മുരിങ്ങയിലയും മലയാളിയും

മുരിങ്ങ, മുരിങ്ങയില,മുരിങ്ങക്ക മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണിവയെല്ലാം.പണ്ട് മുരിങ്ങയില്ലാത്ത വീടില്ലായിരുന്നു. നാട്ടുമ്പുറം നന്മകളാൽ സമൃദ്ധം എന്നു പറയുന്നതുപോലെ മുരിങ്ങയിലയും പോഷക സമൃദ്ധമാണ്.  മുരിങ്ങയിലകൊണ്ടുള്ള വിഭവങ്ങൾ മലയാളിയുടെ ബലഹീനതയാണെങ്കിൽ മുരിങ്ങക്ക മലയാളിയുടെ ഇഷ്ട വിഭവങ്ങളായ സാമ്പാറിന്റെയും അവിയലിന്റെയും അവിഭാജ്യ ഘടകമാണ്. മുരിങ്ങയുടെ വേരും തൊലിയും ആകട്ടെ ആയുർവേദത്തിലെ പ്രധാനപ്പെട്ട  ഔഷധമാണ്.

ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ സർവ സാധാരണമായ മുരിങ്ങ ഇപ്പോൾ ഇന്ത്യയിൽ പലയിടത്തും വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നുണ്ട്. പോഷക സമൃദ്ധമാണ് മുരിങ്ങയിലയെന്നു നമ്മുടെ പൂർവികർ മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ, വീടിന് മീപത്തു തന്നെ ഒരു മുരിങ്ങ പരിപാലിക്കാൻ പണ്ടേ ശ്രദ്ധിച്ചിരുന്നു. തീര ബലക്കുറവുള്ള മരമായതിനാൽ അധികം വളരാൻ ഇതിനെ അനുവദിക്കാറില്ല. വെട്ടി നിർത്തുകയാണ് പതിവ്. വെട്ടി നിർത്തിയാൽ സമൃദ്ധമായി ഇലയുണ്ടാകും എന്ന മെച്ചവുമുണ്ട്. അധികം ഉയരം വെക്കാത്ത, സമൃദ്ധമായി കായും ഇലയും ഉണ്ടാകുന്ന മേത്തരം മുരിങ്ങയിനങ്ങൾ കാർഷിക വിദഗ്ധർ ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കുരു പാകിയും തണ്ട് നട്ടും മുരിങ്ങ വളർത്താം.സാധാരണ എട്ടു മാസം കൊണ്ട് മുരിങ്ങ വളർച്ചയെത്തും.

കാൽസ്യം, ഫോസ്ഫറസ്, മിനറൽസ്, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ മുരിങ്ങയിലയിൽ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ശാസത്രീയ കണ്ടെത്തലിനു മുന്നേ തന്നെ മലയാളിക്ക് മുരിങ്ങയില തോരനും, മുരിങ്ങയില പരിപ്പുകറിയും പ്രിയങ്കരമായിരുന്നു. ഇപ്പോൾ മുരിങ്ങയിലെകൊണ്ടുള്ള പുത്തൻ പാചക വിഭവങ്ങളുടെ കുത്തൊഴുക്കാണ്. അതിൽ മുരിങ്ങയിലകൊണ്ടുള്ള ഓംലറ്റ് പുത്തൻ തലമുറയുടെ നാവിൽ സ്ഥിര പ്രതിഷ്ഠ നേടിക്കഴിഞ്ഞു.

MORINGA OLEIFERA എന്നാണ് മുരിങ്ങയുടെ ശാസ്ത്ര നാമം. ഇംഗ്ളീഷുകാര്‍  DRUM STICK എന്നാണ്  ഇതിനെ വിശേഷിപ്പിക്കുന്നത്.