നര കണ്ടാൽ നിരാശ വേണ്ട

അഴകിനും ഒരു ഇലപൊഴിയൽ കാലമുണ്ട്. യുവത്വം സൗന്ദര്യത്തിന്റെ ആഘോഷകാലമായി വേഗമൊടുങ്ങുമ്പോൾ ചുളിവുകൾ ചാർത്തിയ മധ്യവയസ്സെത്തും. ആദ്യമായി ഒരു നര കാണുമ്പോൾ, ചർമത്തിന്റെ തുടിപ്പ് വറ്റുന്നത് തൊട്ടറിയുമ്പോൾ നിരാശയുടെ തണുപ്പേൽക്കാത്തവരില്ല. പ്രായത്തോടുളള യുദ്ധത്തിൽ പലപ്പോഴും അഴക് തോൽവി ഏറ്റുവാങ്ങുന്നു. പ്രായം പിടിച്ചാൽക്കിട്ടാതെ പായുമ്പോൾ കടിഞ്ഞാണായി ചില സൗന്ദര്യക്കൂട്ടുകൾ ഇല്ലാതെ പറ്റില്ല. വയസ്സാവാതെ പറ്റില്ലെന്ന സത്യം പോലെ പ്രായത്തിന്റെ പടയോട്ട വേഗം കുറയ്‌ക്കാനാകുമെന്നതും സത്യമാണ്. നൈരാശ്യം ബാധിച്ച മനസ്സുമായി മധ്യവയസ്സിനെ സ്വീകരിച്ചാൽ അഴകിന്റെ ഐശ്വര്യം വേഗം കെടുമെന്നതിൽ സംശയമില്ല.

ജരാനരകൾക്കു നേരെയുളള ആദ്യത്തെ മരുന്ന് ചിരിയാണ്. ചിരിക്കുന്നവരുടെ പ്രായം ചിരിക്കാത്തവരുടേതിനെക്കാൾ കുറഞ്ഞു തന്നെയിരിക്കും. ചിരിയുടെ ചന്തം ചർമത്തിലും കാണാം. സംഘർഷങ്ങളെ ലഘുവായി കണ്ട് ആരോഗ്യമുളള മനസ്സ് വളർത്തിയെടുക്കുക. അസ്വസ്‌ഥതകളുടെ മേൽ അടയിരുന്ന് ആയുസ്സിന്റെ ശോഭ കെടുത്താതിരിക്കുക. സംഘർഷം മുഖപേശികളെയും രക്‌തക്കുഴലുകളെയും ചുരുക്കും. ചർമം തൂങ്ങി വേഗം വയസ്സാകാൻ എളുപ്പം. ധ്യാനം, യോഗ ഇവയൊക്കെ യൗവനത്തിന്റെ പച്ചപ്പ് നിലനിർത്താൻ സഹായിക്കുന്നു.

നല്ല ശീലങ്ങൾ അഴകിനെയും കാക്കുന്നു. പുകവലിയാണ് പ്രായമേറ്റുന്നതിലെ ഒന്നാംവില്ലൻ. പുകവലി തുടർന്നുകൊണ്ട് മറ്റെന്തു മാർഗം സ്വീകരിച്ചാലും വാർധക്യ ലക്ഷണങ്ങൾ മായില്ല. ആദ്യം പുകവലിയോടു വിട പറഞ്ഞിട്ടു മാത്രം മറ്റു മാർഗങ്ങളെപ്പറ്റി ചിന്തിക്കു. പച്ചക്കറികളും പഴങ്ങളുമടങ്ങിയ ഭക്ഷണം ചർമാരോഗ്യത്തിന് ഏറ്റവും വേണ്ടത്. മധ്യവയസ്സിലെത്തിയവർ ഏറെ പഴങ്ങൾ കഴിക്കണം. പഴങ്ങളിൽ ധാരാളമുളള ആന്റി ഓക്‌സിഡന്റുകൾ ഏറ്റവും നല്ല വാർധക്യ പ്രതിരോധകങ്ങളാണ്. ഇവ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി യൗവനദൈർഘ്യം കൂട്ടും. ഗ്രീൻ ടീ ആന്റി ഓക്‌സിഡന്റുകളാൽ സമൃദ്ധമാണ്. ഗ്രീൻ ടീ കുടിക്കുന്നതും ശീലമാക്കാം. കാരറ്റ്, സ്‌ട്രോബെറി എന്നിയിലെല്ലാം ആന്റി ഓക്‌സിഡന്റുകൾ ധാരാളമുണ്ട്.

പ്രായം ചെല്ലുന്തോറും ശരീരത്തിലെ ഹോർമോൺ നില താഴുന്നു. ഇതും ചർമത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. മധ്യവയസ്സു കടന്നവർക്ക് ഉചിതമായ ഹോർമോൺ സപ്ലിമെന്റുകൾ ഡോക്‌ടറുടെ നിർദേശപ്രകാരം കഴിക്കാം.പാർശ്വഫലങ്ങളില്ലാത്ത ഹോർമോൺ സപ്ലിമെന്റുകളാവണം ഉപയോഗിക്കേണ്ടത്. വൈറ്റമിൻ അഭാവം ഉണ്ടോ എന്ന് പരിശോധന നടത്തുന്നത് നല്ലതായിരിക്കും. ഏതെങ്കിലും വൈറ്റമിൻ വേണ്ട അളവിലും വളരെ താഴ്‌ന്നാണുളളതെങ്കിൽ വൈറ്റമിൻ സപ്ലിമെന്റ് ഉപയോഗിക്കണം.

കൊഴുപ്പ് അടങ്ങിയ ഭക്ഷണം തീരെ ഒഴിവാക്കാനും പാടില്ല. ചർമത്തിനും തലമുടിക്കും തിളക്കം കിട്ടാൻ അൽപം കൊഴുപ്പ് ആവശ്യമാണ്. മെലിയാനായി കുറഞ്ഞ ഭക്ഷണം മാത്രം കഴിച്ചു ശീലിക്കുന്നതും പ്രായത്തിന്റെ അപകടങ്ങളെ വേഗം ക്ഷണിച്ചു വരുത്തും. കാലറി മൂല്യം തീരെക്കുറഞ്ഞ വിഭവങ്ങൾ മാത്രമുളള ഭക്ഷണക്രമം ശരീരത്തെ പ്രതികൂലമായ രീതിയിൽ ശോഷിപ്പിക്കും. ചുളിവുകളും വൈറ്റമിന്റെ അഭാവം കൊണ്ടുളള നിറവ്യത്യാസങ്ങളും ചർമത്തെ ബാധിക്കും. മിതഭക്ഷണമാണ് ശീലിക്കേണ്ടത്. മെലിയാൻ വേണ്ടി പട്ടിണി കിടന്നാൽ വയസ്സു ചെല്ലുമ്പോൾ അഭംഗി കാത്തുനിൽക്കുമെന്ന് അറിയുക

പതിവായ വ്യായാമമാണ് വാർധക്യത്തെ വൈകിപ്പിക്കുന്ന മറ്റൊരു സഹായി. സംഘർഷം ലഘൂകരിക്കാനും വ്യായാമം സഹായിക്കുന്നതു കൊണ്ട് ദിവസവും അരമണിക്കൂറെങ്കിലും ചെറുവ്യായാമങ്ങൾക്കായി നീക്കിവയ്ക്കുക. എന്നും പുലർച്ചെ അൽപം നടത്ത ശീലിച്ചാൽ മതി. പ്രായം ബഹുമാനപൂർവം അകന്നുനിൽക്കും. ആന്റി ഏജിങ് മോയിസ്‌ചറൈസറുകൾ വിപണിയിൽ ഏറെ വാങ്ങാൻ കിട്ടും. പക്ഷേ പച്ചവെളളത്തെ വെല്ലാൻ ഒരു ആന്റി ഏജിങ് ക്രീമിനുമാവില്ല. ചർമം വിളറിയും തളർന്നും കാണപ്പെടുന്നത് ഒഴിവാക്കാൻ വെളളത്തിനു കഴിയുംപോലെ മറ്റൊന്നിനും കഴിയില്ല. സൂര്യാഘാതമേൽക്കാതെ ചർമത്തെ സൂക്ഷിക്കാനും ശ്രദ്ധിക്കണം.