വൈ ഫൈ ബിൻ, ടെക്ക് ലോകത്ത് യുഎഇ കുതിക്കുന്നു

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സാങ്കേതിക ലോകത്ത് അതിവേഗം കുതിക്കുകയാണ് യുഎഇ. എല്ലാ മേഖലകളിലും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് യുഎഇയിലെ വിവിധ നഗരങ്ങളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ മാതൃകയാണ് മാലിന്യപ്പെട്ടിയിൽ സൗജന്യ വൈ ഫൈ. ഷാർജയിലാണ് പദ്ധതി പരീക്ഷിക്കുന്നത്.

മധ്യപൂർവദേശത്തെ പ്രമുഖ പരിസ്ഥിതി-മാലിന്യ നിർമാർജന കമ്പനിയായ ബീഅയാണ് ലോകത്ത് ആദ്യമായി സൗരോർജ സഹായത്തോടെ പ്രവർത്തിക്കുന്ന വൈ ഫൈ ബിൻ യാഥാർഥ്യമാക്കിയത്. ഇതിന്റെ ഉദ്ഘാടനം ഗ്രൂപ്പ് സിഇഒ ഖാലിദ് അൽ ഉറൈമൽ നിർവഹിച്ചു. ആദ്യഘട്ടമായി ഷാർജ കോർണിഷിലെ 10 സ്ഥലങ്ങളിൽ സ്ഥാപിച്ച മാലിന്യപ്പെട്ടിയിലാണ് സൗജന്യ വൈ ഫൈ ഘടിപ്പിച്ചത്. ബിന്നിന്റെ 40 മീറ്റർ ചുറ്റളവിൽ വൈ ഫൈ ലഭ്യമാണ്.

പൊതുജനങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്താം. പ്രമുഖ ടെലി കമ്യൂണിക്കേഷൻ കമ്പനിയായ ഡുവുമായി സഹകരിച്ചാണ് വൈ ഫൈ സൗകര്യമൊരുക്കിയത്. വൈ ഫൈ ബിന്‍ സാധാരണയിലും നാലിരട്ടി പാഴ് വസ്തുക്കളെ ഉൾക്കൊള്ളും. പെട്ടിക്കകത്തെ പ്രത്യേക സംവിധാനം വഴി പാഴ്‌വസ്തുക്കൾ ക്രമീകരിക്കുക വഴിയാണ് ഇത് സാധ്യമാവുക. പെട്ടി നിറഞ്ഞാൽ അത് ബീഅയുടെ കൺട്രോൾ റൂമിൽ അറിയിക്കാനുളള ഒാട്ടോമാറ്റിക് സംവിധാനവുമുണ്ട്. ബീഅയുടെ വിഭാഗമായ തൻദീഫാണ് വേസ്റ്റ് ബിൻ വൃത്തിയാക്കുക.

പ്രമുഖ കമ്പനിയായ ബിഗ് ബെല്ലി​യാണ് ബിന്നിന്റെ രൂപകല്‍പന. അടുത്ത ഘട്ടങ്ങളിൽ ഷാർജയിലും രാജ്യത്തുടനീളവും വൈ ഫൈ ബിൻ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. യുഎഇയിൽ ഇന്റർനെറ്റ് വ്യാപകമാണ്. ലേബർ ക്യാംപുകളിൽ പോലും ഇന്റർനെറ്റ് പതിവായി ഉപയോഗിക്കുന്നവരേറെ. നഗരത്തിലെ പാർക്കിലും മാളുകളിലുമൊക്കെ സൗജന്യ വൈ ഫൈയും ലഭ്യമാണ്. എന്നാൽ, വൈ ഫൈ ബിൻ ലോകത്ത് തന്നെ ആദ്യ സംരംഭമാണെന്ന് ഹുറൈമാൽ പറഞ്ഞു.

ഷാർജയെ മധ്യപൂർവദേശത്തെ പാരിസ്ഥിതിക തലസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. പരിസ്ഥിതി സംരക്ഷിച്ച് ഭാവിയിൽ സുരക്ഷിതമായ മനുഷ്യവാസം ഉറപ്പാക്കുക എന്ന യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ആശയമാണ് നടപ്പിലാക്കുന്നത്.