മൗഗ്ലിഗേൾ മകളാണെന്നവകാശപ്പെട്ട് ദമ്പതികൾ രംഗത്ത്; ഡിഎൻഎ പരിശോധനയ്ക്കും തയാർ

റംസാൻ അലിയും ഭാര്യ നസ്മയും തെളിവുകളുമായി പെൺകുട്ടിയെ കാണാനെത്തിയപ്പോൾ.

കുരങ്ങുകൾ വളർത്തിയ പെൺകുട്ടിയായി വനപാലകർ കാട്ടിൽ നിന്നും കണ്ടെത്തിയ കുട്ടിയെ മൗഗ്ലി ഗേൾ എന്നു വിശേഷിപ്പിച്ചത് മാധ്യമങ്ങളാണ്. പെൺകുട്ടിയെ കുരങ്ങുകൾ വളർത്തിയതല്ലെന്നും  ഇന്ത്യ– നേപ്പാൾ  അതിർത്തിയിലെ വനപ്രദേശത്ത് അലഞ്ഞു തിരിയുന്ന പെൺകുട്ടിയെ കണ്ടെത്തി ആശുപത്രിയിലെത്തിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും വനപാലകർ പറയുന്നു. ആശുപത്രിയിൽ സുഖം പ്രാപിച്ച കുഞ്ഞിനെ അവർ ചൈൽഡ് കെയർ ഹോമിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

മാർച്ചിൽ കാണാതായ തങ്ങളുടെ മകളാണ് ആ പെൺകുട്ടിയെന്നും അവൾ മൗഗ്ലിഗേൾ അല്ലെന്നും അവകാശപ്പെട്ടാണ് ഉത്തർപ്രദേശിൽ നിന്നുള്ള ദമ്പതികൾ എത്തിയിരിക്കുന്നുത്. പത്രത്തിൽ വാർത്ത വന്നിരിക്കുന്നതുപോലെ അവളുടെ പ്രായം എട്ടുവയസ്സല്ലെന്നും 10 വയസ്സാണെന്നുംഅവർ പറയുന്നു. അലിസ എന്നാണ് കുട്ടിയുടെ പേരെന്നും അവർ പറയുന്നു. 45 വയസ്സുകാരനായ റംസാൻ അലിയും 35 വയസ്സുകാരിയായ നസ്മയുമാണ് കഴിഞ്ഞ ദിനസം കുട്ടിയെ പാർപ്പിച്ചിരിന്ന ചിൽഡ്രൻസ് ഹോമിൽ എത്തിയത്. കഴിഞ്ഞ മാർച്ചിൽ കാണാതായ കുഞ്ഞിനെക്കുറിച്ച് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ ചെന്നെങ്കിലും പൊലീസുകാർ തങ്ങളെ അവഗണിച്ചുവെന്നും അതുകൊണ്ട് കാണാതായ കുഞ്ഞിന്റെ വിവരങ്ങളടങ്ങിയ പോസ്റ്ററുകൾ വിവിധ സ്ഥലങ്ങളിൽ പതിപ്പിക്കകയും അങ്ങനെ തങ്ങളാൽ കഴിയുന്ന വിധം കുഞ്ഞിനെ കണ്ടെത്താൻ ശ്രമിച്ചുവെന്നും അവർ പറയുന്നു.

ആദ്യമൊക്കെ അവളെ നോക്കാൻ ആശുപത്രി അധികൃതർ നന്നേ ബുദ്ധിമുട്ടി.

കാട്ടിൽ നിന്നു കണ്ടെത്തിയ പെൺകുട്ടിയെ മൗഗ്ലി ഗേളായി തെറ്റിദ്ധരിച്ച മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ കാണാനിടയായ റംസാൻ അലിയും ഭാര്യയും കുഞ്ഞിന്റെ ചിത്രങ്ങളും പോസ്റ്ററുകളുമെടുത്ത് ചൈൽഡ് ഹോമിലെത്തി. എന്നാൽ റംസാനെ കണ്ടിട്ടും കുഞ്ഞിന്റെ മുഖത്ത് ഭാവവ്യത്യാസമൊന്നുമുണ്ടായില്ല. തുടർന്നാണ് കുട്ടിയുടെ യഥാർഥ അവകാശികൾ ആണോ എന്ന് ചൈൽഡ് ഹോം അധികൃതർക്ക് സംശയമുണ്ടായത്. കുഞ്ഞിന്റെ ചിത്രങ്ങളും പോസ്‌റ്ററുകളും കാട്ടിക്കൊടുത്ത ശേഷം ഇനിയും തെളിവുകൾ വേണമെങ്കിൽ ഡിഎൻഎ ടെസ്റ്റിനും തയാറാണെന്ന് അവർ അറിയിച്ചു. 

കുട്ടിക്ക് മാനസീകാസ്വാസ്ഥമുള്ളതിനാലാണ് സ്വന്തം അച്ഛനെപ്പോലും തിരിച്ചറിയാൻ കഴിയാഞ്ഞതെന്നാണ് ഇവരുടെ വിശദീകരണം. ഇത്രയും നാളായിട്ടും കുഞ്ഞിനെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ അവൾ മരിച്ചുവെന്നോ അല്ലെങ്കിൽ ആരെങ്കിലുമവളെ തട്ടിക്കൊണ്ടു പോയെന്നോയൊക്കെയാണ് കരുതിയതെന്നും പത്രവാർത്ത കണ്ടപ്പോഴാണ് അവൾ ജീവിച്ചിരിക്കുന്ന കാര്യം അറിഞ്ഞതെന്നും ആ അച്ഛനുമമ്മയും പറയുന്നു. തങ്ങളുടെ സന്തോഷം വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ലെന്നും അവർ പറയുന്നു. മാനസീകാസ്വാസ്ഥ്യമുള്ള അവൾക്കുവേണ്ടി മരുന്നുവാങ്ങാൻ പോയപ്പോഴാണ് അവളെ കാണാതാവുന്നത്. അന്ന് ഏറെത്തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അവൾ എങ്ങനെ വനത്തിലെത്തിയെന്നും അറിയില്ല അവർ പറയുന്നു.

ലക്നൗവിലെ നിർവാൺ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ചികിത്സ. ആദ്യമൊക്കെ അവളെ നോക്കാൻ ആശുപത്രി അധികൃതർ നന്നേ ബുദ്ധിമുട്ടി. ഭക്ഷണവും വെള്ളവുമെല്ലാം തറയിലിട്ട് അതു നക്കിക്കുടിച്ചും കഴിച്ചുമാണ് അവൾ ശീലിച്ചത്. പാത്രത്തിൽ നിന്നും കൈകൊണ്ട് ഭക്ഷണം വാരിക്കഴിക്കുവാനൊന്നും അവൾക്കറിയില്ലായിരുന്നു. പിന്നീട് വളരെപാടുപെട്ടാണ് സാധാരണ ജീവിതത്തിലേക്ക് അവളെ മടക്കിക്കൊണ്ടു വന്നത്. എന്നിരുന്നാലും കുട്ടി ഇതുവരെ സംസാരിച്ചു തുടങ്ങിയിട്ടില്ലെന്നും അവ്യക്തമായ ശബ്ദങ്ങൾ മാത്രമേയുണ്ടാക്കുന്നുള്ളൂവെന്നും ആശുപത്രി അധികൃതർ പറയുന്നു.

അവൾ പോയതിൽപ്പിന്നെ ആഴ്ചകളോളം അവളുടെ അമ്മ പട്ടിണിയായിരുന്നു. അവളുടെ സഹോദരങ്ങളും കളിയും ചിരിയും മറന്നിരിക്കുകയായിരുന്നു. ഇപ്പോൾ എല്ലാവർക്കും പ്രതീക്ഷയുണ്ട് അവളെ തിരിച്ചു കിട്ടുമെന്ന്.

ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ രക്തസമ്മർദവും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവും കുറവായിരുന്നു അവൾക്ക്. പനിയുമുണ്ടായിരുന്നു. വയറിൽ നിറയെ വിരകളുമുണ്ടായിരുന്നു. ഇപ്പോൾ ആ വിഷമങ്ങളൊക്കെ മാറി മിടുക്കിയായി വരുന്നു. കുട്ടികളുടെ ബന്ധുക്കൾ എത്തിയിട്ടുണ്ട്. പക്ഷെ അവരെ കാണുമ്പോൾ അവൾ പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നും കാണിക്കാത്തതിനാൽ അവർതന്നെയാണോ കുട്ടിയുടെ യഥാർഥ അവകാശികൾ എന്നറിയണം. ആ കാര്യത്തിൽ ഉറപ്പു വരുത്താൻ ചില നടപടികളുണ്ട്. അതേപ്പറ്റി അവരോട് പറഞ്ഞിട്ടുമുണ്ട്. ആശുപത്രി അധികൃതർ പറയുന്നു.

അവളെ കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. എന്നെക്കണ്ടപ്പോൾ കുറേ നേരം മുഖത്തേക്കു സൂക്ഷിച്ചു നോക്കിയിരുന്നെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. അവൾ പണ്ടും അങ്ങനെയാണ് ആരെയെങ്കിലും കണ്ടാൽ വെറുതെ മുഖത്തേക്കങ്ങനെ നോക്കിയിരിക്കും. റംസാൻ അലി പറയുന്നു. ഡിഎൻഎ ടെസ്റ്റിന് ഞാനും കുടുംബവും തയാറാണ്. അങ്ങനെയെങ്കിലും എന്റെ കുഞ്ഞിനെ തിരിച്ചു കിട്ടണം. അവൾ പോയതിൽപ്പിന്നെ ആഴ്ചകളോളം അവളുടെ അമ്മ പട്ടിണിയായിരുന്നു. അവളുടെ സഹോദരങ്ങളും കളിയും ചിരിയും മറന്നിരിക്കുകയായിരുന്നു. ഇപ്പോൾ എല്ലാവർക്കും പ്രതീക്ഷയുണ്ട് അവളെ തിരിച്ചു കിട്ടുമെന്ന്. ഡിഎൻഎ ടെസ്റ്റിനായി പണം സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ ഞങ്ങൾ റംസാൻ അലി പറഞ്ഞു നിർത്തുന്നു.