അറബിക്കടലിന്റെ റാണിയെ കാണാൻ വീണ്ടുമൊരു യാത്ര. അന്ന് റോഡ്മാർഗമായിരുന്നെങ്കിൽ ഇപ്രാവശ്യം ആകാശമാർഗമാവട്ടെയെന്ന്‌ തീരുമാനിച്ചു. അങ്ങനെ കേരളത്തിന്റെ ആ വാണിജ്യ തലസ്ഥാനം ലക്ഷ്യം വച്ച് കെമ്പെഗൗഡ എയർപോർട്ടിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ഞങ്ങൾ പറന്നിറങ്ങി. കൊച്ചി കണ്ടവന് അച്ചി വേണ്ടാന്നു പറയുന്ന പഴമൊഴി

അറബിക്കടലിന്റെ റാണിയെ കാണാൻ വീണ്ടുമൊരു യാത്ര. അന്ന് റോഡ്മാർഗമായിരുന്നെങ്കിൽ ഇപ്രാവശ്യം ആകാശമാർഗമാവട്ടെയെന്ന്‌ തീരുമാനിച്ചു. അങ്ങനെ കേരളത്തിന്റെ ആ വാണിജ്യ തലസ്ഥാനം ലക്ഷ്യം വച്ച് കെമ്പെഗൗഡ എയർപോർട്ടിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ഞങ്ങൾ പറന്നിറങ്ങി. കൊച്ചി കണ്ടവന് അച്ചി വേണ്ടാന്നു പറയുന്ന പഴമൊഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറബിക്കടലിന്റെ റാണിയെ കാണാൻ വീണ്ടുമൊരു യാത്ര. അന്ന് റോഡ്മാർഗമായിരുന്നെങ്കിൽ ഇപ്രാവശ്യം ആകാശമാർഗമാവട്ടെയെന്ന്‌ തീരുമാനിച്ചു. അങ്ങനെ കേരളത്തിന്റെ ആ വാണിജ്യ തലസ്ഥാനം ലക്ഷ്യം വച്ച് കെമ്പെഗൗഡ എയർപോർട്ടിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ഞങ്ങൾ പറന്നിറങ്ങി. കൊച്ചി കണ്ടവന് അച്ചി വേണ്ടാന്നു പറയുന്ന പഴമൊഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറബിക്കടലിന്റെ റാണിയെ കാണാൻ വീണ്ടുമൊരു യാത്ര. അന്ന് റോഡ്മാർഗമായിരുന്നെങ്കിൽ ഇപ്രാവശ്യം ആകാശമാർഗമാവട്ടെയെന്ന്‌ തീരുമാനിച്ചു. അങ്ങനെ കേരളത്തിന്റെ ആ വാണിജ്യ തലസ്ഥാനം ലക്ഷ്യം വച്ച് കെമ്പെഗൗഡ എയർപോർട്ടിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ഞങ്ങൾ പറന്നിറങ്ങി. കൊച്ചി കണ്ടവന് അച്ചി വേണ്ടാന്നു പറയുന്ന പഴമൊഴി ഇപ്പോഴും ഒരു സത്യമൊഴിയായി നിലനിൽക്കുന്ന ഒരു മനോഹര നഗരം കൂടിയാണ് കൊച്ചി. കൊച്ചി എന്ന പേരിനു കാരണം ഈ ഭാഗത്ത് വന്നു ചേരുന്ന നദികളും കടലിന്റെ അഴിമുഖവുമാണ്‌. 'കൊച്ച് അഴി' എന്ന പേരാണ്‌ കൊച്ചി ആയത്.

കേരള  സംസ്ഥാനത്തിലെ കൊച്ചി കടൽ തുറമുഖം സ്ഥിതി ചെയ്യുന്ന ജില്ലയാണ് എറണാകുളം.

ADVERTISEMENT

'ഋഷിനാഗക്കുളം' എന്ന മനോഹരവും നാവു വടിച്ചു പറയേണ്ടതുമായ ഒരു പേര് കാലത്തിന്റെ തഴുകലിൽ  എറണാകുളം എന്നായി  മാറി, എറണാകുളം ശിവക്ഷേത്രത്തിന്റെ പുറകിലുള്ള കുളത്തിന്റെ പേരാണ് ഋഷിനാഗക്കുളം. എറണാകുളം എന്ന പേരുണ്ടാകുവാൻ കാരണം ഇവിടെ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ശിവക്ഷേത്രമാണ്‌ എന്ന് പുരാവൃത്തം. കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ ഋഷിനാഗക്കുളം എന്നറിയപ്പെട്ടിരുന്നു.നമ്മൾ കണ്ണൂർക്കാർക്ക് കേൾക്കാൻ ബഹുരസമുള്ള ഭാഷയാണ് ഇവരുടേത്, എന്തും ഈസി ആയിട്ട് പറയുന്ന നമ്മൾക്ക് നീട്ടിപിടിച്ച് ഈണത്തിൽ നിഷ്കളങ്കമായി പറയുന്ന ഈ നാട്ടുകാരുടെ സംസാരം കേൾക്കാൻ ഇഷ്ടമുള്ളതാണ്.

കൊല്ലം ജില്ലക്കാരാണ് അച്ചടിഭാഷയുടെ ബ്രാൻഡ് അംബാസഡർമാർ എന്നാണ് എന്റെ ഒരു കൊല്ലം സുഹൃത്ത് പറഞ്ഞിരിക്കുന്നത്. എന്നാൽ എറണാകുളവും ഇച്ചിരി സ്പീഡ് കൂടിയ അച്ചടിഭാഷക്കാർ തന്നെ എന്നാണ് എനിക്ക്‌ തോന്നിയത്. ഇങ്ങനെ പല താളത്തിൽ, പദസമ്പത്തിൽ, വ്യത്യസ്തമായ പദപ്രയോഗങ്ങളിൽ മുങ്ങി നിവർന്നു കുളിച്ചു തിമിർക്കുന്ന വേറെ ഏത് ഭാഷയുണ്ട്‌ ഇന്ത്യയിൽ, അത്രയും മനോഹരമാണ് നമ്മുടെ ഭാഷ.

അപ്പോൾ പറഞ്ഞു വന്നത് നമ്മുടെ എറണാകുളത്തെപ്പറ്റിയണല്ലോ, കണ്ണൂരുകാർ പൊതുവെ സ്നേഹസമ്പന്നന്മാരാണ്. സ്വന്തം നാടായത് കൊണ്ടു മാത്രമല്ല ഇത് പറയുന്നത്, അന്യജില്ലക്കാർക്കും ഇതേ അഭിപ്രായമാണ് കേട്ടിട്ടുള്ളത് എന്നാൽ എറണാകുളത്തുകാരും സ്നേഹത്തിന്റെ കാര്യത്തിൽ ഞങ്ങളോട് പിശുക്കു കാണിച്ചില്ല. എന്തെന്നാൽ അതിനു തക്ക ഒരു ചെറിയ സംഭവം ഉണ്ടായി.

എയർപോർട്ടിൽ ചെന്നപ്പോ എന്റെ മോന് ദാഹിച്ചു. അതു വഴി എന്തോ അത്യാവശ്യത്തിനു പോകുകയായിരുന്ന ഒരു സ്റ്റാഫ് ചേച്ചിയോട് വെള്ളം ചോദിച്ചു. അങ്ങേ തലയ്ക്കൽ ആണ് കൂളർ ഉള്ളത്. വേറെ കുപ്പിവെള്ളം പെട്ടെന്ന് കിട്ടില്ലല്ലോ, പിന്നെ അകത്താണ് ഉള്ളത് എന്താ ചെയ്യുക ഞങ്ങളുടെ പ്രശ്നം അവർ ഏറ്റെടുത്തത് അവരുടെ മുഖത്ത് കാണാമായിരുന്നു. അവസാനം എനിക്ക്‌ പറയേണ്ടി വന്നു, ചേച്ചി വിഷമിക്കേണ്ട നമ്മൾ അങ്ങോട്ടേക്ക് പോയി കുടിച്ചോളാമെന്ന്. മനസ്സില്ലാമനസോടെ ശരിയെന്നും പറഞ്ഞു ആ ചേച്ചി ഓടിപ്പോയി പാവം അത്ര തിരക്കിലായിരുന്നു എന്നിട്ടും ഞങ്ങൾക്ക് വേണ്ടി അവിടെ നിന്നു വിഷമിച്ചു.

ADVERTISEMENT

ഒരു ടാക്സി കിട്ടി. നേരെ പോയത് ആലുവയിലേക്കായിരുന്നു. ഏട്ടനും ഭാര്യയും താമസിക്കുന്ന സ്ഥലത്തു പോയി ഒരു രണ്ടു  മൂന്നു ദിവസം ചെലവഴിക്കാൻ. ആലുവയിൽ നിന്നും ചെമ്പറക്കി മാറമ്പള്ളി നടക്കാവ് വഴി പോയാൽ ഏകദേശം ഒരു  5കീമീ ഉള്ളിലായിട്ടാണ് ഇവരുടെ വീട്. നഗരത്തിന്റെ വീർപ്പുമുട്ടലിൽ നിന്നും കുറച്ചു മാറിയിട്ടാണ് വീടിരിക്കുന്ന സ്ഥലം. അതുകൊണ്ടു നല്ല ഹരിതാഭമായ പ്രദേശമായിരുന്നു. അടുത്തടുത്ത്‌ വീടുകളും ഉണ്ട്. കാറ്റും വെളിച്ചവും ആവശ്യത്തിലധികം കിട്ടും. മൂന്നു ദിവസം ഞങ്ങൾ അവിടെ നിന്നു. അതു തന്നെ പുറത്തൊക്കെ പോയി സ്ഥലങ്ങൾ കാണാനേ തികഞ്ഞുള്ളൂ. 

മെട്രോമാൻ ബാഹുബലി ശ്രീധരൻ സാറിന്റെ കിരീടത്തിലെ പൊൻതൂവൽ കാണാനും യാത്ര ആസ്വദിക്കാനും വേണ്ടി കൊച്ചി മെട്രോയിലാക്കി അടുത്ത ചുറ്റൽ പരിപാടി. ശരിക്കും കേരളത്തിന്റെ അഭിമാനം തന്നെയാണ് കൊച്ചി മെട്രോ. സ്റ്റേഷൻ പരിസരവും ട്രെയിനിന്റെ ഉൾവശവും അത്രയും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ഇത്രയും നല്ലൊരു സൗകര്യം ഉണ്ടായിട്ടും നമ്മൾ മലയാളികൾ എന്ത് കൊണ്ടാണ് അത് കാര്യമായിട്ട് ഉപയോഗിക്കാത്തത് എന്നു ആലോചിച്ച് എന്തോ ഒരു വിഷമം. ഇതിനു മുൻപും കൊച്ചി മെട്രോയിൽ കയറിയിട്ടുണ്ട്. അന്ന് രാത്രിയായത് കൊണ്ടായിരിക്കും തിരക്കില്ലാത്തത് എന്നു  വിചാരിച്ചു. എന്നാൽ, ഇന്ന് പകൽ സമയത്തും വല്യ തിരക്കൊന്നും കണ്ടില്ല. ബെംഗളൂരുവിൽ താമസിക്കുന്ന ഞാൻ കണ്ടിട്ടുണ്ട് മെട്രോയിലെ തിരക്ക്. അതുമായി താരതമ്യം ചെയ്യുമ്പോ ജനപങ്കാളിത്തം കുറവ്. ചിലപ്പോൾ രണ്ടു പ്രാവശ്യം മാത്രം കയറിയ എന്റെ തോന്നാലാവാം.

ആലുവ മുതൽ മഹാരാജാസ് കോളേജ് വരെയാണ് ഇപ്പോൾ സർവീസ്, ഞങ്ങൾ ഒട്ടും കുറച്ചില്ല, ആലുവയിൽ നിന്നും കേറി അവസാന സ്റ്റോപ്പിൽ തന്നെ ഇറങ്ങി, അപ്പോഴാണ് മെട്രോയിലും വേഗത്തിൽ വിശപ്പിന്റെ ആർത്തനാദം കേട്ടത്. നേരെ മറൈൻഡ്രൈവിലേക്കു വിട്ടു, ഓട്ടോക്കാരൻ ചേട്ടനോട് നല്ലൊരു ഹോട്ടലിൽ ഞങ്ങളെ തട്ടാൻ പറഞ്ഞു, എന്നിട്ട് വേണമല്ലോ ഞങ്ങൾക്ക് തട്ടാൻ, ഫുഡ് ഫുഡ്ഡയയ്.

ഹാമിൽട്ടനെ വെല്ലുന്ന ഡ്രൈവിംഗ് മികവോടെ പ്രാണവേദനയിൽ  നിലവിളിക്കുന്ന ഞങ്ങളുടെ വയറിന്റെ അവസ്ഥയെ വീണവായനയിൽ ഒതുക്കാതെ ആ ചേട്ടൻ പറപറന്നു. മനീഷ് മൽഹോത്രയുടെ കത്രികകണക്കെ ബ്രോഡ്‌വേ മാർക്കറ്റിന്റെ തിരക്കിനെ കീറിമുറിച്ചു. ഒടുവിൽ മെയിൻറോഡിന്റെ ഇടത്തേക്ക് വെട്ടിച്ച് രണ്ടുമൂന്നു ഹോട്ടലുകൾ നിരന്നു നിന്നതിന്റെ മുന്നിൽ ഞങ്ങളെയും കൊണ്ട്‌ അദ്ദേഹം ക്രാഷ് ലാൻഡ് ചെയ്തു.ഇതിൽ ഏതിൽ കയറും എന്ന നിലയിൽ കൻഫ്യൂഷനടിച്ചു പണ്ടാരമടങ്ങി നിൽക്കുമ്പോഴാണ് ഗൂഗിൾ മാപ് സുന്ദരി ഞങ്ങൾക്ക് വഴികാട്ടിയായത്.  ഒരു ചൈനീസ് ഹോട്ടലിലേക്ക് ക്ളീഞ്ഞോ പ്ലീഞ്ഞോ സൗണ്ടുമായി വന്നു വിളിച്ചു കൊണ്ടു പോയത് ജാക്കി ചാനെ മനസ്സിൽ വിചാരിച്ച് ഞങ്ങൾ ആ ഹോട്ടലിന്റെ പടി ചവിട്ടി, ഒരാൾ ഞങ്ങളെ ഉള്ളിലേക്ക് സ്വീകരിച്ചു.

ADVERTISEMENT

ആ പരിസരത്ത് പുതിയതായി തുടങ്ങിയ ഒരു ചൈനീസ് റെസ്റ്റോറന്റ് ആണിതെന്നു വിളമ്പുകാരൻ പയ്യൻ ഞങ്ങളോട് പറഞ്ഞു. അതുകൊണ്ടു അവർ കുറച്ച്‌ സാധനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ വിളമ്പുകയാണ്. അവർക്ക് പരീക്ഷിക്കാൻ കുറേ ഗിനിപ്പന്നികളെ കിട്ടിയ സന്തോഷത്തിൽ അവരും, പരീക്ഷണാടിസ്ഥാനത്തിൽ നല്ല ഫുഡ് ഏറ്റവും നന്നാക്കി തരുമെന്ന വിശ്വാസത്തിൽ ഞങ്ങളും ഓർഡർ കൊടുത്തു. ബെംഗളൂരുവിലെ ഒരു നല്ല ചൈനീസ് ഹോട്ടലിൽ നിത്യ സന്ദർശകരായ ഞങ്ങൾക്ക് ഐറ്റംസ് ഓർഡർ ചെയ്യാൻ അധികം ആലോചിക്കേണ്ടി വന്നില്ല. ദോഷം പറയരുതല്ലോ നല്ല ഫുഡ് ആയിരുന്നു. വില കുറവായിരുന്നെങ്കിലും ഒരേ സാധനം രണ്ടും മൂന്നും പ്രാവശ്യം ഓർഡർ ചെയ്യേണ്ടി വന്നപ്പോൾ ആ വിലക്കുറവിലെ 'ന്യായം' ഞങ്ങൾക്കു മനസ്സിലായി.

കഴിഞ്ഞ വട്ടം പോകണമെന്നു വിചാരിച്ച്‌ നടക്കാതെ പോയ സ്ഥലമായിരുന്നു ഫോർട്ട് കൊച്ചി. അതുകൊണ്ടു ഇനി എങ്ങോട്ടെന്നു അധികം ആലോചിച്ചില്ല. വണ്ടി നേരെ വിട്ടു ഫോർട്ട് കൊച്ചിക്ക്, സോറി വണ്ടിയല്ല ബോട്ട്. ഏകദേശം ഒരു ഒന്നൊന്നര കിലോമീറ്റർ ദൂരം ജലമാർഗം വഴി പോയാൽ, അത് എറണാകുളം സിറ്റി വഴി റോഡുമാർഗം ആയിരുന്നെങ്കിൽ 12 മിലോമീറ്ററോളം വരും. എന്തായാലും ചെറിയ ചാറ്റൽ മഴ കൊണ്ട് ബോട്ടിൽ ഞങ്ങൾ ഫോർട്ട്കൊച്ചിയിലെത്തി.ഫോർട്ട് കൊച്ചി എന്ന പേർ വന്നത് പോർച്ചുഗീസുകാർ കടലിന്റെ  അഴിമുഖത്തിനഭിമുഖമായി കോട്ട കെട്ടിയതോടെയാണ്‌ (1503). 'കോട്ടക്കൊച്ചി' എന്നറിയപ്പെടുന്ന ഭൂപ്രദേശം ബ്രിട്ടീഷുകാരുടെ കാലത്ത് ബ്രിട്ടീഷ് കൊച്ചി എന്ന് അറിയപ്പെട്ടു. എന്നാൽ ഫോർട്ട് കൊച്ചി, ഇന്ത്യ സ്വതന്ത്രയായശേഷം കേരളസംസ്ഥാനം രൂപീകൃതമായശേഷം രൂപമെടുത്ത പേരാണ്‌. 'കോട്ട' എന്ന ഗ്രാമീണപദത്തേക്കാളും ഗമ 'ഫോർട്ട് ' എന്ന ഇംഗ്ലീഷ് പദത്തിനുണ്ടായിരുന്നതുകൊണ്ടാവാം ഇത് എന്നാണ്‌ ചരിത്രകാരൻ വി.വി.കെ.വാലത്തിന്റെ അഭിപ്രായം.

ബ്രിട്ടീഷുകാരുടെയും പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയുമൊക്കെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇവിടം. പുതിയ കെട്ടിടങ്ങൾ പണിയാൻ പാടില്ല എന്നുള്ള തദ്ദേശീയ നിയമമുള്ളത് കൊണ്ട് ഇവിടുള്ള കെട്ടിടങ്ങളും കഫേകളും ഹോട്ടലുകളും താമസസൗകര്യമുള്ള കെട്ടിടങ്ങളും മറ്റും രൂപാന്തരപ്പെടുത്തിയെടുത്തതാണ്‌. അതുകൊണ്ടു തന്നെ പഴമയുടെ പുതുമ വിളിച്ചോതുന്ന പ്രദേശമാണിത്. ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നും.വാസ്കോഡ ഗാമയെ ആദ്യം അടക്കം ചെയ്ത സെന്റ് ഫ്രാൻസിസ് പള്ളി ഇവിടെയാണ്. ഡച്ച്‌ സെമിത്തേരിയുമുണ്ട്. എവിടെയോ ഉള്ള വിദേശികളുടെ അച്ഛനപ്പൂപ്പന്മാർ സുഖനിദ്ര കൊള്ളുന്ന ഇടം. പലരും സ്വന്തം പൂർവികരെ തേടി ഇപ്പോഴും ഇവിടേക്ക് വരുന്നു. കേരളത്തിലെ ആദ്യത്തെ യൂറോപ്യൻ ടൗൺഷിപ് ആയിരുന്നു ഫോർട്ട് കൊച്ചി. ഇന്ത്യൻ നാവികസേനയുടെ 'ദ്രോണാചാര്യ' കപ്പൽ ഇവിടെയാണ് താവളമടിച്ചിരിക്കുന്നത്.

ബോട്ടിറങ്ങി കുറച്ചു നടന്നു, പിന്നെ ഒരു ഓട്ടോ പിടിച്ചു. ചെറിയ ഓട്ടോയിൽ ഞങ്ങൾ 5 പേരും പിന്നെ രണ്ട് കുട്ടികളും. 'അതൊന്നും പ്രശ്നമില്ല നിങ്ങൾ കേറിക്കോ' എന്നു ആ ചേട്ടൻ കൂളായിട്ട് പറഞ്ഞു. ഒരാൾ മുന്നിലും ബാക്കിയുള്ളവർ പിന്നിലുമായി ഞങ്ങൾ കേറി, കൽഭിത്തിക്കടുത്തുള്ള  റോഡിൽ ഞങ്ങൾ ഇറങ്ങി. നേരെ മുന്നിൽ ഇരുവശത്തും നിരനിരയായ് കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും മറ്റും വിൽക്കുന്ന ചെറിയ കടകളുടെ നടുവിൽ കൂടിയുള്ള വഴി ആ ഓട്ടോ ചേട്ടൻ കാണിച്ചു തന്നു. അതുവഴി പോയിട്ട് സ്ഥലങ്ങൾ കാണാനുണ്ടെന്നും കടൽക്കരയിലേക്കു ഇറങ്ങാമെന്നും അദ്ദേഹം പറഞ്ഞു തന്നു. എന്നാൽ മഴ ഞങ്ങൾക്കൊരു ഭീഷണിയായി പെയ്തിറങ്ങാൻ പാകത്തിന് കാത്തു നിൽപ്പുണ്ടായിരുന്നു.

നെഹ്റു പാർക്ക് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു, ആ വഴി കുറെ മരങ്ങൾ ഉണ്ടായിരുന്നു, താഴെ നിന്നും മുകളിലേക്ക് നോക്കുമ്പോൾ ഇലകൾ കൊണ്ടുള്ള പരവതാനി വിരിച്ചതു പോലുള്ള ഭംഗിയായിരുന്നു ആകാശത്തിന്. ഞാൻ കുറച്ചു ഫോട്ടോകൾ എടുത്തു. മഴ കാരണം വഴിയിലുള്ള കടകളൊക്കെ അടച്ചു തുടങ്ങിയിരുന്നു, പാർക്കിൽ ഊഞ്ഞാല് കണ്ടു പ്രാന്തായി കുട്ടികളെയും കൊണ്ട് ഊഞ്ഞാലിലേക്കു ഓടിക്കയറിയ എന്നെയും ചേച്ചിയെയും  ആ ഗാർഡ് ചേട്ടൻ പുഷ്പം പോലെ ഇറക്കി വിട്ടു. പിന്നെ മക്കള്  രണ്ടും എന്തൊക്കയോ കളിച്ചു.അപ്പോഴാണ് പാർക്കിന് പുറത്തെ കെട്ടിടങ്ങൾ ഞങ്ങൾ കണ്ടത്, ''ആക്ഷൻ ഹീറോ ബിജു" സിനിമയിലെ 'പൂക്കൾ പനിനീർ പൂക്കൾ...' പാട്ടും പാടി നിവിനും അനു ഇമ്മാനുവേലും കൈ പിടിച്ചു നടന്ന സ്ഥലമല്ലേ ഇത്? ക്രിസ്മസിന് കരോൾ ഗാനം പാടി വീടുവീടാന്തരം കയറി ഇറങ്ങുന്ന പിള്ളേരെ പോലെ ഞങ്ങൾ അവിടെ കടയിലെ പയ്യന്മാരോടും ഓട്ടോ ചേട്ടന്മാരോടും മാറി മാറി ഇക്കാര്യം ചോദിച്ചു. അവർ ചിരിക്കുന്നുണ്ടായിരുന്നു.

ആ ഓട്ടോക്കാർ നല്ലവരായത് കൊണ്ട് ഞങ്ങളെ പറ്റിക്കാൻ ഇതല്ല സ്ഥലം അതു വേറെ സ്ഥലമുണ്ടെന്നും പറഞ്ഞ്‌ ചുറ്റിക്കറക്കി കാശ്‌ വാങ്ങാൻ നിന്നില്ല. ഇരുവശങ്ങളിലും നിരന്നു നിൽക്കുന്ന കെട്ടിടങ്ങൾക്ക്‌ നടുവിലൂടെയുള്ള ടാറിട്ട റോഡ് ചൂണ്ടിക്കൊണ്ട് അവർ പറഞ്ഞു,  'നിങ്ങൾ ഈ വഴി നടന്നോ, ഇതൊക്കെ തന്നെയാ  ആ സ്ഥലങ്ങൾ. കുറെ നടന്നു കാണാനുണ്ട്. ഇഷ്ടം പോലെ കെട്ടിടങ്ങൾ ഉണ്ട് കാണാൻ, അതുവഴി പോയി കടൽക്കരയിൽ എത്താം.'ആ കെട്ടിടങ്ങൾ എല്ലാം തെന്നെ ഫ്രഞ്ച് മാതൃകയിൽ പണിതതായിരുന്നു. അപ്പോഴേക്കും ചാറ്റൽ മഴ തുടങ്ങി. അടുത്തു കണ്ട ഒരു കഫേയിൽ ഞങ്ങൾ കയറി, ലെമൺ ടീ ഓർഡർ ചെയ്തു. ഒരു ചെറിയ കഫേ ആയിരുന്നു, നേരത്തെ പറഞ്ഞ പോലെ പഴയ ഒരു കെട്ടിടം കഫേ ആക്കി മാറ്റിയിരിക്കുന്നു. അതും നല്ല ഭംഗിയിൽ ക്രമീകരിച്ചിരിക്കുന്നു. പുറത്തെ മഴയും ലെമൺ ടീയുടെ രുചിയും എല്ലാം കൂടി നല്ല കാലാവസ്ഥ. പക്ഷേ പറഞ്ഞിട്ടെന്താ ഒന്നും നടന്നു കാണാൻ പറ്റിയില്ല. ഇരുട്ടായി തുടങ്ങി പിന്നെ മഴയും.

അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിച്ച് 'രാജാവെ രാജാവേ ഞങ്ങളിതാ നിങ്ങളെ കാണാൻ വന്നിരിക്കുന്നു, റാണിയെ നേരത്തെ കണ്ടു കേട്ടോ', എന്നൊക്കെ ഡയലോഗ് അടിക്കാമെന്നു വിചാരിച്ചിറങ്ങിയിട്ട് ഒന്നും നടക്കാതെ പോയി നിരാശ മാത്രം ബാക്കി വച്ച് ചരിത്രമുറങ്ങുന്ന മണ്ണിൽ സായിപ്പ് ബാക്കി വെച്ചു പോയ മനോഹര സൗധങ്ങൾക്കിടയിലൂടെ ഞങ്ങളുടെ ടാക്സി കാർ മെല്ലെ നീങ്ങിത്തുടങ്ങി. ഒരിക്കൽ നമ്മോടു കൂടെ നമ്മളിലൊരാളായി നിന്നു നമ്മുടെ നാടിനെയും  സംസ്ക്കാരത്തെയും നമ്മളെയും പ്രണയിച്ച്‌ ഒരു പിടി മധുര സ്മരണകളും സ്മാരകങ്ങളും നമുക്ക്‌ സമ്മാനിച്ച്‌ ആത്മാവും ശരീരവും ഈ മണ്ണിൽ ലയിപ്പിച്ച സായിപ്പിനോടും  മദാമയോടും 'മറക്കാതെ ഞാൻ ഇനിയും വരും' എന്നു ആ കാറിനുള്ളിൽ നിന്നും ഞാൻ കൈ വീശി പറഞ്ഞു. പുറത്തു നിന്ന്‌ കാറിലെ ചില്ലിന്റെ മുകളിലൂടെ ഊർന്നിറങ്ങിയ നീർക്കണങ്ങളിൽക്കിടയിൽ കൂടി 'തീർച്ചയായും വരണ'മെന്ന് അവരും എന്നോട് കൈ വീശി.