15 ക്രിസ്റ്റ്യാനോ വർഷങ്ങൾ; റൊണാൾ‍‍ഡോയുടെ വളർച്ച, കാലങ്ങളിലൂടെ..

റഷ്യൻ ലോകകപ്പിൽ നാലാം ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ കുതിപ്പു തുടരുന്നു. രണ്ടാം റൗണ്ട് മൽസരങ്ങൾ പുരോഗമിക്കുമ്പോൾ ഗോൾ സ്കോറർമാരിൽ നിലവിൽ ഒന്നാമനാണ് റൊണാൾഡോ. മൊറോക്കോയ്ക്കെതിരായ മൽസരത്തിന്റെ നാലാം മിനിറ്റിൽ നേടിയ ഗോൾ, ദേശീയ ടീമിനായുള്ള താരത്തിന്റെ 85–ാം ഗോളാണ്. ഇതോടെ, യൂറോപ്പിൽ ഗോൾവേട്ടയിൽ സാക്ഷാൽ ഫെറെങ്ക് പുസ്കാസിനെ മറികടന്നു മുന്നിൽക്കയറാനും ആരാധകരുടെ റോണോയ്ക്കായി.

ക്രിസ്റ്റ്യാനോ റൊണാൾ‍‍ഡോയുടെ വളർച്ച, കാലങ്ങളിലൂടെ..

∙ 2002– 2003

ലോകത്തിലെ ഏറ്റവും വേഗമേറിയ സ്ട്രൈക്കർ. ഓട്ടത്തിൽ ഒന്നാമത്. രണ്ടു വിങ്ങുകളിലും സെന്ററിലും കളിക്കാനുള്ള മിടുക്ക്. ഡ്രിബ്ലിങ് മികവും ഫെയ്കിങ് വിരുതും ഉപയോഗിച്ച് വിങ്ങിലൂടെ ഓടിക്കയറി ബോക്സിലേക്കു ക്രോസ് നൽകുന്നതിൽ മിടുക്ക്.

∙ 2003 : മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യണൈറ്റഡിലേക്ക്. പൊക്കക്കാരനായ താരത്തിന്റെ അത്‌ലറ്റിക് മികവുകൾ പുറത്തു കൊണ്ടുവരാൻ അലക്സ് ഫെർഗൂസന്റെ വക പ്രത്യേക വ്യായാമ മുറകൾ.

∙ 2004– 2009

ക്രിയേറ്റീവ് മിഡ്ഫീൽഡറുടെ റോളിലേക്ക് മാറ്റം. ഉയരത്തിൽ വരുന്ന പന്തുകൾ പിടിച്ചെടുക്കാനുള്ള വിരുത്, ഹെഡർ മികവ് എന്നിവ കൂടി. പാസിങ് മികവ് കൂടി. ഇടതുവിങ്ങിൽ കരുത്തനായി. വിങ്ങിൽനിന്ന് സെന്ററിലേക്കു കയറിച്ചെന്നു ഫിനിഷ് ചെയ്യാൻ‌ തുടങ്ങി

∙ റെനി മ്യൂലൻസ്റ്റീൻ

റോണോയ്ക്ക് ഒറ്റയ്ക്കു പരിശീലനം. കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായെത്തിയ റെനി മ്യൂലൻസ്റ്റീനായിരുന്നു ചുമതല. ഇതിലൂടെ വിങ്ങറിൽനിന്നു സ്ട്രൈക്കറിലേക്കു പരിവർത്തനം.

∙ 2009: റയൽ മഡ്രിഡ്

ആക്രമണകാരിയായ സ്ട്രൈക്കർ. കൗണ്ടർ അറ്റാക്കിങ് ഗെയിം റോണോയെ അപകടകാരിയാക്കി. സ്ട്രൈക്കിങ് പ്ലേമേക്കർ എന്ന പുതിയ റോൾ. ഉയരം, നല്ല കാഴ്ച, പാസിങ് വിരുത്, അതിവേഗ ടെക്നിക്കുകൾ എന്നിവ വർധിച്ചു.

∙ 2015 : ഫിനിഷർ

പ്രായം മുപ്പതിലെത്തിയതോടെ കളി കൂടുതൽ ടെക്നിക്കലായി. ഫ്രീകിക്ക്, പെനൽറ്റി എന്നിവയിൽ മികവ്. ലോങ് റേഞ്ചറുകളിൽനിന്നു ഗോൾ നേടാൻ തുടങ്ങി. ഒറ്റഷോട്ടിൽ ഗോൾ എന്നതായി ലക്ഷ്യം. ഇക്കഴിഞ്ഞ ചാംപ്യൻസ് ലീഗിൽ യുവെന്റസിനെതിരെ നേടിയ ഓവർഹെഡ് കിക്ക് (ബൈസിക്കിൾ കിക്ക്) ഗോൾ ഇതിനുദാഹരണം.