ടിക്ടോകിനെ ഭയന്ന് ഫെയ്സ്ബുക്, യുവാക്കളെ വീഴ്ത്താൻ ലാസ്സോ

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍നെറ്റ്‌വർക്ക് കമ്പനിയായ ഫെയ്സ്ബുക്കിനെ സംബന്ധിച്ചിടത്തോളം ചെറിയ ആപ്പുകളുടെ മുന്നേറ്റം പോലും ഭയപ്പെടുത്തുന്നതാണ്. ഭാവിയിൽ ഭീഷണിയാകുമെന്ന് തോന്നുന്നതെല്ലാം ഫെയ്സ്ബുക് വാങ്ങി നശിപ്പിക്കാറുമുണ്ട്. എന്നാൽ ചൈനയിൽ നിന്നുള്ള ടിക്ടോക് എന്ന ആപ്പ് ഫെയ്സ്ബുക്കിന്റെ ഉറക്കംകളയാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇവരെ നേരിടാൻ എന്തു ചെയ്യാമെന്നായിരുന്നു ഫെയ്സ്ബുക് ടെക് വിദഗ്ധരും കമ്പനി മേധാവി മാർക് സക്കർബർഗും ആലോചിച്ചിരുന്നത്. അമേരിക്കയിലെ യുവതി യുവാക്കളെ വരെ പിടിച്ചെടുത്ത ടിക് ടോക്കിനെ നേരിടാൻ പുതിയ ആപ്പ് തന്നെ ഫെയ്സ്ബുക് അവതരിപ്പിച്ചു കഴിഞ്ഞു, പേര് ലാസ്സോ.

ചെറിയ വിഡിയോകൾ പോസ്റ്റ് ചെയ്ത് സുഹൃത്തുക്കൾക്ക് പങ്കുവെക്കാൻ സാധിക്കുന്നതാണ് ലാസ്സോ. ശരിക്കും പറഞ്ഞാൽ ടിക് ടോക്കിന്റെ തനി കോപ്പിയടി. ടിക് ടോകിലെ ഫീച്ചറുകൾ മറ്റൊരു രൂപത്തിൽ അവതരിപ്പിച്ചാണ് ഫെയ്സ്ബുക്കിന്റെ ലാസ്സോ ഇറക്കിയിരിക്കുന്നത്.

എന്നാൽ ലാസ്സോ ആപ്പ് ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. അമേരിക്കയിൽ മാത്രമായി ഒതുക്കിയിരുന്ന പരീക്ഷണ ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകൾ ഇപ്പോൾ ലഭ്യമാണ്. ടിക് ടോകിനെ നേരിടാൻ പുറത്തിറക്കിയ ലാസ്സോ ആപ്പ് മറ്റു രാജ്യങ്ങളിൽ എന്നാണ് അവതരിപ്പിക്കുക എന്നത് സംബന്ധിച്ച് വ്യക്തമിക്കിയിട്ടില്ല.

കാര്യമായ ചടങ്ങുകളില്ലാതെ ട്വീറ്റ് വഴിയാണ് ലാസ്സോ പുറത്തിറക്കിയ വിവരം അറിയിച്ചത്. ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ക്ക് ഈ ആപ്പിലും ലോഗിൻ ചെയ്യാം. ഫെയ്സ്ബുക്കിൽ നിന്നു വിട്ടുപോകുന്ന യുവാക്കളെ പിടിച്ചുനിർത്താൻ ലക്ഷ്യമിട്ടുള്ളതാണ് ലാസ്സോ ആപ്പ്. എന്നാൽ ടിക് ടോകിന് അടിപ്പെട്ട യുവതി യുവാക്കളെ ലാസ്സോയിൽ എത്തിക്കാൻ ഫെയ്സ്ബുക് ഇത്തിരി ബുദ്ധിമുട്ടേണ്ടിവരുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.