അമ്മയെ സ്നേഹിക്കുന്ന ഓരോ മക്കളും വായിക്കണം; നെഞ്ചു വിങ്ങുന്ന ഈ കുറിപ്പ്

അച്ഛനമ്മമാരുടെ സ്നേഹം കുട്ടികളായിരിക്കുമ്പോൾ പലരും മനസ്സിലാക്കാറില്ല. മുതിരുമ്പോഴാകട്ടെ തിരക്കേറിയ ജീവിതത്തിനിടയിൽ മാതാപിതാക്കളോടുള്ള കടമകൾ  മറുന്നുപോകുന്നു. സ്നേഹം പ്രകടിപ്പിക്കുന്നതു ദൗർബല്യമായി കരുതുന്നു. കുഞ്ഞുകുഞ്ഞാഗ്രഹങ്ങൾ പോലും നടത്തിക്കൊടുക്കാനും കഴിയാതെവരുന്നു. ഒടുവിൽ ജീവിതത്തിൽനിന്നു തന്നെ അകന്നുമറയുമ്പോൾ  വേർപാടിന്റെ വേദന പിച്ചിച്ചീന്തുന്നു. അകന്നുപോയവർ എത്ര പ്രിയപ്പെട്ടവരായിരുന്നു എന്നും അവരുടെ നഷ്ടം വിലമതിക്കാനാകില്ലെന്നും മനസ്സിലാക്കുന്നു. 

അമ്മയുടെ വേർപാട് ജീവിതത്തിൽ സൃഷ്ടിച്ച ആഴമേറിയ ദുഖത്തെക്കുറിച്ച് അടുത്തിടെ ഒരു മകൾ എഴുതി; ഫെയ്സ്ബുക്കിൽ. സ്വകാര്യദുഃഖത്തെക്കുറിച്ചാണു പറയുന്നതെങ്കിലും സാർവലൗകീകമാണു ഭാഷ. സ്നേഹവും ആർദ്രതയും അടുപ്പവും ചാലിച്ചെഴുതിയ കുറിപ്പ്. എല്ലാ അമ്മമാരും വായിക്കേണ്ടത്. അമ്മമാരെക്കാൾ കൂടുതൽ മക്കൾ വായിക്കേണ്ടത്. സ്നേഹം എത്ര വിലമതിക്കാനാകാത്ത വികാരമാണെന്നും നഷ്ടപ്പെടുത്തുന്ന നിമിഷങ്ങൾക്ക് വിലയ വില കൊടുക്കേണ്ടി വരുമെന്നും ഓർമിപ്പിക്കുന്ന കുറിപ്പ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കണം ഈ ചെറിയ കുറിപ്പ്; നിക്കി പെനിങ്ടൺ എന്ന യുവതി എഴുതിയ വാക്കുകൾ. ഒരു മകളുടെ സ്നേഹാർദ്രമായ വിചാരങ്ങൾ. മനോഹരമെന്നതിനേക്കാൾ കണ്ണു നനയിക്കുന്ന സ്നേഹത്തുടിപ്പ്. 

എനിക്കറിയാം അമ്മ എന്റെ അടുത്തില്ലെന്ന്. വേർപാട് അനിവാര്യമാണെന്നും ജീവിതം മുന്നോട്ടുപോയേ മതിയാവൂ എന്നും തിരിച്ചറിയുന്നു. പക്ഷേ, അമ്മേ എന്ന് വിളിക്കാൻ കൊതി തോന്നുന്നു. മനസ്സു തുറന്ന് ഉറക്കെ വിളിക്കാന്‍. കരഞ്ഞുവിളിക്കാന്‍. പ്രതിരോധിക്കാനാവാത്ത ആഗ്രഹം. ചില ദിവസങ്ങളിൽ അമ്മയുടെ ഓർമ്മ നിറയുമ്പോൾ ഞാൻ മൊബൈലിൽ അമ്മയുടെ നമ്പർ വിളിക്കും– ‘കോളിങ് മോം’ എന്ന വാക്കുകൾ സ്ക്രീനിൽ തെളിയുന്നതു കാണാൻ വേണ്ടി മാത്രം. ചില ദിവസം ഒറ്റയ്ക്കിരിക്കുമ്പോൾ ഉറക്കെ അമ്മയോടു സംസാരിക്കും. അമ്മയുടെ വാക്കുകൾ എനിക്കു കേൾക്കാനാവില്ല. അതുപക്ഷേ എന്നെ ദുഖിപ്പിക്കുന്നില്ല . ആ ശബ്ദം എന്റെ ഹൃദയത്തിൽ മുദ്രിതമാണല്ലോ; എന്നെന്നേക്കുമായി. ഓരോദിവസവും രാവിലെ ഞാൻ ഉണർന്നെഴുന്നേൽക്കുന്നത് ആ കടുത്ത സത്യത്തിലേക്ക്. തിരിച്ചറിവിലേക്ക്. യാഥാർഥ്യമാണത്. എത്രതന്നെ യാചിച്ചാലും കേണപേക്ഷിച്ചാലും ഒരു നിമിഷത്തിന്റെ അംശത്തിലേക്കുപോലും അമ്മ തിരിച്ചുവരില്ലല്ലോ. ഒരിക്കൽക്കൂടി എനിക്കു പറയണം അമ്മയെ എനിക്കന്തിഷ്ടമാണെന്ന്. ഒന്നു കെട്ടിപ്പുണരണം.... ഇല്ല അതൊക്കെ ഇനി നടക്കാത്ത മോഹങ്ങൾ.

ചിലപ്പോൾ വലിയൊരു വിശേഷം പറയാനുണ്ടാകും. ചിലപ്പോൾ നിസ്സാര കാര്യമായിരിക്കും . കുട്ടികളെയും കൊണ്ട് കടയിൽപോയി തനിയെ വീട്ടുസാധനങ്ങൾ വാങ്ങിയതും  മറ്റും. വീട്ടിൽകയറിയാൽ ഉടൻതന്നെ അത് അമ്മയോടു പറയാൻ തോന്നും. മറ്റു ചിലപ്പോൾ ദുരനുഭവത്തിന്റെ തളർച്ചയിലായിരിക്കും. ലോകം മുഴുവൻ എതിരു നിന്നാലും ഞാൻ നിന്നോടൊപ്പമുണ്ട് എന്ന് അമ്മ പറയുന്നതുകേൾക്കാൻ കൊതിക്കും. എന്റെ ഭാഗത്തായിരിക്കും തെറ്റ്. എങ്കിലും അമ്മയ്ക്കു ഞാൻ തെറ്റുകാരിയല്ല. ഒരമ്മയ്ക്കു മാത്രമേ അതു കഴിയൂ. ആ സാമീപ്യമാണു ഞാൻ കൊതിക്കുക. ഞാൻ വിളിക്കും. വീണ്ടും വീണ്ടും വിളിക്കും. ഫോണിന്റെ മറുവശത്ത് അമ്മയില്ല. മുറിയുടെ ചുമരുകളിൽ തട്ടി തിരിച്ചുവരും; എന്റെ തന്നെ ശബ്ദം. 

അമ്മയെന്ന നിലയിൽ കടമകൾ നന്നായി ചെയ്യുന്നില്ല എന്നെനിക്കു തോന്നും. കുറേക്കൂടി മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആഗ്രഹം തോന്നും. അപ്പോൾ അമ്മയെ വിളിച്ച് ഒന്നു കരയാൻ  തോന്നും. ഒരു വാക്കുപോലും പറയാതെ കണ്ണീരിലൂടെ എന്റെ ദുഃഖം മനസ്സിലാക്കാൻ ഈ ലോകത്ത് എനിക്ക് അമ്മ മാത്രം. ദുഖിക്കുന്ന ഒരാളോട് എന്താണ് പറയേണ്ടതെന്ന് അമ്മയ്ക്കറിയാം. നമ്മളാരും പൂർണതയുള്ള വ്യക്തികളല്ല എന്നു പറയും അമ്മ. തെറ്റുകൾ പറ്റാമെന്നും തിരിച്ചുവരികയാണ് പ്രധാനമെന്നും പറയും. അമ്മയായിരിക്കുന്നത് മഹത്തായ കാര്യമാണെന്നും അഭിമാനിക്കണമെന്നും പറയും. ആ വാക്കുകളൊക്കെ കേൾക്കുമ്പോൾ കുറവുകൾ മറന്നുപോകും ഞാൻ. ഞാൻ നല്ലയാളാണെന്നും അമ്മ പറയും. അമ്മയുടെ ഭാഗമാണല്ലോ ഞാൻ. മനശുദ്ധിയുള്ള അമ്മയുടെ മകൾ. ഞാൻ വിളിക്കുന്നത് ഇതൊക്കെ കേൾക്കാൻ. അമ്മേ...എന്റെ വിളി കേൾക്കൂ. എന്നോടൊരു വാക്കു പറയൂ....

32 വയസ്സുള്ള സ്ത്രീയാണ് ഞാൻ. പക്ഷേ, ഇപ്പോഴും എനിക്ക് അമ്മയോടു ചോദിക്കാൻ സംശയങ്ങളുണ്ട്. ഒരു പാടു ചോദ്യങ്ങളുണ്ട്. ആശങ്കകളുണ്ട്. അമ്മയ്ക്കു മാത്രം മറുപടി പറയാൻ കഴിയുന്നവ. അതിനുവേണ്ടിയാണു ഞാൻ വിളിക്കുന്നത്. അടുത്തില്ലാത്ത എന്റെ പ്രിയപ്പെട്ട അമ്മയെ, ജീവന്റെ ജീവനെ. 

അമ്മയില്ലാത്ത ഒരു കുട്ടിയാണ് ഞാനിപ്പോൾ. അനാഥ. അമ്മ നഷ്ടപ്പെട്ട മകൾ. അമ്മയുള്ളപ്പോഴത്തെപ്പോലെയല്ല ഇപ്പോഴത്തെ എന്റെ ദിവസങ്ങൾ. ഇനിയൊരിക്കലും ആ സന്തോഷദിനങ്ങൾ തിരിച്ചുകിട്ടുകയുമില്ല. ഒരിക്കൽക്കൂടി ഞാനൊന്നു വിളിച്ചോട്ടെ....അമ്മേ.... നിക്കി പെനിങ്ടൺ അമ്മയെക്കുറിച്ച് എഴുതിയത് സഹതാപത്തിനുവേണ്ടിയല്ല. സ്നേഹം വ്യക്തമാക്കാനുമല്ല. ഓരോ വ്യക്തിയും അവരുടെ ജീവിതത്തിലെ ഇഷ്ടങ്ങളെ തിരിച്ചറിയാൻ. അമ്മ എന്ന മൂല്യം മനസ്സിലാക്കാൻ. അച്ഛനുമമ്മയും പ്രിയപ്പട്ടവരാണെന്ന സത്യം മനസ്സിലാക്കാൻ. ഒളിച്ചുവയ്ക്കാതെ സ്നേഹം പങ്കുവയ്ക്കണമെന്നു പറയാൻ. ഇഷ്ടം പ്രകടിപ്പിക്കണമെന്നു പറയാൻ. 

ആയിരക്കണക്കിനുപേർ നിക്കിയുടെ പോസ്റ്റ് ഇഷ്ടപ്പെട്ടു. രണ്ടായിരത്തോളം പേർ ഷെയർ ചെയ്തിട്ടുമുണ്ട്. മസ്തിഷ്ക അർബുദം ബാധിച്ച് അഞ്ചുവർഷം മുമ്പാണ് നിക്കിയുടെ അമ്മ മരിച്ചത്. ഫെയ്സ്ബുകിൽ ഒരു പേജ് ക്രിയേറ്റ് ചെയ്ത നിക്കി അമ്മയെക്കുറിച്ച് പേജിൽ പതിവായി എഴുതുന്നു. അമ്മയുമൊത്തുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു. ഓർമകളും സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കുന്നു. സ്വന്തം ദുഃഖം മറക്കാൻ മാത്രമല്ല; സമാന അനുഭവത്തിൽക്കൂടി കടന്നുപോകുന്നവർക്ക് ആശ്വാസമാകാൻ. നിക്കി എന്ന മകൾ വീണ്ടും വീണ്ടും എഴുതട്ടെ അമ്മയെക്കുറിച്ച്; നിലയ്ക്കാത്ത സ്നേഹത്തിന്റെ ഓളങ്ങളെക്കുറിച്ച്.