പരിണീതിയുടെ ഫിറ്റ്നസ് സീക്രട്ട് കളരിപ്പയറ്റ്

ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്നവരാണ് ബോളിവുഡ് സുന്ദരിമാർ. തെന്നിന്ത്യൻ താരസുന്ദരിമാരെപ്പോലെയല്ല, സൈസ് സീറോയായി തിളങ്ങാനാണ് ഇവരിൽ പലർക്കും ഇഷ്ടം. ആരോഗ്യം കാത്തുകൊണ്ടുതന്നെ ശരീരം സുന്ദരമാക്കാൻ എന്തൊക്കെ കഠിനാധ്വാനം ചെയ്യാനും ബോളിവുഡ് ബ്യൂട്ടികൾ റെഡിയാണ്. ഇത്തരത്തിൽ അടുത്തിടെ വണ്ണം കുറച്ച് കൂടുതൽ സുന്ദരിയായ പരിണീതി ചോപ്ര തന്റെ ശരീരസൗന്ദര്യം നിലനിർത്താൻ ചില്ലറയൊന്നുമല്ല പരിശ്രമിച്ചത്. െഎഫ 2015 വേദിയിലേക്ക് കടന്നുവന്നപ്പോൾ തന്നെ പരിണീതിയുടെ മാറ്റം എല്ലാവരും നോട്ടമിട്ടിരുന്നു. കറുപ്പു ഗൗണിൽ തിളങ്ങിയ താരത്തിന്റെ വണ്ണം നന്നേ കുറഞ്ഞിരിക്കുന്നു. എല്ലാവരെയുംപോലെ ജിമ്മിൽ മാത്രം പോയല്ല പരിണീതി മെലിഞ്ഞിരിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത കലാരൂപമായ കളരിപ്പയറ്റു പരിശീലനമാണ് വണ്ണം കുറഞ്ഞതിനു പിന്നിലെ രഹസ്യമെന്ന് താരം വെളിപ്പെടുത്തി.

കളരിപ്പയറ്റ് ശീലമാക്കിയതോടെ സ്റ്റാമിന വർധിച്ചെന്നു മാത്രമല്ല ശരീരം കൂടുതൽ ഫ്ലെക്സിബിൾ ആയതിനൊപ്പം ദൃഢമായെന്നും പരിണീതി പറഞ്ഞു. ദിവസവും ജിമ്മിൽ പോയി സ്റ്റാമിന വർധിപ്പിക്കുന്നതു മടുത്തു തുടങ്ങിയതോടെയാണത്രേ പരിണീതി കളരിപ്പയറ്റു ശീലമാക്കിയത്. ഇനി വണ്ണം കുറയ്ക്കാൻ പാടുപെടുന്നവർ ഒട്ടുംമടിക്കാതെ കളരിപ്പയറ്റു പഠിച്ചോളൂ. സുന്ദരിയാകാമെന്നു മാത്രമല്ല, അറ്റകൈയ്ക്ക് ചില ശല്യക്കാരെ ചെറുക്കാനും ഇതു ധാരാളം മതി.