sections
MORE

സാങ്കേതികവിപ്ലവം തൊട്ടിൽ മുതൽ ഡയപർ വരെ

lg-signature-tv
SHARE

ഈ വർഷത്തെ സാങ്കേതികവിപ്ലവങ്ങളുടെ ട്രെയിലറാണ് ലാസ് വേഗസിൽ ആരംഭിച്ച കൺസ്യൂമർ ഇലക്ട്രോണിക് ഷോ (സിഇഎസ്). ഓരോ കമ്പനിയും തങ്ങളുടെ ഗവേഷണങ്ങളും ആവിഷ്കാരനൈപുണ്യവും ഏതുവരെയെത്തി എന്നു ലോകത്തോടും എതിരാളികളോടും വിളിച്ചുപറയുന്ന ശക്തിപ്രകടനം കൂടിയാണ് ഓരോ സിഇഎസും. ഇവയിൽ മിക്കവയും ഈ വർഷം വിപണിയിലെത്തും. എന്നാൽ ചിലതൊക്കെ ഈ പ്രദർശനത്തിലൊതുങ്ങും. മറ്റു ചിലത് വിപണിയിലെത്തുക അടുത്ത വർഷമായിരിക്കും. ആദ്യ ദിവസങ്ങളിൽ വിവിധ കമ്പനികൾ അവതരിപ്പിച്ചവയിൽ നിന്ന് ഈ വർഷം തന്നെ വിപണിയിലെത്തുന്ന ശ്രദ്ധേയമായ ഉൽപന്നങ്ങളും സാങ്കേതികവിദ്യകളും ഇവിടെ പരിചയപ്പെടുത്തുകയാണ്.

എൽജി സിഗ്നേചർ ഒഎൽഇഡി ടിവി ആർ

കഴിഞ്ഞ സിഇഎസിൽ കേവലമൊരു ഡിസ്പ്ലേയുടെ രൂപത്തിൽ എത്തിയതാണ്. ഈ വർഷം വളർച്ച പൂർത്തിയായി ടിവി ആയി എത്തിയിരിക്കുന്നു. ഒരു കടലാസ് ഷീറ്റ് പോലെ റോൾ ചെയ്യാവുന്ന ടിവി ആണിത്. എൽജിയുടെ സ്വന്തം രൂപകൽപനയും സാങ്കേതികവിദ്യയും. യാത്ര ചെയ്യുമ്പോൾ ചുരുട്ടി കൊണ്ടുപോകാമെന്നതല്ല ഇതിന്റെ ഗുണം. ടിവി ഓണാകുമ്പോൾ മാത്രമേ ഡിസ്പ്ലേ നിവർന്നു വരൂ. ഓഫാക്കുമ്പോൾ‌ തിരികെ അകത്തേക്കു പിൻവലിയും. ടിവി കാണുന്നില്ലാത്തപ്പോൾ വീട്ടിനുള്ളിൽ 65 ഇഞ്ച് വലിപ്പമുള്ള കറുത്ത സ്ക്രീൻ ഇരിക്കുന്നതിന്റെ അസൗകര്യം ഒഴിവാക്കാമെന്നതു തന്നെ ഏറ്റവും വലിയ ഗുണം. ടിവി വലിപ്പത്തിൽ അല്ലാതെ അൽപം പുറത്തേക്കു തലനീട്ടി ഫോട്ടോകൾ കാണാനും പാട്ടു കേൾക്കാനും  സൗകര്യമുണ്ട്. വിലയിട്ടിട്ടില്ല. സാധാരണക്കാരന്റെ പോക്കറ്റിൽ നിൽക്കില്ല എന്നത് നിസ്സംശയം. ഈ വർഷം അവസാനത്തോടെ വിപണിയിൽ.

മോനിറ്റ് ഡയപർ സെൻസർ

ഡയപറിനുള്ളിൽ കുഞ്ഞ് മൂത്രമൊഴിച്ചിട്ടുണ്ടോ എന്നറിയാൻ അതഴിച്ചു നോക്കേണ്ട ആവശ്യമില്ല. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഡയപറിനുള്ളിൽ എന്തു സംഭവിക്കുന്നു എന്നത് കൃത്യമായി നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാനുള്ള ബ്ലൂടൂത്ത് സെൻസറാണ് ഈ ഉപകരണം.    ചെറിയ വൃത്താകൃതിയിലുള്ള സെൻസർ ഏതു ഡയപറിലും ഘടിപ്പിക്കാം. ഡയപറിനുള്ളിൽ ദ്രാവക, ഘര രൂപത്തിലുള്ള വസ്തുക്കളുടെ സാന്നിധ്യമുണ്ടായാൽ (കുഞ്ഞിന്റെ മലമൂത്രാദികൾ) അപ്പോൾ തന്നെ സെൻസർ ബ്ലൂടൂത്ത് വഴി ഉത്തവാദിത്തപ്പെട്ടയാളുടെ ഫോണിലേക്ക് നോട്ടിഫിക്കേഷൻ അയയ്ക്കും. ശേഷം ബാക്കി കാര്യങ്ങൾ പഴയതുപോലെ.

റോയോൽ ഫ്ലെക്സിബിൾ കീബോർഡ്

സ്ക്രീൻ ഫ്ലെക്സിബിൾ ആകുമ്പോൾ പിന്നെ കീബോർഡ് എന്തിനു മടിച്ചു നിൽക്കണം. ചുരുട്ടി പോക്കറ്റിലിടാനും ആവശ്യമുള്ളപ്പോൾ നിവർത്തി വച്ച് ടൈപ്പ് ചെയ്യാനും സാധിക്കുന്ന ബ്ലൂടൂത്ത് കീബോർഡ് ആണിത്. എൽജി, സാംസങ് തുടങ്ങിയ ആഗോളഭീമന്മാ‍ർ പരസ്പരം മൽസരിക്കുന്ന മേഖലയിലാണ് റോയോൽ എന്ന ചെറിയ സ്റ്റാർട്ടപ് ഈ നേട്ടമുണ്ടാക്കിയത്. സുതാര്യമായ ഈ കീബോർഡ് എവിടെ വേണമെങ്കിലും നിവർത്തി വച്ച് ചെയ്യാം. ഇൻപുട്ട് ബ്ലൂടൂത്ത് വഴിയായതിനാൽ വയർലെസ് ആണ്. ഉപയോഗം കഴിയുമ്പോൾ ഒരു ബട്ടണമർത്തിയാൽ ചുരുണ്ട് റോളായി മാറും. കീബോർഡ് ഈ വർഷം യുഎസ് വിപണിയിലെത്തും.

മോട്ടറോള ഹാലോ ബേബി മോനിട്ടർ

കുഞ്ഞിനെ കണ്ണുചിമ്മാതെ നോക്കാൻ മോട്ടറോളയുടെ കണ്ടെത്തൽ ആണ് ഹാലോ. കിടക്കയിലോ തൊട്ടിലിലോ മുകൾഭാഗത്തായി ഘടിപ്പിക്കാം. ഫുൾ എച്ച്ഡി ക്യാമറ കുഞ്ഞിനെ സദാസമയവും നിരീക്ഷിക്കും. ദൂരെയുള്ള രക്ഷിതാക്കൾക്ക് എല്ലാം തൽസമയം കാണാം. 10 മീറ്റർ പരിധിയുള്ള നൈറ്റ് വിഷൻ ശേഷിയും ക്യാമറയ്ക്കുണ്ട്. ടു വേ ഓഡിയോ സംവിധാനം വഴി കുഞ്ഞിന്റെയും പരിസരത്തെയും ശബ്ദങ്ങൾ കേൾക്കാനും കുഞ്ഞിനോടു സംസാരിക്കാനും സാധിക്കും. ഇതിലെ കൊച്ചു സ്പീക്കറുകൾ വഴി കുഞ്ഞിനെ പാട്ടോ നിങ്ങളുടെ ശബ്ദത്തിലുള്ള താരാട്ടോ സംഭാഷണങ്ങളോ ഒക്കെ കേൾപ്പിക്കാനുമാവും. ക്യാമറയ്ക്കു ചുറ്റുമുള്ള വലയം പല നിറത്തിലുള്ള പ്രകാശം പുറപ്പെടുവിക്കും. കുഞ്ഞിനു കാണാൻ പാകത്തിൽ സീലിങ്ങിലേക്ക് ദൃശ്യങ്ങൾ പ്രോജക്ട് ചെയ്യാനുമാവും. 250 ഡോളറാണ് വില.

ആർ-പ്യൂർ നാനോ മാസ്ക്

ഇരുചക്രവാഹനക്കാർക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ഉൽപന്നം. വിപ്ലവകരമായ ഈ മാസ്കിനുള്ളിൽ ഉന്നതനിലവാരമുള്ള എയർ ഫിൽറ്ററാണുള്ളത്. മലിനവായു ശുദ്ധീകരിച്ച് സ്വച്ഛസുന്ദരമായ ശ്വാസം നിങ്ങൾക്കു നൽകും. മാസ്കിനുള്ളിൽ എയർ ഫിൽറ്റർ വായുവിന്റെ നിലവാരമനുസരിച്ച് പ്രകാശിക്കുകയും ചെയ്യും. വായുനിലവാരം മോശമാണെങ്കിൽ പ്രകാശം ചുവപ്പായിരിക്കും. നന്നെങ്കിൽ പച്ച. പൊടിയും പുകയും മാത്രമല്ല, ബാക്ടീരിയകളെയും വൈറസുകളെയുമെല്ലാം പുറംതള്ളാൻ ഈ മാസ്കിനു കരുത്തുണ്ടെന്നു കമ്പനി അവകാശപ്പെടുന്നു. ഫ്രഞ്ച് കമ്പനി നിർമിക്കുന്ന മാക്സ് 170 യൂറോയ്ക്ക് യൂറോപ്പിൽ നിന്നു വാങ്ങാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA