ഫെയ്സ്ബുക്കും സാംസങിനും മുൻപെ ഒരു പാലക്കാടൻ വിആർഗാഥ

വെർച്വൽ റിയാലിറ്റി എന്ന വാക്കൊക്കെ കേട്ടു തുടങ്ങുന്നതിനും ഒന്നര പതിറ്റാണ്ടു മുൻപ് വെർച്വൽ റിയാലിറ്റിയിൽ ഗവേഷണം നടത്തിയ ഒരു മലയാളിയുണ്ട്! പേര്, തേങ്കുറിശി കേശവദാസ്, സ്വദേശം പാലക്കാട്. ഗവേഷണം മാത്രമല്ല, വെർച്വൽ റിയാലിറ്റിയെ ആരോഗ്യരംഗവുമായി ബന്ധിപ്പിച്ച ലോകത്തിലെ ആദ്യ വ്യക്തികളിൽ ഒരാളാണു കേശവദാസ്.  

ഫെയ്സ്ബുക്കും സാംസങ്ങുമൊക്കെ വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകൾ ഉണ്ടാക്കുന്നതിനു വർഷങ്ങൾക്കു മുൻപ്, സർജൻമാരെ ശസ്ത്രക്രിയ പരിശീലിപ്പിക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ വെർച്വൽ റിയാലിറ്റി റോബട്ടിക് സർജിക്കൽ സിമുലേറ്റർ നിർമിച്ചു. ഈ ഉപകരണത്തിന്റെ ഗ്ലാസിലൂടെ നോക്കിയാൽ ശരീരത്തിനുൾവശം വെർച്വലായി കാണാം. ശസ്ത്രക്രിയയ്ക്കായി ശരീരത്തിനുള്ളിലൂടെ കടത്തിവിടുന്ന കുഞ്ഞൻ റോബട്ടുകളെ നിയന്ത്രിക്കുന്നത് പരിശീലിപ്പിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. 

യുഎസിലെ ഇലിനോയി സർവകലാശാലയിലെ ഹെൽത്കെയർ എൻജിനീയറിങ് സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായ കേശവദാസ് വർഷങ്ങൾക്കുമുൻപ് ന്യൂയോർക്കിലെ ബഫലോ സർവകലാശാലയിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ആരംഭിച്ച വെർച്വൽ റിയാലിറ്റി കോഴ്സ് യുഎസിൽ ആദ്യത്തേതായിരുന്നു.