ചിലവില്ലാതെ വണ്ണം കുറയ്ക്കാൻ, 10 ഭക്ഷണങ്ങള്‍

വെളുപ്പിനെ നാലരയ്ക്ക് എഴുന്നേറ്റ് വർക്ഔട്ട് ചെയ്തിട്ടും പേരിനു മാത്രം ഭക്ഷണം കഴിച്ച് ആവോളം പട്ടിണി കിടന്നിട്ടും വണ്ണം കുറയുന്നില്ലേ..? എ​ന്നാൽ ജിമ്മിൽ കാശു കളയുന്നതിനും ഇഷ്ടമുള്ള ഭക്ഷണങ്ങളോടെല്ലാം ഗുഡ്ബൈ പറയുന്നതിനും മുമ്പ് ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ. വെറും ദിവസങ്ങൾ കൊണ്ടു തന്നെ മാറ്റം തിരിച്ചറിയാം. അടുക്കളയില്‍ തന്നെ ലഭ്യമാകുന്ന സാധാരണ പച്ചക്കറികളും മറ്റുമാണ് മാജിക് േപാലെ വണ്ണം കുറയാൻ സഹായിക്കുന്നവ. കാണാം ചിലവില്ലാതെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ആ പത്തു ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന്...

ഉരുളക്കിഴങ്ങ്

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമമാണത്രേ ഉരുളക്കിഴങ്ങ്. ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ്സും കുറഞ്ഞ അളവില്‍ കലോറിയുമുള്ള ഉരുളക്കിഴങ്ങ് മെറ്റാബോളിസത്തെ സുഗമമാക്കുകയും ഭാരം വർധിക്കുന്നതിനെ തടയുകയും ചെയ്യും. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു പ്ലേറ്റ് കഴിച്ചാൽ വയർ നിറയുമെങ്കിലും വെറും 100 കലോറി മാത്രമേ പ്രദാനം ചെയ്യുകയുള്ളു.

ഇഞ്ചി

വണ്ണം കുറയണമെങ്കിൽ വൈകാതെ ഇഞ്ചിയുമായി കൂട്ടുകൂടുന്നതാണ് നല്ലത്. ഒരു കഷ്ണം ഇഞ്ചി തേനിൽ ചേർത്തു കഴിച്ചുകൊണ്ട് ഒരുദിവസം തുടങ്ങാം. ഇതിലടങ്ങിയിരിക്കുന്ന വൊളറ്റൈൽ ഓയിൽ മെറ്റാബോളിസത്തെ ത്വരിതപ്പെടുത്തി വണ്ണം കുറയാൻ സഹായിക്കും. ‌‌

നാരങ്ങാവെള്ളം

മിക്ക അടുക്കളകളിലും സുലഭമമാണ് നാരങ്ങ. കുടവയര്‍ കുറയ്ക്കാൻ നാരങ്ങയ്ക്കുള്ള കഴിവ് പരസ്യമാണ്. നാരങ്ങാജ്യൂസും തേനുമായി ചേർത്ത വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.

വാട്ടർ മെലൺ

തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും.

വെള്ളരിക്ക

കണ്ണിനു മുകളിലെ കറുപ്പകറ്റാനും സലാഡിനിടയിലിടാനും മാത്രമല്ല വണ്ണം കുറയ്ക്കുന്നതിലും വെള്ളരിക്കയ്ക്കു പ്രധാന പങ്കുണ്ട്. തണ്ണിമത്തനിലേതുപോലെ തന്നെ ധാരാളം വെള്ളമടങ്ങിയ പച്ചക്കറിയാമ് വെള്ളരിക്ക. 100ഗ്രാം വെള്ളരിക്കയിലൂടെ വെറും 45 കലോറി മാത്രമേ ശരീരത്തിനു ലഭിക്കൂ.

വെളുത്തുള്ളി

വണ്ണം കുറയണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവര്‍ ആഹാരത്തിൽ വെളുത്തുള്ളിയും ഉൾപ്പെടുത്തുന്നതു നല്ലതാണ്. കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന വെളുത്തുള്ളി ശരീരത്തിലെ കൊഴുപ്പിനെ വലിച്ചെടുക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ബീൻസ്

ചിലർക്കു ബീൻസ് കഴിക്കുന്നത് ഇഷ്ടമേയല്ല. എന്നാൽ ബീൻ വണ്ണം കുറയ്ക്കുമെന്നു കേട്ടാലോ? നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള ബീൻസ് ദഹനപ്രക്രിയയെ സുഗമമാക്കുകയും ഇവയിലടങ്ങിയിരിക്കുന്ന പെക്റ്റിൻ ഏറെ നേരത്തേക്ക് വയർ നിറഞ്ഞ അവസ്ഥയുണ്ടാക്കുകയും ചെയ്യും.

മഞ്ഞൾ

അടുക്കളകളിലെ അവിഭാജ്യ ഘടകമായ മഞ്ഞളിനും ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്കുണ്ട്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന സർക്യുമിൻ കൊഴുപ്പിനു കാരണമായ ലെപ്റ്റിനും ഒപ്പം ഇൻസുലിനും കുറയ്ക്കും.

കൂവക്കിഴങ്ങ്

ഭാരം കുറയ്ക്കേണ്ടവർ ഡയറ്റിൽ കൂവക്കിഴങ്ങിനെയും ഉൾപ്പെടുത്താം. ധാരാളം പ്രൊട്ടീൻ അടങ്ങിയ കലോറി തീരെ കുറഞ്ഞ കൂവ വണ്ണം കുറയ്ക്കാൻ ഫലപ്രദമാണ്.

ക്യാരറ്റ്

കലോറിയും കൊഴുപ്പും തീരെ കുറഞ്ഞ ക്യാരറ്റ് മെറ്റാബോളിസം വർധിപ്പിക്കും. ദിനവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് കൊഴുപ്പിനെ ഇല്ലാതാക്കുകയും അതുവഴി അമിതഭാരം കുറയുകയും ചെയ്യും.