മെസ്സി അഥവാ ബാർസയുടെ തേരാളി; അർജന്റീനയുടെ ...?

ലയണൽ മെസ്സി

ബാർസിലോനയിൽ നിന്നു ബ്യൂണസ് ഐറിസിലെത്തുന്നതിനേക്കാൾ ദൂരമുണ്ട് എഫ്സി ബാർസിലോനയുടെ പത്താം നമ്പർ കുപ്പായത്തിൽ നിന്ന് അർജന്റീനയുടെ അതേ നമ്പർ പതിഞ്ഞ നീലവരയൻ കുപ്പായത്തിലേയ്ക്ക് – ലയണൽ മെസ്സിയുടെ ‘ഡബിൾ’ റോളിനെക്കുറിച്ചുയരുന്ന ആക്ഷേപങ്ങളിലൊന്നാണിത്. ദേശീയ ടീമിലെത്തുമ്പോൾ ബാർസയിലെ മെസ്സിയുടെ നിഴൽ മാത്രമാകുമെന്ന പരാതികൾക്ക് ആ കരിയറിനോളം പഴക്കമുണ്ട്.

റഷ്യൻ മണ്ണിൽ നാലാം ലോകകപ്പിന് ഇറങ്ങുമ്പോൾ മെസ്സിക്കു നേരെയുള്ള വിമർശനശരങ്ങൾക്കു പഴയ മുനയില്ല. അർജന്റീനയുടെ കുപ്പായത്തിലും താരം മിശിഹയായി അവതരിച്ചതു തന്നെ ആദ്യകാരണം. സ്പെയിനിൽ മെസ്സി മിന്നിത്തിളങ്ങിയ സീസണിനു പിന്നാലെയാണു ലോകകപ്പിന്റെ വരവെന്നതു രണ്ടാമത്തെ കാരണം.

ബാർസയുടെ തേരാളി

സ്പാനിഷ് ലാലിഗയിൽ 34 ഗോളുകളുമായി ടോപ് സ്കോററായതിൽ മാത്രമല്ല മെസ്സിയുടെ തിളക്കം. സൂപ്പർ കപ്പിൽ റയലിനെതിരായ തോൽവിയിൽ കിതച്ച്, ദുർബലരെന്നു മുദ്ര ചാർത്തിയാണു ബാർസിലോന പോയ സീസൺ തുടങ്ങിയത്. നെയ്‌മറുടെ അഭാവം ഒരുവശത്ത്. പകരക്കാരനായി തേടിയ കുട്ടിഞ്ഞോയെ കിട്ടാത്ത അവസ്ഥ. പുതുതായെത്തിയ ഡെംബലെയാകട്ടെ പരുക്കിന്റെ പിടിയിലും. പക്ഷേ ലീഗ് പുരോഗമിക്കും തോറും ബാർസയുടെ കഥ മാറുകയായിരുന്നു. ഗോൾ വല കുലുക്കിയും ഗോൾ വഴി ഒരുക്കിയും ലയണൽ മെസ്സി അതിലെ നായകനായി. അവസാനഘട്ടം വരെ സസ്പെൻസ് ത്രില്ലറിന്റെ ആവേശം കൈവെടിയാത്ത സ്പാനിഷ് ലീഗ് ഏറെ നാളുകൾക്കു ശേഷം ഒരൊറ്റ ടീമിന്റെ തേരോട്ടത്തിനു സാക്ഷിയായി.

ഒട്ടേറെ മൽസരങ്ങൾ ബാക്കിനിൽക്കേയാണു മെസ്സിയും സംഘവും ലാ ലിഗയുടെ കിരീടം ഉറപ്പിച്ചത്. വെല്ലുവിളിക്കാൻ ആരും ഇല്ലാതെ കാറ്റലൻ ടീമിന്റെ ശേഖരത്തിൽ കിരീടം വന്നു ചേരുമ്പോൾ ലീഗിലെ ചെങ്കോലിന്റെ അവകാശം തേടിയും ആരും കടന്നുവന്നില്ല– മെസ്സി, മെസ്സി മാത്രം നിറഞ്ഞുനിന്ന സ്പാനിഷ് ലീഗ്. പരാജയമറിയാത്ത മുന്നേറ്റത്തിലെ പുതിയ റെക്കോർഡും കുറിച്ചശേഷം ബാർസ ഒടുവിൽ ഒരു മൽസരം കൈവെടിയുമ്പോൾ തെളിഞ്ഞുനിന്നതും മെസ്സിയുടെ അഭാവമാണ്. ഈ സീസണിൽ പരാജയം എന്തെന്നറിയാതെയാണ് അർജന്റീന താരം സ്പാനിഷ് ലീഗ് കളിച്ചുതീർത്തത്. 

അർജന്റീനയിലും തിളക്കം

ബാർസയിലും അർജന്റീനയിലും കളിക്കുന്ന മെസ്സി രണ്ടാണെന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കാൻ വൈകിയ വേളയിലെങ്കിലും ഈ മുപ്പതുകാരനു സാധിച്ചിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പതിവില്ലാത്തവിധം തട്ടിമുട്ടിയാണ് അർജന്റീന ഇത്തവണ ലക്ഷ്യത്തിലെത്തിയത്. മെസ്സിയുടെ അഭാവത്തിൽ ശരാശരി ടീമെന്നു പോലും വിശേഷിപ്പിക്കാനാകാത്തവിധം നിറംമങ്ങി അർജന്റീനയുടെ കളി. ഒടുവിൽ മെസ്സിയുടെ ഇന്ദ്രജാലം തന്നെ വേണ്ടിവന്നു ടീമിനെ റഷ്യയിലെത്തിക്കാൻ. യൂറോപ്പിൽ ഗോളടിച്ചു കൂട്ടുന്ന സഹതാരങ്ങളുടെ കളിക്കണക്കുകൾ മാത്രം മതി അർജന്റീനയ്ക്കു വേണ്ടി ഇപ്പോൾ ബാർസയിലെ മികവുള്ള മെസ്സി കളിക്കുന്നുണ്ടെന്നു തെളിയാൻ.

യോഗ്യതാ ഘട്ടത്തിൽ അർജന്റീനയ്ക്കായി എട്ടു മൽസരങ്ങൾക്കിറങ്ങിയ ഡൈബാലയും ഏഴു മൽസരങ്ങൾക്കിറങ്ങിയ അഗ്യൂറോയും ഒരു വട്ടം പോലും ഗോൾവല ചലിപ്പിച്ചില്ല. സീരി എ ടോപ് സ്കോററായ ഇകാർദിയും അക്കൗണ്ട് തുറന്നിട്ടില്ല. ഹിഗ്വയ്ന്റെ സമ്പാദ്യം ഒൻപതു മൽസരങ്ങളിൽ നിന്ന് ഒരേയൊരു ഗോളാണ്. ഇനി മെസ്സിയുടെ കണക്ക് സംഭാവന – 10 മൽസരം, ഏഴ് ഗോൾ, മൂന്ന് അസിസ്റ്റ്. എല്ലാറ്റിനും മേലെ ജീവൻമരണപ്പോരാട്ടത്തിൽ ഹാട്രിക്കുമായി സ്വന്തം ടീമിന്റെ രക്ഷകനായും മെസ്സി അവതരിച്ചു. ഇപ്പോഴിതാ സന്നാഹമൽസരത്തിലും മൂന്നു വട്ടം വല കുലുക്കി താരം പ്രഖ്യാപിച്ചുകഴിഞ്ഞു – അർജന്റീനയുമായി ‘ബാർസയുടെ മെസ്സി’ റഷ്യയിലേയ്ക്കു വരികയാണെന്ന്. 

കണക്കുകളിലെ ലയണൽ മെസ്സി

ഗോൾവേട്ടയിൽ കടുത്ത പോരാട്ടം കണ്ട സീസണിനു ശേഷമാണു യൂറോപ്യൻ ലീഗുകൾ റഷ്യൻ ലോകകപ്പിനു വഴിമാറുന്നത്. ഇവിടെയും തലപ്പത്തു മെസ്സി തന്നെ. സ്പാനിഷ് ലാലിഗയിൽ 34 ഗോളുകളുമായി തിളങ്ങിയ മെസ്സി യൂറോപ്യൻ ഗോൾഡൻ ബൂട്ടും സ്വന്തമാക്കി. ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ പുത്തൻ സെൻസേഷനായ ലിവർപൂൾ താരം സലായുടെ വെല്ലുവിളി മറികടന്നാണു അർജന്റീന താരം യൂറോപ്യൻ ലീഗുകളിലെ ടോപ് സ്കോററായത്.

യുവേഫ ചാംപ്യൻസ് ലീഗ് ഉൾപ്പെടെ യൂറോപ്പിലെ എല്ലാ മൽസരങ്ങളിലെ ഗോൾവേട്ടക്കാരുടെ നിരയിലും ഒന്നാം സ്ഥാനത്തു മെസ്സിയുടെ പേരും ബൂട്ടുമുണ്ട്. 45 ഗോളുകളോടെ മെസ്സി ഒന്നാമനായ യൂറോപ്യൻ സ്കോറിങ്ങിൽ ചാംപ്യൻസ് ലീഗിന്റെ കലാശപ്പോരാട്ടത്തിനിറങ്ങിയ സലായ്ക്കും റയലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമാണു രണ്ടാം സ്ഥാനം. ഫ്രീകിക്കുകൾ ഗോളിലേയ്ക്കു തിരിച്ചുവിടുന്നതിൽ മെസ്സി കസറിയ സീസണിൽ ഹാട്രിക്കുകളുടെ എണ്ണത്തിലും താരത്തിനൊപ്പം നിൽക്കാൻ യൂറോപ്പിൽ ആളില്ല. ബാർസയുടെ നിറമണിഞ്ഞു മെസ്സി നാലു തവണ ഹാട്രിക് നേട്ടവുമായി കളം നിറഞ്ഞു.

ഗോളിൽ മാത്രം ഒതുങ്ങുന്നതല്ല ലാലിഗയിലെ മെസ്സിമൂല്യം. പ്രീമിയർ ലീഗ് മുതൽ ഫ്രഞ്ച് ലീഗ്– വൺ വരെയുള്ള യൂറോപ്പിലെ നാലു പ്രമുഖ ലീഗുകളിലെ കണക്കുകളിലൂടെയൊന്നു കണ്ണോടിച്ചാൽ ചിത്രം വേറെ ‘ലെവൽ’ എത്തും. ഗോളിലും അസിസ്റ്റിലും ചാൻസ് ക്രിയേഷനിലും ഡ്രിബ്ലിങ്ങിലും തലപ്പത്തു വ്യത്യസ്ത പേരുകളാണു നാലിടത്തും. എന്നാൽ ലാലിഗ എത്തുമ്പോൾ എല്ലായിടത്തും മെസ്സിമയം. അസിസ്റ്റുകളിലും അവസരങ്ങൾ ഒരുക്കിയതിലും ഡ്രിബ്ലിങ്ങുകളുടെ എണ്ണത്തിലുമെല്ലാം മെസ്സിക്കു പിന്നിലാണു സ്പെയിനിലെ താരങ്ങൾ.