇരുകൂട്ടരെയും അണക്കെട്ടിന്റെ തകർച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാൽ അണക്കെട്ടിന്റെ തകർച്ച നിലവിൽ ഏറ്റവും കൂടുതൽ ബാധിച്ചത് റഷ്യയെയാണ്. അണക്കെട്ടിന്റെ താഴെയുള്ള റഷ്യൻ നിയന്ത്രണ മേഖല യുക്രെയ്നിയൻ നിയന്ത്രണത്തിലുള്ള പടിഞ്ഞാറൻ മേഖലയെ അപേക്ഷിച്ചു കൂടുതൽ താഴ്ന്ന പ്രദേശമാണ്. അതിനാൽ പ്രളയജലം കടുത്ത നാശം വിതച്ചത് റഷ്യൻ നിയന്ത്രിത മേഖലയിലാണ്. റഷ്യയുടെ സെവൻത് എയർ അസോൾട്ട് ഡിവിഷനെയും 22 ആർമി കോർപ്സിനെയും പ്രളയജലം ഗുരുതരമായി ബാധിച്ചു. ഇരു സൈനിക വിഭാഗത്തിനും വ‌ൻ‌തോതിൽ ആൾനാശവും ആയുധനാശവും ഉണ്ടായതായാണ് ‘ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി സ്റ്റഡി ഓഫ് വാർ’ (ഐഎസ്ഡബ്ല്യു) റിപ്പോർട്ട്. ഒരു വർഷത്തിലേറെയായി മേഖലയിൽ റഷ്യ ഒരുക്കിയിട്ടുള്ള പ്രതിരോധ സംവിധാനങ്ങളും സൈനിക ഉപകരണങ്ങളുമെല്ലാം ഒലിച്ചുപോയി. കൂടാതെ യുക്രെയ്ൻ സൈനിക നീക്കം തടയാനായി മേഖലയിൽ റഷ്യ പാകിയ മൈനുകൾ കുത്തൊഴുക്കിൽ പലയിടത്തായി ചിതറുകയും ചെയ്തു. ഒട്ടേറെയെണ്ണം ഒഴുകിപ്പോയി. ഇതു യുക്രെയ്നേക്കാൾ റഷ്യൻ മേഖലയിലെ പ്രളയദുരിതാശ്വാസത്തിനു കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രദേശത്ത് ദുരിതാശ്വാസ സഹായം നടത്താനുള്ള യുഎൻ നീക്കം റഷ്യ തടഞ്ഞിരുന്നു. മൈനുകൾ ഒഴുകി സ്ഥാനം മാറിയതിനാൽ സുരക്ഷാ ഭീഷണിയുണ്ടെന്നു പറഞ്ഞാണ് റഷ്യ അനുമതി നിഷേധിച്ചത്.

അണക്കെട്ടിലെ പ്രളയത്തെ നേരിടാൻ റഷ്യൻ സൈന്യം ഒരുങ്ങിയിട്ടില്ലായിരുന്നുവെന്നാണ് യുക്രെയ്ൻ സൈനിക നേതൃത്വം വിലയിരുത്തിയത്. അപ്രതീക്ഷിത പ്രളയത്തിൽ ഒട്ടേറെ റഷ്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് അവരുടെ വാദം. പ്രളയത്തെ തുടർന്നു ഖേഴ്സണിന്റെ തീരങ്ങളിൽ വൻതോതിൽ ചെളിയടിഞ്ഞിരിക്കുന്നതിനാൽ ഈ മേഖലയിലൂടെ അടുത്തൊന്നും വലിയ സൈനിക നീക്കങ്ങൾ നടക്കാൻ ഇടയില്ല. അതിനാൽ മേഖലയിൽ വിന്യസിച്ചിരുന്ന എയർ ബോൺ കമാൻഡോകളെ റഷ്യ സപൊറീഷ്യ മുന്നണിയിലേക്കു നീക്കിയിട്ടുണ്ട്. ഇതു താൽക്കാലികമായി റഷ്യയ്ക്കു നേട്ടമാണെങ്കിലും ചെളി ഉണങ്ങിക്കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ യുക്രെയ്നിയൻ സൈന്യത്തിന് ഡെനിപ്രോ നദി മുറിച്ചുകടന്നു റഷ്യൻ സേനയെ ആക്രമിക്കാനാകും. ടാങ്കുകൾ ഉൾപ്പെടെയുള്ള വലിയ ആയുധങ്ങൾ മറുകര കടത്താനും സാധിക്കും. അതിനാൽ ദീർഘകാലത്തിൽ അണക്കെട്ടിന്റെ തകർ‌ച്ച യുക്രെയ്നിനു യുദ്ധഭൂമിയിൽ നേട്ടമായി മാറും.

ക്രൈമിയ പ്രവിശ്യയിലുള്ള സിംഫെർപോൾ റിസർവോയറിലെ ജൂൺ 19നുള്ള കാഴ്ച. കഖോവ്ക അണക്കെട്ട് തകർന്നതിനു ശേഷം ഇവിടെ വെള്ളം വേഗത്തിൽ താഴ്ന്നുകൊണ്ടിരിക്കുകയാണ് ((Photo by Olga MALTSEVA / AFP)

അണക്കെട്ടിന്റെ തകർച്ചയോടെ സംഭരണിയിൽ നിന്നുള്ള വെള്ളം ഏറെക്കുറെ വറ്റിക്കഴിഞ്ഞു. ഇതോടെ സംഭരണിയിലെ പലയിടത്തും ചെറുതുരുത്തുകളും ദ്വീപുകളും രൂപപ്പെട്ടിട്ടുണ്ട്. വെള്ളം ഒഴുകിപ്പോയ സപൊറീഷ്യ മേഖലയിലൂടെ ആംബിബിയൻസ്, ചെറുകിട സൈനിക വാഹനങ്ങൾ എന്നിവ ഉപയോഗിച്ചുള്ള ആക്രമണത്തിന് യുക്രെയ്ൻ തയാറെടുക്കുന്നതായും സൂചനയുണ്ട്. അണക്കെട്ടിന്റെ സംരക്ഷണമുണ്ടായിരുന്നതിനാൽ ഡാമിന്റെ കരകളിൽ റഷ്യ കാര്യമായ പ്രതിരോധ സൗകര്യങ്ങളൊരുക്കിയിട്ടില്ല. ഇതു മുതലെടുക്കാനാണ് യുക്രെയ്നിന്റെ നീക്കമെന്ന് സൈനിക വിദഗ്ധർ പറയുന്നു. വരും മാസങ്ങളിൽ മേഖലയിൽ കൂടുതൽ സൈനിക വിന്യാസവും പ്രതിരോധ സൗകര്യവുമൊരുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തത്തിലാണ് റഷ്യ. മേഖലയിലെ സപൊറീഷ്യ ആണവ നിലയം തിരിച്ചുപിടിക്കാനും ക്രൈമിയയിലേക്കുള്ള കരമാർഗം അടയ്ക്കാനുമാണ് യുക്രെയ്ൻ ലക്ഷ്യമിടുന്നതെന്നും അവർ പറയുന്നു.

∙ തകർന്നത് റഷ്യയുടെ പ്രതീക്ഷ

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയ്നെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ച പ്രത്യേക സൈനിക നടപടിയുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു കഖോവ്ക അണക്കെട്ടിന്റെ നിയന്ത്രണമെന്നത്. 2014ൽ റഷ്യ യുക്രെയ്നിൽ നിന്നു പിടിച്ചെടുത്തു കൂട്ടിച്ചേർത്ത ക്രൈമിയയുടെ നിലനിൽപ്പിനും കഖോവ്ക ഡാം അനിവാര്യമായിരുന്നു. അണക്കെട്ടിൽ നിന്നു പുറപ്പെടുന്ന നോർത്ത് ക്രൈമിയൻ കനാലാണ് ക്രൈമിയ ഉപദ്വീപിന്റെ ജീവനാഡി. മൂന്നു വശവും കടലിനാൽ ചുറ്റപ്പെട്ട ക്രൈമിയയുടെ ശുദ്ധജലത്തിന്റെ 85% സംഭാവന ചെയ്യുന്നത് ഈ കനാലായിരുന്നു. കൂടാതെ ക്രൈമിയയിലെ 2 ലക്ഷത്തോളം ഹെക്ടർ സ്ഥലത്തെ കൃഷിയും കനാലിലെ ജലത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ക്രൈമിയ റഷ്യ പിടിച്ചെടുത്തതിന്റെ പിന്നാലെ കനാലിലൂടെയുള്ള ജലവിതരണം യുക്രെയ്ൻ പൂർണമായും തടഞ്ഞിരുന്നു. തുടർന്ന് ക്രൈമിയയ്ക്കു ജലം ലഭിക്കാൻ സാധ്യമായ വഴികളെല്ലാം റഷ്യ തേടി. കടൽജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ രാജ്യാന്തര സാമ്പത്തിക ഉപരോധം മൂലം പരാജയപ്പെടുകയും ചെയ്തിരുന്നു. യുഎൻ പൊതുസഭയിൽ പ്രശ്നം ഉന്നയിച്ച റഷ്യ ജനീവ കരാർ പ്രകാരം പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നയതന്ത്ര വഴികളെല്ലാം അടഞ്ഞുപോകുകയാണ് ചെയ്തത്.

ജൂൺ ആറിന് കഖോവ്ക അണക്കെട്ട് തകർന്നതിനെ തുടർന്ന് ഖേർസൺ പ്രദേശത്തെ വെള്ളം കയറിയ മേഖലയിൽ കൂടി ഭക്ഷണ വിതരണത്തിന് പോകുന്ന യുക്രെയ്ൻ നാ‌ഷണൽ ഗാർഡിന്റെ ബോട്ട് (Photo by Genya SAVILOV / AFP)

എന്നാൽ ‘പ്രത്യേക സൈനിക നടപടി യുദ്ധ’ത്തിന്റെ ഒന്നാം ദിനം തന്നെ കനാലിന്റെയും അണക്കെട്ടിന്റെയും നിയന്ത്രണം പിടിച്ചെടുത്ത റഷ്യൻ പാരാഫോഴ്സ് തടസ്സങ്ങൾ നീക്കി ജലവിതരണം പുനഃസ്ഥാപിച്ചിരുന്നു. പിന്നാലെ ബെലാറൂസിൽ വച്ചു ചർച്ചയാകാമെന്നു രണ്ടാം ദിനം അവസാനത്തോടെ റഷ്യ യുക്രെയ്നെ അറിയിക്കുകയും ചെയ്തു. എന്നാൽ ബെലാറൂസിൽ വച്ചുള്ള ചർച്ച യുക്രെയ്ൻ തള്ളുകയും അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കു മേൽ കനത്ത ഉപരോധ നടപടികൾ‌ ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ റഷ്യ യുദ്ധം കടുപ്പിച്ചു. എട്ടു വർഷത്തിനു ശേഷം കനാൽ ജലം വീണ്ടുമെത്തിയപ്പോൾ ആഘോഷപൂർവമാണ് ക്രൈമിയയിലെ ജനങ്ങൾ ഇതിനെ വരവേറ്റത്. അണക്കെട്ടിന്റെ തകർച്ച കനാലിലൂടെയുള്ള ജലവിതരണം മുടക്കിയിട്ടുണ്ട്. ഇതു പെട്ടെന്നു പ്രതിസന്ധി സൃഷ്ടിക്കില്ലെങ്കിലും മുന്നോട്ടുള്ള വർഷങ്ങളിൽ ക്രൈമിയയിൽ കടുത്ത ജലപ്രതിസന്ധി രൂപപ്പെടുമെന്നത് ഉറപ്പാണ്. അണക്കെട്ട് പുനഃസ്ഥാപിക്കണമെങ്കിൽ അഞ്ചു വർഷവും ഒരു ബില്യൻ ഡോളറും ആവശ്യമുണ്ടെന്നാണ് യുക്രെയ്ൻ‌ പറയുന്നത്.

∙ ആഗോള ഭക്ഷ്യ സുരക്ഷയ്ക്കും ഭീഷണി

യൂറോപ്പിന്റെ ബ്രഡ് ബാസ്കറ്റ് എന്നാണ് യുദ്ധത്തിനു മുൻപ് യുക്രെയ്ൻ അറിയപ്പെട്ടിരുന്നത്. യുക്രെയ്നിലെ ഫലഭൂയിഷ്ഠമായ കറുത്ത മണ്ണിൽ വിളയുന്ന ഗോതമ്പും സൂര്യകാന്തിയും ലോകത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് അനിവാര്യമാണ്. എന്നാൽ യുദ്ധം തുടങ്ങിയതോടെ വയലുകൾ യുദ്ധക്കളങ്ങളായി മാറിയതും കൃഷി തടസ്സപ്പെട്ടതും തുർക്കിയയുടെ മധ്യസ്ഥതയിൽ നടക്കുന്ന ധാന്യക്കയറ്റുമതി കരാറിൽ നിന്നു റഷ്യ പിന്മാറിയതും ആഗോള ഭക്ഷ്യസുരക്ഷയെ നിലവിൽ തന്നെ ബാധിക്കുന്നുണ്ട്. അണക്കെട്ടിന്റെ തകർച്ചയോടെ ജലസേചന സൗകര്യങ്ങൾ മുടങ്ങുന്നതു യുക്രെയ്നിലെയും റഷ്യ പിടിച്ചെടുത്ത മേഖലകളിലെയും കൃഷിയെ പ്രതികൂലമായി ബാധിക്കും. കഖോവ്ക അണക്കെട്ടിന്റെ തകർച്ച യുക്രെയ്നിയൻ ഭാഗത്ത് മാത്രം അഞ്ചര ലക്ഷം ഹെക്ടർ പ്രദേശത്തെ കൃഷിയെ പ്രതിസന്ധിയിലാക്കുമെന്നാണു കണക്കാക്കുന്നത്. യുക്രെയ്നിലെ യുദ്ധം ആഫ്രിക്കയിലെ ഭക്ഷ്യസുരക്ഷയെയാണ് നിലവിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അണക്കെട്ടിന്റെ തകർച്ചയ്ക്കു പിന്നാലെ യുക്രെയ്നിലും റഷ്യയിലും സന്ദർശനം നടത്തിയ ആഫ്രിക്കൻ നേതാക്കളുടെ ആവശ്യവും ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച ഉറപ്പായിരുന്നു.

കഖോവ്ക ഡാം തകർന്നതിനെ തുടർന്ന് വീടിനുള്ളിൽ വെള്ളം കയറിയതിനു ശേഷം വൃത്തിയാക്കുന്ന സ്ത്രീ ((Photo by Arthur Khanov / AFP)

കൃഷിക്കു പുറമേ ഒട്ടേറെ നഗരങ്ങളുടെ ശുദ്ധജലസ്രോതസ്സു കൂടിയായിരുന്നു കഖോവ്ക അണക്കെട്ട്. ഖേഴ്സൺ നഗരത്തിന്റെ 94%, സപൊറീഷ്യയുടെ 74%, ‍ഡെനിപ്രോ നഗരത്തിന്റെ 30% ജലവിതരണം തകർന്ന അണക്കെട്ടിനെ ആശ്രയിച്ചായിരുന്നു. നിലവിൽ ഒട്ടേറെ ശുദ്ധജല പദ്ധതികളുടെ പ്രവർത്തനം നിലച്ചിട്ടുണ്ട്. ഇതു ഇരുഭാഗത്തുമുള്ള ജനങ്ങൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

∙ ആണവ നിലയം അപകടത്തിൽ?

യൂറോപ്പിലെ ഏറ്റവും വലുതും ലോകത്തെ പത്തു വലിയ ആണവ നിലയങ്ങളിലൊന്നുമായ സപൊറീഷ്യ ആണവോർജ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കഖോവ്ക അണക്കെട്ടിന്റെ സംഭരണിയോടു ചേർന്നാണ്. 5.7 ജിഗാവാട്ട്സ് ശേഷിയുള്ള ആണവ നിലയം സപൊറീഷ്യയിൽ സ്ഥാപിക്കാൻ കാരണം പോലും ജലസംഭരണിയുടെ സാന്നിധ്യമാണ്. പ്രത്യേക സൈനിക നടപടി തുടങ്ങി ഒരാഴ്ചയ്ക്കകം ആണവ നിലയം റഷ്യ പിടിച്ചെടുത്തിരുന്നു. പിന്നാലെ റഷ്യൻ സൈനികരെ ആണവ നിലയത്തിൽ നിന്നു പുറത്താക്കാനായി നിലയത്തിനു നേർക്കു യുക്രെയ്ൻ ഒട്ടേറെ തവണ മോട്ടർ, റോക്കറ്റ് ആക്രമണങ്ങൾ നടത്തി. ഇവിടെ റഷ്യ വൻതോതിൽ ആയുധങ്ങൾ സംഭരിച്ചതായി യുക്രെയ്ൻ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനു പിന്നാലെ ആണവ നിലയത്തിനാവശ്യമായ വൈദ്യുതി യുക്രെയ്ൻ നിഷേധിച്ചിരുന്നു. നിലവിൽ എമർജൻസി ജനറേറ്റർ ഉപയോഗിച്ചാണ് നിലയത്തിന് ആവശ്യമായ വൈദ്യതി കണ്ടെത്തുന്നത്. 2022 സെപ്റ്റംബർ 11ന് പ്ലാന്റ് യുക്രെയ്ൻ വൈദ്യുത ശൃംഖലയിൽ നിന്നു റഷ്യ വേർപ്പെടുത്ത‌ുകയും റഷ്യൻ നിയന്ത്രിത മേഖലയിലെ വൈദ്യുത ഗ്രിഡുമായി ബന്ധപ്പെടുത്താൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ വൈദ്യുത നിലയത്തിൽ നിന്നുള്ള ഉയർന്ന വോൾട്ടേജ് താങ്ങാൻ റഷ്യൻ ഭാഗത്തുള്ള ലൈനിനു ശേഷിയില്ലാത്തതിനാൽ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.

കഖോവ്ക അണക്കെട്ട് തകർന്നതിനെ തുടർന്ന് ‍െഡനിപ്രോ നദിയിലെ വെള്ളം താഴ്ന്ന ഭാഗത്തു കൂടി നടന്നു പോകുന്നവർ (Photo by Anatolii Stepanov / AFP)

പിടിച്ചെടുത്ത ക്രൈമിയ അടക്കമുള്ള മേഖലകളിലെ വൈദ്യുത ആവശ്യത്തിനു സപൊറീഷ്യ ആണവ നിലയം അത്യാവശ്യമാണെന്ന നിലപാടിലാണ് റഷ്യ. യുദ്ധത്തിനു മുൻ‌പ് യുക്രെയ്നിലെ മിച്ച വൈദ്യുതിയുടെ പ്രധാന ഉപയോക്താക്കളായിരുന്നു റഷ്യ. നിലവിൽ സപൊറീഷ്യ അണവനിലയങ്ങളിലെ റിയാക്ടറുകൾ കോൾഡ് ഷട്ട്ഡൗൺ മോഡിലാണെങ്കിലും ആണവ നിലയത്തിലെ ഇന്ധനകോറുകളെ തണുപ്പിക്കാൻ കൂളന്റായി ധാരാളം വെള്ളം വർഷങ്ങളോളം ആവശ്യമുണ്ട്. കഖോവ്ക അണക്കെട്ടിന്റെ സംഭരണിയോടു ചേർന്നുള്ള ഈ തടാകത്തിൽ നിലവിൽ വെള്ളമുണ്ട്. പക്ഷേ റിസർവോയറിലെ ജലനിരപ്പ് താഴ്ന്നതോടെ ആണവ നിലയത്തിന്റെ ജലസംഭരണിയിൽ വെള്ളമെത്തിക്കാൻ മോട്ടറുകൾ ഘടിപ്പിക്കേണ്ടിവരും. പക്ഷെ ഇതിനു യുക്രെയ്ൻ അനുമതി നൽകാൻ സാധ്യതയില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ ബദൽ മാർഗം ഒരുക്കിയില്ലെങ്കിൽ ആണവ നിലയത്തിന്റെ സുരക്ഷ പ്രതിസന്ധിയിലാകും. നേരിയൊരു പിഴവുപോലും മറ്റൊരു ചെർണോബിൽ ആവർത്തിക്കാൻ ഇടയാക്കുമെന്നാണ് രാജ്യാന്തര ആണവോ‌ർജ ഏജൻസി (ഐഎഇഎ)യുടെ മുന്നറിയിപ്പ്. അണക്കെട്ടിന്റെ തകർച്ചയ്ക്കു പിന്നാലെ സപൊറീഷ്യ ആണവ നിലയത്തിന്റെ നിലനിൽപ്പിനെ കുറിച്ചു കൂടി ആശങ്കയുയർന്നതോടെ യുക്രെയ്നിലെ ജനങ്ങൾ വൻതോതിൽ അയഡിൻ ഗുളികകൾ സംഭരിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

കഖോവ്ക ഡാം തകർന്നതിനെ തുടർന്ന് ഡെനിപ്രോ നദിയിൽ ജലം താഴ്ന്നതിനെ തുടർന്ന് കരയിലിരുന്ന് മീൻ പിടിക്കുന്നവർ, ജൂൺ 25–ലെ ചിത്രം (Photo by REUTERS/Stringer)

∙ സപൊറീഷ്യ വീഴുമോ?

നിലവിൽ യുക്രെയ്നിന്റെ കൗണ്ടർ ഒഫൻസീവിന്റെ പ്രധാന ആക്രമണം സപൊറീഷ്യ മേഖലയിലാണ്. സപൊറീഷ്യ പിടിച്ചെടുത്താൽ ക്രൈമിയയ്ക്കു നേരെ ആക്രമണം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ ഈ മേഖലയിൽ പോരാട്ടം കടുപ്പിക്കുന്നത്. സപൊറീഷ്യയിലെ മുന്നേറ്റത്തിനൊപ്പം ജലമൊഴിഞ്ഞ കഖോവ്ക അണക്കെട്ടിലൂടെ മറ്റൊരു അപ്രതീക്ഷിത സൈനിക മുന്നേറ്റം കൂടി നടത്തിയാൽ ഖേഴ്സണിന്റെ കിഴക്കൻ മേഖലയും സപൊറീഷ്യയും മോചിപ്പിക്കാൻ സാധിക്കും. കൂട്ടത്തിൽ സപൊറീഷ്യ ആണവ നിലയം പിടിച്ചെടുക്കാനും സാധിക്കുമെന്നാണ് യുക്രെയ്നിന്റെ കണക്കുകൂട്ടൽ. നിലവിൽ വരണ്ട ഡെനിപ്രോ നദിയിലൂടെ പലയിടത്തും യുക്രെയ്ൻ സ്പെഷൽ ഫോഴ്സ് അംഗങ്ങൾ‌ റഷ്യൻ നിയന്ത്രിത പ്രദേശത്ത് കടന്നുകയറിത്തുടങ്ങിയിട്ടുണ്ട്. റഷ്യ പൂർണമായും തകർത്ത ആന്റനോവ്സ്കി പാലത്തിന്റെ ഇരുകരകളും യുക്രെയ്നിന്റെ നിയന്ത്രണത്തിലാണ് എന്നാണു സൂചനകൾ. കൂടാതെ അവസരം കിട്ടിയാൽ റഷ്യൻ മേഖലയിലേക്കു കടന്നു കയറാൻ ലക്ഷ്യമിട്ട് ഒട്ടേറെ യുക്രെയ്ൻ സൈനിക സംഘങ്ങൾ കഖോവ്ക അണക്കെട്ടിന്റെ പടിഞ്ഞാറൻ കരയിൽ‌ തമ്പടിച്ചിട്ടുണ്ട്. സപൊറീഷ്യ മേഖലയിലെ റഷ്യൻ പ്രതിരോധം തകർന്നാൽ ഇവർ നദിമുറിച്ചു കടന്നു റഷ്യൻ അധീന മേഖലകൾ പിടിച്ചെടുക്കാനും സാധ്യതയുണ്ട്.

കഖോവ്ക അണക്കെട്ട് തകർന്നതിനെ തുടർന്ന് ഡെനിപ്രോ നദിയുടെ കരയിലൂടെ നടക്കുന്നയാള്‍ (Photo by Anatolii Stepanov / AFP)

എന്നാൽ യുക്രെയ്നിയൻ കൗണ്ടർ ഒഫൻസീവ് പരാജയപ്പെടുകയാണെങ്കിൽ റഷ്യൻ സൈന്യവും ഡെനിപ്രോ മുറിച്ചു കടക്കാൻ സാധ്യതയുണ്ട്. ഖേഴ്സൺ, മിക്കളോവ്, ഒഡേഷ തുടങ്ങിയ യുക്രെയ്ൻ തുറമുഖ നഗരങ്ങൾ പിടിച്ചെടുത്ത് യുക്രെയ്നെ കരമാർഗം മാത്രമുള്ള (ലാൻഡ് ലോക്ക്ഡ്) രാജ്യമാക്കുകയെന്ന റഷ്യൻ പദ്ധതി നടപ്പാക്കാനും അണക്കെട്ടിന്റെ തകർച്ച ഇടയാക്കും.

യുദ്ധഭൂമിയിലുണ്ടാക്കുന്ന ആഘാതങ്ങളെക്കാൾ വലുതാണ് അണക്കെട്ടിന്റെ തകർച്ച പ്രകൃതിക്ക് ഏൽപ്പിക്കുന്ന ആഘാതം. പ്രളയജലം കുത്തൊയൊലിച്ച് ഇരുകരകളിലും കനത്ത നാശം സംഭവിച്ചിട്ടുണ്ട്. നദീമുഖത്തുണ്ടായിരുന്ന ഒട്ടേറെ ചെറുതുരുത്തുകളും പ്രളയത്തിൽ നശിച്ചു. ഡാമിലെ മീനുകളും ഒട്ടേറെ ജീവികളും ചത്തൊടുങ്ങുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തിനു സമാധാനപരമായ അവസാനമുണ്ടായാൽ അണക്കെട്ട് പുനർനിർമിക്കപ്പെട്ടേക്കാം. വൈദ്യുത ഉൽപാദവും ജലസേചനവും പഴയപടിയുമായേക്കാം. എന്നാൽ അണക്കെട്ടിന്റെ തകർച്ച യുക്രെയ്നിലെ മണ്ണിലുണ്ടാക്കിയ പരിസ്ഥിതി നാശം അടുത്ത കാലത്തൊന്നും മായില്ല.

 

English Summary: Amid Blame Game Over Kakhovka Dam Destruction, The Incident May Determine the Future of the Russia-Ukraine War