Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകന്നുപോകുന്ന അയൽക്കാർ

വിദേശരംഗം / കെ. ഉബൈദുള്ള
france-italy-relations-and-issues യൂറോപ്യൻ ഐക്യമെന്ന ലക്ഷ്യം മുൻനിർത്തി രൂപംകൊണ്ട സാമ്പത്തിക കൂട്ടായ്മായ യൂറോപ്യൻ യൂണിയന്റെ സ്ഥാപകാംഗങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളാണ് ഫ്രാൻസും ഇറ്റലിയും. അവർ തമ്മിലുള്ള സൗഹൃദം തകർന്നുകൊണ്ടിരിക്കുന്നു

"പാരിസിനു തുല്യം റോം മാത്രം, റോമിനു തുല്യം പാരിസ് മാത്രം''. ഫ്രാൻസിന്റെയും ഇറ്റലിയുടെയും തലസ്ഥാന നഗരങ്ങളെക്കുറിച്ചുളള ഇൗ ചൊല്ല് ഇരു രാജ്യങ്ങളിലും ദീർഘകാലമായി പ്രചാരത്തിലുളളതാണ്. അത്രയും ദൃഢവും ഉൗഷ്മളവുമായിരുന്നു 500 കിലോമീറ്റർ അതിർത്തിപങ്കിടുന്ന ഇൗ പ്രമുഖ പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾ തമ്മിലുളള ബന്ധം. പക്ഷേ, അതൊരു പഴങ്കഥയാവുകയാണോ എന്ന സംശയം ഉയരാൻ തുടങ്ങിക്കഴിഞ്ഞു.

ഇറ്റലിയിൽ ആറു മാസംമുൻപ് ഒരു പുതിയ ഗവൺമെന്റ് അധികാരം ഏറ്റെടുത്തതുമുതൽ തുടങ്ങിയതാണ് ഇൗ മാറ്റം. തീവ്ര നിലപാടുകളുള്ള ഫൈവ്സ്റ്റാർ മൂവ്മെന്റ്, ലീഗ് (മുൻപത്തെ പേര് നോർത്തേൺ ലീഗ്) എന്നീ കക്ഷികളാണ് ഭരണത്തിൽ. നയപരിപാടികളിൽ വ്യത്യാസമുണ്ടെങ്കിലും സങ്കുചിത ദേശീയതയും അന്യസംസ്ക്കാര വിരോധവും അവരെ കൂട്ടിയിണക്കുന്നു. 

യൂറോപ്യൻ യൂണിയനിലെ അംഗത്വം കൊണ്ട് ഇറ്റലിക്കു ഗുണമില്ലെന്നും ദോഷമുണ്ടെന്നും അതിനാൽ  അംഗത്വം പുനഃപരിശോധിക്കണമെന്നും വാദിക്കുകയാണവർ. വിദേശ കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും ഇനി ഇറ്റലിയിൽ പ്രവേശനം അനുവദിക്കില്ലെന്ന് അവർ  ശഠിക്കുകയും ചെയ്യുന്നു. അതിനെച്ചൊല്ലി പല തവണ ഫ്രാൻസുമായി വാക്പോരിൽ ഏർപ്പെടുകയുമുണ്ടായി. 

കക്ഷിരഹിതനായ അമ്പത്തിനാലുകാരൻ പ്രഫസർ ഗ്യുസെപ്് കോൺടിയാണ് പ്രധാനമന്ത്രിയെങ്കിലും ഭരണത്തിന്റെ കടിഞ്ഞാൺ ഇൗ കക്ഷികളുടെ നേതാക്കളുടെ കൈകളിലാണ്. ഫൈവ്സ്റ്റാർ നേതാവ്  ലൂയിജി ഡി മയ്യോയും (31) ലീഗ് തലവൻ മാറ്റിയോ സാൽവിനിയും (45) ഉപ പ്രധാനമന്ത്രിമാരായി സേവനം ചെയ്യുന്നു. 

ഫ്രാൻസിന്റെ നേരെ വളരെ കടുത്ത ഭാഷയിലുള്ള കടന്നാക്രമണമാണ് ഡി മയ്യോ ഇക്കഴിഞ്ഞ ശനിയാഴ്ച (ജനുവരി 19) നടത്തിയത്. മുഖ്യ വിഷയം ആഫ്രിക്കയിൽനിന്നു തുടർന്നുകൊണ്ടിരിക്കുന്നഅഭയാർഥി പ്രവാഹമായിരുന്നു. 

"ചില യൂറോപ്യൻ രാജ്യങ്ങൾ, പ്രത്യേകിച്ച് ഫ്രാൻസ് ആഫ്രിക്കൻ രാജ്യങ്ങളെ കോളണികളാക്കി വച്ചിരിക്കുന്നത് ഇനിയും അവസാനിപ്പിച്ചിട്ടില്ല. ആഫ്രിക്കയിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നതിനു കാരണം ഇതാണ്''-ഇങ്ങനെയാണ് അദ്ദേഹം ഒരു പൊതുയോഗത്തിൽ തുറന്നടിച്ചത്. 

ഉത്തരാഫ്രിക്കയിലെ ലിബിയയിൽനിന്നു യൂറോപ്പിലേക്കു വരികയായിരുന്ന അഭയാർഥികൾ കയറിയ രണ്ടു ബോട്ടുകൾ മെഡിറ്ററേനിയൻ കടലിൽ മുങ്ങി 170 പേർ മരിച്ച സംഭവങ്ങളായിരുന്നു അതിന്റെ പശ്ചാത്തലം. അതിനുകാരണം ഇറ്റലിയുടെ അഭയാർഥി വിരുദ്ധനയമാണെന്നു ഫ്രാൻസ് കുറ്റപ്പെടുത്തുകയുണ്ടായി. ബോട്ടുകൾ ഇറ്റാലിയൻ തീരത്തടുക്കാൻ ഇറ്റാലിയൻ അധികൃതർ അനുവദിച്ചിരുന്നില്ല.

ഡി മയ്യോ തന്റെ പ്രസംഗത്തിൽ ഇങ്ങനെയും പറയുകയുണ്ടായി : "ആഫ്രിക്കൻ രാജ്യങ്ങളെ ദരിദ്രമാക്കി നിലനിർത്തുകയും അവിടത്തെ ജനങ്ങൾ  നാടുവിട്ടുപോകാൻ ഇടയാക്കുകയും ചെയ്യുന്ന ഫ്രാൻസിനെപ്പോലുള്ള രാജ്യങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയൻ നടപടിയെടുക്കണം. ആഫ്രിക്കയിലെ ജനങ്ങളുടെ സ്ഥാനം ആഫ്രിക്കയിലാണ്, മെഡിറ്ററേനിയൻ കടലിന്റെ അടിത്തട്ടിലല്ല''

italy-prime-minister ഗ്യുസെപ് കോൺടി

അഭൂതപൂർവമായ ഇൗ വിമർശനം ഫ്രാൻസിനെ ഞെട്ടിച്ചു. ഫ്രഞ്ച് ഗവൺമെന്റ് പാരിസിലെ ഇറ്റാലിയൻ അമ്പാസ്സഡറെ വിളിച്ചുവരുത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. പക്ഷേ, അതിനുശേഷവും ഡി മയ്യോ തന്റെ ഫ്രഞ്ച് വിരുദ്ധ പരാമർശം നിർത്തിയില്ല. അദ്ദേഹം പറഞ്ഞു : "ആഫ്രിക്കയിലെ പതിനാലു രാജ്യങ്ങൾക്കുവേണ്ടി കറൻസി നോട്ടുകൾ അടിച്ചുകൊടുക്കുകയും അവയുടെ സാമ്പത്തിക വികസനം തടയുകയും അങ്ങനെ അഭയാർഥി പ്രവാഹത്തിന് ഇടയാക്കുകയും ചെയ്യുന്നതു ഫ്രാൻസാണ്....ആഫ്രിക്കയുണ്ടായിരുന്നില്ലെങ്കിൽ ലോകസമ്പദ് വ്യവസ്ഥയിൽ ഫ്രാൻസ് പതിനഞ്ചാം സ്ഥാനത്താകുമായിരുന്നു, ഇന്നത്തെപ്പോലെ ആറാം സ്ഥാനത്താകുമായിരുന്നില്ല''.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ മറ്റെ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയും (ആഭ്യന്തരമന്ത്രികൂടിയാണ് ഇദ്ദേഹം) സ്വന്തമൊരു ഫ്രഞ്ച് വിരുദ്ധ പ്രസ്താവനയുമായി മുന്നോട്ടുവന്നു. ആഫ്രിക്കൻ അഭയാർഥികളുടെ ബോട്ടുകൾക്കു കരയ്ക്കടുക്കാൻ  ഇറ്റലി അനുവാദം നൽകാത്തത്തിൽ ഫ്രാൻസ് വ്യാകുലപ്പെടുന്നതിൽ അർഥമില്ലെന്നും പതിനായിരക്കണക്കിന് അഭയാർഥികളെ മൃഗങ്ങളെപ്പോലെ ഫ്രാൻസ് ആട്ടിപ്പായിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. മാനുഷികതയെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വൽ മക്രോണിനെപ്പോലുളളവർ നൽകുന്ന ഉപദേശമൊന്നും ഇറ്റലിക്ക് ആവശ്യമില്ലെന്നും സാൽവിനി തുറന്നടിച്ചു.

ഡി മയ്യോയുടെയും സാൽവിനിയുടെയും ആരോപണങ്ങൾ ദുരുപദിഷ്ടം മാത്രമല്ല, അടിസ്ഥാന രഹിതവുമാണെന്നാണ് ഫ്രാൻസിന്റെ വിശദീകരണം. യൂറോപ്പിലെത്തുന്ന ആഫ്രിക്കൻ അഭയാർഥികളിൽ മിക്കവരും ആ ഭൂഖണ്ഡത്തിലെ മുൻ ഇറ്റാലിയൻ കോളണികളായ ലിബിയ, സൊമാലിയ, എത്യോപ്യ, എറിട്രിയ എന്നിവിടങ്ങളിൽ നിന്നുളളവരാണെന്നും മുൻ ഫ്രഞ്ച് കോളനികളിൽ നിന്നുളളവരല്ലെന്നും ഫ്രാൻസ് ചൂണ്ടിക്കാട്ടുന്നു.  

രണ്ട് ഇറ്റാലിയൻ ഉപപ്രധാനമന്ത്രിമാരുടെയും തീവ്രമായ ഫ്രഞ്ച് വിരുദ്ധ നിലപാട് അഭയാർഥി പ്രശ്നത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ലെന്ന കാര്യവും നേരത്തെതന്നെ വ്യക്തമാവുകയുണ്ടായി. ഫ്രാൻസിൽ ഇന്ധന വിലക്കയറ്റത്തിനെതിരെ സമരം നടത്തിവരുന്നവരെ ഡി മയ്യോ പരസ്യമായി പിന്തുണയ്ക്കുകയും പിന്തിരിയരുതെന്ന് അവരെ ഉപദേശിക്കുകയും ചെയ്തത് ഇതിനുദാഹരണമായിരുന്നു. 

സാധാരണ ഒരു രാജ്യവും, യൂറോപ്പിൽ പ്രത്യേകിച്ചും, മറ്റൊരു രാജ്യത്തിന്റെ ഇത്തരം ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടുക പതിവില്ലാത്തതാണ്. ഇറ്റലി പിടികൂടാൻ കാത്തുനിൽക്കുന്ന 14 ഭീകര പ്രവർത്തകർക്കു ഫ്രാൻസ് അഭയം നൽകിയിരിക്കുകയാണെന്ന ഗുരുതരമായ ആരോപണം ഉന്നയിക്കാനും സാൽവിനി മടിച്ചില്ല. 

emmanuel-macron ഇമ്മാന്വൽ മക്രോണ്‍

യൂറോപ്യൻ എെക്യമെന്ന ലക്ഷ്യം മുൻനിർത്തി രൂപംകൊണ്ട സാമ്പത്തിക കൂട്ടായ്മയായ യൂറോപ്യൻ യൂണിയന്റെ സ്ഥാപകാംഗങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളാണ് ഫ്രാൻസും ഇറ്റലിയും. അവർ തമ്മിൽ മുൻപും  അസ്വാരസ്യങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നുവെങ്കിലും ബന്ധം ഇത്രയും ഗുരുതരമായ പതനത്തിൽ എത്തിയ സന്ദർഭം മുൻപൊരിക്കലും സംജാതമായിരുന്നില്ല. 

ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ഇറ്റലി. ഉത്തരാഫ്രിക്കയിൽ നിന്നും പശ്ചിമേഷ്യയിൽനിന്നുമുള്ള അനധികൃത കുടിയേറ്റക്കാരും അഭയാർഥികളും മെഡിറ്ററേനിയൻ കടൽതാണ്ടി ആദ്യമെത്തുന്നതു യൂറോപ്പിന്റെ ദക്ഷിണ തീരത്തുള്ള ഇറ്റലിയിലാണ്. അവിടെനിന്നാണ് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കു പോകുന്നത്. പലരും ഇറ്റലിയിൽ തങ്ങുന്നു. 

ഇവരെയെല്ലാം തിരിച്ചയക്കണമെന്നും പുതുതായി ആരെയും ഇറ്റലിയിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നുമുളളതാണ് റോമിലെ പുതിയ ഗവൺമെന്റിന്റെ നയം. കുടിയേറ്റക്കാരോടും അഭയാർഥികളോടുമുളള ഇൗ ഗവൺമെന്റിന്റെ സമീപനത്തിൽ അവരുടെ മതം, സംസ്ക്കാരം എന്നിവയോടുള്ള അസഹിഷ്ണുതയും മുഖ്യപങ്കു വഹിക്കുന്നുണ്ടെന്നതു രഹസ്യമല്ല.ഇതിനെ രാഷ്ട്രീയ കുഷ്ഠരോഗം എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ വിശേഷിപ്പിച്ചിരുന്നത്. തങ്ങളുടെ ഭരണത്തിന്റെ തുടക്കത്തിൽതന്നെയുളള ഇൗ രൂക്ഷ വിമർശനം ഫൈവ്സ്റ്റാറിന്റെയും ലീഗിന്റെയും നേതാക്കളെ ക്ഷുഭിതരാക്കി. അന്നു മുതൽ അവർ മക്രോണിനെതിരെ  ആഞ്ഞടിക്കാൻ തുടങ്ങി. ക്രമേണ അവർ ഫ്രാൻസിനെതിരെതന്നെ തിരിഞ്ഞു.  

മക്രോൺ ഏറ്റവുമൊടുവിൽ റോം സന്ദർശിച്ചതു കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു. ഇറ്റലിയിലെ മുൻ ഗവൺമെന്റുകളുടെ കാലത്തെല്ലാം ഫ്രഞ്ച് നേതാക്കൾക്കു കിട്ടിയിരുന്നതു പോലുള്ള അത്യന്തം ഉൗഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിനു ലഭിച്ചത്.  വർഷാവസാനത്തോടെ ഇരു രാജ്യങ്ങളും തമ്മിൽ ഒരു പുതിയ സൗഹാർദ ഉടമ്പടി ഒപ്പിടുന്നതു സംബന്ധിച്ച തീരുമാനത്തിനു ശേഷമാണ് അദ്ദേഹം പാരിസിലേക്കു മടങ്ങിയതും. 

പക്ഷേ, ഏതാനും മാസങ്ങൾക്കകം റോമിൽ ഫൈവ് സ്റ്റാർ-ലീഗ് കൂട്ടുഭരണം നിലവിൽ വന്നതോടെ സ്ഥിതിഗതികൾ പെട്ടെന്നു മാറി. ഫ്രഞ്ച്-ഇറ്റാലിയൻ സൗഹൃദം അതിവേഗം തകരാൻ തുടങ്ങുകയും ചെയ്തു.