മനസൗന്ദര്യത്തിന്റെ പുതിയൊരാകാശം സൃഷ്ടിക്കാം

എറണാകുളത്തെ  പ്രധാനപ്പെട്ട ഒരു ആഢംബര ഹോട്ടലിൽ മിസ് കേരള മത്സരം  പൊടി പൊടിക്കുകയാണ്.  സുന്ദരി പട്ടത്തിനായി ഒട്ടേറെ  മത്സരാർത്ഥികൾ കാത്തിരിക്കുകയാണ്. ഒടുവിൽ ഫലം പ്രഖ്യാപനമെത്തി. തിരുവനന്തപുരം സ്വദേശി 'ഇന്ദു തമ്പി'...

 വിജയിയെ തേടി മാധ്യമപ്പടകളും എത്തി.  സുന്ദരിപ്പട്ടം ലഭിച്ച ഇന്ദുവിന് നേരെ മാധ്യമങ്ങളുടെ ചോദ്യശരവർഷമെത്തി.. അതിൽ ഒരു ചോദ്യം ഇങ്ങനെയായിരുന്നു  ഇന്ദുവിന്റെ സങ്കൽപ്പത്തിലെ ഏറ്റവും  വലിയ സുന്ദരി ആരാണ്?  അൽപം പോലും ആലോചിക്കാതെ ഞൊടിയിടയിൽ  ഇന്ദുവിന്റെ ഉത്തരമെത്തി.. 'എന്റെ അമ്മ' ബോളിവുഡ് നടിയേയോ മറ്റ് സുന്ദരിയേയോ പ്രതീക്ഷിച്ച മാധ്യമപ്രവർത്തകർ ഇന്ദുവിന്റെ ഉത്തരം കേട്ട് അമ്പരന്നു.. 

അതിനുള്ള വ്യക്തമായ കാരണവും ഇന്ദു തന്നെ പറഞ്ഞു.  ബാഹ്യസൗന്ദര്യമല്ല മറിച്ച് ആന്തരിക സൗന്ദര്യമാണ്. അത് താൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് തന്റെ അമ്മയിലാണ്,  ബാഹ്യ സൗന്ദര്യം അപകടത്തിലോ മറ്റ് എന്തെങ്കിലും കാരണത്താലോ നഷ്ടപ്പെട്ടേക്കാം എന്നാൽ മനസ്സിന്റെ സൗന്ദര്യം എന്നത് അതുപോലെയല്ല'. ഇത് വർഷങ്ങൾക്ക മുൻപ് നടന്ന ഒരു സംഭവത്തിലാണ് ആന്തരിക സൗന്ദര്യത്തെ കുറിച്ച് പറഞ്ഞത്.  ഇൗ കുറിപ്പ് എഴുതുന്നതിനിടയിലും സൗന്ദര്യത്തെ കുറിച്ചുള്ള പോരുകൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും മുറുകുന്നുണ്ട്..  രണ്ട് ദിവസം മുൻപ് കണ്ട ഒരു വാർത്ത, അതിന് ഉത്തമ സൂചനയാണ് ഭർത്താവിന് സൗന്ദര്യം  കുറവാണെന്ന് ആരോപിച്ച് ഭാര്യ ഭർത്താവിന്റെ നാവ് കടിച്ചെടുത്തു, ഇപ്പോൾ യുവാവിന്റെ സംസാര ശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്... ഇത് നടന്നത് നമ്മുടെ രാജ്യ തലസ്ഥാനത്താണ്... ഇങ്ങനെയുള്ള  എത്രയെത്ര വിചിത്രമായ  വാർത്തകളാണ്  മാധ്യമങ്ങളിൽ പലപ്പോഴും നിറയുന്നത്. യഥാർത്ഥത്തിൽ എന്താണ് സൗന്ദര്യം? 

എത്ര ചമയങ്ങൾ വാരി അണിഞ്ഞാലും ഹൃദയത്തിൽ നിന്നുള്ള ഒരു പുഞ്ചിരി ആയിരിക്കും ഏവരേയും ആകർഷിക്കുന്നത് എന്നതിൽ സംശയമില്ല. ഹൃദയങ്ങളുടെ ചേർച്ചയാണ്  എന്നും സൗന്ദര്യം. വീട്ടിലും ജോലിസ്ഥലത്തും പൊതുസ്ഥലത്തും സമൂഹത്തിലായാലും മറ്റുള്ളവരുമായി സംവദിക്കുമ്പോൾ നമ്മൾ പലപ്പോഴും ഹൃദയം കൊണ്ട് സംസാരിക്കാറില്ല.  

ആശയവിനിമയം ഫലദ്രമാകണമെങ്കിൽ ഇരുകൂട്ടർക്കും  മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയണം.  ഇവയിൽ ഒന്നിന്റെ കുറവുണ്ടായാൽ പോലും അശയവിനിമയം ശരിയായ രീതിയിലാവില്ല. പകരം നമുക്ക് അതിന്റെ സൗന്ദര്യം നഷ്ടപ്പെടുകയും ചെയ്യും. ഇങ്ങനെ സമൂഹത്തിലെ ഒാരോ വ്യക്തിയും തങ്ങൾക്ക് ചുറ്റുമുള്ള സൗന്ദര്യം കാണാതെയും അറിയാതെയും ആസ്വദിക്കാതെയും നഷ്ടപ്പെടുത്തുകയാണ്.

 'ഒരാൾ രാവിലെ പത്രത്തിൽ ഒരു കൗതുകകരമായ വാർത്തകണ്ട് ഭാര്യയോടു പറഞ്ഞു: ''കേട്ടോടീ, ഒരു ദിവസം സ്ത്രീകൾ ശരാശരി മുപ്പതിനായിരം വാക്കുകൾ സംസാരിക്കുന്നു. അതിൽ പകുതി മാത്രമേ പുരുഷന്മാർ സംസാരിക്കുന്നുള്ളൂ എന്നാണ് അടുത്തകാലത്തു നടന്ന ഗവേഷണത്തിൽ തെളിഞ്ഞത'്. 

'ഇതുകേട്ട് ഭാര്യയ്ക്ക് ദേഷ്യംവന്നു: ''നിങ്ങൾ അങ്ങനെയൊന്നും പറയണ്ട. ഞങ്ങൾ ഇരട്ടി സംസാരിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളെപ്പോലുള്ള പുരുഷന്മാരോട് ഒരേ കാര്യം വീണ്ടും വീണ്ടും  പറയേണ്ടി വരുന്നത് കൊണ്ടാണ.് പത്രവായനയിൽ ശ്രദ്ധിച്ചിരുന്ന ഭർത്താവ് പെട്ടെന്ന് തലയുയർത്തി ചോദിച്ചു 'നീ എന്താ പറഞ്ഞത് ഒന്നു കൂടി പറ, ഞാൻ കേട്ടില്ല'.. 

സംഭാഷണമെന്നാൽ  മറ്റെയാൾക്ക് പറയാൻ അവസരം നൽകുകയും അത് കേൾക്കുകയും ചെയ്യണം'. ഇവിടെ സൗന്ദര്യമില്ലാത്ത  സമൂഹമാണ് നമ്മുടെ  ലോകത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നത്. ഭൂമിയിൽ സൗന്ദര്യം ഉണ്ടാവണമെങ്കിൽ ഒാരോ മനുഷ്യരുടെയും  ഹൃദയത്തിൽ സൗന്ദര്യമുണ്ടായിരിക്കണം. നമുക്ക്  ചുറ്റുമുള്ള വ്യക്തികളോട് ഒാരാശയത്തിന്റെയോ ചിന്തയുടേയോ മുൻവിധിയില്ലാതെ  തുറന്നമനസ്സോടെ  താരതമ്യമോ മത്സരമോയില്ലാതെ ഇടപഴകുകയും പെരുമാറുകയും  ചെയ്യുമ്പോൾ അയാളുടെ സൗന്ദര്യം നാം അറിയാതെ തിരിച്ചറിയുകയും അത് ആസ്വദിക്കുകയും ചെയ്യും. മാത്രമല്ല ഒരാളും നമുക്ക് അന്യരായി അനുഭവപ്പെടുകയുമില്ല. അയാളും ഞാനും ഒന്നാണ്  എന്റെ മനസ്സും അയാളുടെ മനസ്സും ഒന്നാണ് എന്ന വികാരം നാം അറിയാതെ നമ്മിലുണരുന്നതോടെ നാം നമ്മുടെ നേരെ പുലർത്തുന്ന അടുപ്പവും പരിഗണനയും കരുതലും മറ്റുള്ളവരുടെ നേരെയും ഉയർത്തും. 

ലോകത്തിലാകെ സൗന്ദര്യമുണ്ടാണമെങ്കിൽ  ഇന്ന് നേരിടുന്ന  ഹിംസയും അസമാധാനത്തിനും സ്നേഹരാഹിത്യത്തിനും നാമോരോരുത്തരും കാരണക്കാരാണെന്നു തിരിച്ചറിയണം. ലോകത്ത് സൗന്ദര്യവും സമാധാനവും ഉണ്ടാക്കിയെടുക്കാൻ  നമുക്ക് എന്ത് ചെയ്യാനാവും എന്നതിന് കൃത്യമായ ഉത്തരം നൽകാൻ നമുക്ക് കഴിയണം. 

നാം എന്നും നിലനിലനിർത്തേണ്ടത് മനസ്സിന്റെ സൗന്ദര്യമാണ്.  ആന്തരിക സൗന്ദര്യമാണ് അടിസ്ഥാനം. ബാഹ്യ സൗന്ദര്യം അതിനോടൊപ്പം ലയിച്ചു ചേരും.   സൽപെരുമാറ്റം , സ്നേഹം എന്നിവയിലൂടെ  സൗന്ദര്യം ഒാരോ വ്യക്തികളിലേക്കും വന്നു ചേരും.   വിദ്വേഷം, പക, അഹിംസ, ശത്രുത, അസൂയ എന്നീ തമോഗുണങ്ങളിൽ നിന്ന് മുക്തമായ സംശുദ്ധ ഹൃദയം കാത്തുസൂക്ഷിച്ചാൽ  ലോകത്തിന് പരിശുദ്ധിയും സമാധാനവും സൗന്ദര്യവും നിലനിൽക്കും. 

 ഇന്ന് ശരീര സൗന്ദര്യത്തിന് മാത്രം പ്രാധാന്യം നൽകുന്ന സമൂഹമാണ് നമുക്ക് ചുറ്റിലുമുള്ളത്. ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാൻ അതീവ ശ്രദ്ധയും താൽപര്യവും ജാഗ്രതയും കാണിക്കുന്നത് പോലെ  മനസ്സിന്റെയും ഹൃദയത്തിന്റെയും ആത്മാവിന്റെയും സൗന്ദര്യം കാത്തുസൂക്ഷിക്കാൻ കരുതലും ജാഗ്രതയും ഉണർവും ആവശ്യമാണ്. 

മധുരചിന്തകളോടെ ഒരു ദിവസം തുടങ്ങിയാൽ മതി. ശുഭചിന്തകൾ നല്ലൊരു ഒൗഷധംപോലെയാണ്. ദിവസത്തിന്റെ മുഴുവൻ സമയവും നമ്മുടെ മനസ്സിലത് സാന്ത്വനം പോലെ നിലനിൽക്കും. ഇത് ദിവസം മുഴുവൻ പോസിറ്റീവ് എനർജിയാണ് നൽകുക.  മനസൗന്ദര്യമുള്ള ഒരു കോടി മനുഷ്യർ ഭൂമിയിലുണ്ടാവുകയാണെങ്കിൽ അവരിൽ നിന്നുണ്ടാകുന്ന സൗന്ദര്യത്തിന്റെ വിത്തുകൾ ഭൂമിയിൽ മനസൗന്ദര്യത്തിന്റെ പുതിയൊരാകാശം പുതിയൊരു ഭൂമി സൃഷ്ടിക്കും.