വീട്ടിലോ സ്കൂളിലോ തുറന്നു പറയാനാവാത്ത ഒരു പരാതിയുണ്ട്, ഒരു വലിയ വിഷമം. ആരോടു പറയും? ഇതിനുള്ള മറുപടിയായി, ഇന്ത്യയിലെ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ ഒരു നമ്പറുണ്ട്– 1098. ചൈൽഡ്‌ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ നമ്പർ. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും സ്കൂളിലും എന്നു വേണ്ട കുട്ടികളുടെ കണ്ണെത്തുന്നിടത്തെല്ലാം ആ നമ്പറിന്റെ പരസ്യങ്ങളുണ്ട്. എളുപ്പത്തിൽ ഓർക്കാവുന്ന ആ നാലക്ക നമ്പറിലേക്ക് ലക്ഷക്കണക്കിന് കുട്ടികളാണ് കഴിഞ്ഞ 27 വർഷമായി വിളിച്ചു കൊണ്ടേയിരിക്കുന്നത്. 365 ദിവസവും രാവും പകലും ഇല്ലാതെ പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്ന കുട്ടികളുടെ സ്വന്തം ഹെൽപ്‌ലൈൻ. പക്ഷേ, 27 വയസ്സ് പിന്നിട്ട ചൈൽഡ്‌ലൈനിന്റെ രൂപവും ഭാവവും മാറ്റി ‘ചൈൽ‍ഡ് ഹെൽപ്‌ലൈൻ’ എന്ന പുതിയ സംവിധാനത്തിലേക്കു മാറ്റാൻ ഒരുങ്ങുകയാണ് സർക്കാർ.

വീട്ടിലോ സ്കൂളിലോ തുറന്നു പറയാനാവാത്ത ഒരു പരാതിയുണ്ട്, ഒരു വലിയ വിഷമം. ആരോടു പറയും? ഇതിനുള്ള മറുപടിയായി, ഇന്ത്യയിലെ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ ഒരു നമ്പറുണ്ട്– 1098. ചൈൽഡ്‌ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ നമ്പർ. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും സ്കൂളിലും എന്നു വേണ്ട കുട്ടികളുടെ കണ്ണെത്തുന്നിടത്തെല്ലാം ആ നമ്പറിന്റെ പരസ്യങ്ങളുണ്ട്. എളുപ്പത്തിൽ ഓർക്കാവുന്ന ആ നാലക്ക നമ്പറിലേക്ക് ലക്ഷക്കണക്കിന് കുട്ടികളാണ് കഴിഞ്ഞ 27 വർഷമായി വിളിച്ചു കൊണ്ടേയിരിക്കുന്നത്. 365 ദിവസവും രാവും പകലും ഇല്ലാതെ പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്ന കുട്ടികളുടെ സ്വന്തം ഹെൽപ്‌ലൈൻ. പക്ഷേ, 27 വയസ്സ് പിന്നിട്ട ചൈൽഡ്‌ലൈനിന്റെ രൂപവും ഭാവവും മാറ്റി ‘ചൈൽ‍ഡ് ഹെൽപ്‌ലൈൻ’ എന്ന പുതിയ സംവിധാനത്തിലേക്കു മാറ്റാൻ ഒരുങ്ങുകയാണ് സർക്കാർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലോ സ്കൂളിലോ തുറന്നു പറയാനാവാത്ത ഒരു പരാതിയുണ്ട്, ഒരു വലിയ വിഷമം. ആരോടു പറയും? ഇതിനുള്ള മറുപടിയായി, ഇന്ത്യയിലെ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ ഒരു നമ്പറുണ്ട്– 1098. ചൈൽഡ്‌ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ നമ്പർ. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും സ്കൂളിലും എന്നു വേണ്ട കുട്ടികളുടെ കണ്ണെത്തുന്നിടത്തെല്ലാം ആ നമ്പറിന്റെ പരസ്യങ്ങളുണ്ട്. എളുപ്പത്തിൽ ഓർക്കാവുന്ന ആ നാലക്ക നമ്പറിലേക്ക് ലക്ഷക്കണക്കിന് കുട്ടികളാണ് കഴിഞ്ഞ 27 വർഷമായി വിളിച്ചു കൊണ്ടേയിരിക്കുന്നത്. 365 ദിവസവും രാവും പകലും ഇല്ലാതെ പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്ന കുട്ടികളുടെ സ്വന്തം ഹെൽപ്‌ലൈൻ. പക്ഷേ, 27 വയസ്സ് പിന്നിട്ട ചൈൽഡ്‌ലൈനിന്റെ രൂപവും ഭാവവും മാറ്റി ‘ചൈൽ‍ഡ് ഹെൽപ്‌ലൈൻ’ എന്ന പുതിയ സംവിധാനത്തിലേക്കു മാറ്റാൻ ഒരുങ്ങുകയാണ് സർക്കാർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലോ സ്കൂളിലോ തുറന്നു പറയാനാവാത്ത ഒരു പരാതിയുണ്ട്, ഒരു വലിയ വിഷമം. ആരോടു പറയും? ഇതിനുള്ള മറുപടിയായി, ഇന്ത്യയിലെ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ ഒരു നമ്പറുണ്ട്– 1098. ചൈൽഡ്‌ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ നമ്പർ. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും സ്കൂളിലും എന്നു വേണ്ട കുട്ടികളുടെ കണ്ണെത്തുന്നിടത്തെല്ലാം ആ നമ്പറിന്റെ പരസ്യങ്ങളുണ്ട്. എളുപ്പത്തിൽ ഓർക്കാവുന്ന ആ നാലക്ക നമ്പറിലേക്ക് ലക്ഷക്കണക്കിന് കുട്ടികളാണ് കഴിഞ്ഞ 27 വർഷമായി വിളിച്ചു കൊണ്ടേയിരിക്കുന്നത്. 365 ദിവസവും രാവും പകലും ഇല്ലാതെ പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്ന കുട്ടികളുടെ സ്വന്തം ഹെൽപ്‌ലൈൻ. 

 

ADVERTISEMENT

പക്ഷേ, 27 വയസ്സ് പിന്നിട്ട ചൈൽഡ്‌ലൈനിന്റെ രൂപവും ഭാവവും മാറ്റി ‘ചൈൽ‍ഡ് ഹെൽപ്‌ലൈൻ’ എന്ന പുതിയ സംവിധാനത്തിലേക്കു മാറ്റാൻ ഒരുങ്ങുകയാണ് സർക്കാർ. പൊലീസിന്റെ എമർജൻസി നമ്പറായ 112 ലേക്കാവും ഇനി 1098 ലേക്ക് വിളിക്കുന്ന കോളുകൾ എത്തുക. കേരളം ഉൾപ്പെടെയുള്ള ഒൻപതു സംസ്ഥാനങ്ങളിൽ 2023 ഓഗസ്റ്റ് 1 മുതൽ ചൈൽഡ് ഹെൽപ്‌ലൈൻ പ്രവർത്തിച്ചു തുടങ്ങും. 1098 എന്ന നമ്പറും വൈകാതെ പൂർണമായും നിലച്ചേക്കും. എങ്ങനെയാണ് 1098 എന്ന നമ്പർ വന്നത്? എങ്ങനെയായിരുന്നു ചൈൽഡ് ലൈൻ ഇന്ത്യയിലെ ലക്ഷക്കണക്കിനു കുട്ടികളുടെ വെളിച്ചമായത്? വിശദമായി വായിക്കാം...

 

∙ പറയാനൊരു നമ്പർ വേണ്ടേ

 

ADVERTISEMENT

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ അധ്യാപികയായിരുന്നു ജെറൂ ബിലിമോറിയ. കുട്ടികളുടെ അവകാശങ്ങൾക്കും അവരുടെ സുരക്ഷിതമായ ജീവിതത്തിനും വേണ്ടിയായിരുന്നു അവരുടെ പ്രവർത്തനങ്ങളെല്ലാം. മുംബൈയിലെ തെരുവുകളിൽ കാണുന്ന കുട്ടികളോടെല്ലാം അവരുടെ പ്രശ്നങ്ങളെപ്പറ്റി ബിലിമോറിയ നിരന്തരം സംസാരിച്ചു തുടങ്ങി. എന്തെങ്കിലും ആവശ്യങ്ങളുണ്ടായാൽ വിളിച്ചറിയിക്കാൻ തന്റെ മൊബൈൽ നമ്പറും നൽകി. വൈകാതെ നൂറു കണക്കിന് കുട്ടികളുടെ വിളികള്‍ ബിലിമോറിയയുടെ ഫോണിലേക്ക് എത്തിത്തുടങ്ങി. പഠന സഹായത്തിന്, വസ്ത്രത്തിന്, ആശുപത്രിയിൽ പോകാൻ, ആരെങ്കിലും ഉപദ്രവിച്ചാൽ, ഭീഷണിപ്പെടുത്തിയാൽ, ബാലവേലയ്ക്ക് കൊണ്ടുപോയാൽ ഒക്കെ പരാതികളായി കുട്ടികളുടെ ശബ്ദം ബിലിമോറിയയെ തേടിയെത്തി.

 

കുട്ടികൾക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും എളുപ്പത്തിൽ ഏത് നേരത്തും അത് പറയാൻ അവർക്കൊരു സംവിധാനമില്ലെന്നും ബിലിമോറിയ തിരിച്ചറിഞ്ഞത് ആ ഫോൺകോളുകളിലൂടെയാണ്. അതാണ് ചൈൽഡ്‌ലൈനിന്റെ രൂപീകരണത്തിലേക്കു നയിച്ചത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ ഫാമിലി ആൻഡ് ചൈൽഡ് വെൽഫയർ വകുപ്പിന്റെ ഫീൽഡ് ആക്‌ഷൻ പ്രോജക്ട് ആയാണ് 1996 ൽ ചൈൽഡ്‌ലൈനിന്റെ തുടക്കം. കുട്ടികളുടെ ഏത് പരാതിക്കും 24 മണിക്കൂറും ചെവി കൊടുക്കുക, അതിന് പരിഹാരമുണ്ടാക്കുക എന്നതായിരുന്നു ചൈൽഡ്‌ലൈനിന്റെ ലക്ഷ്യം.

 

ചൈൽഡ്‌ലൈൻ ലോഗോ.
ADVERTISEMENT

∙ ദസ്...ആഠ്...നൗ

 

ഏത് സങ്കടവും വിളിച്ചറിയിക്കാൻ കഴിയുന്ന ഒരു ഫോൺ നമ്പർ എന്ന ആശയം മുന്നോട്ടു വച്ചപ്പോൾ, പത്ത് അക്കമുള്ള നമ്പർ ഒന്നും ഓർത്തിരിക്കാൻ കഴിയില്ലെന്നായിരുന്നു മുംബൈയിലെ കുട്ടികളുടെ മറുപടി. അതു മാത്രമല്ല, ഫോൺ വിളിക്കാൻ ഉള്ള പൈസയും എല്ലാ കുട്ടികളുടെ ൈകയ്യിലും ഉണ്ടാകണമെന്നില്ലല്ലോ. പിന്നെ എന്ത് ചെയ്യും? കുട്ടികൾക്കായി ദേശീയ തലത്തിൽ ഒരു ടോൾഫ്രീ നമ്പർ വേണമെന്ന ആവശ്യം ബിലിമോറിയ സർക്കാരിന് മുന്നിൽ വച്ചു. പക്ഷേ, മാസങ്ങൾ കഴിഞ്ഞിട്ടും ആവശ്യം അധികാരികൾ പരിഗണിച്ചതേയില്ല. മുംബെയിലെ കുട്ടികൾ ആവശ്യവുമായി തെരുവിലിറങ്ങി. രണ്ട് തവണ ധർണ നടത്തി. ഒടുവിൽ സമരം നിരാഹാരത്തിലേക്കു കടക്കുമെന്ന് കണ്ടപ്പോൾ കുട്ടികളുടെ ആവശ്യം പരിഗണിക്കാൻ സർക്കാർ തയാറായി. 

1098 എന്ന ടോൾഫ്രീ നമ്പറിനെ പ്രോത്സാഹിപ്പിക്കാനായി പുറത്തിറക്കിയ സമൂഹമാധ്യമ പോസ്റ്ററുകളിലൊന്ന് (Image courtesy: instagram/childlineindia1098)

 

1234 എന്ന ടോൾ ഫ്രീ നമ്പറാണ് ആദ്യം അനുവദിച്ചത്. പക്ഷേ, എല്ലായിടത്തും കേട്ടും പഠിച്ചും മടുത്ത ആ നമ്പർ കുട്ടികൾക്ക് തീരെ ഇഷ്ടമായില്ല. പിന്നീടാണ് 1098 എന്ന നമ്പർ അനുവദിക്കുന്നത്. പക്ഷേ, തമ്മിൽ തമ്മിൽ ബന്ധമില്ലാത്ത ഈ നമ്പറുകൾ കുട്ടികൾ എങ്ങനെ ഓർത്തിരിക്കും എന്ന് ബിലിമോറിയ ആശങ്കപ്പെട്ടു. മുംബെയിലെ കുട്ടികൾതന്നെ അതിന് പരിഹാരവും കണ്ടെത്തി. ഒന്ന്, പൂജ്യം, ഒൻപത്, എട്ട് എന്നു പറയേണ്ട. പകരം പത്ത്, ഒൻപത്, എട്ട് എന്നു പറഞ്ഞാൽ മതിയല്ലോ..! ഹിന്ദിയിൽ ദസ്, ആഠ്, നൗ എന്നു പറയുന്ന ആ നമ്പറിലേക്ക് കുട്ടികൾ സൗജന്യമായി വിളിച്ചു, അവരുടെ ആശങ്കകൾ പങ്കുവച്ചു. പിന്നീട് എല്ലാ ഭാഷകളിലും പത്ത്, ഒൻപത്, എട്ട് എന്ന രീതിയിൽതന്നെയായി ഈ ടോൾ ഫ്രീ നമ്പറിന്റെ പരിചയപ്പെടുത്തൽ. സഹായം ആവശ്യമുള്ള ഒരു കുട്ടി പത്ത് മുതൽ പൂജ്യം വരെ എണ്ണിത്തീരുമ്പോഴേക്കും സഹായം എത്തിച്ചിരിക്കണം എന്ന ആശയത്തിലേക്കും ചൈൽഡ് ലൈൻ എത്തിയതങ്ങനെയാണ്.

 

∙ ചിരിക്കുന്ന കുട്ടി മതി

 

ടോൾ ഫ്രീ നമ്പറോടെ നിലവിൽ വന്ന ചൈൽഡ്‌ലൈനിലേക്ക് ഇടവേളകളില്ലാതെ മുംബൈയിലെ കുട്ടികൾ വിളിച്ചു. മുംബൈയിലെ തെരുവുകളിൽ എല്ലാ പ്രതിസന്ധികളോടും മല്ലിട്ട് വളർന്ന് വിദ്യാഭ്യാസവും ജോലിയും തേടിയവരെ ആദ്യഘട്ടത്തിൽ വൊളന്റിയർമാരായി പ്രത്യേകം തിരഞ്ഞെടുത്തിരുന്നു. അവരോളം ആർക്കാണ് മുംബൈയിലെ കുട്ടികളെ മനസ്സിലാകുക! ഒരു ലോഗോ കൂടിയുണ്ടെങ്കിൽ ചൈൽഡ്‌ലൈൻ എന്ന ആശയം കൂടുതൽ കുട്ടികളിലേക്ക് എത്തുമല്ലോ എന്ന ചർച്ച വന്നത് അപ്പോഴാണ്. ലോഗോ എങ്ങനെ വേണമെന്ന് പല ചർച്ചകളും നടന്നെങ്കിലും തങ്ങളെ ഏതു സമയത്തും കേൾക്കുന്ന നമ്പറിന് വേണ്ട ലോഗോ എങ്ങനെയാവണം എന്നതു സംബന്ധിച്ച് മുംബൈയിലെ കുട്ടികൾക്കും ഉണ്ടായിരുന്നു നിബന്ധനകൾ.

 

മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന ചൈൽഡ്‌ലൈൻ പോസ്റ്റർ (File photo by facebook/ChildlineIndiaFoundation)

ലോഗോയിൽ ചിരിക്കുന്ന കുട്ടി വേണം എന്നതായിരുന്നു അതിൽ പ്രധാനം. ‘‘എത്രയധികം വിഷമവുമായാണ് ഞങ്ങൾ തെരുവിൽ അലഞ്ഞു നടക്കുന്നത്. പക്ഷേ, ഞങ്ങൾ കരയുന്നത് കാണാറുണ്ടോ?’’ എന്നായിരുന്നു ചോദ്യം. അതോടെ വളരെ സന്തോഷത്തോടെ ഫോൺ ചെയ്യുന്ന ഒരു കുസൃതിക്കുട്ടിയുടെ പടം മതി ലോഗോ എന്നു തീരുമാനിച്ചു. അതു മാത്രമല്ല, വിഷമം മാറാൻ ഞങ്ങളെ വിളിച്ചോളൂ എന്ന പരസ്യം കൂടിയായിരുന്നു ആ ലോഗോ. ‘ചൈൽഡ് ലൈൻ, 1098, നൈറ്റ് ആൻഡ് ഡേ’ എന്ന് എഴുതിയ ഇളം പച്ച നിറത്തിന്റെ പശ്ചാത്തലത്തിലുള്ള ലോഗോ പിന്നീട് രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ എത്തിയത് ചരിത്രം.

 

∙ ഇതുവരെ 9 കോടി വിളികൾ

 

1996 ൽ ആരംഭിച്ച ചൈൽഡ്‌ലൈനിലേക്ക് ഇതുവരെ സഹായം തേടി വിളിച്ചത് ഒൻപതു കോടിയിലധികം കുട്ടികളാണ്. ഓരോ വർഷവും ശരാശരി 70 ലക്ഷം വിളികളെങ്കിലും എത്തുന്നുണ്ടെന്നാണു കണക്ക്. ദിവസം കുറഞ്ഞത് 25,000 വിളികൾ. ഓരോ കോളിനും അപ്പുറത്ത് കുട്ടികളെ ശ്രദ്ധയോടെ ക്ഷമയോടെ കേൾക്കുന്ന ഒരു സോഷ്യൽ വർക്കറുണ്ടാവും. ലൈംഗിക അതിക്രമം മുതൽ സ്കൂളിലും വീട്ടിലും നേരിടുന്ന പരിഹാസവും പഠന വെല്ലുവിളികളും വരെ പരാതിയായി എത്തും. രാജ്യത്തിന്റെ ഏത് കോണിലും മനസ്സു നോവുന്ന ഒരു കുട്ടിക്കു വേണ്ടി ഏത് പാതിരാവിലും ഉറങ്ങാതെ കേൾക്കാൻ ഒരാൾ! 

 

മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ ചൈൽഡ്‌ലൈൻ കേന്ദ്രീകൃത സംവിധാനത്തിലാണ് കുട്ടികളുടെ വിളി ആദ്യമെത്തുക. കേരളത്തിലാണെങ്കിൽ ചെന്നൈയിലാവും. പിന്നീടാണ് ഏറ്റവും അടുത്ത കേന്ദ്രത്തിലേക്ക് കോളുകൾ കൈമാറുക. മുംബൈയിലെ കുട്ടികൾക്കു വേണ്ടി മാത്രം ആരംഭിച്ച ചൈൽഡ്‌ലൈൻ ഇന്ന് രാജ്യത്തെ 573 ജില്ലകളിലാണു വ്യാപിച്ചു  കിടക്കുന്നത്. 2000 ൽ ചൈൽഡ്‌ലൈനിന് സാമ്പത്തിക സഹായം നൽകാനും രാജ്യത്തൊട്ടാകെ സേവനം വ്യാപിപ്പിക്കാനും കേന്ദ്രസർക്കാർതന്നെ മുന്നോട്ടു വന്നു. 2006 ൽ ‘മദർ എൻജിഒ’ എന്ന പ്രത്യേക പദവിയും നൽകി. 2015 ൽ നിലവിൽ വന്ന ജുവനൈൽ ജസ്റ്റിസ് ആക്ടിലും ചൈൽഡ്‌ലൈനിനു പ്രത്യേക പരാമർശമുണ്ടായിരുന്നു.

 

∙ മനസ്സു തുറക്കുന്ന കുട്ടികൾ..

 

ഓരോ ചൈൽഡ്‌ലൈൻ കേന്ദ്രത്തിലും ദിവസേന എത്തുക നൂറുകണക്കിന് വിളികളാണ്. ചിലതൊക്കെ കുട്ടികൾ നേരിട്ട്. മറ്റു ചിലത് എന്തോ പ്രശ്നത്തിലൂടെയാണ് ആ കുട്ടികൾ കടന്നു പോകുന്നതെന്ന് തോന്നുന്നു എന്ന സംശയത്തിൽ വിളിക്കുന്നത്. വീട്ടിൽ ശാരീരികമായ ഉപദ്രവം നേരിടുന്ന കൂട്ടുകാരെ സഹായിക്കണമെന്ന് പറഞ്ഞുള്ള മറ്റു കുട്ടികളുടെ വിളികളും എത്താറുണ്ട് ചൈൽഡ്‌ലൈനിൽ. 

 

‘‘ആറു വർഷം മുൻപാണ്. ഓഫിസിലേക്ക് ഇതരസംസ്ഥാനക്കാരായ മാതാപിതാക്കൾ കയറി വന്നു. ജോലിക്കായി കേരളത്തിലെത്തി കുടുംബമായി താമസിക്കുന്നവരാണ്. മകനെ എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണം എന്നാണ് ആവശ്യം. കുട്ടിയെക്കൊണ്ട് ആകെ ബുദ്ധിമുട്ടിലായിരുന്നു അവർ. ആരോടും സംസാരിക്കില്ല. കത്തി പോലെയുള്ള ആയുധങ്ങളുമായാണ് നടപ്പ്. വീട്ടിലുള്ളവരെ ഉപദ്രവിക്കും എന്ന ഭീഷണി. സ്കൂൾ പഠനം ഒക്കെ അപ്പോഴേക്കും നിലച്ചിരുന്നു. 

 

ഞങ്ങളുടെ ടീം ആ കുട്ടിയെ കണ്ടു. നിരന്തരം സംസാരിച്ചു. ആദ്യമൊന്നും അവൻ അടുത്തില്ല. മെല്ലെ മെല്ലെ കൗൺസലറോട് മനസ്സു തുറന്നു. ചൈൽഡ്‌ലൈൻ അവന്റെ കൂടെ നിന്നു. വീണ്ടും സ്കൂളിൽ ചേർത്തു. കുട്ടി പഠിക്കാൻ തുടങ്ങി. കുറച്ചു മാസങ്ങൾക്കു ശേഷം മധുരവുമായി അവനും മാതാപിതാക്കളും വീണ്ടും ഓഫിസിൽ വന്നു. കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ മകനെ കൈവിട്ടു പോകുമായിരുന്നേനേ എന്ന് പറയുമ്പോൾ അവർ കരയുകയായിരുന്നു. പിന്നീട് അവർ നാട്ടിലേക്ക് മടങ്ങി. അവൻ മിടുക്കനായി ജീവിക്കുന്നുണ്ടാകും..’’ ചൈൽഡ്‌ലൈൻ മലപ്പുറം നോഡൽ ഓഫിസർ സി.പി.സലിം പറയുന്നു.

 

∙ ബാലവേല മുതൽ മനുഷ്യക്കടത്ത് വരെ

 

അമ്മ മരിച്ചതിനെ തുടർന്നാണ് എട്ടു വയസ്സുകാരിയായ പെൺകുട്ടിയെയും സഹോദരനെയും അച്ഛൻ ബന്ധുവിന്റെ വീട്ടിലാക്കിയത്. സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്ന് അച്ഛൻ പിന്മാറുകയും ചെയ്തു. ചൈൽഡ്‌ലൈൻ പ്രവർത്തകരുടെ ഒരു ഫീൽഡ് സന്ദർശനത്തിനിടെയാണ് കുട്ടി അതിക്രമത്തിന് ഇരയാവുന്നുണ്ട് എന്നതിനെക്കുറിച്ച് സൂചന കിട്ടുന്നത്. ചൈൽഡ്‌ലൈൻ മുൻകൈയ്യെടുത്ത് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ സ്വകാര്യ ഭാഗങ്ങളിൽ തീ വച്ച് പൊള്ളിച്ച പാടുകൾ കണ്ടെത്തി. പക്ഷേ, ഒരക്ഷരം പോലും സംസാരിക്കാൻ കഴിയാത്ത വിധം ഭയചകിതയായിരുന്നു കുട്ടി. കുട്ടിയെ ചൈൽഡ്‌ലൈൻ ഏറ്റെടുത്തു. പ്രത്യേക സംരക്ഷണം നൽകി, ദിവസങ്ങളോളം അവളോട് സംസാരിച്ചു. ഒടുവിൽ, മനസ്സു തുറക്കാൻ കുട്ടി തയാറായി. ബന്ധുവായ സ്ത്രീയായിരുന്നു പ്രതി. പുറത്തു പറഞ്ഞാൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ നിരന്തരം അതിക്രമത്തിന് ഇരയാക്കിയത്. കേസിന് പൂർണ പിന്തുണയുമായി ചൈൽഡ്‌ലൈൻ മുന്നോട്ടു പോയതോടെ ഇവർ അറസ്റ്റിലായി.

 

ബംഗാളിൽനിന്ന് വിവാഹം കഴിച്ച് മനുഷ്യക്കടത്തിന് മഹാരാഷ്ട്രയിലേക്ക് കൊണ്ടുവന്നു തടവിൽ പാർപ്പിച്ചിരുന്ന 15 വയസ്സുകാരിയെ രക്ഷിച്ചത് താനെ ചൈൽഡ്‌ലൈനിലേക്കു ലഭിച്ച ഒരു വിളിയാണ്. രാജ്യത്തൊട്ടാകെ പ്രവർത്തിക്കുന്ന ചൈൽഡ്‌ലൈൻ കേന്ദ്രങ്ങളിലെ കൗൺസലർമാർക്കും വൊളന്റിയർമാർക്കും ഇതുപോലെ അതിജീവനത്തിലേക്ക് പിടിവള്ളി നീട്ടിയ നൂറു കഥകൾ പറയാനുണ്ടാവും. ബാലവേല, ബാലവിവാഹം തുടങ്ങിയവയ്ക്കെതിരെ പ്രത്യേകം ഹെൽപ് ഡെസ്ക്കുകൾ ഉണ്ട് ചൈൽഡ്‌ലൈനിന്. ഒരു വിളിയെത്തിയാൽ ഏതു നേരത്തും സഹായത്തിനായി ഓടിയെത്തുന്നവർ. റെയിൽവേ സ്റ്റേഷനുകളിൽ മാത്രമായി റെയിൽവേ ചൈൽഡ്‌ലൈൻ എന്ന വിഭാഗവുമുണ്ട്. വീട്ടിൽനിന്നോ സ്കൂളിൽനിന്നോ ഒളിച്ചോടാൻ ആഗ്രഹിക്കുന്ന കുട്ടികൾ ആദ്യമെത്തുന്നത് റെയിൽവേ സ്റ്റേഷനുകളിലേക്കാവും എന്ന ചിന്തയായിരുന്നു അതിനു പിന്നിൽ.

 

∙ ഓർമയാവുമോ 1098?

 

ചൈൽഡ്‌ലൈനിനെ കേന്ദ്ര വനിതാ, ശിശുവികസന മന്ത്രായത്തിനു കീഴിൽനിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലേക്ക് മാറ്റാനുള്ള തീരുമാനമാണ് വിവാദങ്ങളുടെ തുടക്കം. തീരുമാനത്തിനു പിന്നാലെ ചൈൽഡ്‌ലൈൻ നടത്തിപ്പിനായി നൽകിയിരുന്ന ഫണ്ട് നിലച്ചു. മറ്റ് എൻജിഒകളിൽനിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുകയും പിന്നീട് സർക്കാർ ഫണ്ട് അനുവദിക്കുമ്പോൾ അത് തിരികെ നൽകുകയും ചെയ്യുന്ന രീതിയിലായിരുന്നു ചൈൽഡ്‌ലൈനിന്റെ പ്രവർത്തനം. ഫണ്ട് കുടിശ്ശിക കോടികൾ കവിഞ്ഞതോടെ എൻജിഒകൾ സഹായം നൽകുന്നതു നിർത്തി. ഇതോടെ ഏതാണ്ട് പൂർണമായും പ്രതിസന്ധിയിലായി ചൈൽഡ്‌ലൈനിന്റെ പ്രവർത്തനം. ആറ് മാസത്തോളം ശമ്പളം കിട്ടാതായതോടെ മറ്റു വഴികളില്ലാതെ പലരും ജോലി ഉപേക്ഷിച്ചു. കേരളത്തിൽ മാത്രം മൂന്ന് മാസത്തിനിടെ 191 പേരാണ് ചൈൽഡ്‌ലൈനിന്റെ പടിയിറങ്ങിയത്.

 

എങ്കിലും സഹായം അഭ്യർഥിച്ച് വിളിക്കുന്ന കുട്ടികളെയോർത്ത് പലയിടത്തും ജീവനക്കാർ സ്വന്തം കൈയ്യിൽനിന്ന് പണം മുടക്കി യൂണിറ്റുകൾ നിലനിർത്തി. പെട്രോൾ അടിക്കാൻ വഴിയില്ലാതെ വന്നപ്പോൾ ചില യൂണിറ്റുകളെങ്കിലും ഫീൽഡ് പ്രവർത്തനം അവസാനിപ്പിച്ചു. കേരളത്തേക്കാൾ രൂക്ഷമായ അവസ്ഥയായിരുന്നു രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും. പ്രതിഷേധങ്ങൾക്കൊടുവിൽ ‘ചൈൽഡ് ഹെൽപ്‌ലൈൻ’ എന്ന പുതിയ സംവിധാനത്തിന്റെ വിശദ മാർഗരേഖ സർക്കാർ പുറത്തിറക്കി. 27 വർഷമായി നിലനിന്നിരുന്ന സംവിധാനത്തെ അട്ടിമറിച്ചുകൊണ്ട് സർക്കാരിന്റെ കണ്ടെത്തലായി ചൈൽഡ് ഹെൽപ്‌ലൈൻ അവതരിപ്പിക്കുന്നതിനെതിരെ വിവാദങ്ങളും പടർന്നു.

 

∙ ആരാണ് ഇവരെ കേൾക്കുക?

 

സർക്കാരിന്റെ ആദ്യ തീരുമാനം അനുസരിച്ച് 1098 ലേക്ക് വിളിക്കുന്ന എല്ലാ കോളുകളും പൊലീസ് മാത്രമാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. പക്ഷേ, ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നു. സോഷ്യൽ വർക്കർമാരെ പൂർണമായി ഒഴിവാക്കിക്കൊണ്ട് കാര്യക്ഷമമായി ഈ സംവിധാനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന ചോദ്യമാണ് ചൈൽഡ് ആക്ടിവിസ്റ്റുകൾ ഉന്നയിച്ചിരുന്നത്. സഹായം ആവശ്യമുള്ള കുട്ടികൾ പൊലീസിനെ വിളിക്കാൻ മടിക്കും എന്ന പഠന റിപ്പോർട്ടുകളും അതിനിടെ പുറത്തു വന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പോക്സോ കേസുകൾ പൊലീസ് അട്ടിമറിക്കുന്നു എന്ന പരാതിയും വ്യാപകമാണ്. 

 

ഒടുവിൽ സോഷ്യൽ വർക്കർമാരെ ഒപ്പം ചേർക്കുന്ന സംവിധാനത്തിന് സർക്കാർ തയാറായി. പക്ഷേ, കുട്ടികളുടെ വിളികൾ ആദ്യമെത്തുക പൊലീസിന് തന്നെയാവും. 1098 എന്ന നമ്പറിലേക്ക് പോകുന്ന എല്ലാ വിളികളും ഇനി മുതൽ 112 എന്ന നമ്പറിലേക്കാണ് എത്തുക. അടിയന്തര ഇടപെടൽ വേണ്ടതാണെങ്കിൽ പൊലീസും അല്ലെങ്കിൽ സോഷ്യൽ വർക്കറും പ്രശ്നത്തിൽ ഇടപെടും. വിവാദങ്ങളെ തുടർന്ന് 1098 എന്ന നമ്പർ ഇപ്പോൾ നിലനിർത്തിയെങ്കിലും ദീർഘകാലം അത് തുടരാൻ കഴിയില്ല എന്നുതന്നെയാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. 

 

പൊതു ഗതാഗത സംവിധാനങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം 1098 എന്നത് മായിച്ച് 112 എന്നെഴുതി തുടങ്ങുകയാണ്. ദീർഘകാലമായി ചൈൽഡ്‌ലൈനിന്റെ ഭാഗമായവരെ പുതിയ സംവിധാനത്തിലേക്ക് ഉൾപ്പെടുത്തുമോ എന്നതിലും വ്യക്തതയില്ല. പത്തു മുതൽ പൂജ്യം വരെ എണ്ണിത്തീരും മുൻപ്, കരയുന്ന കുട്ടിക്ക് സഹായമെത്തിക്കാൻ ആരംഭിച്ച ചൈൽഡ്‌ലൈൻ മൂന്നു പതിറ്റാണ്ടോളം നീണ്ട സേവനത്തിനു ശേഷം നിർബന്ധമായി പടിയിറക്കപ്പെടുമ്പോൾ, 112 എന്ന എമർജൻസി നമ്പറിന് അതിനു പകരക്കാരനാകാൻ കഴിയുമോ എന്നതിലാണ് ആശങ്ക.

 

English Summary: Childline 1098 is to Go 'Offline' Soon and the Raising Questions