കൃഷിയിടങ്ങളിൽ ഐഒടി ഉൾപ്പെടെ പുത്തൻ സാങ്കേതികവിദ്യകൾ

ഏതാനും പതിറ്റാണ്ടുകളായി കൃഷിമേഖല പല രീതിയിൽ പുരോഗമിച്ചിട്ടുണ്ട്. കലപ്പയിലുഴുതിരുന്ന പാരമ്പര്യ കൃഷിരീതിക്ക് അവസാനം കുറിച്ച് ട്രാക്ടറുകളും ടില്ലറുകളും ഉൾപ്പെടെയുള്ള ഫാമിങ് മെഷീനുകൾ രംഗത്തിറങ്ങി. അത്യുൽപാദന ശേഷിയുള്ള വിളകൾ, മികച്ച വളങ്ങൾ, കളനാശിനികൾ തുടങ്ങിയവ കർഷകർക്കു സഹായം നൽകി. തൽഫലമായി കൂടുതൽ വ്യവസായവൽക്കൃതവും സാങ്കേതികത മുൻനിർത്തിയുള്ളതുമുള്ള മേഖലയായി കൃഷി മാറി.

ഇപ്പോൾ മറ്റേതു മേഖലയും പോലെ കൃഷിയും സ്മാർട്ടാകുന്ന കാലമാണ്. പലതരം സ്മാർട് ഉപകരണങ്ങളും രീതികളും ഉപയോഗിച്ചു മൃഗങ്ങളെയും വിളകളെയും വളർത്തുന്ന രീതി അതിദ്രുതം വളരുന്നു. മികച്ചതും ക്ഷമതയുള്ളതുമായ കൃഷിരീതിയാണ് ഇതുവഴി കൈവരുന്നത്. നാലാം വ്യാവസായിക വിപ്ലവത്തിലേക്കു ലോകം പോകുമ്പോൾ കൃഷിയിടങ്ങളും അത്തരമൊന്നിനു തയാറെടുക്കുന്നു.

സ്മാർട് ഫാമിങ്

ഇന്നു ലോകത്തിന്റെ ചർച്ചാവിഷയമായി മാറിയിരിക്കുന്ന ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി) ഉപയോഗിച്ചുള്ള കൃഷിരീതി. കലർപ്പില്ലാത്തതും, നിലവാരം കൂടിയതും താരതമ്യേന വിലകുറഞ്ഞതുമായ ഭക്ഷണം വളർത്തുന്ന രീതിയാണിത്. വിവരസാങ്കേതിക, കമ്യൂണിക്കേഷൻ സാങ്കേതികവിദ്യകൾ കൃഷിയിൽ പരീക്ഷിക്കുകയാണ് ഇതിൽ ചെയ്യുന്നത്. സെൻസറുകൾ കൃഷിയുടെ ഫലമൂല്യം, മഴയുടെ അളവ്, കളകളുടെ ആക്രമണം, മണ്ണിന്റെ വളക്കൂറ് തുടങ്ങിയവയെക്കുറിച്ചെല്ലാം വിവരം നൽകും. ഇതു മെച്ചപ്പെട്ട വിളവെടുപ്പിലേക്കും കുറ്റമറ്റ കൃഷിരീതികളിലേക്കും നയിക്കും.

സ്മാർട് കൃഷിയുടെ ഗുണങ്ങൾ

കുറ്റമറ്റ രീതിയിലുള്ള വിളനിയന്ത്രണം, ഉപയോഗപ്രദമായ വിവരശേഖരണം, കൃഷിസാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവ്, പൂർണമായും ഓട്ടമേറ്റഡ് ആയ കൃഷിരീതി എന്നിവ ഒട്ടേറെ ഗുണങ്ങൾക്കു വഴിവയ്ക്കും.

അവശിഷ്ടങ്ങളുടെ തോത് കുറയ്ക്കുന്നതുമൂലമുണ്ടാകുന്ന മെച്ചപ്പെട്ട ഉൽപാദനമാണ് ആദ്യഗുണം. ഒരു ഫാം നോക്കൂ. ഇതിൽ ഉപയോഗിക്കേണ്ട വളത്തിന്റെ കാര്യത്തിൽ കൃത്യമായ ധാരണ സെൻസറുകൾ കൃഷിക്കാരനു നൽകും. ഇതുമൂലം വളം അധികം ചെലവിടാതെ നോക്കാം. ഇതൊരു ഉദാഹരണം മാത്രം.

എങ്ങനെ

സെൻസറുകൾ, ഇവയാണു സ്മാർട് ഫാമിങ്ങിന്റെ പ്രധാന ആയുധം. വളക്കൂറ്, ചെടികൾ വളരുന്നതിന്റെ വേഗം, കന്നുകാലികളുടെ ആരോഗ്യം തുടങ്ങി ഒട്ടേറെ ഉപയോഗപ്രദമായ വിവരങ്ങൾ ഇവ ശേഖരിക്കും. ഈ വിവരം വിദൂരസ്ഥലത്തു സ്ഥിതി ചെയ്യുന്ന ക്ലൗഡിലേക്കയയ്ക്കുകയും വിലയിരുത്തപ്പെടുകയും ചെയ്യും. ഒരു കൃഷിയിടത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി ഏതു വിള എവിടെ എപ്പോൾ  നടണമെന്നു നിർണയിക്കാൻ ഇപ്രകാരം സാധിക്കും.

ഇനി, ഒരു കൃഷിയിടത്തിന്റെ ഒരു ഭാഗത്ത് ജലദൗർലഭ്യമോ, വളംകുറവോ അനുഭവപ്പെടുകയാണെങ്കിൽ, കൃഷിക്കാരനറിയാതെ തന്നെ ആ കുറവുകൾ ഐഒടി സംവിധാനം നികത്തും. Precision Farming എന്ന് ഈ രീതി അറിയപ്പെടുന്നു.

മറ്റൊന്നു വിളകളുടെ മേലുള്ള നിയന്ത്രണമാണ്. എത്രമാത്രം വിളകൾ നമുക്ക് വിറ്റഴിക്കാൻ സാധ്യമാകും എന്ന് അറിയാമെങ്കിൽ അത്രമാത്രം ഉൽപാദിപ്പിക്കാൻ വേണ്ട വെള്ളത്തിന്റെയും വളത്തിന്റെയും അളവ് സ്മാർട് ഫാമിങ് നൽകും. ഈ രീതിയിൽ കൃഷി ചെയ്താൽ അധികോൽപാദനം മൂലമുള്ള നഷ്ടം കുറവായിരിക്കും. ഇപ്രകാരം വിപണിയുടെ ആവശ്യം മനസ്സിലാക്കിയുള്ള കൃഷി ചെയ്യാൻ കർഷകർക്ക് അവസരം ലഭിക്കും.