ഫോൺ ചോർത്തലിന്റെ നിയമവശമെന്ത്?

ഗതാഗതമന്ത്രി മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തിലേക്ക് വീണ്ടും സമൂഹമനസ്സുകളെ ക്ഷണിക്കുകയാണ്. ഫോണ്‍ ചോര്‍ത്തലാണല്ലോ രാജിയ്ക്ക് കാരണമായത്. ഈ കുറ്റകൃത്യത്തിന്റെ ധാര്‍മ്മികതയും ശരികേടുമാണ് ചര്‍ച്ചചെയ്യപ്പെടേണ്ടതും. ആമുഖമായി പറയട്ടെ..., മാധ്യമങ്ങള്‍ ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ആക്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിയ്കുന്നത്. മാധ്യമങ്ങള്‍ക്കുള്ള അതിര്‍വരമ്പുകള്‍ ആര് നിശ്ചയിക്കുമെന്നമറിയില്ല. അതവര്‍ തന്നെ നിശ്ചയിക്കാനേ തരമുള്ളൂ. ധാര്‍മ്മികത എല്ലാ മേഖലകളിലും വേണമെന്ന് ശാഠ്യം പിടിക്കുന്ന മാധ്യമങ്ങള്‍ അത് തങ്ങള്‍ക്കും കൂടി വേണ്ടതാണെന്ന നിലപാടെടുക്കണം. റേറ്റിങ് കൂട്ടാന്‍ വേണ്ടി പെടാപ്പെടുന്ന മാധ്യമങ്ങള്‍ വാര്‍ത്തകളുടെ അന്തസ്സ് കളഞ്ഞുകുളിയ്കുന്നത് ഉചിതമായ പ്രവൃത്തിയല്ല.

മന്ത്രി രാജിവെച്ച സാഹചര്യം എന്തുമാവട്ടെ, അതിലേക്ക് നയിച്ച സംഭവവികാസങ്ങള്‍ ബാലിശമാണെന്ന് തോന്നുന്നു. രണ്ടു പേരുടെ ഫോണ്‍ സംഭാഷണങ്ങള്‍ മൂന്നാമതൊരു സ്രോതസ്സ് ചോര്‍ത്തുന്നു. സമൂഹമധ്യത്തിലേക്ക് എറിഞ്ഞു കൊടുക്കുന്നു. ആരെങ്കിലും ഇരയാക്കപ്പെട്ടോ....? അറിയില്ല. അപമാനിക്കപ്പെട്ടോ.... ? അറിയില്ല. പരാതിയുണ്ടോ....? അറിയില്ല.

ഒരു വ്യക്തിയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തുന്നത് കുറ്റകരമാണ്. ഇതറിയാത്തവരല്ല മാധ്യമങ്ങള്‍. ഫോണ്‍ ചോര്‍ത്തുന്നതിന് അനുവദനീയമായ സാഹചര്യങ്ങള്‍ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് ഫോണ്‍ ചോര്‍ത്തലിനെ സുപ്രീംകോടതി വിശേഷിപ്പിച്ചിരിക്കുന്നത്. ഭരണഘടനയുടെ 22-ാം വകുപ്പ് നല്‍കുന്ന ജീവിത സ്വാതന്ത്രൃത്തിന്റെ ലംഘനമാണ് ഫോണ്‍ ചോര്‍ത്തലെന്ന് സുപ്രീം കോടതി അടിവരയിട്ട് പറയുന്നു. രാഷ്ട്രീയക്കാരുടെ ഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് നൽകിയ കേസിലാണ് ഈ സുപ്രീംകോടതി വിധി.

ഒരു സ്വകാര്യ വ്യക്തിയുടെ എന്നല്ല ആരുടേയും ഫോണ്‍ ചോര്‍ത്താന്‍ പൊതുവായി നിയമം അനുവദിക്കുന്നില്ല. ഇതൊരു ചെറിയ ഉദാഹരണമാണ്. വ്യാപകമായി പലയിടങ്ങളിലും വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ട് എന്നത് വസ്തുതയാണ്. ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, കോള്‍ ഡീറ്റെയിൽസ് ചോര്‍ത്തപ്പെടുന്നുണ്ട്, അഡ്രസ്സ് ഡീറ്റെയില്‍സ് ചോര്‍ത്തപ്പെടുന്നുണ്ട്, മറ്റ് നമ്പറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ കോള്‍ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്ന നമ്പറുകള്‍ വരെ  ടെലഫോണ്‍ സേവനദാദാക്കള്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെ പലകാര്യങ്ങള്‍ക്കും വേണ്ടി ചോര്‍ത്തികൊടുക്കുന്നതായി അറിയാം. ഇതിനെതിരെ ശക്തമായ നിയമങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതൊരു ക്രിമിനല്‍ കുറ്റമായിക്കണ്ട് നടപടികള്‍വേണം. ടെലഫോണ്‍ ചോര്‍ത്തല്‍ എന്നു കേള്‍ക്കുമ്പോള്‍ ചോര്‍ത്തല്‍ വിദഗ്ധന്മാരുടെ മനസ്സില്‍ വര്‍ഷങ്ങളോളം തടവും പിഴയും ലഭിക്കുമെന്ന ഭയം നിലനിൽക്കപ്പെടുന്ന നിയമങ്ങളാണ് നടപ്പില്‍ വരുത്തേണ്ടത്.

ഇത്തരം ഫോണ്‍ ചോര്‍ത്തലുകള്‍ കണ്ടെത്താനും അത്ര എളുപ്പമല്ല. ടെലഫോണ്‍ സേവനദാദാക്കള്‍ വിചാരിച്ചാല്‍ രണ്ടു പേരുടെ സംഭാഷണവും റെക്കോർഡ് ചെയ്തെടുക്കാം. അവിടുത്തെ ഉദ്യോഗസ്ഥന്‍ വിചാരിച്ചാലും ഇതെല്ലാം ചോര്‍ത്താന്‍ കഴിയും. എന്റെ അഭിപ്രായത്തില്‍ അത്രപെട്ടെന്നൊന്നും പൊലീസ് വരെ ചോദിച്ചാല്‍ ഡീറ്റെയില്‍സ് കൊടുക്കാന്‍ എടുത്തുചാടി പുറപ്പെടാത്ത ഒരേയൊരു പ്രൈവറ്റ് സര്‍വീസ് പ്രൊവൈഡറേയുള്ളൂ. അവരുടെ കസ്റ്റമറുടെ ബില്‍ ഡീറ്റെയില്‍സ് അനാവശ്യമായി ബില്ലിങ് ഓഫീസിലെ ആരെങ്കിലും ചെക്ക്ചെയ്തു എന്നറിഞ്ഞാല്‍ പോലും യാതോരു ദാക്ഷീണ്യവുമില്ലാതെ ജോലിക്കാരന്റെ വീഴ്ച മേലധികാരികളെ അറിയിക്കുകയും ഡിസ്മിസ്സ് ചെയ്യുകയും ചെയ്യും. സൈബര്‍ പൊലീസിനു പോലും ഡീറ്റെയില്‍സ് നൽകുമ്പോള്‍ അൽപം സമയമെടുത്ത് ഡീറ്റെയില്‍സ് നൽകുന്നതു പോലും കസ്റ്റമര്‍ സുരക്ഷയുടെ ഭാഗമായിട്ടാണെന്ന് തോന്നിയിട്ടുണ്ട്.

ഫോണ്‍ ചോര്‍ത്തലുകള്‍ വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ കുത്തകകളായി തീര്‍ന്നിരിക്കുന്നു. പ്രമുഖ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മക്കളുടെ ആവശ്യപ്രകാരം സ്ഥാപന മേധാവികളോ അനുചരന്മാരോ നൽകുന്ന മൊബൈല്‍ നമ്പര്‍ ഡീറ്റെയില്‍സും, സംഭാഷണവും, ലൊക്കേഷണ്‍ ഡീറ്റെയില്‍സുമെല്ലാം ചോര്‍ത്തപ്പെടുന്നതായി പലപ്പോഴും കേട്ടിട്ടുണ്ട്. മക്കളുടെ മനസ്സമാധാനത്തിനു വേണ്ടിയും, സ്ഥാപനമേധാവികളുടെ പ്രീണനത്തിനു വേണ്ടിയും ആര്‍ക്കും ദോഷകരമാകില്ലെന്നു വിചാരിച്ച് എടുത്തുകൊടുക്കും അവര്‍ ഏൽപ്പിക്കുന്ന നമ്പറിന്റെ ഡീറ്റെയില്‍സ്. അടുത്തകാലത്തു നടന്ന ചില കുറ്റകൃത്യങ്ങളില്‍പെട്ട കുറ്റവാളികൾ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പത്രവാര്‍ത്ത കണ്ടു. പൊതുജനം അറിയേണ്ട ഒന്നുണ്ട്. മൊബൈലില്‍ നമ്പര്‍ ആക്ടിവേറ്റ് ആയാല്‍ അപ്പോള്‍ മുതല്‍ ആ നമ്പറിന്റെ ലൊക്കേഷന്‍ ലഭിക്കും. ഒരു മൊബൈല്‍ ടവറിന്റെ പരിധിയില്‍ നിന്നും മറ്റു മൊബൈല്‍ ടവര്‍ പരിധികളിലേക്ക് നീങ്ങിയ മൊബൈൽ നമ്പര്‍ എങ്ങനേയും കണ്ടെത്താനാകും. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ കോളുകളുടെ എണ്ണം കുറയുകയും, സമയദീര്‍ഘം കൂടുകയും ചെയ്യും. സ്ഥിര താമസക്കാരുടെയോ ആ പ്രദേശങ്ങളില്‍ സ്ഥിരജോലി ചെയ്യുന്നവരുടെയോ നമ്പര്‍ വേഗം തിരിച്ചറിയാനാകും. എന്നാല്‍ ആ ലൊക്കേഷന്‍ പരിധിയിലൂടെ ഒരു തവണയോ മറ്റോ കടന്നുപോയ മൊബൈല്‍ നമ്പറുകള്‍, കുറ്റവാളി സഞ്ചരിച്ചതായ മറ്റ് ലൊക്കേഷനുകളിലെ നമ്പറുകള്‍ മുതലായവ താരതമ്മ്യം ചെയ്തുനോക്കി കുറ്റവാളി ഉപയോഗിച്ച നമ്പര്‍ കണ്ടെത്താം. അയര്‍ലന്‍ഡ് പൊലീസിന്റെ ചില മൊബൈല്‍ കുറ്റകൃത്യ കണ്ടെത്തലുകള്‍ അവരുടെ സഹായത്തോടെ ഇവിടെയും നടപ്പിലാക്കാവുന്നതാണ്. ഓഫ് ചെയ്ത മൊബൈല്‍ പോലും മണ്ണിനടിയിലും, വെള്ളത്തിലുമല്ലെങ്കില്‍ എവിടെയുണ്ടെന്നു കണ്ടെത്താനാകുമത്രെ. അഥവാ വെള്ളം കയറി മൊബൈല്‍ ബാറ്ററിയും മറ്റ് ട്രെയ്സ് ടെക്നോളജികളും നശിച്ചിട്ടില്ലെങ്കില്‍ അതും കണ്ടെത്താനാവും.

ചിലര്‍ മൊബൈല്‍ കമ്പനികളിലെ ഉദ്യോഗസ്ഥരുമായി ചങ്ങാത്തം കൂടുന്നതു പോലും ഫോണ്‍ ചോര്‍ത്താന്‍ അല്ലെങ്കില്‍ മറ്റിതര ഡീറ്റെയില്‍സ് ചോര്‍ത്താന്‍ വേണ്ടി മാത്രമാണ്. ഞാന്‍ വിചാരിച്ചാല്‍ നിന്റെ മൊബൈല്‍ ഡീറ്റെയില്‍സ് എടുക്കാന്‍ പറ്റും, എന്നമട്ടില്‍ അഹങ്കാരം പറയുന്നവരെ സൂക്ഷിക്കണം. അത് വെറുമൊരു വീണ്‍വാക്കാവില്ല. അതൊരു മുന്നറിയിപ്പു തന്നെയായിരിക്കും. ഇത്തരം സംസാരങ്ങള്‍ കോളേജ് വിദ്യാര്‍ഥികളുടെ ഇടയിലാണ് സ്ഥിരമായി കേള്‍ക്കുന്നത്. ഇവരെ സഹായിക്കാന്‍ ആരെങ്കിലുമുണ്ടാവാം.

ചില കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഏകാധിപത്യം പുലര്‍ത്തുന്നുണ്ടെന്നത് തോന്നിയിട്ടുണ്ട്. അവരുടെ കണക്ഷനുകളുടെ എണ്ണം അയ്യായിരമോ അതിനുമുകളിലോ ആവാം. അവരുടെ കോര്‍പറേറ്റ് കണക്ഷനിലൂടെ നിശ്ചിത സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് മാസംതോറും ലഭിയ്കുന്നത് നല്ലൊരു തുകയായിരിയ്കാം. ഇത്തരമൊരു കോര്‍പറേറ്റ് സ്ഥാപനത്തിന്റെ ഏതെങ്കിലുമൊരു ഡിപ്പാര്‍ട്ട്മെന്‍െറിന്റെ ചുമതലയുള്ള വ്യക്തി ആവശ്യപ്പെട്ടാല്‍ ഇത്തരം ഫോണ്‍ ചോര്‍ത്തല്‍ ഉറപ്പായും നടന്നിരിക്കും. അക്കാര്യത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ പോലുമാകില്ല എന്നത് ഒരു സത്യമാണ്. ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച് ശത്രുവിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തപ്പെടുന്നില്ലെന്നും, ചോര്‍ത്തപ്പെടുന്നുവെന്നും പറയാന്‍ പറ്റാത്ത സംവിധാനമാണ് മൈബൈല്‍ ഫോണിന്റെയും, ടെലഫോണിന്റെയും കാര്യത്തില്‍ നിലവിലുള്ള ടെക്ക്നോളജിയുടെ അപര്യാപ്തത. നാം എടിഎം മെഷീന്‍ ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ മൊബൈലില്‍ എടുത്ത തുകയുടേയും ബാലന്‍സ് തുകയുടേയും ഉപയോഗിച്ച എടിഎം മെഷീന്‍ ഡീറ്റെയില്‍സും സ്ഥലവും മെസേജായി ഉടന്‍ ലഭിയ്കുന്നു. എങ്കില്‍, ഇത്രയധികം ഉപഭോക്താക്കളുടെ ഫോണ്‍ സുരക്ഷക്കു വേണ്ടി ഇത്തരത്തിലൊരു രീതി നിലവില്‍ വരണം. ഏതെങ്കിലുമൊരു വ്യക്തിയുടെ കോള്‍ ടാപ്പ് ചെയ്യപ്പെടുന്നുണ്ടോ, കോള്‍ ഡീറ്റെയില്‍സ് എടുത്തുകൊടുക്കപ്പെടുന്നുണ്ടോ, വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുണ്ടോ എന്നറിയുവാന്‍ ഇത്തരം ഒരു മെസേജ് ഇന്‍ഫര്‍മേഷനു കഴിയുമെന്നുമാ ത്രമല്ല, ഇത്തരം കുറ്റകൃത്യങ്ങള്‍ സര്‍വ്വീസ് പ്രൊവൈഡറുടെ സഹായത്തോടെ നടത്തപ്പെടുകയുമില്ല. ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. കുറ്റവാസന മനസ്സിലേറ്റി നടക്കുന്നവര്‍ മാത്രമാണ് ഇത്തരം എത്തിക്സ് ഇല്ലാത്ത ഗൂഢാലോചനകള്‍ക്ക് കൂട്ടുനിൽക്കൂ. എത്ര വലിയ നേട്ടങ്ങള്‍ക്കു വേണ്ടിയാണെങ്കിലും ഇത്തരം ഫോണ്‍ ചോര്‍ത്തലുകളെ പ്രോത്സാഹിപ്പിക്കുവാന്‍ കൂട്ടുനിൽക്കരുത്. പേരെടുക്കുവാന്‍ നന്മയുടെ അനേകം വഴികള്‍ നമുക്കുമുന്നിലുണ്ട്, താല്കാലിക വിജയങ്ങളുടെ പുറകെ പോകാതെ സ്ഥിരതയുള്ള നേട്ടങ്ങളിലേക്കാവണം ചിന്തകള്‍ കടന്നുപോകേണ്ടത്. ഇത്തരം ഫോണ്‍ചോര്‍ത്തലുകള്‍ക്കിരയാകുന്നവര്‍ക്ക് നിയമസഹായം ലഭിക്കാന്‍ മനുഷ്യാവകാശ കമ്മീഷനെയോ, നീതിപീഠത്തെയോ സമീപിക്കാം.

ഇന്ന് വാര്‍ത്തകളുടെ സ്വഭാവം മാറിപ്പോയിരിക്കുന്നു. ഒരു ജനതക്ക് നല്‍കേണ്ട വാര്‍ത്തകളുടെ മുന്‍ഗണനാ ക്രമം എന്തെന്ന് ഒരു സംഘം പ്രമുഖര്‍ ഗാഢമായി ചിന്തിച്ച് തീരുമാനമെടുത്തിരുന്ന കാലം ഉണ്ടായിരുന്നു. അന്ന് മാധ്യമങ്ങള്‍ നവസമൂഹ  സൃഷ്ടാക്കളായിരുന്നു. ജീവിതമൂല്യങ്ങളെ പരിപോഷിപ്പിക്കുന്ന കര്‍ത്തവ്യം കൂടി മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. അതിനു വലിയ വിശ്വാസ്യതയുമുണ്ടായിരുന്നു. ഇന്ന് മാധ്യമങ്ങളുടെ തരവും എണ്ണവും കൂടി. അധമവികാരങ്ങളെ വാര്‍ത്തകളായി പ്രതിഫലിപ്പിക്കുകയും അതാണ് മാധ്യമസംസ്കാരമെന്ന് വിളിച്ചുപറയുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലേക്ക് മാധ്യമ പ്രവര്‍ത്തനം ചുരുങ്ങിപ്പോകുന്നതു പോലെ തോന്നുന്നു. ഇത്തരം മാധ്യമപ്രവര്‍ത്തനങ്ങളെ ചരിത്രം രേഖപ്പെടുത്തുക മറ്റെന്തൊക്കേയോ ആയിട്ടായിരിക്കും. ഒരു കാര്യം തീര്‍ച്ചയാണ്. ഇത് സമൂഹത്തെ ഒരു തരത്തിലും ഉയര്‍ച്ചയിലേക്ക് നയിക്കുകയില്ല.

അതുകൊണ്ട് നീതിയും, നിയമവും കയ്യിലെടുക്കുന്ന ആര്‍ക്കെതിരെയും ശക്തമായ പ്രതിരോധമുണ്ടാവണം. നിയമത്തിന്റെ ഭാഗത്തുനിന്നും സമൂഹത്തിന്റെ ഭാഗത്തു നിന്നും. ഒരു വര്‍ഷം ഏതാണ്ട് പത്ത് ലക്ഷം മൊബൈല്‍ ഫോണുകളും സേവനദാദാക്കളും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ മാത്രമായി ഏകദേശം ആറായിരം ഫോണുകള്‍ ടാപ്പ് ചെയ്യപ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലേതു പോലെ സ്വകാര്യവ്യക്തികളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതിനെതിരെ ശക്തമായ നിയമം വരണം. കോള്‍ റെക്കോര്‍ഡര്‍ ആപ്പുകൾ ഉപയോഗിച്ചും ചതിയില്‍പ്പെടുത്തുന്ന കുശാഗ്രബുദ്ധികള്‍ സമൂഹത്തിലുണ്ടെന്നത് മറക്കാതിരിക്കുക.

ഒരു പൗരന്റെ സ്വകാര്യതയുടെ പ്രാധാന്യം വിളിച്ചു പറയുന്നതാണ് 1885 ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് റൂൾ 419, രണ്ടായിരത്തിലെ ഐടി ആക്ട് സെക്ഷൻ 69 എന്നിവ. ഇവയിലെല്ലാം ഒരു സംവേദന ഉപകരണം വഴിയുള്ള സന്ദേശങ്ങൾ ഒരു വ്യക്തിയിൽ നിന്നോ വ്യക്തികളിൽ നിന്നോ ചോർത്തുന്നതിനു വ്യക്തമായ മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭീഷണിയാകുന്ന സന്ദർഭങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയോഗിക്കുന്ന ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ ഉത്തരവ് ഇതിനു ആവശ്യമാണ്. വിവര സാങ്കേതിക വിദ്യാനിയമം 2009 ഇടപെടൽ, നിരീക്ഷണം, വിവരങ്ങളുടെ ക്രോഡീകരണം എന്ന ഭേദഗതിയിലും പറയുന്നത് കംപ്യൂട്ടർ സ്രോതസ്സിൽ ശേഖരിക്കപ്പെട്ടിട്ടുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഇതേ മാനദണ്ഡങ്ങൾ അനുസരിച്ചാവണം പ്രവർത്തിക്കേണ്ടത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ഒരു പൗരന്റെ സ്വകാര്യതയ്ക്കു ഭംഗം വരരുതെന്നും പ്രത്യേകം എടുത്തു പറയുന്നുണ്ട്.