കറുത്ത പാടുകൾ ഇനി ഇല്ലേയില്ല, പക്ഷേ എന്തും സംഭവിക്കാം !

കണ്ണിനു താഴെയുള്ള കറുത്ത പാടുകൾ നീക്കം ചെയ്യാൻ കാർബോക്സി തെറാപ്പി ചെയ്യുന്നു

ടിവി സ്ക്രീനിൽ സൗന്ദര്യ വർധക ഉൽപ്പന്നങ്ങളുടെ പരസ്യം കാണുമ്പോഴേയ്ക്കും അതിനു പിന്നാലെ പോകുന്നവരുണ്ട്. പരസ്യത്തിലെ പെണ്ണിനെപ്പോലെ സുന്ദരിയാകണമെന്ന ആഗ്രഹവും പേറി നടക്കുന്നവർ ഇതല്ല ഇതിലപ്പുറം ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു. ഒന്നു വെളുത്തു മെലിഞ്ഞു സുന്ദരിയാകുവാൻ ഏതറ്റം വരെയും പോകാനും ഇന്നത്തെ തലമുറ റെ‍ഡിയാണ്. അതിന്റെ പുത്തൻ ഉദാഹരണമാണ് കാർബോക്സി തെറാപ്പി. കണ്ണിനു താഴെയുള്ള കറുപ്പുവലയം കളയാനായി വെള്ളരിക്ക മുറിച്ചു വച്ചും കണ്ണിൽക്കണ്ട ക്രീമൊക്കെ പുരട്ടിയിട്ടും പരിഹാരം കാണാത്തവർ ഇപ്പോൾ കാർബോക്സി തെറാപ്പിയ്ക്കു പുറകെയാണത്രേ.

സർജറി വിമുക്തമായൊരു കോസ്മെറ്റിക് ട്രീറ്റ്മെന്റ് ആണ് കാർബോക്സി തെറാപ്പി. നീഡിൽ ഉപയോഗിച്ച് കാർബൺ ഡയോക്സൈ‍ഡ് തൊലിക്കകത്തേക്കു കുത്തി വെക്കുന്ന രീതിയാണിത്. ഫാറ്റ് സെല്ലുകളെ കൊല്ലുമെന്നു മാത്രമല്ല തൊലിയുടെ ഇലാസ്റ്റിസിറ്റി വർധിപ്പിക്കുകയും രക്തചംക്രമണത്തെ വർധിപ്പിക്കുകയും ചെയ്യുന്നതാണ് കാർബോക്സി തെറാപ്പിയെന്നാണ് വാദം.

കണ്ണിനു താഴെയുള്ള കറുപ്പു പാടുകളും തൊലിപ്പുറത്തെ മറ്റു പാ‌ടുകളും കാർബോക്സി തെറാപ്പി കൊണ്ട് നിഷ്പ്രയാസം മാറുമത്രേ. കണ്ണിനുതാഴെ നീഡിൽ ഉപയോഗിച്ച് ഗ്യാസ് ഇൻജക്റ്റ് ചെയ്യുമ്പോഴേയ്ക്കും ആ വശം വീർക്കും, കണ്ടാൽ പേടി തോന്നുമെങ്കിലും ഇതു വേദനിപ്പിക്കുന്നതല്ലെന്നാണു സ്പാ ക്ലിനിക്ക് വിദഗ്ധരുടെ അഭിപ്രായം . ഗ്യാസ് ഇൻജക്റ്റ് ചെയ്യുന്ന സമയം ചെറുതായൊരു തരിപ്പു മാത്രമേയുണ്ടാകൂ. ഇഞ്ചക്ഷൻ കഴിയുന്നതോടെ ആ സ്ഥലത്ത് ഓക്സിജന്റെ സാന്നിധ്യം വർധിപ്പിക്കുകയും ഇതു തൊലിയ്ക്കു തിളക്കം നൽകി പാടുകളും ചുളിവുകളും കണ്ണിനുചുറ്റുമുള്ള കറുത്ത വലയവും നീക്കം ചെയ്യുമെന്നുമാണ് പറയപ്പെടുന്നത്.

ഇൻസ്റ്റഗ്രാമിലെമ്പാടും ഈ കാര്‍ബോക്സി തെറാപ്പി ചെയ്യുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങളുടെ മേളമാണ്. ഇൻജക്റ്റ് ചെയ്തതിനു ശേഷം ഗ്യാസ് പോകുന്നതോടെ തൊലി തിളക്കമുള്ളതാകുമെന്നാണ് അനുഭവസ്ഥർ അവകാശപ്പെടുന്നത്. എന്നാൽ ഈ തെറാപ്പി അപകടകരമാണെന്നും വേണ്ടത്ര പഠനങ്ങൾക്കു ശേഷം പുറത്തു വന്നതല്ലെന്നും വിമർശനങ്ങള്‍ ഉയരുന്നുണ്ട്. ഇതു ചെയ്യുന്നതിനിടയ്ക്ക് ബ്ലീഡിങ് ഉണ്ടാകാനോ ഇൻഫെക്ഷൻ ഉണ്ടാകാനോ സാധ്യതയുണ്ട്. ഗ്യാസ് ബബിളുകളെ ബ്ലഡ് വെസലുകളിലേക്ക് എത്തിക്കുന്ന രീതി അന്ധതയിലേക്കു വരെ നയിക്കുമെന്നും ചിലർ പറയുന്നു. ഈ രീതിയ്ക്ക് ഇതുവരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും യാതൊരു വിധത്തിലുള്ള അംഗീകാരവും ലഭിച്ചിട്ടില്ലെന്നതും ആശങ്കയുണർത്തുന്നുണ്ട്.