വേനലിലും കൂൾ സ്കിൻ, മൂന്നു കാര്യങ്ങൾ

വൃത്തിയാണു ചൂടുകാലത്തു പ്രധാനം. വിയർപ്പും പൊടിയുമെല്ലാം ചർമത്തെ ശ്വാസം മുട്ടിക്കും. രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും ഫെയ്സ്‌വാഷോ ക്ലെൻസറോ ഉപയോഗിച്ചു ചർമം വൃത്തിയായി കഴുകണം. മുഖം കഴുകാൻ തണുത്ത വെള്ളം ഉപയോഗിക്കണം. തുടർന്നു ടോണറും മോയിസ്ച്യുറൈസറും ഉപയോഗിക്കാം. ചൂടുകാലമായിതിനാൽ ഡബിൾ ഹൈഡ്രേറ്റിങ് മോയിസ്ച്യുറൈസർ ആണ് നല്ലത്. ആഴ്ചയിലൊരിക്കൽ സ്ക്രബ് ഉപയോഗിക്കണം. മൃതകോശങ്ങൾ അകന്ന് ചർമം മൃദുവാകാൻ ഇതു സഹായിക്കും.

കെമിക്കലുകൾ വേണ്ട

ക്ലെൻസർ: തൈരും തേനും നാരങ്ങാനീരും ചേർത്ത് മുഖത്തിട്ട് 10 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം. വെള്ളരിക്കയോ തണ്ണിമത്തനോ ഫ്രിഡ്ജിൽവച്ച ശേഷം മുഖത്ത് മസാജ് ചെയ്യുന്നതും അഴുക്കുകളകന്ന് ചർമം സുന്ദരമാകാൻ സഹായിക്കും.

ടോണർ: റോസ് വാട്ടർ മികച്ച ടോണറാണ്. മുഖത്തു സ്പ്രേ ചെയ്യുകയോ പഞ്ഞിയി‍ൽ മുക്കി തുടയ്ക്കുകയോ ചെയ്യാം.

സ്ക്രബ്: ഒരു ടീസ്പൂൺ ഓട്സ് പൊടിച്ചതും ഒരു ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് മുഖം സ്ക്രബ് ചെയ്യാം. പഞ്ചസാരയും മികച്ച സ്ക്രബറാണ്.

മോയിസ്ച്യുറൈസർ: വരണ്ട ചർമമുള്ളവർക്ക് വെളിച്ചെണ്ണയും എണ്ണമയമുള്ളവർക്ക് ആൽമണ്ട് ഓയിലും മികച്ച മോയിസ്ച്യുറൈസറുകളാണ്.

സൺ‍സ്ക്രീൻ

വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ലോഷൻ പുരട്ടാൻ ഒരുകാരണവശാലും മറക്കരുത്. മുഖത്തെ ചുളിവുകൾ, ബ്രൗൺ സ്പോട്ട്സ്, ചർമത്തിന്റെ നിറവ്യത്യാസം തുടങ്ങി പ്രായമാകുന്നതിന്റെ ലക്ഷണങ്ങളിൽ 90 ശതമാനവും സൺ ഡാമേജിന്റെ ഫലമാണ്. എസ്പിഎഫ് 40 എങ്കിലുമുള്ള സൺസ്ക്രീൻ ഉപയോഗിക്കണം. മുഖത്തു മാത്രമല്ല, വെയിലേൽക്കുന്ന കയ്യിലും കാലിലും കഴുത്തിലുമെല്ലാം പുരട്ടണം. വെയിലിന്റെ കാഠിന്യമനുസരിച്ച് മൂന്നോ നാലോ മണിക്കൂർ കൂടുമ്പോൾ വീണ്ടും പുരട്ടണം.

ഇവ ശ്രദ്ധിക്കാം

∙ വേനലിൽ മുടി അഴിച്ചിടാതിരിക്കുക. പോണിടെയിലോ ഹൈ ബണ്ണോ പരീക്ഷിക്കാം.

∙ സൺഗ്ലാസ് ധരിച്ചാൽ നന്ന്. കണ്ണും പുരികവും മറച്ച് കവിളുകളുടെ പാതി വരെയെത്തുന്ന ഓവർസൈസ്ഡ് സൺഗ്ലാസ്സുകൾ വേനൽക്കാലത്ത് ഏറെ ഗുണം ചെയ്യും.

∙ കുളിക്കുന്നതിനു മുൻപ് ശരീരം മുഴുവൻ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നതു ദേഹത്തെ കരുവാളിപ്പു മാറാനും ചർമം മൃദുവാകാനും സഹായിക്കും.

∙ ചർമത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം പഴങ്ങളും കഴിക്കാം.