എന്തൊക്കെ ബഹളമായിരുന്നു, ആധാറില്ലെങ്കിൽ സിം കട്ട് ചെയ്യും, അഡ്മിഷനില്ലെന്ന് ഭീഷണി...

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രാജ്യത്തെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയ ഒന്നായിരുന്നു ആധാർ കാർഡ്. എവിടെ പോയാലും ആധാർ കാർഡ് കാണിക്കണമെന്ന നിയമങ്ങൾ ജനങ്ങൾക്ക് വലിയ തലവേദനായിരുന്നു. മൊബൈൽ സിം, പണമിടപാടുകൾ, സ്കൂൾ അഡ്മിഷൻ, പിഎഫ് തുടങ്ങി നൂറായിരം സർവീസുകൾക്ക് ആധാർ നിർബന്ധമാക്കിയിരുന്നു. എന്നാൽ ആധാരിനെതിരെ സുപ്രീം കോടതി വിധി വന്നതോടെ എല്ലാം പെട്ടെന്നാണ് ഉപേക്ഷിച്ചത്. ആധാർ കാർഡില്ലെന്ന പേരിൽ വിദ്യാർഥികളുടെ സ്കൂള്‍ പ്രവേശനം നിഷേധിക്കരുതെന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) അറിയിച്ചിരിക്കുന്നു എന്നതാണ് പുതിയ വാർത്ത.

സ്കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമാക്കുന്നത് നിയമവിരുദ്ധമാണെന്നും സ്കൂളുമായി ബന്ധപ്പെട്ട് ഒരു പ്രവർത്തനത്തിനും ആധാർ വേണമെന്ന നിബന്ധന വയ്ക്കാൻ സ്കൂളുകൾക്കു അധികാരമില്ലെന്നും യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പാണ്ഡെ വ്യക്തമാക്കി. തെലങ്കാനയിൽ പുതിയ അധ്യയന വർഷത്തിലേക്കുള്ള പ്രവേശനത്തിനുള്ള നടപടികൾ അനൗദ്യോഗികമായി ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ വിശദീകരണം.

പുതുതായി അഡ്മിഷൻ ലഭിക്കാൻ പല സ്കൂളുകളും ഇപ്പോഴും ആധാർ ആവശ്യപ്പെടുന്നുണ്ടെന്നും ഇതേറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ടെന്നും ഹൈദരാബാദ് പാരന്‍റ് അസോസിയേഷൻ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ കണക്ഷൻ, സ്കൂൾ പ്രവേശനം എന്നിവയ്ക്കു ആധാര്‍ നിര്‍ബന്ധമാകരുതെന്ന് കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ടെലികോം മേഖലയും ആധാരിനെ ഉപേക്ഷിച്ചു കഴിഞ്ഞു. എവിടെയും ആധാർ നിർബന്ധിക്കുന്നില്ല. ടെലികോം മേഖലയിലെ വലിയ സംഭവമായിരുന്നു മൊബൈൽ– ആധാർ ലിങ്കിങ്. ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ നിലവിലെ എല്ലാ സിമ്മുകളും റദ്ദാക്കുമെന്ന് വരെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതോടെ പലരും മണിക്കൂറുകളോളം വരിനിന്ന്, ഭയന്ന് കൈയ്യിലുള്ള സിമ്മുകളെല്ലാം ആധാറുമായി ലിങ്ക് ചെയ്തു. എന്നിട്ടും ലിങ്ക് ചെയ്യാത്തവരെ ടെലികോം കമ്പനികൾ ഓരോ മണിക്കൂറിലും വിളിച്ചും മെസേജിലൂടെയും അറിയിച്ചു.

2018 മാർച്ച് 31നകം രാജ്യത്തെ എല്ലാം മൊബൈൽ സിമ്മുകളും ആധാറുമായി ലിങ്ക് ചെയ്യണമെന്നാണ് ടെലികോം മന്ത്രാലയം ഉത്തരവിട്ടിരുന്നത്. എന്നാൽ ആധാർ കേസുകൾ കോടതിയിൽ എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ആധാറുമായുള്ള കേസുകൾ തീരാതെ വ്യക്തി വിവരങ്ങൾ ലിങ്ക് ചെയ്യാൻ ആരെയും നിർബന്ധിപ്പിക്കരുതെന്ന് കോടതി പറഞ്ഞു. ഇതോടെയാണ് ടെലികോം കമ്പനികൾക്കും വരിക്കാർക്കും നേരിയ ആശ്വാസമായത്.
ആധാർ ബന്ധിപ്പിക്കാത്തതിന്റെ പേരിൽ സേവനങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കരുതെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. എന്നാൽ കഴിയുന്നത്ര സേവനങ്ങളുമായി ആധാർ ലിങ്ക് ചെയ്യാൻ വിവിധ മന്ത്രാലയങ്ങളും മുന്നിട്ടറങ്ങി. ഇതിനിടെ ലിങ്ക് ചെയ്തവരുടെ വ്യക്തിവിരങ്ങളും ആധാർ നമ്പറുകളുമെല്ലാം ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയത് മറ്റൊരു തലവേദനയായി. ആധാർ ഹാക്കിങും ചോർത്തലും ഇന്നും വ്യാപകമാണെന്നത് മറ്റൊരു വസ്തുത.