കരുതുന്ന പിതാവ്

ദൈവത്തിന്റെ ഒരു വിശേഷണം ‘പ്രാർഥന കേൾക്കുന്ന പിതാവ്’ എന്നാണ്. ആത്മാർഥതയോടുള്ള പ്രാർഥന ഒരിക്കലും നിഷ്ഫലമാകുവാൻ അവിടുന്ന് അനുവദിക്കയില്ല. ഒരു പക്ഷേ, നാം ആശിക്കുന്ന വിധത്തിലും സമയത്തും ഉത്തരം നൽകിയെന്നു വരികയില്ല. എന്നാൽ നമ്മേക്കാൾ അധികമായി നമ്മെയും നമ്മുടെ സാഹചര്യങ്ങളെയും മനസ്സിലാക്കുന്ന സ്വർഗീയപിതാവാണ് നമുക്കുള്ളത്. നമ്മുടെ നന്മ മാത്രമേ അവിടുന്ന് അഭിലഷിക്കയുള്ളു. എന്നാൽ അവിടുത്തെ വഴികൾ നിഗൂഢമായിരിക്കും. താൽക്കാലിക ലാഭം മാത്രം പ്രതീക്ഷിക്കുന്ന, ദീർഘദൃഷ്ടിയില്ലാത്ത മനുഷ്യൻ ആശിക്കുന്നതെന്തും തൽക്ഷണം ലഭിച്ചില്ലെങ്കിൽ നിരാശനാകുന്നു. ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കയാണു ചെയ്യുന്നത്.

അമേരിക്കൻ സ്വദേശിയായ ഒരു പെൺകുട്ടിയുടെ അനുഭവം വായിച്ചതോർക്കുന്നു. വിമാനജോലിക്കാർ പണിമുടക്കു നടത്തിയ ഒരു സന്ദർഭം. അത് യാത്രചെയ്യേണ്ടവർ ഏറ്റവും വിഷമിച്ച അവസരമായി. പലരും ബസിൽ യാത്ര ചെയ്യുവാൻ നിർബന്ധിതരായി. ബസ് സ്റ്റേഷനുകളിൽ ആൾത്തിരക്ക് രൂക്ഷമായി. മേൽപ്പറഞ്ഞ പെൺകുട്ടി ഒരു ബസ് സ്റ്റേഷനിൽ ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കുകയാണ്.

ബോസ്റ്റണിൽ സ്വന്തം പിതാവ് മരണാസന്നനായി കിടക്കുന്നു എന്ന കമ്പി സന്ദേശം ലഭിച്ചതിനെത്തുടർന്ന് അവിടേക്കു പോകാൻ എത്തിയ അവൾക്ക് 24 മണിക്കൂർ ടിക്കറ്റിനായി കാത്തുനിൽക്കേണ്ടി വന്നു. ഒരു ബസ് ബോസ്റ്റണിലേക്കു പോകാൻ ഒരുങ്ങിനിൽക്കുന്നു. അവൾ പ്രതീക്ഷയോടെ ഓടിയെത്തി. ആളുകൾ തിക്കിക്കയറുന്നു. എങ്ങനെയും ഒരു സീറ്റു ലഭിക്കണമെന്ന് ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട് അവൾ തിരക്കിൽക്കൂടി വാതിൽക്കൽവരെയെത്തി.

അപ്പോഴാണ് ഡ്രൈവറുടെ പ്രഖ്യാപനം: ‘‘ഇനി ആരും കയറേണ്ട, സീറ്റെല്ലാം തികഞ്ഞു.’’

പെൺകുട്ടിയുടെ ഹൃദയം തകർന്നുപോയി. ഇനി ആറുമണിക്കൂർ കഴിഞ്ഞേ അടുത്ത ബസുള്ളൂ. സ്പെഷൽ ബസ് ഉണ്ടാകുമോ എന്നു നിശ്ചയവുമില്ല. ആ പെൺകുട്ടി ഉച്ചത്തിൽ കണ്ഠമിടറിക്കൊണ്ട് ‘‘ദൈവമേ’’ എന്നു വിളിച്ചു. മരണവുമായി മല്ലടിക്കുന്ന പിതാവിനെക്കുറിച്ചുള്ള ഓർമകൾ മനസ്സിൽ നിറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ അവൾ പകച്ചുനിന്നു.

അപ്പോൾ ബസിന്റെ ചവിട്ടുപടികൾ ഇറങ്ങി ഒരു മനുഷ്യൻ വന്നു. അദ്ദേഹം ആ പെൺകുട്ടിയുടെ മുഖത്തു നോക്കി, എന്തോ നിശ്ചയിച്ചിട്ടെന്നപോലെ അവളുടെ സ്യൂട്ട്കെയ്സ് കൈകളിലെടുത്തു. അയാൾ ഒരു തസ്കരനാണോ എന്ന് അവൾ ഭയപ്പെട്ടുപോയി. ആ മധ്യവയസ്കൻ പറഞ്ഞു: ‘‘മകളെ, നിനക്ക് അത്യാവശ്യമായി പോകണമെന്ന് നിന്റെ മുഖഭാവത്തിൽനിന്നു ഞാൻ മനസ്സിലാക്കുന്നു. നിനക്ക് ഞാൻ എന്റെ സീറ്റ് തരാം.’’

അദ്ഭുതത്തോടെ അവൾ ആ മനുഷ്യനെ നോക്കി. എന്താണ് പറയേണ്ടത് എന്ന് നിശ്ചയമില്ല. ആഗതൻ തുടർന്നു: ‘‘എനിക്കു നിന്റെയത്ര പ്രായമുള്ള ഒരു മകളുണ്ട്. അവൾ നിന്റെ സ്ഥാനത്തായിരുന്നെങ്കിൽ ഞാൻ അവൾക്ക് എന്റെ സീറ്റ് കൊടുക്കുമായിരുന്നു. ഇപ്പോൾ അതുതന്നെ എനിക്കു തോന്നുന്നു. ഈ ടിക്കറ്റ് ഉപയോഗിച്ചു നിനക്കു പോകാം. അൽപം വൈകിയാലും എന്റെ യാത്ര സംബന്ധിച്ചു പ്രശ്നമില്ല.’’ ആ മനുഷ്യൻ തന്റെ സീറ്റിൽ അവളുടെ സ്യൂട്ട്കെയ്സ് വച്ചു. നന്ദി നിറഞ്ഞ ഹൃദയത്തോടെ അവൾ അദ്ദേഹത്തോടു ചോദിച്ചു: ‘‘അങ്ങയുടെ പേരെന്താണ്?’’

അദ്ദേഹം പറഞ്ഞു: ‘‘അതെന്തിനറിയണം. പിതാക്കന്മാർ എല്ലാവരും ഒന്നുതന്നെ.’’ കൈവീശി യാത്രപറഞ്ഞ് ആ സ്നേഹനിധി ബസിൽനിന്നിറങ്ങി. അവൾ കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തി. ആസന്നമരണനായി പിതാവ് കിടപ്പുണ്ടായിരുന്നു. ആറു വർഷം മുൻപ് പിതാവുമായി പിണങ്ങിപ്പിരിഞ്ഞതാണ്. അതിനു ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ച. നാലു കണ്ണുകൾ നിറഞ്ഞൊഴുകി. അന്ത്യനിമിഷത്തിൽ പിതാവിന്റെ പക്കലെത്തി എല്ലാ തെറ്റുകൾക്കും മാപ്പുപറഞ്ഞ് ചുംബനമർപ്പിക്കാൻ കഴിഞ്ഞതിൽ ആ പെൺകുട്ടി ചാരിതാർഥയായി. നിമിഷങ്ങൾക്കകം അവളുടെ പിതാവ് എന്നെന്നേക്കുമായി കണ്ണുകൾ അടച്ചു.

ആ പെൺകുട്ടി ഇപ്രകാരം കുറിച്ചുവച്ചു: ‘‘ആ സമയം എനിക്കു ബസു കിട്ടിയില്ലായിരുന്നെങ്കിൽ പിതാവിനെ മരിക്കുന്നതിനു മുൻപ് കാണുവാൻ ഇടവരില്ലായിരുന്നു. എന്റെ സ്വന്തം പിതാവ് അറിഞ്ഞില്ല, മറ്റൊരു പിതാവ് എനിക്ക് എത്രയും കരുണാമസൃണമായി ഒരവസരം തന്നതുകൊണ്ടാണ് ആ അന്തിമദർശനം സാധിച്ചതെന്ന്. സ്വർഗത്തിലെ നല്ലപിതാവായ ദൈവം അല്ലാതെ മറ്റാരുമല്ല കാരുണ്യത്തിന്റെ അമൃതം എന്നിൽ തളിച്ചുകൊണ്ടണഞ്ഞ ആ മനുഷ്യൻ.’’

നാം ഓരോരുത്തരുടെയും ജീവിതത്തിൽ അറിഞ്ഞും അറിയാതെയും ഇതുപോലുള്ള എത്രയെത്ര അനുഭവങ്ങളാണുള്ളത്. നാം അതെല്ലാം വിസ്മൃതിയിൽ തള്ളിയിട്ട് നിസ്സാരമായ പ്രശ്നങ്ങളുണ്ടാകുമ്പോൾ, നമ്മുടെ മനസ്സിനൊത്തു കാര്യങ്ങൾ നടക്കാതെ വരുമ്പോൾ നിരാശാഭരിതരാകുന്നു. 

നന്മ മാത്രം പ്രദാനം ചെയ്യുന്ന നല്ലപിതാവാണ് ദൈവം എന്നു വിശ്വസിക്കാൻ കഴിയുന്നുവെങ്കിൽ നമ്മുടെ ഹൃദയസമാധാനം ശാശ്വതമായിരിക്കും. അല്ലാതുള്ള നേട്ടങ്ങളും സംതൃപ്തിയും ജലരേഖപോലെ പരിണമിക്കും.

‘‘ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു. എന്റെ സ്വർഗസ്ഥനായ പിതാവ് തന്നോട് അപേക്ഷിക്കുന്നവർക്ക് നന്മകളെ എത്ര അധികമായി കൊടുക്കും’’– യേശുവിന്റെ ഈ വാക്കുകൾ നമ്മുടെ കാതുകളിൽ മുഴങ്ങട്ടെ.

ടി.ജെ.ജെ