Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങൾ ചെയ്ത കുറ്റമെന്ത്, നന്നായി പഠിച്ചതോ?

student Representative Image

‘കർണാടകയിൽ ആറര ലക്ഷം രൂപയ്ക്ക് അഡ്‌മിഷൻ കിട്ടുമായിരുന്നു. അതു താങ്ങാൻ കഴിയാത്തതിനാൽ വേണ്ടെന്നുവച്ച് ഇങ്ങോട്ടുവന്നതാണ്. ഇനി തിരിച്ചുപോകാനും വയ്യ. നന്നായി പഠിച്ചതാണോ ഞങ്ങൾ ചെയ്ത കുറ്റം?’– സ്വാശ്രയ മെഡിക്കൽ സീറ്റിൽ പ്രവേശനം നേടാനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാംപസിൽ എത്തിയ തൃശൂർ സ്വദേശി സൂര്യ കരച്ചിലിന്റെ വക്കോളമെത്തി. സ്വന്തം നാട്ടിൽ പഠിക്കാൻ കഴിയുമെന്ന അതിയായ ആഗ്രഹത്താലാണു സൂര്യയെപ്പോലെ നൂറുകണക്കിനു വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലെ പ്രവേശനം വേണ്ടെന്നു വച്ചു കേരളത്തിലേക്കു മടങ്ങിയത്. 

അഞ്ചുലക്ഷം രൂപ പലരിൽ നിന്നായി കടം വാങ്ങി പ്രവേശനത്തിനെത്തിയ വിദ്യാർഥിനി വിധി കേട്ടതോടെ കുഴഞ്ഞുവീണു. മത്സ്യത്തൊഴിലാളിയായ അച്ഛന് എത്ര കൂട്ടിയാലും കൂടുമായിരുന്നതല്ല പുതിയ ഫീസിനുള്ള തുക. പലരും ഇത്രയും ഭീമമായ തുക നൽകാനില്ലെന്നു പറഞ്ഞു നിറകണ്ണുകളോടെ വീട്ടിലേക്കു മടങ്ങി. 

രോഷപ്രകടനവും കുത്തിയിരിപ്പു സമരവുമായി ചില വിദ്യാർഥികളും അധ്യാപകരും രംഗത്തെത്തി. സഹോദരങ്ങളിൽ നിന്നും ബന്ധുക്കളിൽനിന്നും ചെറുതും വലുതുമായ തുകകൾ കടം വാങ്ങി ഡിമാൻഡ് ഡ്രാഫ്റ്റ് തരപ്പെടുത്തിയ നിർമാണത്തൊഴിലാളി ഗിരീഷിനും എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. 

വിധിയെത്തിയെങ്കിലും പഴയ ഫീസ് തന്നെയാണ് ഇന്നലെ വാങ്ങിയത്. തുടർനടപടികൾ സ്വീകരിക്കാൻ മാതാപിതാക്കൾ സംഘടിച്ച് ഒപ്പുശേഖരണവും നടത്തി. വൈകിട്ട് ഒരു വിഭാഗം രക്ഷിതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു. അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ സാധാരണക്കാരായ വലിയ വിഭാഗത്തിനും മെഡിക്കൽ വിദ്യാഭ്യാസമെന്നതു സ്വപ്നം മാത്രമായിരിക്കുമെന്ന് അവർ അറിയിച്ചു.