ആദിവാസി വിഭവങ്ങളുടെ രുചിയറിഞ്ഞ് കാടിന്റ നടുക്ക് മുളങ്കുടിലിൽ താമസിക്കാം

സഞ്ചാരികൾക്ക് വനത്തിന്റെ സൗന്ദര്യം തൊട്ടറിയുവാനുള്ള അവസരങ്ങളാണ് എപ്പോഴും കാനനയാത്രകൾ. കാട്ടിൽ സുരക്ഷിതമായി താമസിക്കാൻ കൂടി അവസരം ലഭിച്ചാൽ യാത്ര ജോറാകും. അത്തരത്തിൽ കാട്ടിൽ താമസിച്ച് വനസൗന്ദര്യം നുകർന്ന് ആസ്വദിക്കാൻ കഴിയുന്ന ഡെസ്റ്റിനേഷനാണ് ഈ ആഴ്ച പരിചയപ്പെടുത്തുന്നത്. 

പെരുവാരി ഐലന്റ് ബാംബു നെസ്റ്റ്

പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്ത് കാടിന്റെ ഹൃദയഭാഗത്താണ് പെരുവാരി ഐലന്റ് എന്ന മനോഹരമായ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പച്ചപ്പിന്റ മനോഹാരിത ആവോളം ആസ്വദിക്കാൻ കഴിയുംവിധം മനോഹരമായ കോട്ടേജുകൾ ഒരുക്കിയിട്ടുണ്ട്. മരത്തടികൾ വെച്ചാണ് കോട്ടേജുകൾ നിർമ്മിച്ചിട്ടുള്ളതെങ്കിലും തൂണുകളെല്ലാം കോൺക്രീറ്റിൽ നിർമ്മിതമാണ്. നാലുപേർക്ക് താമസിക്കാൻ സാധിക്കുന്ന എല്ലാവിധ സംവിധാനങ്ങളും സൗകര്യങ്ങളോടും കൂടിയ ഈ കോട്ടേജാണ് ഇവിടുത്തെ പ്രധാന ആകർഷണം.

പറമ്പിക്കുളം പെരുവാരി ഐലന്റ്

പ്രക‍ൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തിലെ വിനോദ സഞ്ചാരകേന്ദ്രമാണെങ്കിലും മനോഹാരിത തുളുമ്പുന്ന ഇടത്തേക്ക് യാത്ര പോകുവാനുള്ള സംവിധാനങ്ങളും സൗകര്യങ്ങളും നിലവിൽ കുറവാണ്. ചങ്ങാടത്തിൽ തുഴഞ്ഞു വേണം ഈ ദ്വീപിലേക്ക് യാത്രക്കാർ എത്തിച്ചേരേണ്ടത്. ചങ്ങാടത്തിൽ ഏകദേശം അരമണിക്കൂർ വേണ്ടിവരും കോട്ടേജിലേക്കെത്താൻ. കാറ്റുള്ള സമയമാണെങ്കിൽ ചിലപ്പോൾ നാൽപതു മിനിറ്റിലധികമെടുക്കും.

പറമ്പിക്കുളം പെരുവാരി ഐലന്റ്

ചങ്ങാടത്തിൽ പോകുന്ന സ്ഥലം വരെ വാഹനത്തിൽ യാത്ര ചെയ്യാവുന്നതാണ്. രാവിലെ 10.30ന് ഇവിടെ എത്തിച്ചേരണം. മുൻകൂട്ടി ബുക്കുചെയ്യുകയാണെങ്കിൽ പറമ്പിക്കുളത്തെ മറ്റു കാഴ്ചകൾ കണ്ടതിനുശേഷം ഉച്ചതിരിഞ്ഞ് വരാവുന്നതുമാണ്. നാലുപേരടങ്ങുന്ന ഗ്രൂപ്പിനാണ് ഇവിടെ കോട്ടേജ് ഒരുക്കിയിരിക്കുന്നത്. അഞ്ചുപേരാണ് ഗ്രൂപ്പിലെങ്കിൽ അധിക തുക നൽകണം.

പറമ്പിക്കുളം പെരുവാരി ഐലന്റ്

പറമ്പിക്കുളത്തു നിന്നും പെരുവാരി നെസ്റ്റിലേക്ക് പോകുന്ന റോഡരികിൽ ധാരാളം മൃഗങ്ങളെ കാണാം. എന്റെ യാത്രയില്‍ മാനുകൾ, മയിൽ, കരിങ്കുരങ്ങ്, കാട്ടുപന്നികളുടെ കൂട്ടം എന്നിവയെല്ലാം കാണാൻ സാധിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളെ കാണാൻ സാധിക്കുന്ന സ്ഥലമാണ് പറമ്പിക്കുളമെന്ന പ്രത്യേകതയുമുണ്ട്. പെരുവാരി ബാംബൂ ഫോറസ്റ്റ് സ്ഥിതി ചെയ്യുന്നത് പെരുവാരി പള്ളം ഡാമിന്റെ സമീപത്താണ്.

പറമ്പിക്കുളം പെരുവാരി ഐലന്റ്

ഐലന്റിൽ നിന്നും നോക്കിയാൽ ഡാമിന്റെ മനോഹരമായ കാഴ്ചകളും മറ്റു ചെറിയ ഐലന്റുകളും കാണാൻ സാധിക്കും. മുളങ്കാടുകൾ നിറഞ്ഞു നിൽക്കുന്ന അതിമനോഹരമായ വന സൗന്ദര്യം നമുക്കിവിടെ അനുഭവപ്പെടും. ദേശാടനപക്ഷികളും വന്യമൃഗങ്ങളായ ആന, മാൻ, മയിൽ, മ്ലാവ്, പുള്ളിമാൻ, കാട്ടുപന്നി എന്നിവയേയും കാണാം.

പറമ്പിക്കുളം പെരുവാരി ഐലന്റ്

ഈ നെസ്റ്റിന് ചുറ്റും നൂറു വർഷത്തിലധികം പഴക്കമുള്ള ധാരാളം വൃക്ഷങ്ങളുണ്ട്. പ്രധാനമായി മുളയാണ് കൂടാതെ ഇരുളി, ഈട്ടി, ഞാവലുമൊക്കെയുണ്ട്.  വാഗ ഫാമിലിയിലുള്ള മേ ഫ്ലവർ (MAY FLOWER) എന്ന ചുവന്ന നിറത്തിലുള്ള ഭംഗിയുള്ള പൂക്കളുണ്ടാകുന്ന വൃക്ഷങ്ങളും ഇവിടെ ഉണ്ട്. മെയ് മാസത്തിലാണെങ്കിൽ വാഗ ചുവന്നപൂക്കളാൽ പട്ടുവിരിക്കും കാഴ്ച അതിഗംഭീരമാണേ്. നാട്ടിൽ ഉള്ളതും, ഇല്ലാത്തതുമായി മുന്നൂറിൽ പരം വൃക്ഷങ്ങള്‍ ഈ ചെറിയ ദ്വീപിലുണ്ട്.

പറമ്പിക്കുളം പെരുവാരി ഐലന്റ്

സഞ്ചാരികളെ മനംമയക്കും കാഴ്ചകളാണ് ദ്വീപിൽ ഒരുക്കിയിരിക്കുന്നത്. ഉദയവും സൂര്യസ്തമയും വർണപകിട്ടോടെ കാണാം. അസ്തമിക്കാന്‍ പോകുന്ന ചുവന്ന സൂര്യന്റെ ചുവന്ന കി‌രണങ്ങള്‍ ആകാശത്തില്‍ പടരുന്ന കാഴ്ച അതിമനോഹരമായി പെരുവാരി ഐലന്റിൽ നിന്നും ആസ്വദിക്കാം.

കാടിന്റെ കാഴ്ചകൾ കഴിഞ്ഞാൽ സഞ്ചാരികളെ ആകർഷിക്കുന്നത് ഇവിടുത്തെ നാടൻ രുചിയുള്ള ഭക്ഷണമാണ്. പാചകം ചെയ്യുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ഉണ്ട്. താൽപര്യം ഉള്ളവർക്ക് സ്വയം പാചകം ചെയ്യാം. അതല്ലെങ്കിൽ ഇവിടുത്തെ ഗാർഡ് തന്നെ രുചിയൂറും വിഭവങ്ങൾ തയാറാക്കും. ഇഷ്ടമുള്ള വിഭവങ്ങൾ പറഞ്ഞാൽ പുറത്തു നിന്നും വാങ്ങുന്നതിനുള്ള സംവിധാനവും ഉണ്ട്. ഗാർഡുകളിൽ ഭൂരിഭാഗവും  ആദിവാസികളാണ്. അതുകൊണ്ട് ആദിവാസികളുടെ നാടൻ രുചി അറിയുവാനും സാധിക്കും.

പറമ്പിക്കുളം പെരുവാരി ഐലന്റ് ബാംബു നെസ്റ്റ്

വെജിറ്റേറിയനാണെങ്കിലും നോൺ വെജിറ്റേറിയനാണെങ്കിലും വിറക് അടുപ്പിൽ പാചകം ചെയ്യുന്നതാണ് ഇവരുടെ രീതി. അതുകൊണ്ടു തന്നെ സ്വാദും കൂടും. തയാറാക്കുന്ന വിഭവങ്ങൾക്കെല്ലാം വായിൽ വെള്ളമൂറിക്കുന്ന രുചിയാണ്. ദ്വീപിലേക്ക് വരുന്ന സഞ്ചാരികളിൽ മത്സ്യം ഇഷ്ടമുള്ളവരാണെങ്കിൽ ആദിവാസികൾ ഡാമിൽ നിന്നും പിടിക്കുന്ന ഫ്രഷ് മീനുകൾ വാങ്ങുന്നതിനും പാചകം ചെയ്യാനുമുള്ള അവസരം ഉണ്ട്. ആരൽ, തിലോപ്പിയ, കട്്ല, വരാല്‍ വംശത്തിൽപ്പെട്ട ബ്രാൽ, കൂരല്‍, പച്ചലവെട്ടി, കുയൽ എന്നീ മത്സ്യങ്ങളാണ് ഇവിടെ ലഭിക്കുന്നത്. നാട്ടിലെ മാർക്കറ്റ് വിലയേക്കാൾ കുറവിനാണ് നമുക്ക് ഇവിടെ മത്സ്യങ്ങൾ ലഭിക്കുന്നത്.

പെരുവാരി ഐലന്റ് നെസ്റ്റിലേക്ക് എത്തിച്ചേരേണ്ട വിധം:

എറണാകുളത്തു നിന്നാണ് പുറപ്പെടുന്നതെങ്കിൽ തൃശൂർ വഴി വടക്കാഞ്ചേരി. അവിടെ നിന്നും നെന്മാറ. നെന്മാറയിൽ നിന്നും കൊല്ലങ്കോട്, അവിടെ നിന്ന് കാമ്പ്രത്ത് ചെള്ള. അവിടെ നിന്നും വലത് തിരിഞ്ഞ് ചെമ്മണാംബതി ചെക്ക് പോസ്റ്റിലൂടെ വേട്ടക്കാരൻ പുത്തൂർ വഴി സേട്ടുമട അവിടെ നിന്നും ആനമല ടൈഗർ റിസർവിലെത്താം. പിന്നെ പറമ്പിക്കുളം തമിഴ്നാട് ചെക്ക് പോസ്റ്റിലേക്ക് അവിടെ നിന്ന് കുറച്ചു ദൂരം വരുമ്പോൾ കേരള ചെക്ക് പോസ്റ്റ് കാണാം. അതുകഴിഞ്ഞ് ആനപ്പാടി എന്ന സ്ഥലമാണ്. അവിടെയാണ് ഇൻഫർമേഷൻ സെന്റർ. ഇവിടെ വന്നാണ് ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത്. 

പറമ്പിക്കുളത്തേക്ക് മറ്റൊരു റോഡുമാർഗവും ഉണ്ട്. ആ യാത്ര കൂടുതലും വനമേഖലയിലൂടെയാണ്. തൃശൂർ ജില്ലയിലെ ചാലക്കുടി – അതിരപ്പിള്ളി – വാഴച്ചാൽ–മലക്കപ്പാറ– പാൽപ്പാറ– ആന മലയിലേക്കുള്ള റോഡ്– വേട്ടക്കാരൻ– പുത്തൂർ– സേട്ടുമട–പറമ്പിക്കുളം എന്നിങ്ങനെയാണിത്.

ഈ സ്ഥലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ:

Forest department information center Parambikulam Phone: – 9442201690

ടൂർ പാക്കേജ് മുൻകൂട്ടി ബുക്ക് ചെയ്യാൻ parambikulam.org എന്ന സൈറ്റിലൂടെ സാധിക്കും.

പാക്കേജ് റേറ്റിൽ 4 പേരടങ്ങുന്ന ഗ്രൂപ്പിന് സാധാരണ ദിവസങ്ങളിൽ 6000 രൂപയും അവധി ദിവസങ്ങളിൽ 8000 രൂപയുമാണ്. (രാവിലെ 10.30 മുതൽ പിറ്റേദിവസം രാവിലെ 11 വരെ). ഗ്രൂപ്പിൽ അഞ്ചുപേരാണെങ്കിൽ 1800 രൂപ അധികം നൽകണം. പാചകം ചെയ്യുന്നതിനുള്ള ഭക്ഷണ സാധനങ്ങൾ പറമ്പിക്കുളത്തു നിന്നും വാങ്ങാൻ സാധിക്കും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഉണ്ടായിരിക്കുന്നതാണ്. 

മൊബൈൽ നെറ്റ്്വർക്ക് BSNL ന് മാത്രം.