ജൂനിയർ അത്‌ലറ്റിക്സ്: എറണാകുളം ജേതാക്കൾ

സംസ്ഥാന ജൂനിയർ അത്‍ലറ്റിക്സിൽ കിരീടം നേടിയ എറണാകുളം ജില്ലാ ടീം.

തിരുവനന്തപുരം∙ സംസ്ഥാന ജൂനിയർ അത‌്‌ലറ്റിക‌് കിരീടം എറണാകുളത്തിന്. പാലക്കാടും തിരുവനന്തപുരവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 11 മീറ്റ് റെക്കോർഡുകളും അവസാനദിവസം പിറന്നു. ഇഞ്ചോടിഞ്ച് പോരാടിയ മുൻ ചാംപ്യന്മാരായ പാലക്കാടിനെ അവസാന ദിനത്തിലെ കുതിപ്പിലാണ് എറണാകുളം 448 പോയിന്റോടെ മറികടന്നത്. എറണാകുളത്തിന് 21 സ്വർണം, 29 വെള്ളി, 19 വെങ്കലം.

പെൺകുട്ടികളുടെ 200 മീറ്ററിൽ തൃശൂരിന്റെ ആൻസി സോജൻ (25.19 സെക്കൻഡ്) 23 വർഷം പഴക്കമുള്ള പാലക്കാടിന്റെ അർച്ചന ഗുപ‌്തയുടെ (25.20 സെക്കൻഡ‌്) റെക്കൊർഡാണ‌് തിരുത്തിയത്.
18നു താഴെയുള്ള ആൺകുട്ടികളുടെ 100 മീറ്ററിൽ മീറ്റ് റെക്കോർഡ് നേടിയ അഭിനവ് ഇന്നലെ 200 മീറ്ററിലും (21.81 സെക്കൻഡ്) റെക്കോർഡ് കുറിച്ചു. തിരുവനന്തപുരം സായിയുടെ താരമാണ് അഭിനവ്.

ട്രിപ്പിൾ ജംപിൽ സാന്ദ്ര ബാബു (12.74 മീറ്റർ), ഹൈജംപിൽ ഗായത്രി ശശികുമാർ (1.72 മീറ്റർ), ഹാമർ ത്രോയിൽ കെസിയ മറിയം ബെന്നി (48.67 മീറ്റർ) മെഡ‌്‌ലേ റിലേയിൽ കോഴിക്കോട‌് ടീം (2.16.94 സെക്കൻഡ്) 3000 മീറ്ററിൽ അനുമോൾ തമ്പി (10.11.13 സെക്കൻഡ്), ആൺകുട്ടികളുടെ 200 മീറ്ററിൽ ടി.വി.അഖിൽ (27.71 സെക്കൻഡ്), ജാവലിൻ ത്രോയിൽ അനൂപ‌് വത്സൻ ( 60.72 മീറ്റർ), 10000 മീറ്റർ നടത്തത്തിൽ സി.ടി.നിധീഷ‌് (46.50.74 സെക്കൻഡ്), 800 മീറ്ററിൽ അജയ്.കെ.വിശ്വനാഥ് (1.57.27 സെക്കൻഡ്) എന്നിവരാണ‌് മറ്റു റെക്കോർഡ് ജേതാക്കൾ

14 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം (33) ഒന്നാമതെത്തി. പാലക്കാട‌് (28), ആലപ്പുഴ (18) ജില്ലകൾ എന്നിവരാണ് തൊട്ടുപിന്നിൽ. പെൺകുട്ടികളുടെ വിഭാഗത്തിൽ 40 പോയിന്റോടെ തൃശൂരാണ‌് ഒന്നാമത‌്. 16നു താഴെയുള്ള പെൺകുട്ടികളിൽ കോട്ടയവും കോഴിക്കോടും (56 പോയിന്റ് വീതം) ഒന്നാം സ്ഥാനം പങ്കിട്ടു. ആൺകുട്ടികളിൽ തിരുവനന്തപുരം (49), തൃശൂർ (46), മലപ്പുറം (34) ആദ്യ മൂന്നുസ്ഥാനം നേടി.

18 നു താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 97 പോയിന്റ‌് നേടി എറണാകുളം ഒന്നാമതായി.  ആൺകുട്ടികളുടെ വിഭാഗത്തിലും എറണാകുളമാണ‌് ചാംപ്യൻ (97.5).  20നു താഴെയുള്ള വനിതാ വിഭാഗത്തിൽ കോട്ടയം (163), പാലക്കാട‌് (99), എറണാകുളം (68) ആദ്യ മൂന്നുസ്ഥാനങ്ങളിലെത്തി. പുരുഷ വിഭാഗത്തിൽ തിരുവനന്തപുരമാണ‌്(106.5) ഒന്നാമത‌്‌.