അഞ്ച് സാധനങ്ങൾ, ഏഴ് കാര്യങ്ങൾ, ഒരൊറ്റ പാടില്ലാതെ മുഖം തിളങ്ങും!!

ഫേഷ്യൽ ചെയ്യാൻ ഇനി ബ്യൂട്ടിപാർലറിൽ പോകേണ്ട. വീട്ടിലുണ്ടല്ലോ അതിനു വേണ്ടതെല്ലാം. അൽപം സമയം മാറ്റി വച്ചാൽ മാത്രം മതി. 

വാങ്ങേണ്ട സാധനങ്ങൾ: ക്ലെൻസർ, സ്ക്രബ്, റോസ് വാട്ടർ, തേൻ, ഒലിവ് ഓയിൽ. ഇനി താഴെ പറയുന്നതിൽ നിങ്ങളുടെ ചർമത്തിനു യോജിക്കുന്ന പായ്ക്ക് ഇടാൻ വേണ്ട സാധനങ്ങളും. 

‌∙ക്ലെൻസിങ് 

മുഖം വൃത്തിയാക്കുകയാണ് ആദ്യ പടി. ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം ക്ലെൻസർ മുഖത്തു വൃത്താകൃതിയിൽ പുരട്ടുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളളത്തിൽ മുഖം വീണ്ടും കഴുകി ടവൽ കൊണ്ട് ഒപ്പുക. ആൽമണ്ട് ഓയിലോ ഒലിവ് ഓയിലോ ഏതാനും തുള്ളി തടവുക. സ്കിൻ സോഫ്റ്റും നനവുള്ളതുമാകും. 

∙സ്ക്രബ് 

അടുത്തതായി സ്ക്രബ് കൊണ്ട് അനാവശ്യ ടിഷ്യു നീക്കം ചെയ്യണം. ഈ സ്ക്രബ് വീട്ടിൽ തന്നെ ഉണ്ടാക്കാം. സ്കിന്നിന്റെ പ്രത്യേകത അനുസരിച്ചായിരിക്കണം സ്ക്രബ് ഉപയോഗിക്കേണ്ടത്. 

ഓയിലി സ്കിൻ: ഒരു ടീസ്പൂൺ തേനിൽ അര ടീസ്പൂൺ പഞ്ചസാര പൊടിച്ചതു മിക്സ് ചെയ്യുക. 

നോർമൽ സ്കിൻ: ഒരു ടീസ്പൂൺ ഓട്മീൽ, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ പാൽ എന്നിവ മിക്സ് ചെയ്യുക. 

ഡ്രൈ സ്കിൻ: ആൽമണ്ട് തരിയായി പൊടിച്ചത് ഒരു ടീസ്പൂൺ എടുത്ത് അതിൽ അര ടീസ്പൂൺ തേനും അര ടീസ്പൂൺ ഒലിവ് ഓയിലും ചേർക്കുക.          

സ്ക്രബ് ഉപയോഗിച്ചു മുഖം വൃത്താകൃതിയിൽ മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകി ഒപ്പിയെടുക്കുക. രണ്ടു തുള്ളി ഒലിവെണ്ണയോ ബദാം ഓയിലോ പുരട്ടുക. 

∙മസാജ് 

ഫേഷ്യൽ ചെയ്യുമ്പോൾ മസാജ് പ്രധാനമാണ്. ആദ്യം വിരൽ അറ്റം കൊണ്ടു കവിളിൽ വൃത്തത്തിൽ മസാജ് ചെയ്ത് മൂക്കിലേക്ക് എത്തിച്ച് വീണ്ടും കവിളിലേക്കു പോവുക. അടുത്തത് നെറ്റി മസാജ് ചെയ്ത് മൂക്കിലേക്ക് എത്തി വീണ്ടും നെറ്റി. അടുത്തതായി പുരികത്തിനു മുകളിൽ മസാജ് ചെയ്ത് കൺകോണുകളിലെത്തി കണ്ണിനു താഴെ തടവി വീണ്ടും പുരികത്തിലേക്കു പോവുക. ഓരോ മിനിറ്റ് വീതം മസാജ് ചെയ്യാം. 

∙ആവിപിടിക്കുക 

ആവി പിടിക്കുമ്പോൾ ചർമത്തിലെ സുഷിരങ്ങൾ തുറന്ന്  അഴുക്ക് നീക്കം ചെയ്യും. മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ ആവി പിടിക്കാം. ആവി പിടിക്കുന്ന വെള്ളത്തിൽ ഹെർബൽ ടീബാഗോ തുളസിയിലയോ ഇടുന്നതു നല്ലതാണ്. 

∙പായ്ക്ക് 

അടുത്തതായി ഫെയ്സ് പായ്ക്ക് ഇടണം. സ്കിൻ ടൈപ്പ് അനുസരിച്ചു വേണം പായ്ക്ക് തിരഞ്ഞെടുക്കാൻ.

ഓയിലി സ്കിൻ: ഒരു സ്പൂൺ കോസ്മറ്റിക് ക്ലേയിൽ ഒരു സ്പൂൺ തേൻ ചേർത്ത മിശ്രിതം. 

നോർമൽ സ്കിൻ: ഒരു ടേബിൾ സ്പൂൺ തൈരിൽ ഒരു ടേബിൾ സ്പൂൺ‍ തേൻ ചേർത്ത മിശ്രിതം. 

ഡ്രൈ സ്കിൻ: പഴം ഉടച്ചതിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത മിശ്രിതം. 

പായ്ക്ക് മുഖത്തും കഴുത്തിലും ഇട്ട ശേഷം കണ്ണുകളിൽ വെള്ളരി കനംകുറച്ചു മുറിച്ചതു വച്ച് റിലാക്സ് ചെയ്യുക. ഫെയ്സ് മാസ്ക് 20 മിനിറ്റ് സമയം വച്ച ശേഷം ചെറു ചൂടുവെളളത്തിൽ  കഴുകിക്കളയുക. 

∙ടോണിങ് 

തുറന്നു ശുചിയായ മുഖത്തെ സുഷിരങ്ങൾ അടയ്ക്കുന്നതിനാണു ടോണർ. ഏതാനും തുളളി റോസ് വാട്ടർ മുഖത്തു പുരട്ടുക. ഒന്നാന്തരം ടോണർ ആണത്.         

∙മോയിസ്ചറൈസിങ് 

ആൽമണ്ട് ഓയിൽ, കോക്കനട്ട് ഓയിൽ, ഒലിവ് ഓയിൽ, കറ്റാർവാഴ ജെൽ തുടങ്ങിയതെന്തും മോയിസ്ചറൈസറായി ഉപയോഗിക്കാം. ഫേഷ്യൽ ചെയ്യുമ്പോൾ ചർമം സോഫ്റ്റാകും. അന്നേ ദിവസം മേക്കപ്പ് ഒഴിവാക്കുന്നതാണു നല്ലത്. 

Read more: Trending News in Malayalam | Viral News in Malayalam | Beauty Tips in Malayalam