പൊസിഷനിങ്ങും മാർക്കിങ്ങുമുണ്ടോ, അർജന്റീന ഫ്രാൻസിനെ വീഴ്ത്തും: മറഡോണ

ആദ്യറൗണ്ട് കഴിഞ്ഞു; ലോകചാംപ്യന്മാർ പുറത്താവുകയും ചെയ്തു! പക്ഷേ, മികച്ച 16 ടീമുകൾ കളത്തിലുണ്ട്. നോക്കൗട്ടിൽ, ഇതിൽ മികച്ചവർ മുന്നേറും. അല്ലാത്തവർ വഴിയിൽ വീഴും. അർജന്റീന, ഫ്രാൻസ് എന്നീ ടീമുകളിലൊന്ന് ക്വാർട്ടറിനു മുൻപേ പുറത്താകുന്ന അവസ്ഥയാണിപ്പോൾ. പോർച്ചുഗലും യുറഗ്വായും തമ്മിലും ഇതാണു സ്ഥിതി. ഫേവറിറ്റുകളായി ആരും കളത്തിലില്ലെന്ന് ഇതിനാൽ തന്നെ വ്യക്തം.

മൂന്നു കളിയിൽ ഏഴുപോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണു ഫ്രാൻസ് വരുന്നത്. അവർ നേടിയ മൂന്നു ഗോളുകളിലൊന്ന് സെൽഫായിരുന്നു. അതിനർഥം ടീം സ്കോർ ചെയ്തതു രണ്ടുവട്ടം മാത്രം. കടലാസിൽ കരുത്തരായി ഫ്രാൻസിനു കളത്തിൽ അതു പ്രയോഗിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നർഥം. കൃത്യമായ പൊസിഷനിങ്ങും മാർക്കിങ്ങുമുണ്ടെങ്കിൽ അർജന്റീനയ്ക്കു ഫ്രാൻസിനെ മുട്ടുകുത്തിക്കാൻ പറ്റുമെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു.

ഫ്രാൻസിന്റെ മധ്യനിരയെ കാണാതിരിക്കാനും വയ്യ. പോൾ പോഗ്ബയും എൻഗോളോ കാന്റെയും ഉൾപ്പെടുന്ന മിഡ്ഫീൽഡിന് ഏത് ആക്രമണവും ചെറുക്കാനും എത്ര വലിയ മുന്നേറ്റവും ആസൂത്രണം ചെയ്യാനും സാധിക്കും. അർജന്റീനയുടെ പ്രശ്നം പ്രതിരോധത്തിലാണ്. നിക്ലാസ് ഒട്ടമെൻഡിയും ഹവിയർ മഷരാനോയും ഫോമിലേക്കുയരണം. ലയണൽ മെസ്സിയെ വല്ലാതെ ആശ്രയിക്കുന്നതിന്റെ പ്രശ്നം വേറെ. കഴിഞ്ഞ കളിയിൽ, അവർ നന്നായി പൊരുതി.

അതു നല്ല സൂചനയാണ്. മെസ്സി, അയാൾക്കു മാത്രം കഴിയുന്ന പ്രകടനം നടത്തുകയും മറ്റു കളിക്കാർ അതിനു പിന്തുണ നൽകുകയും ചെയ്താൽ അർജന്റീനയ്ക്കു ഫ്രാൻസിനെ വീഴ്ത്തി മുന്നേറാം. ഇരുടീമുകളും അവരുടെ യഥാർഥ മികവിലേക്ക് ഇതുവരെ ഉയർന്നിട്ടില്ലെന്നതും യാഥാർഥ്യമാണ്.  പോർച്ചുഗൽ–യുറഗ്വായ് മൽസരവും ആവേശകരമാകുമെന്നുറപ്പ്.

ആദ്യ കളിയിൽ ഹാട്രിക്കോടെ തുടങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനൽറ്റി നഷ്ടമാക്കിയില്ലായിരുന്നെങ്കിൽ, ഇപ്പോൾ ഹാരി കെയ്നൊപ്പം ടോപ്സ്കോറർ പട്ടികയിൽ കണ്ടേനെ. യുറഗ്വായ് താരം ലൂയി സ്വാരെസ് യഥാർഥ ഫോമിലേക്കുയരാൻ ഇനിയും വൈകിക്കൂടാ. ഈ രണ്ടുകളികളെയും ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം– തുല്യ ശക്തികളുടെ പോരാട്ടം!