സൂര്യതാപം: ചർമം സംരക്ഷിക്കാൻ ഗ്രീൻ ടീയും കട്ടൻ ചായയും

Representative Image

''പുറത്തിറങ്ങി നടക്കാൻ വയ്യാത്തത്ര ചൂടായിട്ടുണ്ട്. എത്രയൊക്കെ വെള്ളം കുടിച്ചിട്ടും ക്ഷീണവും ചർമത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുന്നതും മാത്രം ബാക്കി''. ദിനവും കേൾക്കുന്ന പരാതിയാണിത്. സൺസ്ക്രീൻ ക്രീം പുരട്ടി പുറത്തിറങ്ങിയിട്ടും കൈകാലുകൾ നിറം മങ്ങുന്നതിൽ യാതൊരു കുറവുമില്ല. ശക്തിയായ ചൂടിനെ പ്രതിരോധിക്കാൻ തക്കവണ്ണമുള്ള മരുന്നുകളൊന്നും വിപണിയിലും ലഭ്യമല്ല. അപ്പോപ്പിന്നെ എന്തു ചെയ്യും..? വഴിയുണ്ട്. അടുക്കളയിലേക്ക് ഒന്ന് എത്തിനോക്കിയാൽ മതി, കെമിക്കൽ ഉത്പന്നങ്ങളെ വെല്ലുന്ന പൊടിക്കൈകളല്ലേ ഇരിക്കുന്നത്. കളിയല്ല, സൂര്യതാപത്തെ ചെറുക്കാൻ ഏറ്റവും ഉത്തമമാണ് ഗ്രീൻ ടീയും ബ്ലാക്ക് ടീയും.

വണ്ണം കുറയ്ക്കാൻ മാത്രം ഗ്രീൻ ടീ കുടിയ്ക്കുമ്പോഴും വൈകുന്നേരങ്ങളിലെ നേരംപോക്കുകളിൽ സൊറ പറഞ്ഞിരിക്കുന്നതിനിടെ കട്ടൻ ചായ കുടിക്കുമ്പോഴും ഒരിക്കൽപ്പോലും കരുതിയിരിക്കില്ല ഇവ രണ്ടും ഇത്രയും വലിയ ഉപകാരികളാകുമെന്ന്. ശക്തിയാർന്ന അൾട്രാവയലറ്റ് രശ്മികൾ ചർമത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങി അവയുടെ തിളക്കവും മൃദുത്വവും ഇല്ലാതാക്കുകയാണ്. ഏറെ നേരം സൂര്യതാപം ഏൽക്കുന്നതിലൂടെ ചർമം കറുത്തു കരുവാളിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഗ്രീന്‍ ടീയും ബ്ലാക്ക് ടീയും സൺസ്ക്രീൻ ക്രീമിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. പുറത്തു പോകുന്നതിനു മുമ്പായി ഗ്രീൻ ടീയും ബ്ലാക് ടീയും മിക്സ് ചെയ്ത് ഇവ സൂര്യതാപമേൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പുരട്ടി ഉണങ്ങിയതിനു ശേഷം സാധാരണത്തേതുപോലെ സൺസ്ക്രീൻ ക്രീം പുരട്ടാം.

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ആന്റി ഓക്സിഡന്റുകളായും നാച്ചുറൽ സൺസ്ക്രീൻ ആയും വർത്തിക്കുന്നവയാണ്. ചർമത്തില്‍ ഗ്രീൻ ടീ പുരട്ടുന്നതു ഫോട്ടോ പ്രൊട്ടക്റ്റീവ് എഫക്റ്റ് നൽകുന്നതിനൊപ്പം സൂര്യതാപം മൂലം നശിച്ച കോശങ്ങള്‍ കുറയ്ക്കുകയും ചർമകോശങ്ങളെ ഒരുപരിധി വരെ സംരക്ഷിക്കുകയും ചെയ്യും. അൾട്രാ വയലറ്റ് റേഡിയേഷനിലൂടെ ഉണ്ടാകുന്ന ഡിഎൻഎ നാശത്തെ കുറയ്ക്കാനും രണ്ടും ഉത്തമമാണ്. പ്രായക്കൂടുതലിനെ പ്രതിരോധിക്കാനും ഗ്രീൻ ടീയ്ക്കു കഴിവുണ്ട്. ഇനി ഒട്ടും വൈകേണ്ട. പുറത്തിറങ്ങും മുമ്പു പരീക്ഷിക്കാം ഈ ചായ മാജിക്....