ആപ്പിൾ പോലെ തുടുക്കാം

ആപ്പിൾ കഴിച്ചാൽ ഡോക്ടറിനെ മാത്രമല്ല ചർമ പ്രശ്നങ്ങളെയും അകറ്റിനിർത്താം. ആപ്പിളിൽ ധാരാളം വൈറ്റമിൻസും മിനറൽസും അടങ്ങിയിട്ടുണ്ട്. രക്‌തചംക്രമണം വർധിപ്പിക്കാനും ചർമകോശങ്ങളെ കേടുപാടുകളിൽനിന്നു സംരക്ഷിക്കാനും ഇതു സഹായിക്കും. നല്ലൊരു സ്‌കിൻ ടോണർ കൂടിയാണ് ആപ്പിൾ. ചർമത്തിനു തിളക്കവും നിറവും നൽകുന്ന കൊളാജൻ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

∙ ആപ്പിൾ പൾപ് മുഖത്തു പുരട്ടി ഉണങ്ങിക്കഴിയുമ്പോൾ കഴുകിക്കളയുക. മുഖത്തിന്റെ വരൾച്ച മാറാനും എണ്ണമയം കുറയ്ക്കാനും ഇതു സഹായിക്കും.

∙ പ്രായത്തെ അകറ്റി നിർത്താനും ആപ്പിൾ നല്ലതാണ്. ആപ്പിൾ മുറിച്ച് മുഖത്ത് അധികം മർദം നൽകാതെ ഉഖത്ത് ഉരസുക. ഉണങ്ങിക്കഴിയുമ്പോൾ കഴുകാം. പ്രായമൂലമുണ്ടാകുന്ന ചുളിവുകളും പാടുകളുമകറ്റാൻ ഇതു നല്ലതാണ്.

∙ ആപ്പിളും തേനും റോസ് വാട്ടറും ചേർത്തു മുഖത്തിടുന്നതു മുഖത്തെ അഴുക്കുകളകറ്റി തിളക്കം നൽകും.

∙ ഒരു ടേബിൾസ്‌പൂൺ തേനും ഒരാപ്പിളിന്റെ പകുതിയും ഒരു ടേബിൾസ്‌പൂൺ ഓട്‌സ്‌പൊടിയും ചേർത്താൽ നല്ലൊരു സ്‌ക്രബായി. ആപ്പിളും തേനും ചേർത്തു മുഖത്തിടുന്നതും നല്ലതാണ്.

∙ ഗ്രേറ്റ് ചെയ്‌ത ആപ്പിൾ, നാരങ്ങാനീര്, തൈര് എന്നിവ ഒരു ടീസ്‌പൂൺ വീതമെടുത്തു പേസ്‌റ്റ് രൂപത്തിലാക്കി മുഖത്തിടുക. എണ്ണമയമുള്ള ചർമക്കാർക്കു യോജിച്ച ഫേയ്‌സ്‌പാക്കാണിത്.

∙ ആപ്പിൾ പൾപ്പും ഗ്ലിസറിനും ചേർത്തു മുഖത്തു പുരട്ടുന്നത് സൂര്യപ്രകാശമേൽക്കുന്നതു മൂലമുള്ള കരുവാളിപ്പ് മാറാൻ നല്ലതാണ്.

∙ ആപ്പിളും തേനും പപ്പായയും ചേർത്തുപയോഗിക്കുന്നതു പാടുകൾ അകറ്റി മുഖം തിളക്കമുള്ളതാക്കും.

∙ രണ്ടു ടീസ്‌പൂൺ ഗ്രേറ്റ് ചെയ്‌ത ആപ്പിളും ഒരു ടീസ്‌പൂൺ മാതളനാരങ്ങാ ഉടച്ചതും ഒരു ടീസ്‌പൂൺ തൈരും ചേർത്തു മുഖത്തിടാം. മുഖത്തു ചുളിവുകൾ വീഴുന്നതു തടയാനും പുതിയ ചർമകോശങ്ങളുടെ വളർച്ച വേഗത്തിലാക്കാനും ഇതു സഹായിക്കും.

∙ ആപ്പിൾ കഴിക്കുന്നതു പല്ലുകൾക്കും നല്ലതാണ്.

∙ നാരുകൾ ധാരാളം അടങ്ങിയ ആപ്പിൾ കഴിക്കുന്നതു തടി കുറയ്ക്കാൻ സഹായിക്കും.

∙ മുടിയുടെ വളർച്ചയെ സഹായിക്കുന്ന ബയോട്ടിൻ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ആപ്പിൾ കഴിക്കുന്നതു മുടി കൊഴിച്ചിൽ തടയാനും മുടി കരുത്തോടെ വളരാനും സഹായിക്കും. ആപ്പിൾ പൾപ് തലയോട്ടിയിൽ പുരട്ടുന്നതു താരൻ അകറ്റും.