മൂന്നടിച്ച് സ്പെയിനും ഗോൾ മഴയിൽ റഷ്യയും– വിഡിയോ ഹൈലൈറ്റ്സ്

കാണാം റോണോ മാജിക്

കളിയിലും കളക്കണക്കിലും സ്പെയിൻ മുന്നിൽ നിന്നിട്ടും റൊണാൾഡോയുടെ വ്യക്തിഗത മികവിൽ പോർച്ചുഗൽ പോയിന്റ് പങ്കുവച്ചു. പോർച്ചുഗലിനു വേണ്ടി റൊണാൾഡോ ഹാട്രിക് കുറിച്ചപ്പോൾ ഡിയേഗോ കോസ്റ്റ സ്പെയിന്റെ രണ്ടു ഗോൾ നേടി. നാച്ചോയാണ് സ്പെയിനിന്റെ ഒരു ഗോൾ നേടിയത്.

ഗോൾ മഴ തീർത്ത് ആതിഥേയർ

റഷ്യ കുതിപ്പു തുടങ്ങി. ഏഷ്യയുടെ വെല്ലുവിളിയുമായെത്തിയ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ആതിഥേയർ 21–ാം ലോകകപ്പിന്റെ ഉദ്ഘാടന മൽസരത്തിൽ തകർത്തത്. യൂറി ഗാസിൻസ്കി (12–ാം മിനിറ്റ്),  ഡെനിസ് ചെറിഷേവ് (43, 90), ആർട്ടെം സ്യൂബ (71), അലക്സാണ്ടർ ഗോലോവിൻ(94)  എന്നിവരാണ് റഷ്യക്കു വേണ്ടി ഗോൾ കുറിച്ചത്.

ബുള്ളറ്റ് ഹെഡർ ഗോളുമായി യുറഗ്വായ്

 പോരാട്ടവീര്യത്തിന്റെ നിറരൂപമായി നിറഞ്ഞുനിന്ന ഈജിപ്തിനെ അവരുടെ ഒറ്റനിമിഷത്തെ പിഴവിൽനിന്ന് നേടിയ ഗോളിൽ പിന്തള്ളി യുറഗ്വായ്ക്ക് വിലപ്പെട്ട മൂന്നു പോയിന്റ്. മൽസരം അവസാനിക്കാൻ രണ്ടു മിനിറ്റു മാത്രം ശേഷിക്കെ ഫ്രീക്കിൽനിന്നെത്തിയ പന്തിന് തലവച്ച മൂന്നാം നമ്പർ താരം ഹോസെ ജിമെനെസിന്റെ ബുള്ളറ്റ് ഹെഡറാണ് യുറഗ്വായ്ക്ക് വിജയം സമ്മാനിച്ചത്.

ഭാഗ്യ ടീം ഇറാൻ

കളി നിയന്ത്രിച്ചതും കളിച്ചതും മൊറോക്കോ. കൂടുതൽ സമയവും കാഴ്ചക്കാരുടെ റോളിൽ ഇറാൻ. മൽസരത്തിൽ പന്തു കൈവശം വയ്ക്കാനായതുപോലും 32 ശതമാനം മാത്രം. എന്നിട്ടും, ഇന്‍ജുറി ടൈമിൽ മൊറോക്കോ വഴങ്ങിയ സെൽഫ് ഗോളിന്റെ കനിവിൽ ഇറാന് ഒരു ഗോൾ വിജയം. ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ മൊറോക്കോ താരം അസീസ് ബുഹാദോസാണ് സെൽഫ് ഗോൾ വഴങ്ങി ടീമിനെ തോൽവിയിലേക്കു തള്ളിവിട്ടത്.