പേരയിലയുണ്ടെങ്കിൽ മുഖക്കുരു ഇല്ലേയില്ല!

സൗന്ദര്യത്തെക്കുറിച്ച് ആകുലപ്പെടുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന കാലമാണ് കൗമാരം. കൗമാരക്കാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മുഖക്കുരു. മാനസികമായി തളർത്താനും അത്മവിശ്വാസം ഇല്ലാതാക്കാനും മുഖത്തെ ഒരു കുരു ധാരാളം. ഈ അവസരത്തിലാണു വ്യാജചികിത്സയും അനാവശ്യ ഉത്പന്നങ്ങളും തേടി പോകാൻ തുടങ്ങുന്നത്. 

എന്നാൽ അമിതകൊഴുപ്പ് അടങ്ങിയ ആഹാരം ഒഴിവാക്കി ഈ പ്രശ്നം ഒരുപരിധി വരെ ഒഴിവാക്കാം. വേദനയോടു കൂടിയ മുഖക്കുരുവിന് ആയുർവേദം ചില ഒറ്റമൂലികൾ അനുശാസിക്കുന്നുണ്ട്. ത്രിഫലയോ, പേരയിലയോ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുക. കൊത്തമല്ലി, പേരയില ഇവ അരച്ചു ലേപനമായി പുരട്ടുന്നതും മുഖക്കുരുവിനെ അകറ്റി നിർത്തും. ലേപനം പുരട്ടുമ്പോൾ താഴെ നിന്നു മുകളിലേക്ക് കനത്തിൽ പുരട്ടാൻ ശ്രദ്ധിക്കണം. 20 മിനിറ്റിൽ കൂടുതൽ സമയം ഇത് മുഖത്തിടരുത്. അതിനുമുമ്പ് ചെറിയ ചൂടുവെള്ളത്തിൽ കഴുകി മാറ്റണം. 

വരണ്ട ചർമമാണു മുഖസൗന്ദര്യത്തിലെ മറ്റൊരു വില്ലൻ. നാല്പാമരം തൈരിൽ ചാലിച്ചു പുരട്ടുന്നത് ഉത്തമമാണ്. അധികം ഉണങ്ങുന്നതിനു മുമ്പ് നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

നിറം വർധിപ്പിക്കാൻ ഏതു സൗന്ദര്യവർധക വസ്തുക്കളും ഉപയോഗിക്കാൻ തയാകുന്നവരുണ്ട്. സൗന്ദര്യത്തിന്റെ അളവുകോൽ നിറമാണ് എന്ന ധാരണ ‌ഇത്തരക്കാർ തിരുത്തണം. നിറം  ജന്മനാ ലഭിക്കുന്നതാണ്. പിണ്ഡതൈലം, നാല്പാമരാദി എണ്ണ ഇവ തേച്ചു കുളിക്കുന്നത് ഒരു പരിധി വരെ നിറം വർധിക്കാൻ സഹായിക്കും. അല്ലാതെ നിറം മാറ്റുന്നതിന് ഒറ്റമൂലികൾ ഒന്നുമില്ല

എല്ലാത്തിനുമുപരി സൗന്ദര്യം മനസ്സിലും പ്രവൃത്തിയിലുമാണെന്ന ബോധ്യം ഈ പ്രായക്കാർ ഉണ്ടാക്കിയെടുക്കണം ആത്മവിശ്വാസത്തോടെയുള്ള പെരുമാറ്റം നമ്മുടെ മുഖസൗന്ദര്യം വർധിപ്പിക്കാമെന്നു മനസ്സിലാക്കിയാൽ കൗമാരത്തിലെ ആകുലതകൾ അകറ്റി നിർത്താവുന്നതേയുള്ളൂ.