ആപ്പിള്‍ മാക് ബുക്ക് പ്രോയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഒക്ടോബർ 2016 ആപ്പിൾ ഇവന്റിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച ഉല്‍പന്നമാണു പുതുതലമുറ മാക് ബുക്ക് പ്രോ. 13 ഇഞ്ച്, 15 ഇഞ്ച് സ്ക്രീൻ വകഭേദങ്ങളിൽ ലഭ്യമാകും. 1799 ഡോളർ (ഏകദേശം 120,000 ഇന്ത്യൻ രൂപ) ആണ് പുതുതലമുറ മാക് ബുക്ക് പ്രോ മോഡലിന്റെ പ്രാരംഭവില. മികവുറ്റ ഫീച്ചറുകളുമായി മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർഫസ് ബുക്ക് സ്റ്റുഡിയോ ലാപ്ടോപിനുള്ള ആപ്പിളിന്റെ മറുപടിയാണ് പുതിയ മാക് ബുക്ക് പ്രോ. ഇരു മോഡലുകളുടെയും പ്രധാന ആകർഷണം അവയുടെ മികവുറ്റ ഫീച്ചറുകൾ തന്നെ. പുതിയ ലാപ്ടോപ്പിലൂടെ മൈക്രോസോഫ്റ്റ് പ്രീമിയം ലാപ്ടോപ് വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുമ്പോൾ പുതിയ മാക്ബുക്ക് പ്രോയിലൂടെ കമ്പനിയുടെ മേൽക്കോയ്മ നിലനിർത്താനാണു ആപ്പിളിന്റെ ശ്രമം. പുതിയ മാക് ബുക്ക് പ്രോയുടെ വിശേഷങ്ങളിലേക്ക്.

നിറം, രൂപഭംഗി

തികച്ചും നൂതനമായ രൂപഭംഗിയോടെയാണ് പുതിയ മാക് ബുക്ക് പ്രോയെത്തുന്നത്. അലുമിനിയം നിർമിതമാണു ബോഡി. വശങ്ങളിൽ മെറ്റൽ ഉപയോഗിച്ചിരിക്കുന്നു. ഒഎൽഇഡി ടച്ച്ബാർ. സിൽവർ, സ്പെയ്സ് ഗ്രേ നിറങ്ങളിൽ മോഡൽ ലഭ്യമാകും.

വലിപ്പം

13 ഇഞ്ചു സ്ക്രീനോടു കൂടെയെത്തുന്ന മാക് ബുക്ക് പ്രോ മുൻതലമുറ മോഡലിനെ അപേക്ഷിച്ച് ചെറുതാണ്. 14.9 മില്ലിമീറ്റർ കനം മാത്രമുള്ള പുതുതലമുറ മോഡലിനു ഭാരവും കുറവാണ്. 15 ഇഞ്ചു സ്ക്രീൻ മോഡലിന് 15.5 മില്ലിമീറ്റർ കനമാണുള്ളത്. മുൻമോഡലിനെ അപേക്ഷിച്ച് 20 ശതമാനത്തോളം ഭാരക്കുറവും ഈ മോഡലിനുണ്ട്.

ട്രാക്ക്പാഡ്

പഴയ മോഡലിലെ ട്രാക്ക്പാഡിനെക്കാൾ ഇരട്ടിയോളം വലുതാണു പുതിയ ഫോഴ്സ് ടച്ച് ട്രാക്ക്പാഡ്. പഴയ മോഡലിലുള്ള എൻഹാൻസ്ഡ് ഹാപ്റ്റിക് ഫീഡ്ബായ്ക്, ഐഫോൺ ഹോം ബട്ടൺ തുടങ്ങിയവ പുതിയ മോഡലിലും ദൃശ്യമാണ്.

ടച്ച് ബാർ

ജെസ്ചർ സപ്പോർട്ടോടു കൂടിയതാണു പുതിയ ഒഎൽഇഡി റെറ്റിന ഡിസ്പ്ലേ. ആപ്പിൾ കീബോർഡിലെ ഫങ്ഷൻ കീയുടെ സ്ഥാനം മൾട്ടി-ടച്ച് അപഹരിച്ചിരിക്കുന്നു. ചില ആപ്പുകൾക്കുമേൽ പ്രത്യേക നിയന്ത്രണം സാധ്യമാക്കുന്നതാണ് പുതിയ ടച്ച്ബാർ. ഉദാഹരണത്തിനു വിരൽ സ്ലൈഡ് ചെയ്ത് ഫൈനൽ കട്ടിൽ വിഡിയോ മായ്ചു കളയാനും ഫോട്ടോസ് ആപ്പിൽ ചിത്രങ്ങൾ ഫ്ലിപ് ചെയ്യാനുമാകും.

ക്വിക് ടൈപ്

ക്വിക് ടൈപ് ഓട്ടോസജെഷനോടു കൂടിയ പുതിയ ടച്ച്ബാർ ടൈപ്പിങ് അനായാസമാക്കുന്നു. വാക്കുകൾക്കു പുറമെ ഇമോജിയും ക്വിക് ടൈപ്പ് ഡിസ്പ്ലേ ചെയ്യുന്നു.

ടച്ച് ഐഡി

രണ്ടാം തലമുറ ടച്ച് ഐഡി ഫിംഗർപ്രിന്റ് സ്കാനർ ടച്ച്ബാറിനു വലതേ അറ്റത്തായി കാണാനാകും. ആപ്പിൾ പേ പർചേയ്സുകൾ, മാക്ബുക് പ്രോ അൺലോക്ക് എന്നിവയ്ക്ക് ഈ ടച്ച് ഐഡി ഉപയോഗിക്കാം.

ഡിസ്പ്ലേ

പുതിയ വൈഡ് കളര്‍ സ്ക്രീൻ പഴയതിനെ അപേക്ഷിച്ച് 67 ശതമാനം ബ്രൈറ്റാണ്. ഇത്രത്തോളം തന്നെ അധിക കോൺട്രസ്റ്റും നൽകുന്ന സ്ക്രീൻ കൂടുതൽ നിറങ്ങളും സപ്പോർട്ടു ചെയ്യുന്നു.

സ്പെസിഫിക്കേഷനുകൾ

ക്വാഡ് കോർ ഇന്റൽകോർ ഐ7 പ്രൊസസർ, 2133 മെഗാഹാട്ട്സ് മെമ്മറി, റാഡിയോൺ പ്രോ ജിപിയു, 2 ടിബി എസ്എസ്ഡി എന്നിവയാണ് 15 ഇഞ്ച് മാക്ബുക് പ്രോയുടെ സ്പെസിഫിക്കേഷനുകൾ. 13 ഇഞ്ച് മാക്ബുക് പ്രോയിൽ ഡ്യുവൽ കോർ ഐ5, ഐ7 സിപിയു, ഇന്റൽ ഐറിസ് ഗ്രാഫിക്സ് എന്നിവയാണുള്ളത്. മൂന്നു യുഎസ്ബി സ്ലോട്ടുകളോടെയെത്തുന്ന മോഡലുകളിൽ പക്ഷേ മെമ്മറി കാർഡ് സ്ലോട്ടില്ല. മാക്ഒഎസ് സീയ്റയിലാണ് പ്രവർത്തനം.

ബാറ്ററി

ഫുൾചാർജിൽ 10 മണിക്കൂർ പ്രവർത്തന സമയമാണു ഇരു മോഡലുകള്‍ക്കും കമ്പനി അവകാശപ്പെടുന്നത്.

വില

13 ഇഞ്ച് മോഡലിനു 1799 ഡോളറും (ഏകദേശം 120,000 ഇന്ത്യൻ രൂപ) 15 ഇഞ്ച് സ്ക്രീൻ മോഡലിന് 2399 ഡോളറും (ഏകദേശം 160,000 ഇന്ത്യൻ രൂപ) ആണ് വില. ഇതിനു പുറമെ 1499 ഡോളറിന് (ഏകദേശം 100,000 ഇന്ത്യൻ രൂപ) ടച്ച് ബാർ ഇല്ലാതെയെത്തുന്ന എൻ‌ട്രി ലെവൽ മാക്ബുക് പ്രോയും ലഭ്യമാണ്.

പ്രീ ഓർഡർ

ഇരു മോഡലുകളും ഇപ്പോൾ പ്രീ ഓർഡർ ചെയ്യാനാകും. രണ്ടു മൂന്ന് ആഴ്ചകൾക്കുള്ളിൽ ഷിപ്പിങ് തുടങ്ങുമെന്നാണു കമ്പനി നൽകുന്ന സൂചന. എൻ‌ട്രി ലെവൽ മോഡൽ സ്റ്റോറുകളിൽ ഇപ്പോൾ ലഭ്യമാണ്.