സ്ത്രീകളുടെ 'അടിവസ്ത്ര പ്രതിഷേധം' കത്തിപ്പടരുന്നു

Image Source: Twitter

അയര്‍ലന്‍ഡില്‍ ഒരു മാനഭംഗക്കേസിന്റെ വിധിയെത്തുടര്‍ന്ന് സ്ത്രീകളുടെ 'അടിവസ്ത്ര പ്രതിഷേധം' കത്തിപ്പടരുന്നു. ഇതു സമ്മതമല്ല (THIS IS NOT CONSENT) എന്ന ഹാഷ്ടാഗോടുകൂടി അടിവസ്ത്ര ചിത്രം പോസ്റ്റ് ചെയ്താണ് പ്രതിഷേധം. സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ പിന്തുണയുമായി എത്തിയതോടെ പ്രതിഷേധം ലോകം മുഴുവന്‍ വ്യാപിക്കുകയാണ്. ഈ മാസം ആറാം തീയതിയാണ് വിവാദത്തിനു തിരികൊളുത്തിയ വിധി അയർലന്‍ഡിലെ ഒരു ക്രിമിനല്‍ കോടതിയില്‍നിന്നുണ്ടായത്. 

‌വിവാദ സംഭവമിങ്ങനെ:

ഒരു പതിനേഴുകാരിയെ 27 വയസ്സുകാരന്‍ മാനഭംഗപ്പെടുത്തി. കേസിന്റെ വിചാരണ കോര്‍ക് നഗരത്തിലെ കോടതിയിലാണ് നടന്നത്. പ്രതിയുടെ അഭിഭാഷകന്‍ വിചിത്രമായ ഒരു തെളിവുമായാണ് കോടതിയില്‍ എത്തിയത്. ഇരയുടെ അടിവസ്ത്രം. ബിക്കിനിയോടു സാമ്യമുള്ള അടിവസ്ത്രം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വക്കീല്‍ വാദിച്ചു: ഈ അടിവസ്ത്രം ധരിച്ചതിലൂടെ പെണ്‍കുട്ടി പുരുഷന്‍മാരെ ആര്‍ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ കേസ് ഒരു ആക്രമണമോ മാനഭംഗമോ അല്ല. നിങ്ങള്‍ ഈ അടിവസ്ത്രം കാണുന്നില്ലേ. ഒരു പുരുഷനുമായുള്ള ബന്ധത്തിനു താന്‍ തയാറാണെന്നാണ് പെണ്‍കുട്ടി ഉദ്ദേശിക്കുന്നത്.

കോടതിയിലെ വാദത്തെത്തുടര്‍ന്ന് എട്ടുപുരുഷന്‍മാരും നാലു സ്ത്രീകളുമടങ്ങിയ ജൂറി ഇരുപത്തേഴുകാരനായ പ്രതിയെ സ്വതന്ത്രനാക്കി വിട്ടയച്ചു. വിധി പുറത്തുവന്നതിന് പിന്നാലെ അയര്‍ലന്‍ഡിലെ സ്ത്രീകള്‍ക്കിടയില്‍ പ്രതിഷേധം തുടങ്ങി. 

സ്ത്രീകൾ ഏറ്റെടുത്ത പ്രതിഷേധം

കോടതിവിധിയെ തുടർന്നുണ്ടായ പ്രതിഷേധം അക്ഷരാർത്ഥത്തിൽ സ്ത്രീകളി‍ ഏറ്റെടുക്കുകയായിരുന്നു. പ്രത്യേകതരം അടിവസ്ത്രം ധരിക്കുന്നത് പുരുഷന്‍മാരെ ആകര്‍ഷിക്കാനോ ലൈംഗികമായി ആക്രമിക്കപ്പെടാനുള്ള സമ്മതമോ അല്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. പ്രാകൃതവും ഇരയെ വീണ്ടും അപമാനിക്കുകയും ചെയ്യുന്ന ഇത്തരം വിചിത്രമായ വാദങ്ങളില്‍നിന്നു സമൂഹം മുന്നോട്ടുപോയി എന്നായിരുന്നു ഞങ്ങളുടെ ധാരണ- വിധിയെക്കുറിച്ച് സൂസന്‍ ഡില്ലന്‍ എന്ന സ്ത്രീ പ്രതികരിച്ചു. ‘ഞാനവളെ വിശ്വസിക്കുന്നു-അയര്‍ലന്‍ഡ്’  എന്ന ട്വിറ്റര്‍ പേജിനു തുടക്കമിട്ടയാളാണ് സൂസന്‍. ഇതേ പേജിലാണ് ഇതു സമ്മതമല്ല (ദിസ് ഈസ് നോട്ട് കണ്‍സെന്റ് ) എന്ന ഹാഷ്ടാഗിനു തുടക്കമായതും. ഈ വിധി നിങ്ങള്‍ അറിഞ്ഞില്ലേ. പ്രത്യേകതരം അടിവസ്ത്രം ധരിച്ചത് സമ്മതത്തെ സൂചിപ്പിക്കുന്നുവെന്ന വിചിത്രമായ വിധി. ഈ വിധിയെ എതിര്‍ക്കാന്‍ നിങ്ങളൊരോരുത്തും അടിവസ്ത്രചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുക.

മാനഭംഗം പരസ്പര സമ്മതത്തോടെയായിരുന്നു എന്നു തെളിയിക്കാന്‍ അടിവസ്ത്രം തെളിവായി കോടതിയില്‍ കൊണ്ടുവരുന്നരീതിയില്‍ അധപതിച്ചിരിക്കുന്നുവോ നമ്മുടെ സമൂഹം എന്ന ചോദ്യം പല ഭാഗത്തുനിന്നും ഉയര്‍ന്നു. തങ്ങള്‍ നിരപരാധികളാണെന്നു തെളിയിക്കാന്‍ എന്തുതരം അടിവസ്ത്രങ്ങളാണു ധരിക്കേണ്ടതെന്ന് ചോദ്യവും സ്ത്രീകളില്‍നിന്ന് ഉയര്‍ന്നു.

അടിവസ്ത്ര പ്രതിഷേധം പാലര്‍മെന്റിലും

പ്രതിഷേധം വ്യാപിച്ചതിനെത്തുടര്‍ന്ന് റൂത്ത് കോപ്പിങര്‍ പാര്‍ലമെന്റിലും വിഷയം ഉന്നയിക്കുകയും പ്രതിഷേധസൂചകമായി ഒരു അടിവസ്ത്രം ഉയര്‍ത്തിക്കാണിക്കുകയുമുണ്ടായി. കോടതിയില്‍ തെളിവായി ഹാജരാക്കാമെങ്കില്‍ എന്തുകൊണ്ട് അടിവസ്ത്രം പാലര്‍മെന്റിലും പ്രദര്‍ശിപ്പിച്ചുകൂടാ- ധാര്‍മികരോഷത്തോടെ റൂത്ത് ചോദിച്ചു. ഡബ്ളിന്‍ ഉള്‍പ്പെടെയുള്ള അയര്‍ലന്‍ഡിലെ പ്രധാനനഗരങ്ങളില്‍ ക്രിമിനല്‍ കോടതി വിധിയിലുള്ള എതിര്‍പ്പു പ്രകടിപ്പിക്കാനായി പ്രതിഷേധക്കാര്‍ ഒത്തുകൂടുകയാണ്.