അവർ മൂന്നും ഒരുമിച്ചു പറയുന്നു, ശ്ശോ; വേണ്ടായിരുന്നു!

നെയ്മർ, ഷാക്കിരി , നവാസ്, മാറ്റിച്ച്

ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ സെർബിയയും കോസ്റ്ററിക്കയും സ്വിറ്റ്സർലൻഡും മുഖത്തോടു മുഖം നോക്കിപ്പറഞ്ഞു: ‘ശ്ശോ; വേണ്ടായിരുന്നു!’ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം മോഹിച്ച് ആരും ഇങ്ങോട്ടു വരണ്ട എന്ന ഭാവത്തിൽ വല്യേട്ടൻമാരായി ബ്രസീൽ വാതിൽക്കൽ തന്നെ നിൽക്കുന്നു.

ക്ലാസും ഫോമും വച്ചു നോക്കിയാൽ ബ്രസീലിനു പിന്നിൽ രണ്ടാമൻമാരാകാനാണ് മറ്റുള്ളവർ തമ്മിൽ മൽസരം. മറിച്ചൊന്നു സംഭവിച്ചാൽ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി ഗ്രൂപ്പാകും ഇത്.

ബ്രസീൽ: പഠിപ്പിസ്റ്റ് കുട്ടി!

ഫിഫ റാങ്കിങ്: 2, പരിശീലകൻ: ടിറ്റെ

പരീക്ഷയൊന്നു തുടങ്ങിയിരുന്നെങ്കിൽ എന്ന് ഉൽസാഹം കാണിക്കുന്ന കുട്ടിയെപ്പോലെയാണ് ബ്രസീൽ. നാലുവർഷം മുൻപ് ജർമനിയിൽ നിന്നേറ്റ തോൽവിയിൽ നിന്ന് ചാരത്തിൽ നിന്നെന്നപോലെ ഉയിർത്തെഴുന്നേറ്റ കാനറിക്കിളികൾ ലോകകപ്പിന് ആദ്യം യോഗ്യത നേടുകയും ആദ്യം ടീമിനെ പ്രഖ്യാപിക്കുകയും ചെയ്ത ടീമാണ്. ഏറ്റവും അവസാനം മടങ്ങുന്ന ടീമും ആയിരിക്കണേ എന്നാണ് ആരാധകരുടെ പ്രാർഥനയും പ്രതീക്ഷയും. ചുമതലയേറ്റെടുക്കുമ്പോൾ ആറാം സ്ഥാനത്തുണ്ടായിരുന്നു ടീമിനെയാണ് കോച്ച് ടിറ്റെ ഇങ്ങനെ മാറ്റിയെടുത്തത്.

കരുത്ത്: നെയ്മറെ മാത്രം ചുറ്റിയുള്ള ടീമല്ല ബ്രസീൽ ഇപ്പോൾ. ഫിലിപ്പെ കുടീഞ്ഞോ, റോബർട്ടോ ഫിർമിനോ, വില്ലിയൻ, ഗബ്രിയേൽ ജിസ്യൂസ്– വിശ്വസിക്കാവുന്ന ഒട്ടേറെ താരങ്ങൾ ടീമിലുണ്ട്.

ദൗർബല്യം: റൈറ്റ് ബായ്ക്ക് ഡാനി ആൽവസിനു പരുക്കേറ്റത് വലിയ തിരിച്ചടി. വിങ് ബായ്ക്കുകൾ വരെ ആക്രമിച്ചു കയറുന്ന ശൈലി പ്രതിരോധത്തെ ദുർബലപ്പെടുത്തുമോ എന്നത് മറ്റൊരു ചോദ്യം.

തെക്കേ അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീൽ അടിച്ചു കൂട്ടിയ ഗോളുകൾ 41. വഴങ്ങിയത് ആകെ 11 ഗോളുകൾ മാത്രം.

സ്വിറ്റ്സർലൻഡ്: കുഞ്ഞു ലോകചാംപ്യൻമ‍ാർ!

ഫിഫ റാങ്കിങ്: 6

പരിശീലകൻ: വ്ലാദിമിർ പെറ്റ്കോവിച്ച്

2009ൽ അണ്ടർ–17 ലോകകപ്പിൽ ചാംപ്യൻമാരായവരിൽ നിന്ന് വളർന്നു വന്നവരാണ് ഈ സ്വിസ് ടീം. എന്നാൽ യോഗ്യത നേടാൻ പ്ലേഓഫിൽ ഭാഗ്യത്തിന്റെയും വിവാദത്തിന്റെയും കൂടി അകമ്പടി വേണ്ടിവന്നു. വടക്കൻ അയർലൻഡിനെതിരെ വിവാദമായ ഒരു പെനൽറ്റി കിക്കിലായിരുന്നു സ്വിറ്റ്സർലൻഡിന്റെ ജയം. ബോസ്നിയക്കാരൻ വ്ലാദിമിർ പെറ്റ്കോവിച്ച് മൂന്നു വർഷമായി ടീമിന്റെ പരിശീലകനാണ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ സ്റ്റോക്ക് സിറ്റിയുടെ അറ്റാക്കിങ് മിഡ്ഫീൽഡറായ ഷെർദാൻ ഷാക്കിരിയാണ് സൂപ്പർ താരം.

കരുത്ത്: ബ്രസീലിനെപ്പോലെ ഒന്നാന്തരം ഫുൾ ബായ്ക്കുകൾ. ക്യാപ്റ്റൻ സ്റ്റീഫൻ ലിച്ച്സ്റ്റെയ്നറും എസി മിലാൻ താരം റോഡ്രിഗസും. ബേസൽ താരം മൈക്കൽ ലാങ് മികച്ച പകരക്കാരനും.

ദൗർബല്യം: ഗ്രൂപ്പിൽ നിന്നു കടന്നാലും നോക്കൗട്ട് ഘട്ടത്തിൽ എന്നും വീണുപോകുന്നതാണ് സ്വിസ് ടീമുകളുടെ പോരായ്മ. അവസാനമായി അവർ ഒരു നോക്കൗട്ട് മൽസരം ജയിച്ചത് 1954 ലോകകപ്പിൽ.

കഴിഞ്ഞ വർഷം യൂറോ കപ്പിൽ മൽസരിച്ച 23 അംഗ ടീമിലെ ഒൻപതു പേർ മാത്രമായിരുന്നു സ്വിസ് വംശജർ. ബാക്കിയുള്ള 14 പേരും വിദേശ വേരുകളുള്ളവർ.

കോസ്റ്ററിക്ക: അരക്കോടി, അഞ്ചു ലോകകപ്പ്!

ഫിഫ റാങ്കിങ്: 25

പരിശീലകൻ: ഓസ്കാർ റാമിറെസ്

അരക്കോടി മാത്രം ജനസംഖ്യയുള്ള കോസ്റ്ററിക്ക ഇതുവരെ അഞ്ചു ലോകകപ്പ് കളിച്ചു. 2014 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലെത്തിയാണ് അവർ ലോകത്തെ അമ്പരപ്പിച്ചത്. ബ്രയാൻ റൂയിസ് മുന്നേറ്റത്തിലും സെൽസോ ബോർജസ് മധ്യനിരയിലും അപകട സാന്നിധ്യം. എന്നാൽ കോസ്റ്ററിക്കയെ ലോകമറിയുന്നത് റയൽ മഡ്രിഡ് ഗോൾകീപ്പർ കെയ്‌ലർ നവാസിന്റെ പേരിൽ. കലഹിച്ചു പുറത്തായ പൗളോ വാൻചോപ്പിനു പകരം ഓസ്കാർ റാമിറെസാണ് പരിശീലകൻ.

കരുത്ത്: മതിലു പോലുള്ള പ്രതിരോധം. യോഗ്യതാ റൗണ്ടിൽ എട്ടു ഗോളുകൾ മാത്രമാണ് കോസ്റ്ററിക്ക വഴങ്ങിയത്. വാസ്റ്റൺ–ഗോൺസാലസ്–അകോസ്റ്റ ത്രയത്തെ മറികടന്നാലും അപ്പുറം ഒരാളുണ്ട്– കെയ്‌ലർ നവാസ്!

ദൗർബല്യം: ശരിക്കുമൊരു സെന്റർ ഫോർവേഡില്ല. ജോയൽ കാംപലും മാർകോ ഉറിനയും പരുക്കിൽ നിന്നു മുക്തരായതേയുള്ളൂ. വിങ്ങിൽ റൂയിസിനെ അമിതമായി ആശ്രയിക്കേണ്ടി വരും.

2014 ലോകകപ്പിൽ മൂന്നു ലോകചാംപ്യൻമാരടങ്ങിയ ഗ്രൂപ്പിൽ കോസ്റ്ററിക്ക ജേതാക്കളായി. യുറഗ്വായെയും ഇറ്റലിയെയും തോൽപിച്ചു. ഇംഗ്ലണ്ടിനെ സമനിലയിൽ പിടിച്ചു.

സെർബിയ: പേരു മാറിയാലും...

ഫിഫ റാങ്കിങ്: 35

പരിശീലകൻ: മ്ലാദൻ സ്രാജിക്

സെർബിയയെ ഫുട്ബോൾ ലോകം ഓർക്കുന്നത് യുഗോസ്ലാവിയ ആയിട്ടാണ്. യുഗോസ്ലാവിയ ആയിരുന്ന കാലത്ത് രണ്ടു ലോകകപ്പുകളിൽ നാലാം സ്ഥാനത്തെത്തിയ റെക്കോർഡുണ്ട് ടീമിന്. 1930ലും 1962ലും. 2006 ലോകകപ്പിൽ അർജന്റീന സെർബിയയെ തകർത്തത് 6–0ന്. അന്നു സെർബിയ ആൻഡ് മോണ്ടിനെഗ്രോയായിരുന്നു. പേരിലെ വാലു മുറിച്ചെങ്കിലും ടീമിന്റെ നടുക്കഷണം പഴയതുപോലെ തന്നെ. മുൻ ചെൽസി ഡിഫൻഡർ ബ്രാനിസ്ലാവ് ഇവാനോവിച്ചും മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ നെമാഞ്ച മാറ്റിച്ചുമാണ് ടീമിലെ പ്രധാനികൾ. ക്യാപ്റ്റൻ എഎസ് റോമ താരം അലക്സാണ്ടർ കോളറോവ്.

കരുത്ത്: ലോകോത്തര മിഡ്ഫീൽഡ്. നെമാഞ്ച മാറ്റിച്ചിന് ഒരു മുഖവുരയും വേണ്ട. ക്രിസ്റ്റൽ പാലസിന്റെ മിലിവോജെവിക്, ലാസിയോയുടെ സാവിക് എന്നിവരും മികച്ച ഫോമിൽ.

ദൗർബല്യം: ഡിഫൻസിലെ വേഗക്കുറവ്. ഇവാനോവിച്ചിന് 34 വയസ്സായി. കോളറോവും റുകാവിനയും സീനിയർ താരങ്ങൾ തന്നെ. നിർണായക നിമിഷങ്ങളിൽ ഇടറി വീഴുന്ന സ്വഭാവവും സെർബിയയ്ക്കുണ്ട്.

ലോകകപ്പിനെത്തുന്ന ടീമുകളിൽ ഏറ്റവും ഉയരക്കാർ സെർബിയയാണ്. ശരാശരി ഉയരം 186.5 സെ.മീറ്റർ.