ADVERTISEMENT

കൊച്ചി ∙ യുഎസ്സിന്റെ ഒളിംപിക് സ്വർണ മെഡൽ ജേതാവു ഡേവിഡ് ലീ, ഇന്ത്യൻ നായകൻ മോഹൻ ഉഗ്രപാണ്ഡ്യൻ എന്നിവരുടെ നേതൃത്വത്തിൽ പ്രഥമ പ്രൊ വോളിബോൾ ലീഗിന്റെ ഉദ്ഘാടന മൽസരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഇന്നിറങ്ങുന്നു. എതിരാളികൾ യൂ മുംബ വോളി. വൈകിട്ട് 7ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണു പോരാട്ടം.

കൊച്ചി ടീമിനു ഡേവിഡ് ലീ ഉണ്ടെങ്കിൽ തുർക്കിയിൽനിന്നുള്ള ടൊമിസ്ലാവ് കോസ്കോവിച്, നിക്കോളസ് ദെൽ ബിയാൻകോ എന്നിവരുടെ കരുത്തിലാണ് യൂ മുംബയുടെ വരവ്. വശങ്ങളിലൂടെ പറന്നാക്രമിക്കുന്നതാണു കാനഡക്കാരൻ ബിയാൻകോയുടെ രീതി.  യുവതാരം ഹർദീപ് സിങ്ങും മുംബൈ ടീമിന്റെ ആക്രമണത്തിൽ പങ്കാളിയാകും. ക്യാപ്റ്റൻ ദീപേഷ് സിൻഹയുടെ നേതൃത്വത്തിലാവും ബ്ലോക്കർമാരുടെ പട. യുവ ബ്ലോക്കർമാരാണുള്ളത്. പ്രിൻസും ജോൺ ജോസഫും. ലീഗിലെ ഏക കാശ്മീരി കളിക്കാരൻ സഖ്‌ലെയ്ൻ താരിഖാവും മുംബയുടെ സെറ്റർ. 

മുൻ രാജ്യാന്തര താരം ടി.സി. ജ്യോതിഷ് പരിശീലിപ്പിക്കുന്ന ബ്ലൂ സ്പൈക്കേഴ്സിന്റെ നട്ടെല്ല് നായകൻ ഉഗ്രപാണ്ഡ്യൻ തന്നെ. ഉഗ്ര ഉയർത്തിക്കൊടുക്കുന്ന പന്തുകളിൽ മിന്നലടികൾ ഉതിർക്കാൻ ഇന്ത്യയിലെ ഏറ്റവും മികച്ച അറ്റാക്കർമാരിലൊരാളായ എസ്. പ്രഭാകരൻ, സ്ലൊവാക്യൻ താരം ആന്ദ്രെ പതുക്, സുരേഷ് ഖൊയ്‌വാൾ, സുജോയ് ദത്ത എന്നിവരുണ്ട്. ബ്ലോക്കർമാരുടെ സംഘത്തിൽ  ഡേവിഡ് ലീ, മലയാളികളായ എം.സി. മുജീബ്, പി. രോഹിത്  എന്നിവരാണ്. മറ്റൊരു മലയാളി മനു ജോസഫ് ‘യൂണിവേഴ്സൽ’ റോളിലുണ്ട്. ആദ്യദിനം തന്നെ കൂടുതൽ ഒത്തിണങ്ങുന്നവരാരോ, അവർ ജയിക്കും. 

പുതുമകളുടെ ലീഗ്

∙ ഓരോ സെറ്റിലും പരമാവധി 15 പോയിന്റ്. ആദ്യം 15 എത്തുന്നവർക്കു ജയം.

∙ 5 സെറ്റും കളിക്കണം. ഒരു ടീമിന് 5 സെറ്റും നേടാമെന്നർഥം.

∙ ഒരു ജയത്തിനു 2 പോയിന്റ്. 5 സെറ്റും നേടിയാൽ 3 പോയിന്റ്.

∙ സെമിയിൽ ഓരോ സെറ്റും 25 പോയിന്റ്. ആദ്യം 25 എത്തുന്നവർക്കു സെറ്റ്.

∙ ഓരോ സെറ്റിലും ടീമുകൾക്കു ‘സൂപ്പർ പോയിന്റ്’ വിളിക്കാം. കിട്ടിയാൽ ഒറ്റയടിക്കു രണ്ടു പോയിന്റ്. അല്ലെങ്കിൽ എതിരാളിക്കു 2 പോയിന്റ്.

∙ സൂപ്പർ സർവ്: എയ്സ് സർവിന് 2 പോയിന്റ്.

∙ എക്സെപ്ഷനൽ സബ്സ്റ്റിറ്റ്യൂഷൻ: കളിക്കിടെ പരുക്കേൽക്കുന്നയാൾക്കു പകരം മറ്റൊരാളെ ഇറക്കാം, അയാൾ ആ മൽസരത്തിൽ സ്ഥിരമാകും. മറ്റേയാൾക്കു തിരിച്ചുവരാനാവില്ല.

കോർട്ടിൽ പറക്കും; പ്രായം പ്രശ്നമല്ല

ബ്ലൂ സ്പൈക്കേഴ്സിന്റെ ഐക്കൺ താരം ഡേവിഡ് ലീ (37) ‘മനോരമ’യോട്:

∙ വോളിബോളിൽ എത്ര വയസ്സുവരെ തുടരും?

എന്റെ കരിയർ തീരാറായി. ചിലപ്പോൾ 2–3 വർഷംകൂടി.

∙ ഉയർന്ന ശാരീരികക്ഷമത. എങ്ങനെ?

ദിവസം 3 മണിക്കൂർ ഫിറ്റ്നസ് ട്രെയിനിങ്. കോർട്ടിൽ 4 മണിക്കൂർ പരിശീലനം. ഇതിനു പുറമെ കടലിൽ ഡൈവിങ്ങും സർഫിങ്ങും. ഭക്ഷണക്രമത്തിൽ കടുത്ത നിയന്ത്രണം.

∙ ഇന്ത്യൻ വോളിബോൾ മെച്ചപ്പെടാൻ...?

കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കാൻ കൂടുതൽ ക്ലിനിക്കുകൾ. കളി നേരത്തേ തുടങ്ങണം. ഞാൻ തുടങ്ങിയത് 16–ാം വയസ്സിൽ മാത്രം. യുവാക്കൾക്കു ദീർഘകാല ക്യാംപുകൾ. ഓരോ സെറ്റും പഠിക്കാൻ സംവിധാനം. ടീമുകൾക്കൊപ്പം ഡേറ്റ അനലിസ്റ്റ് വേണം.

∙ യുവാക്കളോടു പറയാനുള്ളത്...?

പരിശീലനത്തിൽ നിക്ഷേപിക്കുക. കളിയുടെ അടിസ്ഥാന തത്വങ്ങൾ ഉറപ്പിക്കുക. പുത്തൻ സാങ്കേതികവിദ്യകൾ പഠിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com