അമേരിക്കയെ അമ്പരപ്പിച്ച ഇന്ത്യൻ പെൺ ചാംപ്യൻ

Ayesha Noor

കൊൽക്കത്തയിലെ തെരുവിൽ നിന്നും ആ കൗമാരക്കാരി നടന്നുകയറിയത് ലോകത്തിൻെറ നെറുകയിലേക്കാണ്. ആ കഥ നമ്മൾ അറിയുന്നതാവട്ടെ യുഎസ്എയിലെ ദ് ഇൻറിപെൻറ്റൻഡ് ടെലിവിഷൻ സർവീസിൻെറ ഡോക്യുമെൻററിയിലൂടെയും.

ലോകത്തിലെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് സ്ത്രീകളുടെ സ്വകാര്യ ജീവിതമാണ് ദ് ഇൻറിപെൻറ്റൻഡ് ടെലിവിഷൻ സർവീസ് ഡോക്യുമെൻററിയായി ചിത്രീകരിക്കുന്നത്. മറ്റുള്ള സ്ത്രീകൾക്ക് അല്ലെങ്കിൽ പെൺകുട്ടികൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്തുവെന്ന പ്രത്യേകതയാണ് ഈ അഞ്ചുപേരെയും തെരഞ്ഞെടുക്കുന്നതിന് ചാനലിനെ പ്രേരിപ്പിച്ചത്.

ദ് ഇൻറിപെൻറ്റൻഡ് ടെലിവിഷൻ സർവീസ് ഡോക്യുമെൻറിയിൽ ഇടംനേടിയ ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു വ്യക്തിത്വമാണ് ആയിഷ നൂർ എന്ന പത്തൊമ്പതു വയസുകാരി.ദേശീയ അന്തർ ദേശീയ കരാട്ടെ മത്സരങ്ങളിലെ ചാംപ്യൻ.

ചുഴലി രോഗത്താൽ വലയുമ്പോഴും പട്ടിണിയിൽ വയറുകത്തുമ്പോഴും സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിച്ച കൗമാരക്കാരിയുടെ ജീവിതം ഡോക്യുമെൻററിയാക്കുന്നതിലൂടെ ആ ടെലിവിഷൻ ചാനൽ ലോകത്തോട് പറയാനാഗ്രഹിക്കുന്നതിതാണ് ന്യൂനപക്ഷവിഭാഗത്തിൽപ്പെടുന്ന ഒരു സാധാരണ പെൺകുട്ടി ലോകമറിയപ്പെടുന്ന ലോകചാംപ്യനായതിനെക്കുറിച്ച്.

ആ കഥകേട്ട് സ്ത്രീകളും പെൺകുട്ടികളും ആവേശഭരിതരാവട്ടെ എന്നാണ് ഈ ഡോക്യുമെൻററിയിലൂടെ അവർ ആഗ്രഹിക്കുന്നത്. ലിംഗഅസമത്വത്തിനെതിരെയുള്ള ഒരു സന്ദേശം കൂടിയാണ് ഈ ഡോക്യുമെൻററി എന്നാണ് ഡോക്യുമെൻററി പകർത്തിയ Koen Suidgeest പറയുന്നത്.

ദേശീയ സംസ്ഥാന കരാട്ടെ മത്സരങ്ങളിൽ മൂന്ന് സ്വർണ്ണമെഡലുകളാണ് 2012 ൽ ഈ പെൺകുട്ടി നേടിയെടുത്തത്. തായ്പിച്ചൈ ഇൻർനാഷണൽ യൂത്ത് കരാട്ടെ ചാംപ്യെൻഷിപ്പിൽ സ്വർണ്ണം നേടിയ ആയിഷ 12 അംഗങ്ങളുള്ള ഇന്ത്യൻ ടീമിലെ ഒരേയൊരു സ്ത്രീ സാന്നിധ്യമായിരുന്നു.

സ്വർണ്ണമെഡലുകൾ വാരിക്കൂട്ടുമ്പോഴും കൊൽക്കത്ത തെരുവിലെ ബെനിയപ്കുറിലെ മൊഫിദുൽ ഇസ്ലാം ലെയിനിലെ രണ്ട് ബിരിയാണിക്കടകൾക്കിടയിലെ ഒറ്റമുറിക്കുടിലിലാണ് ആയിഷയുടെ കുടുംബം താമസിച്ചിരുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ആയിഷയുടെ അച്ഛൻ.

രോഗിയായ അച്ഛൻ മരിച്ചതോടെ ജീവിതത്തിൻെറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ട അമ്മയ്ക്ക് കൈത്താങ്ങായത് ആയിഷയാണ്. സ്വയരക്ഷനേടാൻ കരാട്ടെയിലൂടെ പെൺകുട്ടികളെ പ്രാപ്തരാക്കാൻ രാം ലീലാ മൈതാനത്ത് കരാട്ടെ ക്ലാസ് നടത്തുന്നുണ്ട് ആയിഷയിപ്പോൾ.പെൺകുട്ടികളുടെ ശരീരത്തിന് മാത്രമല്ല മനസിനും കരുത്തുപകരാൻ ആയിഷയുടെ ജീവിത കഥ ഒന്നു കേട്ടാൽ മതിയാകും.

തൻെറ ജീവിതത്തിൽ സംഭവിച്ച എല്ലാ നന്മകൾക്കും ആയിഷ നന്ദിപറയുന്നത് ഗുരുവായ എം.എ അലിക്കാണ്. അദ്ദേഹമാണ് ഇന്ന് കാണുന്ന നിലയിൽ ആയിഷയുടെ വ്യക്തിത്വത്തെ വാർത്തെടുത്തത്. കടയിൽ‌ സെയിൽസ്മാനായ മൂത്ത സഹോദരൻ തൻവീറിനൊപ്പമാണ് ആയിഷ ആദ്യമായി കരാട്ടെ ക്ലാസിൽ പോയത്. അന്നത്തെ കുഞ്ഞ് ആയിഷയിൽ നിന്ന് ലോകമറിയുന്ന കരാട്ടെ ചാംപ്യനിലേക്കുള്ള വളർച്ചക്കു പിന്നിൽ ഗുരുവിൻെറ അനുഗ്രഹമാണെന്ന് ആയിഷ ഓർക്കുന്നു.

ആയിഷയുടെ അർപ്പണ ബോധവും തളരാത്ത പോരാട്ടവുമാണ് ബോക്സിങ് താരമായ മേരികോമിനെ ആരാധിക്കുന്ന ഈ പെൺകുട്ടി ജോർദാൻ, കെനിയ, പെറു, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സ്ത്രീപ്രതിഭകൾക്കൊപ്പം ഡോക്യുമെൻററിയിലെ ഇന്ത്യൻ പ്രാതിനിധ്യമായത്.

ഡോക്യുമെൻററിയിലൂടെ ആയിഷയുടെ കഥയറിഞ്ഞ കൊൽക്കത്ത മുഖ്യമന്ത്രിയുടെ ഉത്തരവിനെത്തുടർന്ന് ന്യൂനപക്ഷങ്ങളുടെ കാര്യങ്ങൾ നോക്കുന്ന മന്ത്രാലയത്തിൽ നിന്ന് ആയിഷയെ വിളിച്ച് അവൾക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്യാമെന്ന് അറിയിച്ചു. എന്നാൽ ചാരിറ്റി തനിക്ക് ആവശ്യമില്ല എന്ന് പറഞ്ഞുകൊണ്ട് അവൾ ആ സഹായ വാഗ്ദാനം നിരസിച്ചു. ഇവിടെയാണ് ഈ പെൺകുട്ടി വ്യത്യസ്തയാവുന്നത്.