ഗവർണറുടെ കുത്തിയിരിപ്പ് നമ്മുടെ രാഷ്ട്രീയപാർട്ടികൾക്ക് മുന്നറിയിപ്പാണ്. തന്ത്രങ്ങൾ പൊളിച്ചെഴുതാൻ സമയമായെന്ന മുന്നറിയിപ്പ്

ഗവർണറുടെ കുത്തിയിരിപ്പ് നമ്മുടെ രാഷ്ട്രീയപാർട്ടികൾക്ക് മുന്നറിയിപ്പാണ്. തന്ത്രങ്ങൾ പൊളിച്ചെഴുതാൻ സമയമായെന്ന മുന്നറിയിപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗവർണറുടെ കുത്തിയിരിപ്പ് നമ്മുടെ രാഷ്ട്രീയപാർട്ടികൾക്ക് മുന്നറിയിപ്പാണ്. തന്ത്രങ്ങൾ പൊളിച്ചെഴുതാൻ സമയമായെന്ന മുന്നറിയിപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൈനംദിന പ്രക്ഷോഭങ്ങൾ അഥവാ സമരങ്ങൾ നടക്കുന്ന സംസ്ഥാനത്തെ പൗരനെന്ന നിലയിൽ ഈ ലേഖകൻ സമീപകാലത്ത് ഉള്ളഴിഞ്ഞാസ്വദിച്ച ഒരു പ്രക്ഷോഭമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പാതവക്കിൽ നടത്തിയ കുത്തിയിരിപ്പ്; കൃത്യമായി പറഞ്ഞാൽ കസാലയിലിരിപ്പ്. ഗവർണറുടെ നടപടി കേരളത്തിന്റെ സമരപാരമ്പര്യത്തിന്റെ ഐതിഹാസിക വിജയം തന്നെയാണ്. സമരസ്നേഹികളായ എല്ലാ മലയാളികൾക്കും അതിൽ അഭിമാനിക്കാൻ വകയുണ്ട്. കാരണം, മഹത്തായ കേന്ദ്ര ഗവൺമെന്റിന്റെ കേരളത്തിലെ താക്കോൽക്കാരനായ ഗവർണർപോലും നാം ഹൃദയത്തോടു ചേർത്തുപിടിച്ചിട്ടുള്ള സമരമുറകളെ അംഗീകരിച്ചിരിക്കുകയാണ്. മാത്രമല്ല, അതിലൊന്ന് നമുക്കെതിരെ പ്രയോഗിച്ചു നമ്മെ തോൽപിച്ചിരിക്കുകയാണ്. 

നാടോടുമ്പോൾ നടുവേ ഓടുക, ചേരയെ തിന്നുന്ന നാട്ടിൽ ചേരയുടെ നടുമുറി തിന്നുക തുടങ്ങിയ പഴഞ്ചൊല്ലുകൾ അദ്ദേഹം കേട്ടിട്ടുണ്ടാവാൻ വഴിയില്ല. പക്ഷേ, അദ്ദേഹം കൃത്യമായി അതു ചെയ്തിരിക്കുകയാണ്. മലയാളികൾക്കിടയിൽ പിടിച്ചുനിൽക്കാൻ മുണ്ടുടുത്തതുകൊണ്ടു മാത്രം മതിയാവില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. അതിനു മലയാളിയെപ്പോലെ ചിന്തിക്കുകയും പെരുമാറുകയും വേണം. ഈ സത്യം തിരിച്ചറിഞ്ഞതാണ് അദ്ദേഹത്തിന്റെ വിജയം. നമ്മുടെ പ്രിയപ്പെട്ട മുദ്രാവാക്യം അദ്ദേഹം സ്വന്തം ജീവിതത്തിലേക്കു പകർത്തി: ‘‘സമരമെങ്കിൽ സമരം തന്നെ!’’ പഴഞ്ചൊല്ലിന്റെ അമിതപ്രയോഗമായേക്കാമെങ്കിലും ഇതുകൂടി പറയട്ടെ: ‘‘കടുവയെ പിടിച്ച കിടുവ.’’

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണറെ മുഖ്യമന്ത്രി പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു (Photo by PTI)
ADVERTISEMENT

കല്ലേറും തീവയ്പും മുതൽ ശയനപ്രദക്ഷിണവും മരക്കൊമ്പിൽ കയറിയിരുന്നുള്ള ആത്മഹത്യാപ്രഖ്യാപനവും ഉൾപ്പെടെ ആയിരക്കണക്കിനാണ് മലയാളികളുടെ സമരമുറകൾ. അവയിലേറ്റവും ലഘുവാണ് ഗവർണർ സ്വീകരിച്ചതെന്നത് ആശ്വാസജനകമാണ്. കോടിക്കണക്കിനു മലയാളികളെപ്പോലെ ആയിരക്കണക്കിനു സമരങ്ങൾക്കു നേരിട്ടും അല്ലാതെയും വിധേയനായിട്ടുള്ള ഒരു പൗരനായ ഈ ലേഖകനു ഗവർണറുടെ സമരത്തിൽ പ്രശംസനീയമായിത്തോന്നിയത് തന്റെ സമരംകൊണ്ടു കച്ചവടം തടസ്സപ്പെട്ട കടക്കാരന് ആയിരം രൂപ നഷ്ടപരിഹാരം നൽകിയെന്നതാണ്. 

ഇവിടെയദ്ദേഹം അറിഞ്ഞോ അറിയാതെയോ കേരള രാഷ്ട്രീയപാർട്ടികളെ വെല്ലുവിളിക്കുകയാണു ചെയ്തത്. കാരണം, സമരങ്ങൾമൂലം പ്രതിദിനമെന്നവണ്ണം കച്ചവടം തടസ്സപ്പെടലിനു മാത്രമല്ല കടതല്ലിത്തകർക്കലിനും വിധേയരാകുന്ന കേരളത്തിലെ ആയിരമായിരം കച്ചവടക്കാർക്ക് ഏതെങ്കിലും രാഷ്ട്രീയപാർട്ടി പത്തു രൂപപോലും കൊടുത്തതായി കേട്ടിട്ടില്ല. ഈ ലേഖകന് ഒരു വിയോജിപ്പു മാത്രം ഗവർണറുടെ നടപടിയോടു തോന്നി: ഒരു ഗവർണറുടെ സാമ്പത്തികസ്ഥിതി വച്ചു നോക്കിയാൽ ആ നഷ്ടപരിഹാരം കുറച്ചുകൂടി ആകാമായിരുന്നു. പക്ഷേ, അതൊരു കീഴ്‌വഴക്കമായാലോ എന്നദ്ദേഹം ചിന്തിച്ചിട്ടുണ്ടാവണം. 

തൊടുപുഴ റോട്ടറി ജംക്‌ഷനിൽ കരിങ്കൊടി കാട്ടുന്ന എസ്എഫ്ഐ പ്രവർത്തകരെക്കണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൈ വീശുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ കുടുംബസുരക്ഷാപദ്ധതി ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്നു ഗവർണർ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

അദ്ദേഹത്തെ അഭിനന്ദിക്കേണ്ട മറ്റൊരു കാര്യം, മലയാളി രാഷ്ട്രീയക്കാരെ പൂർണമായി അനുകരിച്ചുകൊണ്ട് അദ്ദേഹം നടുറോഡിൽ കുത്തിയിരുന്നില്ല എന്നതാണ്. ആയിരക്കണക്കിനു സ്കൂൾ കുട്ടികളുടെയും ജോലിക്കാരുടെയും തീവണ്ടി – വിമാന യാത്രക്കാരുടെയും ആശുപത്രിയിൽപ്പോക്കുകാരുടെയും നന്ദി അദ്ദേഹത്തിനു ലഭിക്കും. 

ഗവർണറുടെ പ്രക്ഷോഭത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശം അതിനുണ്ടായ തൽസമയ ഫലപ്രാപ്തിയാണ്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനു മുന്നിൽ കുത്തിയിരിപ്പിന്റെ ഒരുപക്ഷേ രണ്ടായിരമോ അതിലും കൂടുതലോ ദിനങ്ങൾ കടന്ന രണ്ടു സത്യഗ്രഹികളെ എനിക്കു നേരിട്ടറിയാം. അവരുടെ വീട് ആ നടപ്പാതയാണ്. ഗവർണർ ഭാഗ്യവാനാണ്. മൂന്നു മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ആവശ്യങ്ങൾ സാധിച്ചുകിട്ടി. അദ്ദേഹമാവശ്യപ്പെട്ട അൻപതു പേർ‍ക്കെതിരെയും എഫ്ഐആർ റജിസ്റ്റർ ചെയ്തില്ലെങ്കിലും അദ്ദേഹത്തിനു തൃപ്തിയാകുംവിധം നടപടിയെടുക്കപ്പെട്ടു. 

ADVERTISEMENT

ഒരു സാധാരണ മലയാളി കുത്തിയിരിപ്പുകാരന് ഇത്തരമൊരു ഫലപ്രാപ്തി കിട്ടിയിരുന്നെങ്കിൽ! പക്ഷേ, ഇന്ത്യൻ ജനാധിപത്യത്തിൽ സാധാരണക്കാരൻ പൂജ്യവും ‘വിഐപി’ എന്നു വിവരിക്കപ്പെടുന്നവർ അതിവിശിഷ്ട അവകാശങ്ങളുടെ ഉടമകളുമാണ്. സ്വന്തം ആവശ്യങ്ങൾ‍ക്കുവേണ്ടി സമരം െചയ്യുന്ന ‘വിഐപി’കൾ ഇല്ലതന്നെ. അവിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ വിജയം; ‘വിഐപി’ ആണെങ്കിലും ‘സമരമെങ്കിൽ സമരം തന്നെ!’. അദ്ഭുതപ്പെടാനില്ല. 1970കൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള ഈ ലേഖകന്റെ ഡൽഹിക്കാല ഓർമകളിലെ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ കുഴഞ്ഞുമറിഞ്ഞ കളരിയിൽ രാഷ്ട്രീയതന്ത്രങ്ങളും സമരതന്ത്രങ്ങളും ഒന്നാന്തരമായി പരിശീലിച്ചിട്ടുള്ള ശുദ്ധ രാഷ്ട്രീയജീവിയാണ്. അദ്ദേഹത്തിനു നഷ്ടപ്പെടാൻ ഒന്നുമില്ലതാനും. 

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. (ചിത്രം: മനോരമ)

കേരള രാഷ്ട്രീയത്തിന്റെ സ്ഥിരംശൈലികൾ ശ്രദ്ധിക്കുന്ന ഒരുവനായ ഈ ലേഖകന്റെ നോട്ടത്തിൽ ആരിഫ് മുഹമ്മദ് ഖാന്റെ വിജയകരമായ പ്രക്ഷോഭം മലയാളി രാഷ്ട്രീയത്തിന് ഒരു മുന്നറിയിപ്പാണ്. മലയാളി രാഷ്ട്രീയപാർട്ടികളുടെ അഭ്യുദയകാംക്ഷികൾ വളരെ നേരത്തേ അവർക്കു നൽകേണ്ടതായിരുന്ന ഒരു മുന്നറിയിപ്പ്: നിങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങൾ പൊളിച്ചെഴുതാൻ സമയമായി. നിങ്ങളുടെ രാഷ്ട്രീയ ചിന്താശൈലിയുടെ അലകും പിടിയും മാറ്റാൻ സമയമായി. നിങ്ങൾ മടിയൻമാരായി, സുഖിമാൻമാരായി. പുതിയ വെല്ലുവിളികൾ നേരിടാൻ പുതിയ ചിന്തകളും തന്ത്രങ്ങളും വേണം. അല്ലെങ്കിൽ കൂടുതൽ വലിയ തോൽവികൾ നിങ്ങളെ കാത്തിരിക്കുന്നു. 

ഒന്നുകൂടി തോന്നി: ആ മൂന്നു മണിക്കൂർ ഗവർണർക്കു വേണമെങ്കിൽ താൻ മുടക്കിവച്ചിരിക്കുന്ന ബില്ലുകൾ ഒപ്പിടാൻ ഉപയോഗിക്കാമായിരുന്നു. പക്ഷേ, അദ്ദേഹം നമ്മുടെ മറ്റൊരു പ്രിയപ്പെട്ട സമരമുറ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണെന്ന് അപ്പോളാണോർത്തത്: പണിമുടക്ക്.

English Summary:

Kerala governor Arif Mohammad Khan's protest on the Roadside