സെൻസിറ്റീവ് സ്കിന്നുകാർ ശ്രദ്ധിക്കണേ...

കാലാവസ്‌ഥാ മാറ്റവും സൗന്ദര്യവർധക വസ്‌തുക്കളിലെ രാസവസ്‌തുക്കളും ഏറ്റവും കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നതു സെൻസിറ്റീവ് സ്‌കിന്നുകാരിലാണ്. കഴിക്കുന്ന ഭക്ഷണംപോലും ഇവരിൽ ചർമ പ്രശ്‌നങ്ങളുണ്ടാകും. മുഖം കഴുകിയ ശേഷം ചർമം വലിഞ്ഞുമുറുകുന്നതായി തോന്നുകയോ സൗന്ദര്യവർധക വസ്‌തുക്കൾ ഉപയോഗിക്കുമ്പോൾ ചർമം ചുവന്നുതടിക്കുകയോ ചൊറിച്ചിൽ ഉണ്ടാവുകയോ ചെയ്യുന്നതു സെൻസിറ്റീവ് സ്‌കിന്നിന്റെ ലക്ഷണമാണ്.

∙ ഏതൊക്കെ രാസവസ്‌തുക്കളാണു ചർമത്തിനു യോജിക്കാത്തതെന്നു ഡെർമറ്റോളജിസ്‌റ്റിന്റെ സഹായത്തോടെ കണ്ടെത്തി ചർമത്തിനു യോജിക്കുന്ന മാത്രം അടങ്ങിയ സൗന്ദര്യവർധക വസ്‌തുക്കൾ മാത്രം ഉപയോഗിക്കുക.

∙ മേക്കപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക.

∙ സെൻസിറ്റീവ് സ്‌കിന്നുള്ളർ നേർത്ത ക്ലെൻസറും ഫേയ്‌സ് വാഷുമൊക്കെ മാത്രമേ ഉപയോഗിക്കാവൂ. ഉപയോഗിച്ചശേഷം ചുവന്ന തടിപ്പോ അസ്വസ്‌ഥതയോ ഉണ്ടായാൽ നിങ്ങളുടെ ചർമത്തിനു യോജിക്കാത്ത വസ്‌തു ഇതിൽ അടങ്ങിയിട്ടുണ്ടെന്നു മനസ്സിലാക്കുക.

∙ ചൂടു വെള്ളത്തിൽ മുഖം കഴുകരുത്.

∙പ്രകൃതിദത്തമായ സൗന്ദര്യവർധക വസ്‌തുക്കൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.

∙ ക്യാരറ്റ് വേവിച്ചത്–തേൻ, ഓട്‌സ് പൊടിച്ചത്–തൈര്, ഏത്തപ്പഴം–മുട്ടയുടെ വെള്ള–തൈര്, നാരങ്ങാനീര്–മഞ്ഞൾപ്പൊടി തുടങ്ങിയവ സെൻസിറ്റീവ് സ്‌കിന്നുകാർക്കു യോജിച്ച ഫേയ്‌സ്‌പാക്കുകളാണ്.

∙ മുട്ടയുള്ള വെള്ളയും തേനും റോസ് വാട്ടറും ചേർത്തു മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുന്നതും മികച്ച ഫലം നൽകും.

∙ ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നതും നല്ലതാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സിയും മറ്റ് ആന്റിഓക്സിഡന്റുകളും ചർമകോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കും.

∙ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നതു ചർമത്തിന്റെ വരൾച്ച കുറയ്ക്കാൻ സഹായിക്കും.

∙ പാൽ ഒരു നല്ല ക്ലെൻസറാണ്. മുഖത്തു പുരട്ടി ഉണങ്ങിക്കഴിയുമ്പോൾ തണുത്ത വെള്ളമുപയോഗിച്ചു കഴുകിക്കളയുക. ചർമം മൃദുലമാക്കാനും നിറം വർധിപ്പിക്കാനും ഇതു സഹായിക്കും.

∙ സൂര്യപ്രകാശമേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുന്നതിനു മുൻപു നിർബന്ധമായും സൺസ്ക്രീൻ ഉപയോഗിക്കണം.