സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾത്തന്നെ പല വാദങ്ങൾ മുൻപിലുണ്ട്. സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നത് രാജ്യത്തെ നിലവിലുള്ള സാമൂഹിക ഘടന തകർക്കുമെന്നും സാമൂഹിക അരാജകത്വത്തിലേക്കു...women, manorama news, manorama online, viral news, viral post, breaking news, latest news, marriage, age, malayalam news

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾത്തന്നെ പല വാദങ്ങൾ മുൻപിലുണ്ട്. സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നത് രാജ്യത്തെ നിലവിലുള്ള സാമൂഹിക ഘടന തകർക്കുമെന്നും സാമൂഹിക അരാജകത്വത്തിലേക്കു...women, manorama news, manorama online, viral news, viral post, breaking news, latest news, marriage, age, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾത്തന്നെ പല വാദങ്ങൾ മുൻപിലുണ്ട്. സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നത് രാജ്യത്തെ നിലവിലുള്ള സാമൂഹിക ഘടന തകർക്കുമെന്നും സാമൂഹിക അരാജകത്വത്തിലേക്കു...women, manorama news, manorama online, viral news, viral post, breaking news, latest news, marriage, age, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾത്തന്നെ പല വാദങ്ങൾ മുൻപിലുണ്ട്. സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നത് രാജ്യത്തെ നിലവിലുള്ള സാമൂഹിക ഘടന തകർക്കുമെന്നും സാമൂഹിക അരാജകത്വത്തിലേക്കു നയിക്കുമെന്നും ലൈംഗിക അതിക്രമങ്ങളുടെ ഗ്രാഫ്  ഉയരുമെന്നും ഒരുകൂട്ടർ വാദിക്കുന്നു. കൂടാതെ, സ്ത്രീകളുടെ പോഷകാഹാരകുറവ് പരിഹരിക്കാനോ ലിംഗ സമത്വം നേടാനോ അവരുടെ വിവാഹപ്രായം ഉയർത്തുന്നതുമൂലം സാധിക്കില്ലെന്നും കേന്ദ്രസർക്കാർ ഇതിലൂടെ ചില ഗൂഢലക്ഷ്യങ്ങളുടെ സാക്ഷാത്കാരമാണ് ഉന്നമിടുന്നതെന്ന വാദവും അവർ കൂട്ടിച്ചേർക്കുന്നു. 

ഈ നിയമനിർമാണത്തിൽ രഹസ്യഅജണ്ടകൾ ഒന്നുമില്ലെന്നാണ് കേന്ദ്രത്തിന്റെ മറുവാദം. മാതൃ-മരണ നിരക്ക് കുറയ്ക്കാനും പെൺകുട്ടികളുടെ പോഷകാഹാര ലഭ്യതക്കുറവ് പരിഹരിക്കാനുമാണ് വിവാഹപ്രായം ഉയർത്തുന്നതെന്ന് അവർ പറയുന്നു. ഈ സാഹചര്യത്തിൽ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തണമോ എന്നുള്ളത് രാജ്യത്തെ അവരുടെ ഇപ്പോഴത്തെ ശരാശരി വിവാഹ പ്രായവും വിദ്യാഭ്യാസ-പ്രത്യുൽപാദന-പോഷകാഹാര ഘടകങ്ങളുടെ നിജസ്ഥിതിയും അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയ വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. സ്ത്രീകളുടെ  വിവാഹപ്രായമുയർത്തുന്നതിന്റെ ഗുണ-ദോഷ വശങ്ങളും സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങളും എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം.

അഹമ്മദാബാദിലെ വിവിധ മതസ്ഥരുടെ സമൂഹവിവാഹ വേദിയിൽനിന്നുള്ള കാഴ്ച. ചിത്രം: SAM PANTHAKY / AFP
ADVERTISEMENT

സ്ലൊവേനിയയിൽ 34 വയസ്സ്, ബ്രിട്ടനിൽ 27, മാലിയിൽ 18!

ഇന്ത്യയിലെ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തണമോ എന്നുള്ള വിഷയത്തിൽ മറ്റു രാജ്യങ്ങളിലെ സ്ത്രീകളുടെ വിവാഹപ്രായവുമായി താരതമ്യ പഠനം നടത്തുകയാണെങ്കിൽ വിഷയത്തിൽ ഒരു  ധാരണയിലെത്താൻ സഹായകമാകും. ലോക ബാങ്കിന്റെ ലഭ്യമായ പുതിയ കണക്കുകൾ പ്രകാരം (2018) പെൺകുട്ടികളുടെ ശരാശരി ആദ്യ വിവാഹ പ്രായം ഏറ്റവും കൂടുതൽ സ്ലൊവേനിയയിലും (34.0) ഏറ്റവുo കുറവ് മാലിയിലും (18.8) ആണ്. ഈ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ ലഭ്യമായ 31 രാജ്യങ്ങളിലെ പെൺകുട്ടികളുടെ ശരാശരി  വിവാഹപ്രായം 2018-ൽ 29 വയസ്സാണ്. 

പക്ഷേ, ഈ  സ്ഥിതിവിവരക്കണക്കുകൾ എല്ലാ രാജ്യത്തിന്റെയും ലഭ്യമല്ല. കൂടാതെ, ഈ കണക്കുകൾ സമയ ബന്ധിതമായി പരിഷ്കരിക്കപ്പെട്ടിട്ടില്ല. ഉദാഹരണമായി, 2011-ൽ (ഏറ്റവും പുതിയ കണക്ക്) ബ്രിട്ടനിലെ  പെൺകുട്ടികളുടെ ശരാശരി ആദ്യ വിവാഹ പ്രായം 27 വയസ്സാണ്. വിവാഹപ്രായത്തെ സംബന്ധിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥിതിവിവരക്കണക്കുകളിലും ലോക ബാങ്കിന്റെ  കണക്കുകൾക്ക് സമാനമായ രീതിയിലുള്ള ന്യൂനതകൾ പ്രകടമാണ്. ഈ ന്യൂനതകൾ ഉണ്ടെങ്കിൽ പോലും, രാജ്യത്ത് പുനർനിശ്ചയിക്കുവാൻ പോകുന്ന സ്ത്രീകളുടെ വിവാഹപ്രായം ആഗോള ശരാശരിക്ക് വളരെ താഴെയാണ്. ഇത് പെൺകുട്ടികളുടെ  വിവാഹപ്രായം ഉയർത്തണം  എന്ന വാദങ്ങൾക്ക്  ശക്തിപകരുന്നതാണ്.

ഇന്ത്യൻ പെൺകുട്ടികൾ ഇപ്പോൾ വിവാഹിതരാവുന്നത് 22 വയസ്സിൽ; കേരളത്തിൽ 23

ADVERTISEMENT

സാംപിൾ സർവേ റജിസ്‌ട്രേഷൻ (എസ്ആർഎസ്) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ പെൺകുട്ടികളുടെ ശരാശരി വിവാഹപ്രായം 22.3 (2018) വയസ്സും കേരളത്തിൽ 23.2 വയസ്സുമാണ്. അതായത്, കേരളത്തിലേ പെൺകുട്ടികളുടെ  വിവാഹ പ്രായം ദേശീയ ശരാശരിയേക്കാൾ ഏകദേശം ഒരു വയസ്സ് അധികമാണ്. 1991ൽ പെൺകുട്ടികളുടെ ശരാശരി വിവാഹപ്രായം 19.5 വയസ്സായിരുന്നത് പടിപടിയായി ഉയർന്ന് 2018 ൽ 22.3 വയസ്സിലെത്തിനിൽക്കുന്നു. അതായത്, ഓരോ ദശാബ്ദത്തിലും പെൺകുട്ടികളുടെ ശരാശരി വിവാഹപ്രായം ഏകദേശം ഒരു വർഷം വീതം വർധിക്കുന്നതായി മനസ്സിലാക്കാം. 

സ്ത്രീകളുടെ വിവാഹപ്രായം നിയമപരമായി ഉയർത്തുന്നതിനു മുൻപേ തന്നെ അവരുടെ ശരാശരി വിവാഹപ്രായം അതിനെ മറികടന്നു എന്നു സാരം. പക്ഷേ,  രാജ്യത്തു  നടക്കുന്ന ശൈശവ വിവാഹങ്ങൾ  പെൺകുട്ടികളുടെ ശരാശരി വിവാഹപ്രായം ഉയരുന്നതിലെ നേട്ടങ്ങളെ പിന്നോട്ടടിക്കുന്നുണ്ട്. 2019-21ലെ അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം  20 നും 24നും ഇടയിൽ പ്രായമുള്ള വിവാഹിതരായ  സ്ത്രീകളിൽ ഏകദേശം നാലിലൊന്നു പേർ (23.3%) നിയമാനുസൃതമായ 18 വയസ്സിന് മുൻപ്  വിവാഹിതരാകുന്നുവെന്നു കണ്ടെത്തിയിരുന്നു. 

വിവാഹപ്രായം ഉയർത്തുന്നത് ഒരുപക്ഷേ, രാജ്യത്തെ ശരാശരി വിവാഹപ്രായം ഉയരുന്നതിനു കാരണമാകും. എന്നാൽ, ശൈശവ വിവാഹങ്ങൾ അനിയന്ത്രിതമായി നടക്കുന്ന ഒരു രാജ്യത്ത് വിവാഹപ്രായം ഉയർത്തിയാൽ പോലും  ഉദ്ദേശിച്ച ഫലപ്രാപ്തിക്ക് ദശാബ്ദങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം. ചുരുക്കത്തിൽ, ശൈശവ വിവാഹനിരോധന നിയമം ശക്തമായി നടപ്പാക്കുകയാണ് ചെയ്യേണ്ട പ്രധാനകാര്യം.

കല്യാണവേദിയിൽ നിന്ന്  മാറിനിൽക്കുക 3.59 കോടി സ്ത്രീകൾ

ADVERTISEMENT

2011ലെ  കനേഷുമാരി അടിസ്ഥാനമാക്കി ഇന്ത്യൻ ഗവൺമെന്റ് ജനസംഖ്യാ പ്രവചനത്തിനായി ഒരു ടെക്‌നിക്കൽ കമ്മിറ്റി‌ രൂപീകരിക്കുകയും അവരുടെ റിപ്പോർട്ട് 2019ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ വിവാഹ പ്രായം  ഉയർത്തിയാൽ 2021 ഘട്ടത്തിൽ  ഏകദേശം 3.59 കോടി സ്ത്രീകൾ ഇന്ത്യയിലെ വിവാഹ വേദിയിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കേണ്ടതായി വരും. വിവാഹ പ്രായം ഉയർത്തുന്നതിന്റെ അനന്തരഫലമായി ഇത്രയും സ്ത്രീകൾക്ക് അൽപകാലത്തേക്ക് വിവാഹത്തിന്റെ ഭാഗധേയമാക്കാൻ സാധികാത്തതാണ് ഇതിനുള്ള കാരണം. പ്രത്യുൽപാദന പ്രായപരിധിയിലുള്ള സ്ത്രീകളുടെ (15-49 വയസ്സ്) 5.4 ശതമാനം വരും ഇത്. സമാന വയസ്സിലുള്ള ഒരു ലക്ഷം സ്ത്രീകളിൽ നിന്ന് 9873 സ്ത്രീകൾ ഇത്തരത്തിൽ വിവാഹം കഴിക്കുന്നതിൽ നിന്ന് വിലക്കപ്പെടും.

അഹമ്മദാബാദിലെ സമൂഹവിവാഹത്തിൽ എത്തിയ വധു. ചിത്രം: SAM PANTHAKY / AFP

എത്ര സ്ത്രീകൾ ഇങ്ങനെ നിയമപരമായി വിവാഹത്തിൽ നിന്ന് വിലക്കപ്പെടുന്നുവെന്നത് സംസ്ഥാനങ്ങളുടെ നിലവിലെ ജനസംഖ്യാ പരിവർത്തന ഘട്ടത്തെ ആശ്രയിച്ചിരിക്കും. ഉദാഹരണമായി, ജനസംഖ്യാ പരിവർത്തന തോതിൽ  മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ പ്രത്യുൽപാദന പ്രായപരിധിയിലുള്ള ഏകദേശം 8 ലക്ഷം (4.1 ശതമാനം) സ്ത്രീകൾക്ക് വിവാഹം സാധ്യമാകാതെ വരുന്നു. അതേസമയം, ജനസംഖ്യാ പരിവർത്തന പ്രക്രിയയിൽ കാര്യമായ നേട്ടം കൈവരിക്കാത്ത ഉത്തർപ്രദേശിൽ ഇത് ഏകദേശം 68 ലക്ഷം സ്ത്രീകൾ (6.1 ശതമാനം) വരും. ശതമാനക്കണക്കിനെ പൂർണസംഖ്യയിലേക്കു മാറ്റുമ്പോൾ സംസ്ഥാനങ്ങൾക്കിടയിൽ വിവാഹപ്രായത്തിനു  പുറത്താകുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ വൻ അന്തരം പ്രകടമാണ്. 

വിദ്യാഭ്യാസം ഉയരും, തൊഴിൽ പങ്കാളിത്തം കൂടും

ഒരു വ്യക്തിയുടെ ജീവിതത്തിൽ ആരോഗ്യം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസം. ഹയർ സെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാക്കുമ്പോഴേക്കും പല കുടുംബങ്ങളിലും പെൺകുട്ടികളെ വിവാഹത്തിന് നിർബന്ധിക്കുന്ന സ്ഥിതി നിലവിലുണ്ട്. പെൺകുട്ടികളുടെ തുടർപഠനത്തിനും തൊഴിൽ കണ്ടെത്തുന്നതിനും ഇതു തിരിച്ചടിയാണെന്നതാണ് യാഥാർഥ്യം. തൊഴിലെടുത്ത് ജീവിതം നയിക്കാനുമുള്ള സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെടാതെ പോകുന്നുണ്ട്. ഇതിന്റെ ഏറ്റവും വലിയ  പ്രത്യക്ഷ ഉദാഹരണമാണ് രാജ്യത്തെ സ്ത്രീകളുടെ ഇടയിലുള്ള കുറഞ്ഞ തൊഴിൽ പങ്കാളിത്ത നിരക്ക്. 

കൊൽക്കത്തയിലെ സമൂഹ വിവാഹ വേദിയിൽ നിന്നുള്ള കാഴ്ച: ചിത്രം∙ Dibyangshu SARKAR / AFP

കേരളത്തിന്റെ  അവസ്ഥയും  ഇതിൽ നിന്ന്  വിഭിന്നമല്ല. വിദ്യാഭ്യാസ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം കാലങ്ങളായി വർധിച്ചു വരുന്നുണ്ടെങ്കിലും ഈ  നേട്ടങ്ങൾ  തൊഴിൽ വിപണിക്ക് യോജ്യമാകുന്നില്ല  എന്നതാണ്  യാഥാർഥ്യം. ഈ പ്രതിഭാസത്തെ അക്കാദമിക വിദഗ്ധർ പലപ്പോഴും  കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. എന്നാൽ വിവാഹ പ്രായം ഉയർത്തുന്നത് സ്ത്രീകൾക്ക്  കൂടുതൽ വിദ്യാഭ്യാസ-നൈപുണ്യ വികാസത്തിന് അവസരം ലഭ്യമാക്കുകയും തൊഴിൽ വിപണിയുടെ അഭിഭാജ്യ ഘടകമായി മാറാൻ അവരെ സഹായിക്കുകയും ചെയ്യും.

തുടർപഠനം നടത്തുന്നത് നൂറിൽ 27 പേർ മാത്രം

അഖിലേന്ത്യാ വിദ്യാഭ്യാസ സർവേ റിപ്പോർട്ട് (2019-20) പ്രകാരം ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗ്രോസ് എൻറോൾമെന്റ് റേഷ്യോ 27.1 ശതമാനമാണ്. സ്കൂൾ പഠനത്തിനുശേഷം ഉപരിപഠനം നടത്തുന്നത് നൂറിൽ 27 പേർ മാത്രമാണെന്നാണ് ഇത് അർഥമാക്കുന്നത്. ഇന്ത്യയിൽ ആൺകുട്ടികളെ (26.9 ശതമാനം) അപേക്ഷിച്ച് പെൺകുട്ടികളുടെ (27.3 ശതമാനം) ഗ്രോസ് എൻറോൾമെന്റ് റേഷ്യോ ഉയർന്നു നിൽക്കുന്നു. 2035ഓടു കൂടി ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗ്രോസ് എൻറോൾമെന്റ് റേഷ്യോ 50 ആക്കി ഉയർത്തുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയം (2020) ലക്ഷ്യമിടുന്നത്. 

വിവാഹപ്രായം ഉയർത്തുന്ന നടപടി ഈ ലക്ഷ്യത്തിന്റെ  സാധൂകരണത്തിന് ഊർജമേകും. വിവാഹ പ്രായം നിയമപരമായി ഉയർത്തുന്നത് വിദ്യാർഥിനികൾക്ക് ബിരുദ പഠന കാലയളവിൽ വിവാഹമെന്ന മാതാപിതാക്കളുടെ സമ്മർദത്തിൽനിന്ന് രക്ഷനേടാനും, പഠനത്തിൽ ശ്രദ്ധ കേന്ദീകരിക്കാനും സഹായിക്കും. നൈപുണ്യ വികാസത്തിന് കൂടി പ്രാമുഖ്യം നൽകിയാൽ ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിലിടങ്ങളിലും സ്ത്രീ പ്രാതിനിധ്യം  കൂടുതൽ  ദൃശ്യമാകും. തൊഴിലും, സാമ്പത്തികമായ മുന്നേറ്റവും  ലിംഗ സമത്വത്തിന്റെ പുതിയ വാതായനങ്ങൾ  സ്ത്രീകൾക്കായി തുറന്നിടും എന്നു നിസ്സംശയം  കരുതാം.  

മാതൃ-ശിശു മരണനിരക്കും വിവാഹപ്രായവും

മാതൃമരണനിരക്കും ശിശുമരണ നിരക്കും ഒരു പരിധി വരെ കുറയ്ക്കാൻ സ്ത്രീകളുടെ ഉയർന്ന വിവാഹ പ്രായത്തിന് സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ പൊതുവായ  അഭിപ്രായം. ചെറു പ്രായത്തിലുള്ള വിവാഹം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ശരിയായ രീതിയിലുള്ള മാതൃ - ശിശു പരിചരണത്തിന്റെ അഭാവമാണ് ഉയർന്ന ശിശുമരണ നിരക്കിലേക്കും മാതൃമരണനിരക്കിലേക്കും നയിക്കുന്നത് എന്ന്  പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 

ജനസംഖ്യയിലെ എസ്ആർഎസ് കണക്കുകൾ (Sample Registration System) പ്രകാരം (2016-18) ഇന്ത്യയിലെ മാതൃമരണനിരക്ക് ഒരു ലക്ഷം അമ്മമാരിൽ 113 എന്ന നിരക്കിലാണ്. ഇന്ത്യയിൽ അസം (215), ഉത്തർപ്രദേശ് (197), മധ്യപ്രദേശ് (173), രാജസ്ഥാൻ (164), ബിഹാർ (149) എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് മാതൃമരണനിരക്ക് ഉയർന്ന നിലയിലുള്ളത്. ഈ സംസ്ഥാനങ്ങളിലെല്ലാം, 18 വയസ്സിനു മുൻപ് വിവാഹിതരാകുന്ന അമ്മമാരുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ ഉയർന്നതാണ്. 

2014-16 മുതൽ 2016-18 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ മാതൃമരണനിരക്ക് 130 എന്ന നിരക്കിൽനിന്നും 113ലേക്ക് എത്തി. എങ്കിലും, യുഎൻ 2030ൽ നേടിയെടുക്കാൻ വിഭാവനം ചെയ്യുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നായ മാതൃമരണ നിരക്ക് 70 എന്ന മാന്ത്രിക സംഖ്യയിലേക്കെത്തിക്കാൻ രാജ്യം കൂടുതൽ  വിയർപ്പൊഴുക്കേണ്ടതായി വരും. 2021ലെ എസ്ആർഎസ് ഡേറ്റ പ്രകാരം ഇന്ത്യയിലെ ശിശു മരണനിരക്ക് ഓരോ ആയിരം  ലൈവ് ബെർത്തിലും 20 എന്ന നിലയിലാണ്. 2010- ലെ 47 എന്ന നിലയിൽനിന്നു പകുതിയിൽ താഴെയായി കുറച്ചു കൊണ്ടുവന്നത് ഈ രംഗത്തെ പുരോഗതിയുടെ  നേർക്കാഴ്ച കൂടിയാകുന്നു. 

ഇന്ത്യയിൽ മധ്യപ്രദേശ് (46), ഉത്തർപ്രദേശ് (41), അസം (40), ഛത്തീസ്ഗഡ് (40), ഒഡീഷ (38) എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ശിശുമരണനിരക്ക് ഉയർന്ന നിലയിലുള്ളത്. ഈ സംസ്ഥാനങ്ങളിലും ശൈശവ വിവാഹങ്ങളുടെ  നിരക്ക്  ഉയർന്നതാണ്. ശിശു മരണ നിരക്കും മാതൃമരണ  നിരക്കും  കുറക്കുന്നതിൽ ബഹുദൂരം സഞ്ചരിക്കാനുള്ള ഒരു രാജ്യത്തിന് വിവാഹ പ്രായം വർധിപ്പിക്കുന്നത് പെൺകുട്ടികളുടെ പൊതുവായ ആരോഗ്യത്തിന് പുറമെ പ്രത്യുൽപാദന ആരോഗ്യ രംഗത്തുകൂടി പുത്തനുണർവ് പകർന്നുനൽകും.      

പോഷകാഹാരക്കുറവ് ഇല്ലാതാകില്ല

ഇന്ത്യയിലെ സ്ത്രീകളിലും കുട്ടികളിലും കാണുന്ന വിളർച്ചയെയും മറ്റു പോഷകാഹാര സൂചികകളെയും കുറിച്ച് ആശങ്ക ഉണർത്തുന്ന ചിത്രമാണ് അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേ പുറത്തുവിട്ട കണക്കുകൾ. ഗർഭാവസ്ഥയിലുള്ള  പകുതിയോളം സ്ത്രീകളിൽ വിളർച്ച കണ്ടുവരുന്നു. ദേശീയ കുടുംബാരോഗ്യ സർവേയുടെ നാലാം റൗണ്ടിൽ (2015-16) വെളിപ്പെടുത്തിയത് 15നും 19നും ഇടയിലുള്ള 54.1 ശതമാനം സ്ത്രീകൾക്ക് വിളർച്ച ഉണ്ടായിരുന്നു എന്നാണ്. എന്നാൽ അഞ്ചാം റൗണ്ടിലെത്തുമ്പോൾ (2019-21) ഇതിന്റെ  തോത്  59.1 ശതമാനമായി വർധിച്ചു. 

ലേഖകരായ ഡോ.കെ.പി.വിപിൻ ചന്ദ്രൻ(ഇടത്) ഡോ. ജെ.രത്നകുമാർ (വലത്)

15നും 49 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്കിടയിലെ വിളർച്ച ഇതേ കാലയളവിൽ 53.1 ശതമാനത്തിൽ നിന്ന് 57 ശതമാനമായി ഉയർന്നു. 50.4 ശതമാനത്തിൽ നിന്ന് 52.2 ശതമാനമായി  ഉയർന്നതിനാൽ ഗർഭിണികളുടെ ഇടയിലെ വിളർച്ചയും  ആശങ്കാജനകമാണ്. ചുരുക്കത്തിൽ, സമൂഹത്തിലെ  ഭൂരിഭാഗം സ്ത്രീകളിലും പ്രകടമായ  വിളർച്ചാ നിരക്കുണ്ട്. അതിനാൽ വിവാഹ പ്രായം വർധിച്ചാൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പോഷകാഹാര പ്രതിസന്ധിക്ക് അറുതി വരുത്തുവാൻ സാധിക്കുമെന്നതിന് ശാസ്ത്രീയ  പിന്തുണ  ലഭ്യമല്ല. 

പെൺകുട്ടി വിവാഹ ശേഷം എത്തുന്ന ഭർതൃഗൃഹത്തിലെ സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകളും (ലിംഗ സമത്വമുൾപ്പെടെ) പോഷകാഹാര നിലവാരത്തെ സ്വാധീനിക്കുന്നു. അതായത്, വിവാഹ പ്രായം ഉയർത്തുന്നതിലൂടെ പോഷകാഹാര ലഭ്യത  ഉറപ്പുവരുത്തുവാനോ വിളർച്ചയുടെ തോത്  കുറയ്ക്കാനോ സാധിക്കണമെന്നില്ല. 1990കൾക്കു ശേഷം ഇന്ത്യയിൽ പോഷകാഹാരക്കുറവു പരിഹരിക്കാനുള്ള മിക്ക സർക്കാർ പദ്ധതികളും ലക്ഷ്യം നേടാതെ പാളം തെറ്റിയ അവസ്ഥയിലാണ്. പോഷകാഹാരക്കുറവു പരിഹരിക്കാൻ ഭക്ഷ്യ സുരക്ഷ, ദാരിദ്ര്യ നിർമാർജനം എന്നിവയുടെ പദ്ധതികൾ പഴുതടച്ചു നടപ്പാക്കുകയാണു വേണ്ടത്. വിവാഹ പ്രായം ഉയർത്തുന്നത് ഇന്ത്യ സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവിനെ നേരിടാൻ സഹായിക്കുമെന്നത് മിഥ്യാധാരണ മാത്രമായിരിക്കും.  

ജനസംഖ്യാ വർധനയ്ക്ക് തടയിടാനാകുമോ?

രാജ്യത്തെ ജനസംഖ്യാ രംഗത്തും ആരോഗ്യമേഖലയിലും കാതലായ മാറ്റം ലക്ഷ്യമിട്ട് പ്രഫ.എം.എസ്. സ്വാമിനാഥൻ തയാറാക്കിയ ദേശീയ ജനസംഖ്യാനയത്തിൽ (2000) പെൺകുട്ടികളുടെ വിവാഹപ്രായം 20 വയസ്സിനു മുകളിൽ ആക്കുന്നതാണ് അഭികാമ്യമെന്ന് നിർദേശിച്ചിരുന്നു. ദേശീയ ജനസംഖ്യാ നയത്തിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ (ഹ്രസ്വ-മധ്യ-ദീർഘകാലത്തിൽ) ആർജിക്കേണ്ട ആരോഗ്യ- ജനസംഖ്യാ സൂചികകളെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇതിൽ ജനസംഖ്യാ വളർച്ചാ സ്ഥിരതയെന്നത് ദീർഘകാല ലക്ഷ്യങ്ങളിലൊന്നാണ്. 

ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്കും തത്ഫലമായി സൃഷ്ടിക്കുന്ന ജനസംഖ്യാവിസ്ഫോടന സാധ്യതകളും രാജ്യത്തിന്റെ മുന്നോടുള്ള വികസന പ്രക്രിയയ്ക്ക് വിലങ്ങുതടിയായി മാറിയേക്കാം. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിലൂടെ അവർ കുടുംബ-നിർമിതി പ്രക്രിയയിൽ പ്രവേശിക്കുന്നതിന്  കാലതാമസം സൃഷ്ടിക്കുമെന്നും ഇതിലൂടെ ജനസംഖ്യാ വളർച്ചാ  നിയന്ത്രണത്തിലേക്കുള്ള വഴി തെളിയുമെന്നുമാണ് ഒരു വിഭാഗം പറയുന്നത്. ദേശീയ ജനസംഖ്യാ നയത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള വേഗം കൂട്ടുന്നതിന് വിവാഹപ്രായം വർധിപ്പിക്കുന്ന നിയമം സഹായകമാകും. 

അതേസമയം, സ്വാമിനാഥൻ കമ്മിഷൻ ലക്ഷ്യമിട്ട ഹ്രസ്വകാല നേട്ടങ്ങൾ (2010ൽ നേടേണ്ടിയിരുന്നത്) പോലും നമുക്ക് ഇപ്പോഴും അപ്രാപ്യമാണെന്നതാണ് വസ്തുത. ഉദാഹരണമായി, ശിശുമരണനിരക്കും മാതൃ മരണനിരക്കും യഥാക്രമം 30നും, 100നും താഴെ എത്തിക്കുക എന്ന ലക്ഷ്യം ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ജനസംഖ്യാനയത്തിലൂടെ ഹ്രസ്വകാലത്തിൽ നേടാൻ ഉദ്ദേശിച്ച മിക്കവാറും ലക്ഷ്യങ്ങളുടെ അവസ്ഥയും  ഇതിൽനിന്ന്  വിഭിന്നമല്ല. ഈ മെല്ലെപ്പോക്ക് ദീർഘകാല ലക്ഷ്യങ്ങളുടെ ഫലപ്രാപ്തിയെയും സ്വാധീനിക്കും. അതുകൊണ്ടുതന്നെ, മാതൃ-ശിശു മരണനിരക്കുകൾ കുറയ്ക്കുക എന്ന ലക്ഷ്യമാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ, വിവാഹപ്രായ ഏകീകരണം  ലിംഗ സമത്വത്തിലേക്കുള്ള വഴി തുറക്കുമെന്ന് നിസ്സംശയം പറയാം.        

       

സാമൂഹിക, സാമ്പത്തിക മാറ്റത്തിനു കളമൊരുങ്ങും

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ വലിയ മാറ്റങ്ങൾക്കു വഴിതുറക്കും എന്നതു സുനിശ്ചിതമാണ്. വിവാഹ പ്രായപരിധി ഉയർത്തുന്നത് ഏതൊക്കെ  മേഖലകളെ ഏതു വിധത്തിൽ ബാധിക്കുന്നു എന്നത് അനന്തമായ പഠനസാധ്യതകൾക്ക് കളമൊരുക്കുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും, പ്രത്യക്ഷത്തിൽ കുറച്ചുകാലയളവിലേക്കെങ്കിലും ബാധിക്കാൻ സാധ്യതയുള്ള കമ്പോള മേഖലകൾ തിരിച്ചറിയുവാനുള്ള ഒരു ശ്രമമാണിവിടെ നടത്തിയിരിക്കുന്നത്. 

വിവാഹപ്രായം ഉയർത്തുന്നത് പെൺകുട്ടികൾക്ക്  വിദ്യാഭാസത്തിനുള്ള കൂടുതൽ അവസരങ്ങൾ  തുറന്നുകൊടുക്കും. ഇത് വിദ്യാഭാസ രംഗത്ത് (പ്രത്യേകിച്ച് ബിരുദ-ബിരുദാനന്തര തലത്തിൽ) പെൺകുട്ടികളുടെ എൻറോൾമെൻറ് റേറ്റ് വർധിക്കുകയും, ഡ്രോപൗട്ട് റേറ്റുകളിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്യും. വിദ്യാഭ്യാസം നേടുന്നവരിലുണ്ടാകുന്ന വർധന തൊഴിൽ കമ്പോളത്തിന്റെ സമവാക്യങ്ങളെ സ്വാധീനിച്ചേക്കാം.

 

ചുരുക്കിപ്പറഞ്ഞാൽ...

കേരളത്തിൽ സ്ത്രീകളുടെ വിവാഹപ്രായം പൊതുവേ കുടുതലായതിനാൽ അവർക്ക് വേണ്ടത്ര വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയും നേടാൻ  സാധിക്കുന്നുണ്ട് എന്നത് നല്ല കാര്യമാണ്. വിവാഹപ്രായം ഉയർത്തുന്നത് സംസ്ഥാനത്തെ സ്ത്രീകളുടെ ഇന്നത്തെ വിവാഹപ്രായത്തെ കാര്യമായി ബാധിക്കില്ല എന്നതുകൊണ്ട് സംസ്ഥാന തലത്തിൽ വേണ്ടത്ര ചർച്ചകൾ നടന്നില്ലെങ്കിൽ കൂടി ദേശീയ വിഷയമെന്ന നിലയിൽ ഇക്കാര്യം പ്രസക്തമാണ്. 

രാജ്യത്തിന്റെ സമസ്ത മേഖലകളിലും മാറ്റത്തിന്റെ അലകൾ വീശിയടിക്കുമ്പോഴും കഴിഞ്ഞ നാല് ദശാബ്ദക്കാലത്തിനിടയിൽ പെൺകുട്ടികളുടെ വിവാഹപ്രായം കാലോചിതമായി പരിഷ്കരിക്കാനുതകുന്ന ചർച്ചകൾ നടത്താൻ പൊതു സമൂഹം തയാറായിട്ടില്ല എന്നതാണ് അദ്ഭുതപ്പെടുത്തുന്ന യാഥാർഥ്യം. 

വിവാഹപ്രായം ഉയർത്തിയാലുണ്ടാകുന്ന വിവാദങ്ങൾ മനഃപൂർവം ഒഴിവാക്കാനായി പൊതുസമൂഹവും സർക്കാരുകളും ഇത്തരം ചർച്ചകളിൽനിന്ന് മാറിനിൽക്കുന്നതാകാം.

പെൺകുട്ടികളുടെ വിവാഹ പ്രായം താഴ്ന്നു നില്ക്കുന്ന സംസ്‌ഥാനങ്ങൾ  സ്ത്രീജന-ശിശു ക്ഷേമ സൂചികകളിൽ പിന്നാക്കമാണെന്നു കാണാം.  വിവാഹപ്രായം ഉയർത്തുന്നത് സ്ത്രീകളുടെ സുരക്ഷിതമായ പ്രസവകാലം കുറയ്ക്കുമെന്ന് ചിലർ വാദിക്കുന്നു. കൂടാതെ, പെൺകുട്ടികൾ മുൻകാലങ്ങളെ അപേക്ഷിച്ച് നേരത്തേ  ഋതുമതികൾ ആകുന്നതിനാൽ വിവാഹപ്രായം ഉയർത്തുന്നത് അനുചിതമാണെന്നും ഇവർ കരുതുന്നു. 

സ്ത്രീധനം കുറയും, പെൺകുട്ടികൾ വഴിപിഴക്കില്ല, രക്ഷകർത്താക്കൾക്ക് അവരുടെ കർത്തവ്യം നേരത്തെ നിർവഹിക്കാനാകും എന്നിങ്ങനെ മിഥ്യാധാരണകളുള്ള ഒരു സമൂഹത്തിലാണ് ഇന്നു നാം ജീവിക്കുന്നത്. അത്തരം വിശ്വാസങ്ങൾക്ക് യാതൊരു ശാസ്ത്രീയ  അടിത്തറയുമില്ലെന്നുള്ളതാണ് വാസ്തവം. വിവാഹ പ്രായം വർധിപ്പിക്കുന്നതിലൂടെ സ്ത്രീകൾക്ക് സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ വലിയ നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും. വിവാഹപ്രായം ഉയർത്തുന്നതിലൂടെ പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാനും സ്വയം പര്യാപ്തത  നേടാനുമുള്ള സാധ്യതകളാണ് വന്നുചേരുക. 

വിവാഹ പ്രായം ഉയർത്തുന്നതിലൂടെ ഇന്ത്യയിൽ സ്ത്രീ വിദ്യാഭ്യാസത്തെയും വിവാഹമെന്ന സങ്കൽപത്തെയും കുറിച്ചുള്ള ജനങ്ങളുടെ ചിന്താഗതിയിൽ വലിയ മാറ്റം വരും. തീരുമാനങ്ങൾ എടുക്കാൻ ഒരു വ്യക്തിയെന്ന നിലയിൽ കൂടുതൽ അധികാരം ലഭിക്കുകയും അതിനൊപ്പം സാമ്പത്തിക ശാക്തീകരണത്തിലൂടെ സ്ത്രീകളും സമൂഹവും ഉന്നതിയിലേക്ക് നയിക്കപ്പെടുകയും ചെയ്യും. ഭാര്യമാർ ഭർത്താക്കന്മാരേക്കാൾ പ്രായം കുറഞ്ഞവരാകണമെന്ന ചിലരുടെ സങ്കുചിത വാദത്തിന് മുനയൊടിക്കാനും വിവാഹ പ്രായം ഏകീകരിക്കുന്നതിലൂടെ സാധിക്കും. 

ലിംഗ സമത്വം ഉറപ്പു വരുത്തുന്നതിൽ നിർണായകമായ ഒരു ചുവടുവയ്പു കൂടിയാണിത്. വിവാഹ പ്രായം നിയമപരമായി വർധിപ്പിക്കുന്ന നടപടിയിലൂടെ സ്ത്രീകളുടെ ആരോഗ്യ - കുടുംബ-ശിശു പരിപാലന-ശാക്തീകരണ പ്രക്രിയയ്ക്ക് ഊർജം പകരുകയും അതുവഴി മെച്ചപ്പെട്ട ഒരു സാമൂഹ്യ ഘടനയിലേക്ക് വഴി തെളിയിക്കുമെന്നും പ്രതീക്ഷിക്കാം.

 

(ഡോ.ജെ.രത്നകുമാർ ഡൽഹി സ്പീക്കേഴ്സ് റിസർച് ഇനിഷ്യേറ്റിവ് സെല്ലിലെ റിസർച് ഫെലോയും ഡോ.കെ.പി. വിപിൻ ചന്ദ്രൻ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ.വനിതാ കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസി. പ്രഫസറുമാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)

 

English Summary: Raising Legal Age of Marriage for Women: Why Some Oppose it and Others Encourage?