Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് വിഷ്ണുഭജനത്തിന്റെ മാസം, പതിന്മടങ്ങ്‌ ഫലം!...

astro-vishnu

ശ്രീ മഹാവിഷ്ണുവിന് ഏറ്റവും വിശേഷപ്പെട്ട  മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ കഴിയുന്നു എന്നാണു വിശ്വാസം. വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ  വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖമാസം. ഈ കാലത്ത്‌ നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ്‌ ഫലം ലഭിക്കും. ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം. എന്നീ മൂന്ന് അവതാരങ്ങള്‍ നടന്നത് വൈശാഖത്തിലാണെന്നതും  ഈ മാസത്തിന്റെ മാഹാത്മ്യം എടുത്തുകാട്ടുന്നു. . അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷതൃതീയദിനത്തിലും നരംസിംഹാവതാരം വെളുത്ത ചതുര്‍ദ്ദശിയ്ക്കും   നടന്നതായാണ് പുരാണങ്ങളിൽ പറയുന്നത് . 

വ്രതാനുഷ്ഠാനത്തോടെ വിഷ്ണുഭജനത്തിന് ഏറ്റവും  യോജിച്ചകാലമാണിത്. വിഷ്ണു സഹസ്രനാമം  , അഷ്ടാക്ഷരീ മന്ത്രം ( ഓം നമോ നാരായണായ )  ,  ദ്വാദശാക്ഷരീ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ) ,ഭാഗവത പാരായണം എന്നിവ മാധവമാസക്കാലത്ത് അഭീഷ്ടസിദ്ധി നൽകും  .  വൈശാഖമാസം മുഴുവന്‍ വ്രതം നോറ്റു ഭഗവാനെ ധ്യാനിക്കുന്നതു ഉത്തമമാണ്.  വൈശാഖത്തിലെ വെളുത്ത ദ്വാദശി,  പൗര്‍ണ്ണമി എന്നിവയ്ക്ക് വ്രതം എടുക്കുന്നവര്‍ക്കും തുല്യമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. വൈശാഖമാസക്കാലത്ത് ഗുരുവായൂരമ്പലത്തിൽ അഭൂതപൂർവമായ തിരക്കാണ്. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ വൈശാഖമാസം പുണ്യകാലമായി ആചരിക്കാറുണ്ട്.

കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം ‘ഹരേ രാമ’ എന്നുള്ളതാണ്. വൈശാഖമാസത്തിലുടനീളം ഇത് ഒൻപതു തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. 

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"

"ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ

സഹസ്രനാമതത്തുല്യം രാമനാമ വരാനനേ

ശ്രീരാമനാമ വരാനന ഓം നമ ഇതി".  

എന്ന് മൂന്നു തവണ ചെല്ലുന്നത് വിഷ്ണുസഹസ്രനാമ ജപത്തിനു തുല്യമാണെന്നാണ് വിശ്വാസം.