ആശങ്കപ്പെട്ടതു പോലെ, ആഗോള ഓഹരിവിപണികളുടെ ചലനങ്ങളെ വീണ്ടും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് തന്നെ നിയന്ത്രിച്ചു. വഴി മാറി നടക്കാൻ ഇന്ത്യൻ വിപണികൾ നടത്തിയ ശ്രമം ഒരിക്കൽക്കൂടി പരാജയപ്പെട്ടു. രണ്ടു മാസക്കാലമായി ഏറെക്കുറെ ഒറ്റയ്ക്കു മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യൻ ഓഹരിവിപണിയും തളരുകയാണോ? അതോ പുതിയ

ആശങ്കപ്പെട്ടതു പോലെ, ആഗോള ഓഹരിവിപണികളുടെ ചലനങ്ങളെ വീണ്ടും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് തന്നെ നിയന്ത്രിച്ചു. വഴി മാറി നടക്കാൻ ഇന്ത്യൻ വിപണികൾ നടത്തിയ ശ്രമം ഒരിക്കൽക്കൂടി പരാജയപ്പെട്ടു. രണ്ടു മാസക്കാലമായി ഏറെക്കുറെ ഒറ്റയ്ക്കു മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യൻ ഓഹരിവിപണിയും തളരുകയാണോ? അതോ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശങ്കപ്പെട്ടതു പോലെ, ആഗോള ഓഹരിവിപണികളുടെ ചലനങ്ങളെ വീണ്ടും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് തന്നെ നിയന്ത്രിച്ചു. വഴി മാറി നടക്കാൻ ഇന്ത്യൻ വിപണികൾ നടത്തിയ ശ്രമം ഒരിക്കൽക്കൂടി പരാജയപ്പെട്ടു. രണ്ടു മാസക്കാലമായി ഏറെക്കുറെ ഒറ്റയ്ക്കു മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യൻ ഓഹരിവിപണിയും തളരുകയാണോ? അതോ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശങ്കപ്പെട്ടതു പോലെ, ആഗോള ഓഹരിവിപണികളുടെ ചലനങ്ങളെ വീണ്ടും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് തന്നെ നിയന്ത്രിച്ചു. വഴി മാറി നടക്കാൻ ഇന്ത്യൻ വിപണികൾ നടത്തിയ ശ്രമം ഒരിക്കൽക്കൂടി പരാജയപ്പെട്ടു. രണ്ടു മാസക്കാലമായി ഏറെക്കുറെ ഒറ്റയ്ക്കു മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യൻ ഓഹരിവിപണിയും തളരുകയാണോ? അതോ പുതിയ ഉയരങ്ങൾ തേടുന്നതിനു മുൻപുള്ള ചെറിയ ഇടവേളയോ? കഴിഞ്ഞയാഴ്ചയിലെ ചലനങ്ങൾ നൽകുന്ന സൂചനകളും ഈയാഴ്ചത്തെ സാധ്യതകളും വിശദമായി പരിശോധിക്കുകയാണിവിടെ.

 

ADVERTISEMENT

പലിശ ഉയർത്തൽ ആഗോള മത്സരം

 

ഫെഡറൽ റിസർവ് മുക്കാൽ ശതമാനം പലിശ ഉയർത്തിയതിലേറെ, കനത്ത വർധന തുടരുമെന്നു ഭീഷണിപ്പെടുത്തിയതാണ് കഴിഞ്ഞയാഴ്ച ആഗോള ഓഹരിവിപണികളെ കടപുഴക്കിയത്. അതോടെ, ലോകത്തിലെ സകല കറൻസികൾക്കും മറ്റു സമ്പദ്‌വ്യവസ്ഥകൾക്കും ഭീഷണിയായി ഡോളർ ഇൻഡക്സ് 22 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ (112.815) എത്തിനിൽക്കുകയും ചെയ്യുന്നു. യുഎസിനു പുറമേ, ബ്രിട്ടൻ, സ്വീഡൻ‌, സ്വിറ്റ്സർലൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളും കഴിഞ്ഞയാഴ്ച പലിശനിര‍ക്കുയർത്തി. ഈയാഴ്ച ഒടുവിൽ ആർബിഐയുടെ ഊഴമാണ്. 

ഈ വർഷം മേയിൽ 0.4 ശതമാനവും ജൂണിലും ഓഗസ്റ്റിലുമായി 0.5 ശതമാനം വീതവും പലിശ ഉയർത്തിയ ആർബിഐ ഈ മാസം 30ന് വീണ്ടും 0.5% നിരക്കുവർധന വരുത്തുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യയിലെ പലിശനിരക്കുകൾ മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തും(5.9%). ഡിസംബറിൽ നടക്കുന്ന അടുത്ത യോഗം വീണ്ടും 0.35% വർധനകൂടി വരുത്തിയേക്കുമെന്നും അതോടെ തൽക്കാലം പലിശ വർധിപ്പിക്കൽ അവസാനിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വിപണി പൊതുവെ പ്രതീക്ഷിക്കുന്ന അതേ നിരക്കിലാണ് ആർബിഐ പോകുന്നതെങ്കിൽ അത് ഓഹരിവിപണികൾക്ക് അനുകൂലമാണ്. മാത്രമല്ല, ക്രൂഡ് ഓയിൽ വില താഴ്ന്നുനിൽക്കുന്ന സാഹചര്യം തുടരുകയാണെങ്കിൽ ഇന്ത്യയിൽ പണപ്പെരുപ്പം കുറഞ്ഞുവരാനും സാധ്യതയുണ്ട്.

ADVERTISEMENT

 

അതേസമയം, യുഎസിലെ സ്ഥിതി വ്യത്യസ്തമാണ്. ഇത്തവണയും ചുരുങ്ങിയത് മുക്കാൽ ശതമാനം പലിശ വർധന വിപണി പ്രതീക്ഷിച്ചിരുന്നതുതന്നെ. വർധന ഒരു ശതമാനം ആയേക്കുമോ എന്നു ഭയപ്പെട്ടിരുന്നതുമാണ്. ആ സ്ഥിതിക്ക് മുക്കാൽ ശതമാനം വർധന വിപണികൾക്ക് ആശ്വാസം പകരേണ്ടതായിരുന്നു. പക്ഷേ, 2022ൽ ബാക്കിയുള്ള അടുത്ത രണ്ടു യോഗങ്ങളിലും വൻ വർധനതന്നെ വേണ്ടിവരുമെന്നും നിലവിൽ 3.25 ശതമാനത്തിലെത്തിയ പലിശനിരക്ക് 2022 അവസാനമാകുമ്പോഴേക്കും 4.4 ശതമാനത്തിലെത്തിക്കുമെന്നും 2023ൽ ഇത് 4.6ലേക്കു പോയേക്കുമെന്നുമുള്ള യുഎസ് ഫെഡ് ചെയർമാന്റെ മുന്നോട്ടുള്ള കാഴ്ചപ്പാടുകൾ വിപണിക്കു ഞെട്ടലുണ്ടാക്കി. ഇതോടെ യുഎസ് ഡോളർ ഇൻഡക്സും ബോണ്ട് യീൽഡുകളും കുതിച്ചുയർന്നതാണ് ഓഹരിവിപണികൾക്കു ക്ഷീണമായത്. മാത്രമല്ല, ഈ രീതിയിലുള്ള പലിശനിരക്കു വർധന സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിക്കുമെന്ന ആശങ്കയും ശക്തമാണ്. യുഎസ് ഇത്ര കർക്കശമായി പലിശ വർധിപ്പിച്ചുകൊണ്ടിരിക്കെ മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾക്ക് സ്വന്തം കറൻസിയുടെ മൂല്യം പിടിച്ചുനിർത്താനായി പലിശനിരക്കുയർത്താതെ നിവൃത്തിയുമില്ല.

 

കഴിഞ്ഞയാഴ്ച അര ശതമാനം കൂടി വർധിപ്പിച്ചതോടെ ബ്രിട്ടനിൽ പലിശനിരക്ക് 2.25% ആയി. തുടർച്ചയായി 5 തവണ കാൽ ശതമാനം വീതം പലിശ ഉയർത്തിയ ശേഷമാണ് കഴിഞ്ഞ 2 തവണയും അര ശതമാനം വർധന വരുത്തിയത്. ബ്രിട്ടനിൽ 14 വർഷത്തിനിടയിലെ ഏറ്റവും വലിയ പലിശ നിരക്കാണിത്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പം നേരിടുന്ന ബ്രിട്ടനിൽ 2022 അവസാനത്തോടെ പലിശനിരക്ക് 3.5 ശതമാനവും 2023 ജൂലൈയോടെ നാലര ശതമാനത്തിനു മുകളിലുമെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. ജപ്പാനിലെ പണപ്പെരുപ്പം ഓഗസ്റ്റിൽ 31 വർഷത്തിനിടയിലെ ഏറ്റവും ഉയരത്തിൽ (3%) എത്തിയെങ്കിലും ഇത്തവണയും കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയർത്തിയില്ല. 

ADVERTISEMENT

 

ശക്തരിൽ ശക്തനായി ഡോളർ

A man watches share prices on a digital display on the facade of the Bombay Stock Exchange (BSE) building in Mumbai on March 12, 2020. (Photo by Indranil MUKHERJEE / AFP)

 

ഏറ്റവുമൊടുവിൽ യുഎസ് ഫെഡ് മുക്കാൽ ശതമാനം പലിശനിരക്കുയർത്തിയതോടെ ഡോളർ ചരടുപൊട്ടിയ പട്ടംപോലെ പറക്കുകയാണ്. ഡോളറുമായുള്ള വിനിമയ മൂല്യത്തിൽ വെള്ളിയാഴ്ച വ്യാപാരത്തിനിടെ 81.26 എന്ന പുതിയ റെക്കോർഡ് നില വരെ ഇടിഞ്ഞ ഇന്ത്യൻ രൂപ 80.99ലാണ് ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യം പിടിച്ചുനിർത്താനായി ആർബിഐ ഡോളർ വിറ്റഴിച്ച് നാണ്യവിപണിയിൽ നടത്തുന്ന ശക്തമായ ഇടപെടൽമൂലം ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിലും കാര്യമായ കുറവു വരുന്നുണ്ട്. എന്നാൽ, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കാര്യമായ പ്രശ്നങ്ങൾ മൂലമല്ല രൂപയുടെ ഇപ്പോഴത്തെ മൂല്യമിടിയൽ എന്ന പ്രത്യേകതയുണ്ട്. ഡോളർ ലോകത്തിലെ മറ്റെല്ലാ കറൻസികളുമായുള്ള വിനിമയത്തിലും കരുത്താർജിച്ചുകൊണ്ടിരിക്കുകയാണ്. ഡോളർ ഈ വർഷം 16 ശതമാനത്തോളം നേട്ടം കൈവരിച്ചപ്പോൾ രൂപ 7% മാത്രമാണ് ഇടിഞ്ഞത്. ഡോളറൊഴികെ മറ്റു കറൻസികളുമായുള്ള വിനിമയത്തിൽ രൂപ നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

 

ആർബിഐ പലിശനിരക്ക് വീണ്ടും വർധിച്ചാൽ രൂപ അൽപം മെച്ചപ്പെട്ടേക്കാംമറ്റു കറൻസികളുമായി യുഎസ് ഡോളറിന്റെ വിനിമയമൂല്യം വ്യക്തമാക്കുന്ന ഡോളർ ഇൻഡെക്സ്, അതിന്റെ അടിസ്ഥാനമൂല്യമായ 100 പോയിന്റിൽനിന്ന് പടിപടിയായി ഉയർന്ന് 113ന് അരികിലെത്തി. 20 വർഷത്തിനിടയിലെ ഉയർന്ന നിലവാരമാണിത്. സൂചികയിലുള്ള മറ്റു കറൻസികളായ യൂറോ, ബ്രിട്ടിഷ് പൗണ്ട്, ജാപ്പനീസ് യെൻ, സ്വീഡിഷ് ക്രോണ, കനേഡിയൻ ഡോളർ, സ്വിസ് ഫ്രാങ്ക് എന്നിവയുടെ മൂല്യത്തകർച്ച ഡോളർ ഇൻഡക്സ് കരുത്താർ‌ജിക്കാൻ ഒരു കാരണമാണ്. ഡോളർ ഇൻഡക്സ് 106നു മുകളിൽ പോയാൽ പോലും അതു രൂപയ്ക്ക് ക്ഷീണമാണ്. ഈയാഴ്ച ഡോളർ വീണ്ടും മുന്നേറ്റം നടത്തുകയും ഡോളർ ഇൻഡക്സ് 115 നിലവാരത്തിലേക്കു പോകുകയും ചെയ്താൽ രൂപയുടെ മൂല്യം 82 നിലവാരത്തിലേക്ക് കൂപ്പുകുത്തും. ഡോളർ ഇത്രയേറെ കരുത്തു നേടിയാൽ ആഗോള നിക്ഷേപകർക്കു മുന്നിൽ ഏറ്റവും ആകർഷകമായ നിക്ഷേപം ഡോളർ മാത്രമാകും. ഇത് ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വീണ്ടും വിദേശനിക്ഷേപകർ(എഫ്ഐഐ) പിൻവാങ്ങുന്നതിനിടയാക്കും.

 

കഴിഞ്ഞ ഒക്ടോബർ മുതൽ തുടർച്ചയായി വിറ്റൊഴിയൽ നടത്തിയ വിദേശ നിക്ഷേപകർ ഈ വർഷം ജൂലൈ പകുതിക്കു ശേഷമാണ് വാങ്ങൽ ആരംഭിച്ചത്. തുടർന്ന് ഓഗസ്റ്റിലും സെപ്റ്റംബറിലും വാങ്ങൽ തുടർന്നിരുന്നെങ്കിലും കഴിഞ്ഞയാഴ്ചയിലെ അവസാന മൂന്നു ദിവസം കനത്ത വിൽപനയിലേക്കു മാറി. അവസാന മൂന്നു ദിനങ്ങളിലായി 5,870 കോടിയോളം രൂപയുടെ ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തിയ വാങ്ങൽ തട്ടിക്കിഴിച്ചാൽ കഴിഞ്ഞയാഴ്ചയിലെ എഫ്ഐഐ വിൽപന 4,361.81 കോടി രൂപയുടേതാണ്. 

 

ഇന്ത്യയ്ക്കു കരുത്തായി ആഭ്യന്തര ഉപഭോഗം

 

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് എന്നും തടയിടുന്നത് ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചെലവാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഓയിൽ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ രാജ്യത്തിന് ആവശ്യമായ ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. യുഎസും യൂറോപ്പുമുൾപ്പെടെ ഏറെക്കുറെ മാന്ദ്യത്തിലായതിനാൽ ഓയിലിന്റെ ഡിമാൻഡ് കുറയും. ഇത് ക്രൂഡ് ഓയിൽ വില പെട്ടെന്നു തിരിച്ചുകയറാതെ പിടിച്ചുനിർത്തുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. മാത്രമല്ല, റഷ്യയിൽനിന്നു കുറഞ്ഞ നിരക്കിൽ ഓയിൽ കിട്ടുന്നുവെന്ന മെച്ചവുമുണ്ട്. 

 

യുഎസും യൂറോപ്പും മാന്ദ്യത്തിലാകുന്നതിന്റെ പ്രതിസന്ധി കയറ്റുമതി മേഖലയ്ക്കാണ്. വിദേശത്തുനിന്നു വരുമാനം കൂടുതലുള്ള ഐടി കമ്പനികളുൾപ്പെടെ പ്രതിസന്ധി നേരിടേണ്ടിവരും. എന്നാൽ, ആഭ്യന്തര ഉപഭോഗമാണ് എന്നും ഇന്ത്യയുടെ യഥാർഥ ശക്തി. പ്രതിസന്ധിയായി പറയപ്പെടുന്ന ജനസംഖ്യ ഇവിടെ ഗുണകരമയി മാറും. മറ്റു രാജ്യങ്ങളെല്ലാം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും ഇന്ത്യയ്ക്കു കരുത്താകുന്നത് ആഭ്യന്തര ഉപഭോഗം തന്നെ. ദീർഘകാലത്തേക്ക് ഓഹരികൾ തിരഞ്ഞെടുക്കുന്നവർ ഇത്തരം കമ്പനികളിൽ നിക്ഷേപം നടത്തുന്നതാവും ഉചിതം. ഇന്ത്യയുടെ പ്രതീക്ഷ സമ്പദ്‌വ്യവസ്ഥ കരുത്താർജിക്കുന്നതിലായതിനാൽ പൊതുമേഖലയിൽ ഉൾപ്പെടെയുള്ള ബാങ്കുകളും ദീർഘകാലത്തേക്ക് മികച്ച നേട്ടം തന്നേക്കാം.

 

ഇന്ത്യൻ വിപണികൾ ഇപ്പോഴും ഉയരത്തിൽ

 

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽനിന്നു കരകയറുന്നതിനു മുൻപേ വന്ന റഷ്യ– യുക്രെയ്ൻ യുദ്ധം മൂലം ലോകം മുഴുവൻ ഓഹരിവിപണികൾ തകർച്ച നേരിട്ടിട്ടുണ്ട്. പണപ്പെരുപ്പം വികൃതമുഖം കാട്ടിത്തുടങ്ങിയതിനെത്തുടർന്ന് 2022ൽ ആഗോളവിപണികളെല്ലാം ഏറ്റവും താഴെപ്പോയത് ജൂൺ മധ്യത്തോടെയായിരുന്നു. അവിടെനിന്ന് മിക്കവാറും വിപണികൾ പതിയെ തിരികെക്കയറുകയും 15 മുതൽ 20 ശതമാനം വരെ നേട്ടം തിരികെ പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ യുഎസും ഇന്ത്യയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ അടിക്കടി പലിശനിരക്കുകൾ ഉയർത്തിയതോടെ ഇന്ത്യയൊഴികെ എല്ലാ വിപണികളും തിരികെ നഷ്ടത്തിലേക്കു കൂപ്പുകുത്തുകയും വീണ്ടും ജൂണിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തുകയും ചെയ്തു. ഇന്ത്യൻ വിപണികൾ പക്ഷേ ഇപ്പോഴും ഏറെ താഴെപ്പോയിട്ടില്ല. 

 

ജൂൺ പാതിയിൽ 29,800 നിലവാരത്തിലേക്ക് ഇടിഞ്ഞിരുന്ന യുഎസിലെ ഡൗജോൺസ് സൂചിക 35,000 നിലവാരത്തിലേക്ക് കയറിയിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ക്ലോസ് ചെയ്തത് 29,590ൽ ആണ്. 10,600 നിലയിലേക്ക് ഇടിഞ്ഞിരുന്ന നാസ്ഡാക് 13,000 നിലവാരത്തിലേക്കു കയറിയെങ്കിലും തിരികെ 10,867ൽ എത്തി. എസ്‍ആൻഡ്പി500 സൂചിക 3,600 നിലവാരത്തിൽനിന്ന് 4,200ലേക്കു കയറിയത് തിരികെ 3,666ൽ എത്തിനിൽക്കുന്നു. ബ്രിട്ടനിലെ ഫുട്സി, ജർമനിയിലെ ഡാക്സ് സൂചികകളെല്ലാം സമാനമായ അവസ്ഥയിലാണ്. 

 

അതേസമയം, ജൂൺ 17ന് നിഫ്റ്റി 15,293 നിലവാരത്തിലും സെൻസെക്സ് 51,360ലും ആയിരുന്നു. ഇവ യഥാക്രമം 18,200 പോയിന്റ്, 60,000 പോയിന്റ് നിലവാരത്തിലേക്ക് ഉയർന്നത് കുറച്ചു നാളുകളായി ഇടിയുന്നുവെങ്കിലും ഇപ്പോഴും ഏറെ താഴേക്കു പോയിട്ടില്ല. ജൂണിലെ താഴ്ന്ന നിലവാരത്തിൽനിന്ന് ഇപ്പോഴും 15 ശതമാനത്തോളം മുകളിലാണ് ഇന്ത്യൻ ഓഹരിവിപണികൾ. സ്വാഭാവികമായും കൂടുതൽ തിരുത്തലുകൾ പ്രതീക്ഷിക്കേണ്ടതാണ്. എങ്കിലും, ഏറെ മെച്ചപ്പെട്ട അവസ്ഥയിലുള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥ പരിഗണിക്കുമ്പോൾ തൽക്കാലം വിൽപന നടത്തിയാലും വിദേശനിക്ഷേപകർക്ക് ഇന്ത്യൻ വിപണിയെ അവഗണിക്കാനാവില്ല. ഡോളറിന്റെ കരുത്തു മാത്രമാണ് നിലവിൽ ഇന്ത്യൻ ഓഹരികളെ വെല്ലുവിളിക്കുന്നത്. മറ്റു രാജ്യങ്ങളിലെല്ലാം പലിശനിരക്ക് ഉയരുകയും ഡോളർ തണുക്കുകയും ചെയ്താൽ നിക്ഷേപം ഇന്ത്യയിലേക്കു തിരികെ വരുമെന്നുറപ്പാണ്.

 

ടെക്നിക്കൽ നിലവാരങ്ങൾ

 

കഴിഞ്ഞ വെള്ളിയാഴ്ച സെൻസെക്സ് 1020.80 പോയിന്റും നിഫ്റ്റി 302.45 പോയിന്റും ഇടിഞ്ഞെങ്കിലും ആഴ്ചക്കണക്കിൽ ഇടിവ് യഥാക്രമം 627.65 പോയിന്റും(1.26%) 203.35 പോയിന്റും(1.16%) മാത്രമാണ്. ആദ്യ രണ്ടു ദിനങ്ങളിലായി കനത്ത നേട്ടമുണ്ടാക്കിയിരുന്നതിനാലാണിത്. തൊട്ടുമുൻപത്തെ ആഴ്ചയും വിപണികൾ ഇതേ രീതിയിലാണു പെരുമാറിയത്. നിഫ്റ്റിയുടെ കഴിഞ്ഞയാഴ്ചയിലെ താഴ്ന്ന നില 17291.65 പോയിന്റും ഉയർന്ന നില 17,919.30 പോയിന്റുമാണ്. 628 പോയിന്റോളം വിശാലമായ ചാഞ്ചാട്ടം. ഈയാഴ്ച ആർബിഐ പണനയ യോഗത്തിനു പുറമേ സെപ്റ്റംബറിലെ ഫ്യൂച്ചേഴ്സ്, ഓപ്ഷൻ കരാറുകൾ അവസാനിക്കാനിരിക്കുന്നതും വിപണിയിൽ കടുത്ത ചാഞ്ചാട്ടം തുടരാൻ കാരണമായേക്കും. 

ഇന്ത്യയിലെ നിഫ്റ്റി സൂചികയെ ആധാരമാക്കി അവധിവ്യാപാരം നടക്കുന്ന എസ്ജിഎക്സ് നിഫ്റ്റി(സിംഗപ്പൂർ) വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് നിഫ്റ്റിയേക്കാൾ 112 പോയിന്റ് താഴെ 17,215 പോയിന്റിലാണ്.യുഎസ്, യുറോപ്യൻ വിപണികളും കനത്ത നഷ്ടത്തിലാണ് അവസാനിച്ചത്. ഇത് ഈയാഴ്ചയുടെ തുടക്കത്തിന് നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ത്യൻ വിപണിക്കു മുൻപേ വ്യാപാരം ആരംഭിക്കുന്ന എസ്ജിഎക്സ് നിഫ്റ്റിയുടെ തിങ്കളാഴ്ച തുടക്കം സൂചനയ്ക്കായി പരിഗണിക്കാം. 

 

നിലവിൽ 17,327ൽ നിൽക്കുന്ന നിഫ്റ്റിക്ക് തൊട്ടടുത്തുള്ള പിന്തുണ കഴിഞ്ഞയാഴ്ചയിലെ താഴ്ന്ന നിലയായ 17,290 തന്നെ. 17,200നും താഴേക്കു പോകുന്നെങ്കിൽ 17,120ൽ പിന്തുണ പ്രതീക്ഷിക്കാം. ഇതും ഭേദിക്കപ്പെട്ടാൽ 17,000 നിലവാരത്തിൽ ശക്തമായി പിന്തുണയുണ്ടാകും. എന്നാൽ, 17,000ത്തിനു താഴേക്കുള്ള ചാട്ടം നിഫ്റ്റിയെ 16,600 നിലവാരത്തിലേക്ക് എത്തിച്ചേക്കാം. ആർബിഐ പലിശനിരക്കുയർത്തുമെന്നതിനോട് വിപണി പൊരുത്തപ്പെട്ടുകഴിഞ്ഞ നിലയ്ക്ക് ഈയാഴ്ച വിപണികൾ തിരിച്ചുവരവിന്റെ പാതയിലേക്കു ചുവടുവച്ചാൽ 17,550, 17,700, 17,800 നിലവാരങ്ങളിലെല്ലാം സമ്മർദം നേരിടാം. 17800 മുകളിൽ വ്യാപാരം നിലനിർത്താനായാൽ മാത്രമേ പുതിയ ഉയരങ്ങളെക്കുറിച്ച് സ്വപ്നം കാണേണ്ടതുള്ളൂ. നിഫ്റ്റിയെ അപേക്ഷിച്ച് കൂടുതൽ കരുത്തു കാട്ടിയ ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച കനത്ത ഇടിവു നേരിട്ടു. എങ്കിലും നിഫ്റ്റിക്കു പുതിയ ഉയരങ്ങൾ താണ്ടണമെങ്കിൽ ബാങ്ക് നിഫ്റ്റി കരുത്തു കാട്ടുകതന്നെ വേണ്ടിവരും.

 

സ്വാധീനിക്കാവുന്ന പ്രഖ്യാപനങ്ങൾ: 

 

തിങ്കൾ (26-09)

∙ ജപ്പാനിൽ സെപ്റ്റംബറിലെ മാനുഫാക്ചറിങ്, സേവന മേഖലകളുടെ പിഎംഐ (പർച്ചേസ് മാനേജേഴ്സ ഇൻഡക്സ്) ഡേറ്റ പുറത്തിറക്കും. ഓഗസ്റ്റിൽ മാനുഫാക്ചറിങ് മേഖലയുടെ പിഎംഐ 51.5 പോയിന്റും സേവന മേഖലയുടേത് 49.5 പോയിന്റും ആയിരുന്നു. 50 പോയിന്റിനു മുകളിലാണെങ്കിൽ ആ മേഖല വളർച്ചയിലാണെന്നാണ് സൂചന.

 

ചൊവ്വ (27-09)

∙ ചൈനയിൽ ഓഗസ്റ്റിലെ വ്യവസായ മേഖലയുടെ ആദായവളർച്ച സംബന്ധിച്ച കണക്കുകൾ ലഭ്യമാകും.

 

ബുധൻ (28-09)

∙ ബാങ്ക് ഓഫ് ജപ്പാൻ കഴിഞ്ഞയാഴ്ച നടന്ന പണനയ യോഗത്തിന്റെ മിനുടസ് പുറത്തുവിടും. കഴിഞ്ഞ തവണയും പലിശനിര‍ക്കുകളിൽ ജപ്പാൻ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതേസമയം യുഎസ് ഡോളറുമായി കടുത്ത മൂല്യത്തകർച്ച നേരിട്ടിരുന്ന ജാപ്പനീസ് കറൻസിയായ യെനിനെ പിടിച്ചുയർത്താൻ ബാങ്ക് വിദേശനാണ്യ വിനിമയ വിപണിയിൽ ഇടപെടൽ നടത്തി. ഈ നടപടിയും 24 വർഷത്തിനിടെ ആദ്യമാണ്. ലോകം മുഴവുൻ പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശ നിരക്കുകൾ കൂട്ടിക്കൊണ്ടിരിക്കെ ജപ്പാൻ കേന്ദ്രബാങ്ക് മറിച്ചു തീരുമാനമെടുക്കുന്നതിന്റെ ന്യായീകരണത്തിലേക്ക് പണനയോ യോഗത്തിന്റ മിനുട്സ് വെളിച്ചം വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

വ്യാഴം (29-09)

∙ യുഎസിൽ 2022 രണ്ടാം പാദത്തിലെ ജിഡിപി ഡേറ്റ പ്രസിദ്ധീകരിക്കും. 2022ലെ രണ്ടാം പാദത്തിൽ യുഎസ് സമ്പദ്‌വ്യവസ്ഥ 0.6% ചുരുങ്ങിയതായി പ്രാഥമിക ഡേറ്റകൾ വന്നിരുന്നു. ഒന്നാം പാദത്തിൽ ജിഡിപി 1.6% ചുരുങ്ങിയതോടെ സാങ്കേതികമായി യുഎസ് മാന്ദ്യത്തിലാണ്.

∙ ചൈനയിൽ സെപ്റ്റംബറിലെ മാനുഫാക്ചറിങ് പിഎംഐ ഡേറ്റ പ്രസിദ്ധീകരിക്കും. ജൂലൈയിൽ 50.4 പോയിന്റ് ഉണ്ടായിരുന്നത് ഓഗസ്റ്റിൽ 49.5 ആയി ചുരുങ്ങിയിരുന്നു.

∙ യുഎസിൽ സെപ്റ്റംബർ 24ന് അവസാനിച്ച വാരത്തിലെ തൊഴിൽരഹിത ആനുകൂല്യത്തിന് അപേക്ഷിച്ചവരുടെ കണക്കുകൾ ലഭ്യമാകും. രണ്ടര ലക്ഷത്തിനു മുകളിൽനിന്നു തുടർച്ചയായി താഴ്ന്നുവന്നിരുന്നത് സെപ്റ്റംബർ 17ന് അവസാനിച്ച വാരത്തിൽ 2.13 ആയി ഉയർന്നിരുന്നു. ഇതു പക്ഷേ വിപണി പ്രതീക്ഷിച്ചിരുന്നതിലും കുറവാണ്. പുതിയ കണക്കുകൾ പുറത്തുവരുമ്പോൾ സ്ഥിതി വീണ്ടും മെച്ചപ്പെടുകയാണെങ്കിൽ അത് യുഎസ് ഫെഡിന്റെ പലിശനിരക്കുയർത്തൽ നയത്തിനു ന്യായീകരണമാവും

 

വെള്ളി (30-09) 

∙ ആർബിഐ പണനയം പ്രഖ്യാപിക്കും. അര ശതമാനം പലിശ ഉയർത്തുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.

∙ ഇന്ത്യയിൽ അടിസ്ഥാന സൗകര്യ മേഖലയുടെ ഓഗസ്റ്റിലെ വളർച്ച സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിക്കും. ജൂണിൽ 13.2% ഉണ്ടായിരുന്ന വളർച്ച ജൂലൈയിൽ 4.2% ആയി ചുരുങ്ങിയിരുന്നു. ജനുവരിക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാണിത്.

 

പ്രധാന ഓഹരി സൂചികകളിലെ വെള്ളിയാഴ്ചത്തെ ക്ലോസിങ് നില

 

സെൻസെക്സ് – 58,098.92(–1020.80)

നിഫ്റ്റി 50– 17,327.35 (–302.45)

എസ്ജിഎക്സ് നിഫ്റ്റി – 17,215.00 (–117.00)

ഡൗജോൺസ് – 29,590.41 (–486.27)

നാസ്ഡാക് – 10,867.93 (–198.88)

എസ്ആൻഡ്പി 500 – 3,693.23 (–64.76)

എഫ്ടിഎസ്ഇ 100 – 7,018.60 (–140.92)

ഡാക്സ് – 12,284.19 (–247.44)

 

English Summary: Share Market Prediction of This Week