വിശ്വസുന്ദരി കിരീടം ലഭിച്ചില്ലെങ്കിലും താരമായത് ഇവൾ, ഇത് ചരിത്രം!

ഈ വർഷത്തെ വിശ്വസുന്ദരി മൽസരം ഒരു ചരിത്രമുഹൂർത്തത്തിനു സാക്ഷ്യം വഹിച്ചു. സ്പെയിനിൽ നിന്നുള്ള ഇരുപത്തിയേഴുകാരി ആഞ്ചല പോൺസെയ്ക്ക് കിരീടം നേടിയില്ലെങ്കിലും ഒരുപാട് സുന്ദരനിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ച ആ വേദിയിൽ മൽസരത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ് ജെൻഡർ മൽസരാർഥി.

"ഈ നേട്ടം നിങ്ങള്‍ക്കുള്ളതാണ്, ആരുടെയും ശ്രദ്ധയിൽപെടാത്തവർക്കായി, ശബ്ദമില്ലാത്തവർക്കായി, നമ്മെ ബഹുമാനിക്കുകയും സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്ന ഒരു ലോകം നാമർഹിക്കുന്നുണ്ട്. ഇന്നവിടെ ഞാൻ എത്തിനിൽക്കുന്നു. അഭിമാനപൂർവം എന്റെ രാജ്യത്തെയും സ്ത്രീകളെയും മനുഷ്യാവകാശത്തെയും പ്രതിനിധാനം ചെയ്തുകൊണ്ട്."- മത്സരശേഷം ആഞ്ചല ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.

വിശ്വസുന്ദരി മത്സരത്തിന്റെ മറക്കാനാവാത്ത മുഹൂർത്തം എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് സംഘാടകർ ആഞ്ചല വേദിയിലെത്തുന്ന വിഡിയോ പങ്കുവെച്ചത്. ഫ്ലാമെങോ എന്ന നൃത്തരൂപവും ആഞ്ചല സൗന്ദര്യവേദിയിൽ അവതരിപ്പിച്ചിരുന്നു. ഈ വസ്ത്രം ധരിച്ച് പെര്‍ഫോം ചെയ്യുന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും അവള്‍ പറയുന്നു. എപ്പോൾ എന്തു ചെയ്യാനാണോ നിങ്ങൾക്ക് ആഗ്രഹം അപ്പോൾ അതു ചെയ്യലാണ് തന്റെ ഫെമിനിസമെന്നും ഈ സുന്ദരി പറയുന്നു. 

ആദ്യമായി മിസ് സ്പെയിന്‍ ആകുന്ന ട്രാൻസ് ജെൻഡറായി  ചരിത്രത്തിലിടം പിടിച്ച ആഞ്ചല പ്രശസ്ത മോഡലാണ്. ലോകമെങ്ങുമുള്ള ട്രാന്‍സ് ജെൻഡർ വിഭാഗകാർക്കു പ്രചോദനമാകുന്ന ആഞ്ചലയുടെ വിജയം ഏറെ ആവേശത്തോടെയാണ് സൗന്ദര്യലോകം ഏറ്റെടുത്തിരിക്കുന്നത്. ആഞ്ചലയുടെ ചുവടുപിടിച്ച് കൂടുതൽ ട്രാൻസ് ജെൻഡറുകള്‍ മത്സരവേദികളിലെത്തുകയും വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കമാകുമെന്ന പ്രതീക്ഷയും പലരും പങ്കുവെയ്ക്കുന്നു.