അഭിലാഷങ്ങൾ പായ്‌വഞ്ചിയിലേറി; ടോമി വീണ്ടും ലോകം ചുറ്റാൻ

അഭിലാഷ് ടോമി തുരിയ പായ്‌വഞ്ചിയിൽ.

അൻപതു വർഷം മുൻപത്തെ കടൽ പര്യവേക്ഷണ സമ്പ്രദായങ്ങൾ മാത്രം ഉപയോഗിച്ചു പുതിയ സാഹസിക യാത്രയ്ക്കൊരുങ്ങുന്ന മലയാളി കമാൻഡർ അഭിലാഷ് ടോമിക്കു വേണ്ടി നിർമിച്ച പായ്‌വഞ്ചി ‘തുരിയ’ നരോവയിലെ അക്വാറിസ് ഷിപ്‌യാഡിൽ നടന്ന ചടങ്ങിൽ നീറ്റിലിറക്കി. അടുത്ത വർഷം ജൂൺ 30ന് ബ്രിട്ടനിലെ പ്ലിമത്തിൽനിന്ന് ആരംഭിക്കുന്ന ഗോൾഡൻ ഗ്ലോബ് റേസിലാണ് അഭിലാഷ് ടോമിയും തുരിയയും ലോകം ചുറ്റുക.

രണ്ടു വനിതകൾ ഉൾപ്പെടെ 30 പേരുടെ പായ്‌വഞ്ചികൾ ഉൾപ്പെടുന്ന മൽസര പ്രയാണത്തിൽ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരനും കൊച്ചി കണ്ടനാട് സ്വദേശിയായ അഭിലാഷാണ്. 2013ൽ നാവികസേനയുടെ സാഗർ പരിക്രമ 2 പ്രയാണത്തിലൂടെ, ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ കടലിലൂടെ പായ്‌വഞ്ചിയിൽ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് നാവികസേന ഉദ്യോഗസ്ഥനായ അഭിലാഷ് ടോമി സ്വന്തമാക്കിയിരുന്നു.

മുപ്പത്തിരണ്ട് അടി നീളം മാത്രമുള്ള പായ്‌വഞ്ചി. ജിപിഎസ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളൊന്നുമില്ല. ഭൂപടവും വടക്കുനോക്കി യന്ത്രവും നക്ഷത്രങ്ങളും നോക്കി സഞ്ചാരദിശ തീരുമാനിക്കണം. കണക്കുകൂട്ടാൻ കാൽക്കുലേറ്റർ പോലുമില്ല. അപകടം മണത്താൽ, സഹായത്തിനു വിളിക്കാനുമില്ല ആധുനിക സൗകര്യങ്ങൾ.

ജൂൺ 30ന് ഇംഗ്ലണ്ടിലെ പ്ലിമത്തിൽ പായകൾ വിരിച്ചുകെട്ടുന്നിടത്ത് ഈ സാഹസിക കായികവിനോദത്തിന്റെ വെല്ലുവിളി തുടങ്ങുന്നു. കാറ്റു നയിക്കുന്ന വഴിയിലൂടെ, മഹാസമുദ്രങ്ങളും വെല്ലുവിളികൾ അലയടിക്കുന്ന മുനമ്പുകളും ചുറ്റി യാത്ര തുടങ്ങിയയിടത്തുതന്നെ ആദ്യം തിരിച്ചെത്തുന്നയാൾ വിജയി– അഭിലാഷ് ടോമിയുടെ രണ്ടാമത്തെ സാഹസിക പര്യടനം ഇങ്ങനെയാണ്. അമ്പതു വർഷം മുൻപ് കടൽയാത്രയുടെ സാഹചര്യങ്ങളും സംവിധാനങ്ങളും എങ്ങനെയായിരുന്നോ അവയെല്ലാം കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന പ്രയാണം.

1968ൽ ബ്രിട്ടിഷുകാരൻ സർ റോബിൻ നോക്സ് ജോൺസ്റ്റൺ നടത്തിയ ഏകാന്ത സഞ്ചാരത്തിന്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ചുള്ള ഗോൾഡൻ ഗ്ലോബ് റേസിലാണ് അഭിലാഷ് ടോമി പങ്കെടുക്കുന്നത്. സർ റോബിൻ സഞ്ചരിച്ച പായ്ക്കപ്പൽ സുഹൈലിയുടെ അതേ മാതൃകയിലാണ് തുരിയയുടെ നിർമാണം. ഇന്നലെ ഗോവയിൽ നടന്ന നീരണിയിക്കൽ ചടങ്ങിന് സർ റോബിൻ വിഡിയോ സന്ദേശം വഴി ആശംസ നേരുകയും ചെയ്തു.

കേരളത്തിൽനിന്നുള്ള തടിയാണ് വഞ്ചിയുടെ ചട്ടക്കൂടിന് ഉപയോഗിച്ചിരിക്കുന്നത്. പുറംഭാഗം ഫൈബർ ഗ്ലാസ് കൊണ്ടു പൊതിഞ്ഞു. യൂറോപ്പിൽനിന്നുള്ള പായകൾ ഘടിപ്പിക്കുന്ന ജോലിയാണ് ഇനി ബാക്കി. രണ്ടു പ്രധാന പായകൾ അടക്കം നാലു പായകൾ ഉപയോഗിച്ചാണു വഞ്ചി സഞ്ചരിക്കുക. അത്യാവശ്യ ഉപയോഗത്തിനു ഡീസൽ എൻജിനുമുണ്ട്.

സർ റോബിൻ 312 ദിവസങ്ങൾ കൊണ്ടാണു ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കിയത്. കടൽ കൈവിട്ടില്ലെങ്കിൽ 300 ദിവസങ്ങൾ കൊണ്ടു തിരിച്ചെത്താമെന്നാണു പ്രതീക്ഷിക്കുന്നത്. 10 മാസത്തേക്കുള്ള ഭക്ഷണമാണു കരുതുക. 218 ലീറ്റർ ശുദ്ധജല ടാങ്കാണുള്ളത്. ഇതു തീർന്നാൽ മഴവെള്ളം ശേഖരിക്കും. 

വഞ്ചിയിൽ പായകൾ ഘടിപ്പിച്ച ശേഷം അടുത്തമാസം പരിശീലന പ്രയാണങ്ങൾ ആരംഭിക്കും. ഡിസംബറിൽ ഗോവയിൽനിന്നു ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലേക്കു പ്രയാണം നടത്തും. അവിടെനിന്ന് ഇംഗ്ലണ്ടിലെത്തി ഗോൾഡൻ ഗ്ലോബ് റേസിനു തുടക്കമിടുമെന്നും അഭിലാഷ് ടോമി പറഞ്ഞു.

ഗോവയിലെ അക്വാറിസ് ഷിപ്‌യാഡിൽ നിർമിക്കുന്ന മൂന്നാമത്തെ പായ്‌വഞ്ചിയാണു തുരിയ.