നോര്‍ത്ത് ഈസ്റ്റിനെ ഒരു ഗോളിന് തോൽപ്പിച്ച് ജംഷഡ്പൂർ, മൂന്നാം സ്ഥാനത്ത്

ഗോൾ നേടിയ ജംഷഡ്പൂർ താരങ്ങളുടെ ആഹ്ലാദം.ചിത്രം– ഐഎസ്എൽ

ജംഷഡ്പുർ ∙ നാട്ടുകാരായ ആരാധകർക്കു മുന്നിൽ ജംഷഡ്പുർ എഫ്സിക്ക് വിജയം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവർ 1–0നു തോൽപ്പിച്ചു. 51–ാം മിനിറ്റിൽ വെല്ലിങ്ടനാണ് വിജയഗോൾ നേടിയത്. വിജയത്തോടെ പോയിന്റ് പട്ടികയിൽ അവർ മൂന്നാംസ്ഥാനത്തെത്തി. ഈ സീസണിൽ നിറം മങ്ങിയ നോർത്ത് ഈസ്റ്റാകട്ടെ ഒൻപതാം സ്ഥാനത്താണ്. ഡൽഹി ഡൈനമോസ് മാത്രമാണ് അവർക്കു പിന്നിലുള്ളത്.

നന്നായി പൊരുതിയശേഷമാണ് കീഴടങ്ങിയതെന്നതു മാത്രമാണ് നോർത്ത് ഈസ്റ്റിന് ആശ്വസിക്കാനുള്ളത്. 67 ശതമാനം നേരവും പന്ത് നോർത്ത് ഈസ്റ്റിന്റെ കയ്യിലായിരുന്നു. ഗോളിലേക്ക് അവർ അ‍ഞ്ചുവട്ടം ലക്ഷ്യം വച്ചെങ്കിലും ഗോൾ അകന്നുനിന്നു. ഗോളിലേക്കുള്ള ഏകഷോട്ടാകട്ടെ ജംഷഡ്പുർ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.