ബഹിരാകാശത്ത് ഒഴുകി നടക്കുന്നത് കോടികളുടെ ‘നിധി’; സ്വന്തമാക്കാൻ നാസയും ചൈനയും

ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെയത്ര വരുന്ന സ്ഥലത്ത് ഖനനം ചെയ്താൽ ലഭിക്കുന്നത് 5000 കോടിയിലേറെ ഡോളർ വില വരുന്ന പ്ലാറ്റിനം ലോഹം! പക്ഷേ ചുമ്മാ പോയി അത് ഖനനം ചെയ്തെടുത്ത് തിരികെപ്പോരാമെന്നു കരുതിയെങ്കിൽ തെറ്റി. കാരണം ഈ ഖനനപ്രദേശം ഭൂമിയിലല്ല. മാത്രവുമല്ല ഭൂമിക്ക് വമ്പൻ ഭീഷണി ഉയർത്താന്‍ പോലും പ്രാപ്തമായ ഇടവുമാണ്. ബാഹ്യാകാശത്തെ അനേകലക്ഷം ഛിന്നഗ്രഹ(Asteroid)ങ്ങളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഛിന്നഗ്രഹങ്ങളിൽ ആളില്ലാപേടകങ്ങളിറക്കി ധാതുക്കളും ലോഹങ്ങളും ഖനനം ചെയ്തെടുക്കാനുള്ള പദ്ധതി തയാറാക്കുകയാണ് ചൈന. 

ഛിന്നഗ്രഹങ്ങളെപ്പറ്റി പഠിക്കാൻ നാസ ഇതിനോടകം രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അവയുടെയും ലക്ഷ്യവും ഖനനം തന്നെ. ചൈനയാകട്ടെ എന്നായിരിക്കും പേടകം യാത്ര തിരിക്കുക, ഏത് ചിന്നഗ്രഹത്തെയാണ് ലക്ഷ്യം വയ്ക്കുക തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. പക്ഷേ ബഹിരാകാശ പരീക്ഷണങ്ങൾക്കായുള്ള ബജറ്റ് അവർ കുത്തനെ കൂട്ടി. ഛിന്നഗ്രഹ ഖനനമാണ് അടുത്ത ലക്ഷ്യമെന്ന് ചൈനയുടെ ലൂണാർ മിഷൻ തലവൻ വ്യക്തമാക്കുകയും ചെയ്തു. മുടക്കുന്ന കാശിനേക്കാളും അനേകമിരട്ടി മൂല്യം വരുന്ന ധാതുക്കൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ചൈന. ഇക്കാര്യത്തിൽ തർക്കത്തിന്റെ ആവശ്യമില്ല താനും. 25 ബില്യൺ മുതൽ 50 ബില്യൺ ഡോളർ വരെ മൂല്യമുള്ള ലോഹങ്ങളും ധാതുക്കളുമായാണ് പല ഛിന്നഗ്രഹങ്ങളും കറങ്ങിയടിക്കുന്നതെന്ന് നാസ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 

വ്യാഴത്തോടു ചേർന്നുള്ള ഛിന്നഗ്രഹങ്ങളെപ്പറ്റി പഠിക്കാനുള്ള പേടകം ‘ലൂസി’ 2021ലായിരിക്കും നാസ വിക്ഷേപിക്കുക. 2023ലാകട്ടെ ‘സൈക്കി’ എന്ന പേടകവും ആകാശത്തെത്തും. പൂർണമായും പലതരം ലോഹങ്ങൾ നിറഞ്ഞ ‘16സൈക്കി’ എന്ന ഛിന്നഗ്രഹമാണ് ഇതിന്റെ ലക്ഷ്യം. അതേസമയം 2020–25നകം ഛിന്നഗ്രഹങ്ങളിലൊന്നിൽ തങ്ങളുടെ ആളില്ലാ പേടകം ഇറങ്ങുമെന്നാണ് ചൈന പറയുന്നത്. പക്ഷേ അതിൽ നിന്നുള്ള ഖനനത്തിന് പിന്നെയും ചുരുങ്ങിയത് 40 വർഷമെങ്കിലുമെടുക്കും. അതിനായുള്ള റോബട്ടുകളെയും മറ്റും തയാറാക്കിയെടുക്കുന്നതിന്റെ ഭാഗമായാണ് ബാഹ്യാകാശ ബജറ്റ് കൂട്ടിയിരിക്കുന്നതും. 

ബാഹ്യാകാശത്തു നിന്ന് ഛിന്നഗ്രഹങ്ങളിലൊന്നിനെ ‘പിടിച്ചെടുക്കുക’യാണ് ചൈനയുടെ ലക്ഷ്യം. ഇതിന് ആദ്യം ഒരു ആളില്ലാപേടകം അവിടെയിറക്കും. ശേഷം റോക്കറ്റ് ബൂസ്റ്ററുകൾ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഇവയെ എത്തിക്കുകയും ചെയ്യും. ചൈനയുടേതായി വരുന്ന ബഹിരാകാശ നിലയത്തിന്റെ ‘വിശ്രമത്താവള’മായും ഈ ഛിന്നഗ്രഹം മാറുമെന്നും ഗവേഷകരുടെ അവകാശവാദം. ലാഭക്കച്ചവടമായതിനാൽ ഛിന്നഗ്രഹ ഖനനത്തിന് ചൈനയിലെ സ്വകാര്യമേഖലയുടെയും വൻ പിന്തുണയുണ്ട്. പ്ലാറ്റിനവും പല്ലേഡിയവും പോലുള്ള വില പിടിച്ച ലോഹങ്ങള്‍ക്കാകട്ടെ വ്യാവസായിക ലോകത്ത് വൻ ഡിമാൻഡും വന്‍ വിലയുമാണ്. 

തുടക്കത്തിൽ ഛിന്നഗ്രഹങ്ങളിലെ ലോഹങ്ങളുടെയും ധാതുക്കളുടെയും സാന്നിധ്യം എത്രത്തോളമുണ്ടെന്നു തിരിച്ചറിയുകയാണു ലക്ഷ്യം. പിന്നീടാണ് ഖനനത്തിനുള്ള വഴി തേടുക. കേൾക്കുമ്പോൾ ഒരു സിനിമാക്കഥ പോലെ തോന്നും ഇതെല്ലാം. സത്യത്തിൽ ഇത്തരത്തിലുള്ള പല സിനിമകളും നേരത്തേ ഇറങ്ങിയിട്ടുണ്ട്. 1998ൽ തിയേറ്ററുകളിലെത്തിയ ബ്രൂസ് വില്ലിസിന്റെ ‘ആർമഗെഡൻ’ അതിലൊന്നു മാത്രം. ഭൂമിക്കു നേരെ വരുന്ന ഛിന്നഗ്രഹത്തെ ബഹിരാകാശത്തു വച്ചു തന്നെ തച്ചുതകര്‍ക്കാർ എണ്ണപ്പാടങ്ങളിൽ നിന്നുള്ള ഒരുകൂട്ടം വിദഗ്ധരെ ബഹിരാകാശത്തേക്ക് അയക്കുന്നതാണ് ചിത്രത്തിന്റെ കഥ. സിനിമ സത്യമാകുമോ? കാത്തിരുന്ന് ഉത്തരം കിട്ടാൻ കാലമേറെയെടുക്കിമെന്നതാണ് യാഥാർഥ്യം.