കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ...

കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ

കതിരുകാണാക്കിളി ഞാന്‍

എന്നോടിത്ര പരിഭവം തോന്നുവാന്‍

എന്തു പറഞ്ഞൂ ഞാന്‍...

പ്രണയിനിയുടെ പരിഭവങ്ങൾ ആത്മനൊമ്പരമായി പ്രണയിയെ അനുഭവിപ്പിച്ചു കൊണ്ടിരിക്കുന്ന ഗാനം.ആലാപനത്തിന്റെ ലാളിത്യമാതൃക മലയാളി ആദ്യമായി കേട്ടറിഞ്ഞതാണ് ‘നിത്യകന്യക’ എന്ന സിനിമയ്ക്കുവേണ്ടി വയലാർ എഴുതി ദേവരാജൻ സംഗീതം പകർന്ന് യേശുദാസ് പാടിയ ഈ ഗാനത്തിലൂടെ. ശരാശരി പാട്ടുകാർക്കു പോലും എവിടെയും എപ്പോഴും പാടാവുന്ന പാട്ട്. അതുകൊണ്ടുതന്നെ പെട്ടെന്ന് ജനപ്രീതി നേടിയപാട്ട്. കാല്പനിക പ്രണയ വിഷാദസാന്ദ്രമായ ആശയഘടനയും ഭാവപരിസരവും ‘കണ്ണുനീർമുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളിക്ക്’ നിത്യനിതാന്ത സ്വീകാര്യത നൽകി.

കുട്ടിയായിരിക്കെ ആദ്യമായി തന്റെ മനസ്സിനെ തൊട്ട പാട്ടായിരുന്നെന്നു യേശുദാസിന്റെര ഭാര്യ പ്രഭ യേശുദാസ് ഒരു ഓൺലൈൻ മാധ്യമ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ആദ്യം ആകാശവാണിയിൽ ഈ പാട്ട് പ്രക്ഷേപണം ചെയ്തപ്പോൾ, റേഡിയോ വാങ്ങാൻ കാശില്ലാത്ത മട്ടാഞ്ചേരി കാണിച്ചേരി വീട്ടിൽ പിതാവ് അഗസ്റ്റിൻ ജോസഫും അമ്മ എലിക്കുട്ടിയും അനിയൻ ആന്റപ്പനും അടുത്ത വീട്ടിലെ റേഡിയോയിലൂടെ കേട്ട കഥ മാത്തുക്കുട്ടി ജെ.കുന്നപ്പളി ‘പാട്ടിന്റെ പാലാഴി’യിൽ എഴുതിയിട്ടുണ്ട്.

മലയാളത്തിലെ നൂറാമതു ചിത്രമായിരുന്നു കെ.എസ്.സേതുമാധവൻ സംവിധാനംചെയ്ത ‘നിത്യകന്യക’. ശ്രീധരിന്റെ ‘എതിർ പാരാതത്’ എന്ന തമിഴ് ചിത്രത്തെ ആസ്പദമാക്കി എ.കെ.ബാലസുബ്രഹ്മണ്യൻ നിർമിച്ച ചിത്രം 1963 ഫെബ്രുവരി 22ന് പ്രദർശനം ആരംഭിച്ചു. 1962 ഡിസംബറിൽ ചെന്നൈയിലായിരുന്നു റെക്കാർഡിങ്. ആകെ ആറു പാട്ടുകൾ. മൂന്നെണ്ണം പി.സുശീലയും രണ്ടെണ്ണം യേശുദാസും സോളോ. ഒരെണ്ണം ഇരുവരും ചേർന്നു പാടിയതും. പാട്ടുകളിൽ അവസാനമായി റെക്കാർഡു ചെയ്ത ഗാനമായിരുന്നു ‘കണ്ണുനീര്‍ മുത്തുമായ്...’

സങ്കൽപ്പങ്ങളെ ചന്ദനം ചാർത്തുന്ന

മന്ദസ്മേരവുമായ്‌ (2)

ഈ കിളിവാതിൽക്കൽ ഇത്തിരി നേരം

നിൽക്കൂ നിൽക്കൂ നീ...(2) (കണ്ണുനീര്‍...)

ഒടുവിൽ പ്രണയിനിയോട് ‘എന്റെ മായാലോകത്ത് നിന്നും നീ എങ്ങും പോകരുതേ’ എന്നു കേണപേക്ഷിക്കുന്നു.

സ്വപ്നം വന്നു മനസ്സിൽക്കൊളുത്തിയ

കർപ്പൂരക്കിണ്ണവുമായ് (2)

എന്റെമായാലോകത്തു നിന്നു നീ

എങ്ങും പോകരുതേ..

എങ്ങും പോകരുതേ...(കണ്ണുനീര്‍... )

മലയാളത്തിലെ സിനിമാപാട്ടുകൾക്കിടയിൽ ഈ ഗാനം എവിടെയാണ് ചേർത്തുവയ്ക്കുക? യേശുദാസ് എന്ന അനുഗ്രഹീത ഗായകൻ പാടിയ മികച്ച ഗാനങ്ങളിൽ ഒന്നെന്നാണ് ചലച്ചിത്ര ചരിത്രകാരനും നിരൂപകനുമായ ബി.വിജയകുമാറിന്റെ വിലയിരുത്തൽ.

സംഗീതസംവിധായകരുടെ ആലാപനശൈലിയുടെ സ്വാധീനം ഇല്ലാതെ യേശുദാസ് പാടിയ ‘കണ്ണുനീർ മുത്തുമായ്...’ ‘അല്ലിയാമ്പൽ...’ പോലുള്ള ഗാനങ്ങള്‍ മുതൽ മലയാളത്തിൽ ‘നാഗരികമല്ലാതിരുന്ന ശബ്ദങ്ങൾക്ക് ആസ്വാദകർ കുറയുന്ന’ ചരിത്രം എതിരൻ കതിരവൻ ഒരു പഠനത്തിൽ വിലയിരുത്തുന്നുണ്ട്. കണ്ണുനീര്‍ മുത്തുമായ് (1963), ആകാശത്തിലെ കുരുവികള് ...(റെബേക്ക–1963) ചൊട്ട മുതല്‍ ചുടലവരെ ... (പഴശ്ശിരാജ, 1964) എന്നിവയാണ് യേശുദാസ് സോളൊ പാടി ജനപ്രിയമായ ആദ്യകാല പാട്ടുകൾ. റോസിയിലെ (1965) ‘അല്ലിയാമ്പൽ ...’ ആണ് ഇത്തരത്തിലുള്ള മറ്റൊരു ഗാനം. ‘കറുത്ത പെണ്ണേ കരിങ്കുഴലീ ...’ (അന്ന, 1964) ഉച്ചസ്ഥായിയില്‍ പാടി ഫലിപ്പിക്കാനുള്ള യേശുദാസിന്റെ കഴിവും കാട്ടിത്തന്നു.

നീലക്കുയിലില്‍ (1955) തുടക്കം കുറിച്ച സിനിമാഗാനങ്ങളുടെ വിഷയ, സംഗീത, ആലാപന വഴികളിലെ മറ്റൊരു ദിശാമാറ്റമാണ് ഈ ഗാനങ്ങൾ. കെ എസ് ജോർജ്, കമുകറ പുരുഷോത്തമൻ, അബ്ദുൽ ഖാദർ, മെഹബൂബ്, എ.എം.രാജാ, പി.ബി.ശ്രീനിവാസ്, എ.പി.ഉദയഭാനു പോലുള്ള ഗായകരൊക്കെ വിശേഷ ഭാവങ്ങളുടെ പാട്ടുകാരായിരുന്നു. അവരാരും തേച്ചുമിനുക്കിയ സ്വരസംസ്കാരത്തിന്റെ ഉടമകൾ ആയിരുന്നില്ല. അവരുടെ ശബ്ദങ്ങളിലെ അസംസ്കൃതത്വത്തെ തേച്ചുമിനുക്കിയ വലിയ ശബ്ദപ്രപഞ്ചത്തിന്റെ പ്രതിനിധാനമായ യേശുദാസ്, സംഗീത സംവിധായകർക്ക് ഭാവനയുടെ സാധ്യതകളെ കെട്ടഴിച്ചു വിടാൻ സംഗീതവഴികൾ ഒരുക്കി. അതിനുശേഷമാണ് നാടൻ ശബ്ദങ്ങളം ആലാപന രീതികളും പൊതുസ്വീകാര്യതയിൽ പിന്നിലായതും സിനിമാ പാട്ടിൽനിന്നും പതുക്കെ പിൻവാങ്ങി തുടങ്ങിയതും. അതിനുശേഷമാണ് പല പല പാട്ടുകാർ പാടിയതെല്ലാം ഒറ്റയ്ക്കൊരാൾ പാടാൻ തുടങ്ങിയത് എന്നാണ് എതിരൻ കതിരവന്റെ യുക്തിഭദ്രമായ നിരീക്ഷണം. ഈ വലിയ മാറ്റത്തിന്റെ തുടക്കം ‘കണ്ണുനീർ മുത്തുമായ്..’ എന്ന ഗാനമാണ്.

ജനപ്രിയസംഗീതത്തിൽ യേശുദാസിന്റെ ശബ്ദം ഉണ്ടാക്കിയ അമിതമായ കേന്ദ്രീകരണംമൂലം സിനിമാപ്പാട്ടിലും ലളിതഗാനശാഖയിലും ശരികളുടെ ഏക മാതൃകയായി പിൻഗാമികൾക്കു മുന്നിൽ ശാസനാരൂപത്തിൽ ആ ശബ്ദം നിന്നുവെന്നാണ് കെ.എം.നരേന്ദ്രനെപ്പോലെയുള്ളവരുടെ നിരീക്ഷണം. മലയാള ചലച്ചിത്രഗാന ചരിത്രവഴിയിൽ സാഹിത്യ, സംഗീത, ആലാപനരംഗങ്ങളിലെ ലാളിത്യത്തിന്റെ പ്രഖ്യാപനമായിരുന്നു ‘കണ്ണുനീര്‍ മുത്തുമായ് …’ എന്ന ഗാനം. ആ പുതുവഴിക്കു ലഭിച്ച അംഗീകാരമായിരുന്നു ഈ പാട്ടിനു ലഭിച്ച ജനകീയതയും പൊതുസ്വീകാര്യതയും. അതുകൊണ്ടാണ് പ്രണയിനി ഒരു കണ്ണുനീർ തുള്ളിയായി പീലികളിൽ നിറഞ്ഞു മറ്റു കാഴ്ചകൾ മങ്ങുന്ന പ്രതീതി തീർക്കുന്ന ഈ പ്രണയ വിഷാദഗാനം അഞ്ചരപതിറ്റാണ്ടായി കേരളം ഏറ്റുപാടിക്കൊണ്ടിരുക്കുന്നത്. .

ഗാനരചന: വയലാർ രാമവർമ്മ

സംഗീതം: ജി ദേവരാജൻ

ആലാപനം: കെ ജെ യേശുദാസ്

സിനിമ: നിത്യകന്യക (1963)

ചലച്ചിത്ര സംവിധാനം: കെ എസ് സേതുമാധവൻ