Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചറിയാത്ത സമ്പത്തുകൾ

ടി.ജെ.ജെ.
Column

മംഗോളിയൻ വംശജരുടെ ഇടയിൽ ഒരു കഥയുണ്ട്. ഒരു പാവപ്പെട്ട മനുഷ്യൻ എപ്പോഴും തന്റെ കുറവുകളെക്കുറിച്ച് ചിന്തിക്കയും പരാതിപ്പെടുകയും ചെയ്യുമായിരുന്നു. ധനമില്ല എന്നതാണ് ആ മനുഷ്യന്റെ പരാതിയും ദുഃഖകാരണവും. ഇക്കാര്യം അയാളുടെ മനസ്സിനെ ഏറെ അലട്ടുകയും അസ്വസ്ഥമാക്കുകയും ചെയ്തു. 

ഒരുദിവസം രാജാവ് അയാളുടെ സമീപത്തുകൂടി കടന്നുപോയി. അപ്പോൾ നിർധനനായ ആ മനുഷ്യൻ രാജാവിന്റെ മുന്നിൽ താണുവണങ്ങി, തന്റെ ദുഃസ്ഥിതിയും അരക്ഷിതാവസ്ഥയും അറിയിച്ചു. ‘‘തിരുമേനീ... എനിക്ക് ആകെയുള്ള സമ്പാദ്യം എന്റെ ഈ കീറത്തുണിക്കെട്ടു മാത്രമാണ്. ഈശ്വരൻ എത്ര കഠിനമായിട്ടാണ് എന്നെ ശിക്ഷിച്ചിട്ടുള്ളത്. എന്റെമേൽ ദൈവത്തിനു യാതൊരലിവും തോന്നിയിട്ടില്ലല്ലോ. അങ്ങ് കാണപ്പെടുന്ന ദൈവമാണ്. അതുകൊണ്ട് എന്നെ സഹായിക്കണം.’’ 

രാജാവു പറഞ്ഞു: ‘‘നിന്റെ സ്വത്തിന്റെ നേർപകുതി എനിക്കു ദാനമായി നൽകാമോ? എങ്കിൽ ഈ രാജ്യത്തിന്റെ പകുതിഭാഗം ഞാൻ നിനക്കു തരാം.’’ ഇതു കേട്ടപ്പോൾ പരാതിക്കാരന് അദ്ഭുതാശ്ചര്യങ്ങൾ ഉണ്ടായി, അതോടൊപ്പം സന്തോഷവും. അയാൾ ഉടനെ മറുപടി നൽകി: ‘‘തീർച്ചയായും ഞാൻ തരാം.’’ 

അപ്പോൾ രാജാവു പറഞ്ഞു: ‘‘സ്വത്തിന്റെ എല്ലാറ്റിന്റെയും അർധഭാഗം നൽകണം. താങ്കളുടെ രണ്ടുമക്കളിൽ ഒരാളെ നൽകണം. രണ്ടു കണ്ണുകളിൽ ഒരെണ്ണം എനിക്കു നൽകണം. രണ്ടു കാലുകളിൽ ഒന്ന്; രണ്ടു കരങ്ങളിൽ ഒന്ന്; രണ്ടു കാതുകളിൽ ഒരെണ്ണം...’’ 

രാജാവിന്റെ വാക്കുകൾ കേട്ടപ്പോഴാണു താൻ വിസ്മരിച്ചിട്ടുള്ളതും ദൈവം സൗജന്യമായി നൽകിയതുമായ ഒട്ടേറെ അനുഗ്രഹങ്ങളെക്കുറിച്ചും ദാനങ്ങളെക്കുറിച്ചുമൊക്കെ ആ മനുഷ്യൻ ചിന്തിക്കാനിടയായത്. 

ഭൗതിക വസ്തുക്കളെപ്പോലെ തന്നെ നമ്മുടെ ആരോഗ്യം, ബുദ്ധി, സൗന്ദര്യം, മനഃശക്തി, കലാപരമായ കഴിവുകൾ, ആസ്വാദനശേഷി, വിവേചനാശക്തി എന്നിവയെല്ലാം ദൈവത്തിന്റെ ദാനങ്ങളാണ്. പലപ്പോഴും നാം അവയെ വിസ്മരിക്കുന്നു. നമുക്ക് ഇല്ലാത്തവയെപ്പറ്റിയാണ് നാമെപ്പോഴും പരാതിപ്പെടുന്നതും കുണ്ഠിതപ്പെടുന്നതും. പ്രത്യേകിച്ചു മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുകകൂടി ചെയ്യുമ്പോൾ... 

ദൈവത്തിന്റെ അനുപമ കാരുണ്യം മനസ്സിലാക്കി കൃതജ്ഞത സമർപ്പിക്കുന്ന എബ്രായ കവി സങ്കീർത്തനമുതിർക്കുന്നതു ശ്രദ്ധിക്കുക. സമൃദ്ധമായ ദാനങ്ങളുമായി ദൈവം അവനെ സന്ദർശിച്ചു. അവന്റെ ശിരസ്സിൽ തങ്കക്കിരീടം അണിയിച്ചു. അവൻ അവിടുത്തോട് ജീവൻ യാചിച്ചു. അവിടുന്ന് അതു സമൃദ്ധമായി നൽകി. സുദീർഘവും അനന്തവുമായ നാളുകൾ തന്നെ. അവിടുന്ന് അവന്റെമേൽ തേജസ്സും പ്രതാപവും ചൊരിഞ്ഞു. അവനെ എന്നേക്കും അനുഗ്രഹപൂർണനാക്കി. (സങ്കീ: 21: 3–6). മറ്റൊരു സങ്കീർത്തനത്തിൽ: എന്റെ ആത്മാവേ സർവേശ്വരനെ വാഴ്ത്തുക, അവിടുന്നു ചെയ്ത നൻമകൾ ഒന്നും മറക്കരുത്... ശാശ്വതമായ സ്നേഹവും കരുണയുംകൊണ്ട് എന്നെ കിരീടമണിയിക്കുന്നു... ആയുഷ്കാലം മുഴുവൻ അവിടുന്നെന്നെ നൻമകൊണ്ടു സംതൃപ്തനാക്കുന്നു (സങ്കീ: 103: 2–5). 

ദൈവം നൽകുന്ന അനുഗ്രഹങ്ങൾ എന്തെന്നു മനസ്സിലാക്കുന്നവനാണു ധന്യൻ. സന്തോഷവും സംതൃപ്തിയും സ്തോത്രവും എപ്പോഴും അവനോടൊപ്പമുണ്ടാകും. എന്നാൽ ദൈവിക നൻമകളെ മനസ്സിലാക്കാത്തവൻ ഭോഷനാകുന്നു. അതൃപ്തിയും വെറുപ്പും പിറുപിറുപ്പും അവന്റെ പ്രവർത്തനങ്ങളിലും സമീപനങ്ങളിലും നിഴലിക്കും. 

തുരപ്പനെലി ദൈവത്തോടു പറഞ്ഞു: ‘‘ദൈവമേ എനിക്കു പാട്ടുപാടാൻ അറിയാമായിരുന്നെങ്കിൽ അങ്ങയുടെ മഹത്വം ഞാൻ പാടി ഘോഷിക്കുമായിരുന്നു’’. ദൈവം പറഞ്ഞു: ‘‘കൊച്ചു ജീവീ, നീ ഗായകനല്ലാത്തതുകൊണ്ട് വിഷാദിക്കേണ്ടാ. നിന്നെ ഞാനാണു സൃഷ്ടിച്ചത്. ഭൂമി തുരന്നുപോകാനുള്ള നിന്റെ അദ്ഭുതമായ കഴിവുകണ്ട് മനുഷ്യരിലെ വിദഗ്ധരായ എൻജിനീയർമാർ പോലും വിസ്മയിച്ചുപോകുന്നു. സൂക്ഷ്മമായ ഉപകരണങ്ങൾകൊണ്ടുമാത്രം ചെയ്യാവുന്ന കാര്യങ്ങൾ നീ ഉപകരണം കൂടാതെ ചെയ്യുന്നു. നിന്നെ നോക്കി മനുഷ്യൻ വിസ്മയിക്കുമ്പോൾ എന്റെ മഹത്വമാണു പ്രകീർത്തിക്കപ്പെടുന്നത്. കാരണം നിന്നെ സൃഷ്ടിച്ചതു ഞാനാണ്.’’ 

മൽസ്യം പറഞ്ഞു: ‘‘ദൈവമേ എനിക്കു ചിറകു ലഭിച്ചിരുന്നെങ്കിൽ അങ്ങയുടെ സ്തുതി ഉദീരണം ചെയ്തുകൊണ്ട് അന്തരീക്ഷത്തിൽ ഞാൻ പറന്നു നടക്കുമായിരുന്നു. 

ദൈവം പറഞ്ഞു: ‘‘അല്ലയോ നല്ലവനായ ജലജീവി, നീ വിഷാദിക്കേണ്ട. ആഴിയുടെ അഗാധത്തിലെ സൂക്ഷ്മ രഹസ്യങ്ങൾ മനുഷ്യരേക്കാൾ അധികമറിയുന്നതു നീയാണ്. എന്റെ സൃഷ്ടിയായ നിന്റെ കഴിവുകൾ എനിക്കുള്ള മഹത്വമാണ്. നിനക്കു ജൻമം നൽകിയതിൽ ഞാൻ മഹത്വപൂർണനായിരിക്കുന്നു.’’ 

നമ്മുടെ ജോലികൾ നിസ്സാരമാണെന്നോ, നമ്മുടെ സ്ഥാനമാനങ്ങൾ, ഗണനീയമല്ലെന്നോ, അന്യരുടെ ശ്രദ്ധ പിടിച്ചുപറ്റത്തക്ക കഴിവുകൾ ഇല്ലെന്നോ ചിന്തിച്ചു നിരാശപ്പെടരുത്. ദൈവം നമ്മെ ഓരോരുത്തരെയും സവിശേഷമായ താലന്തുകൾ നൽകിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലഭിച്ച താലന്തുകൾ തിരിച്ചറിഞ്ഞ് അവയെ പരമാവധി പ്രയോജനപ്പെടുത്താനാകണം നമ്മുടെ ഉദ്യമം. എത്രതന്നെ ചെറിയ കാര്യങ്ങളാണെങ്കിലും അതു സന്തോഷപൂർവം നിർവഹിക്കുമ്പോൾ ദൈവ തിരുമനസ്സ് നാം നിറവേറ്റുകയാണു ചെയ്യുന്നത്. നമ്മുടെ എളിയ ചെയ്തികളിലൂടെ സർവശക്തനായ ദൈവത്തിന്റെ നാമം മഹത്വീകരിക്കപ്പെടുന്നു. 

പരാതിപ്പെടുന്ന മനസ്സുള്ളവർ ഒരിക്കലും സന്തുഷ്ടരോ സന്തോഷം നിറഞ്ഞവരോ ആവുകയില്ല. നേരേ മറിച്ച് നമുക്കു ലഭിച്ചിട്ടുള്ള നൻമകളും കൃപകളും ഒന്നൊന്നായി അനുസ്മരിക്കുമ്പോൾ ഹൃദയം കൃതജ്ഞതാപൂരിതമാകും. ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും അനുഭവിക്കാൻ സംഗതിയാവുകയും ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.